വെള്ളിയാഴ്‌ച, ഡിസംബർ 14, 2018

ഉച്ചഭക്ഷണ സമയത്തെ ആ വൃദ്ധന്‍.....

ഉച്ചഭക്ഷണ സമയത്തെ ആ വൃദ്ധന്‍.....
കഴിഞ്ഞ ദിവസം പ്രതിമാസ ഔദ്യോഗിക കോണ്‍ഫറന്‍സിന് പട്ടാമ്പി യിലെ ഓഫീസില്‍ എത്തിയതാണ്.ഓഫീസില്‍ വൈകുന്നേരം വരെ ജോലി ഉണ്ടാവും എന്ന് മനസ്സിലായപ്പോള്‍ ചോറ് തീരും മുന്‍പേ കേന്റീനിലേയ്ക്ക് വിട്ടു.
നന്നായി വെന്ത ചോറ് ആസ്വദിച്ചു കഴിയ്ക്കുന്നതിനിടെ ,തൊട്ടപ്പുറത്ത് നിന്ന ഒരു വൃദ്ധന്‍ കേന്റീനിലെ വെയ്റ്ററോട് എന്തോ സംസാരിയ്ക്കുന്നത് കണ്ടു.കുറച്ചുനേരം കാത്തിരിയ്ക്കൂ എന്ന് പറഞ്ഞ് ആ വെയ്റ്റര്‍ തിരക്കിട്ട ചോറ് വിളമ്പല്‍ ജോലികളില്‍ മുഴുകിക്കൊണ്ടിരുന്നു.
കേന്റീനിലെ സ്റ്റാഫിനെ മുഴുവന്‍ നന്നായി പരിചയമുണ്ടായിരുന്നതുകൊണ്ട്,ആ വെയ്റ്ററെ ഞാന്‍ അരികിലേയ്ക്ക് വിളിച്ച് രഹസ്യമായി ചോദിച്ചു,എന്താണ് ആ വൃദ്ധന്‍ പറഞ്ഞത് എന്ന്...അയാള്‍ക്ക് ചായ വേണം എന്നതായിരുന്നു കിട്ടിയ മറുപടി.ഞാന്‍ ആ വൃദ്ധനെ നിരീക്ഷിച്ചു,കേന്റീനിന്റെ മൂലയില്‍ ഒതുങ്ങിയിരുന്ന് തന്റെ പോക്കറ്റിലെ പണം എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു അയാള്‍....കുറച്ച് പത്ത് രൂപാ നോട്ടുകളായിരുന്നു അയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്നത്.
ഞാന്‍ ആ വയോധികനെ വിളിച്ച് പറഞ്ഞു...ഇപ്പോൾ ഉച്ച ഒന്നര മണിയായി, എന്തിനാണ് ഈ നേരത്ത് ചായ കുടിക്കുന്നത്, ചോറ് കഴിക്കൂ.... അയാൾ പറഞ്ഞു വേണ്ട. ഞാൻ നിർബന്ധിച്ചു, അയാൾ വീണ്ടും വേണ്ട എന്ന് തന്നെ പറഞ്ഞു..... ഇത് കേട്ട് എന്റടുത്തിരുന്ന് ചോറ് കഴിച്ചു കൊണ്ടിരുന്ന ഒരു ചെറുപ്പക്കാരനും അയാളോട് ചോറ് കഴിക്കാൻ പറഞ്ഞു.... അത് കഴിഞ്ഞ് ആ ചെറുപ്പക്കാരൻ എന്നോട് പറഞ്ഞത് ചിലപ്പോൾ ചോറ് കഴിക്കാൻ അയാളുടെ കയ്യിൽ പണം ഉണ്ടാകില്ല എന്നാണ് .ഞാൻ പിന്നീടൊന്ന് ആലോചിച്ചില്ല, കേന്റീനിലെ വെയ്റ്ററോട് പറഞ്ഞു അയാൾക്ക് ചോറ് കൊടുക്കാൻ ....ഇത് കണ്ട് ആ വയോധികൻ എന്റടുത്ത് വന്ന് രഹസ്യമായി പറഞ്ഞു തനിക്ക് കൊപ്പം വരെ പോകണം (10 കിലോമീറ്റർ)... നടന്നാണ് പോകുന്നത്, ചോറ് കഴിച്ചാൽ പിന്നെ നടക്കാൻ പറ്റില്ല.... ഞാൻ ചെറുതായൊന്ന് ഞെട്ടി, സ്നേഹത്തോടെ അയാളോട് പറഞ്ഞു, അത് സാരമില്ല, ചോറ് കഴിക്കൂ ,ബസ്സിനുള്ള പണവും ഞാൻ തരാം ...... പിന്നീട് കാണുന്ന സീൻ വയോധികൻ സന്തോഷത്തോടെ ചോറ് കഴിക്കുന്നതാണ്. പിരിയാൻ നേരത്ത് അദ്ദേഹത്തിനുള്ള ബസ്സ് കൂലിയും കൊടുക്കുമ്പോൾ മനസ്സിന് വല്ലാത്ത സുഖം ....
ഇതിന് മുൻപ് ഇത്തരത്തിലുള്ളൊനുഭവം ഉണ്ടായത് തിരുവനന്തപുരത്ത് വെച്ചാണ്. രാത്രിയിൽ ധൃതി പിടിച്ച് KSRTC ബസ്സ് സ്റ്റാന്റിലേക്ക് നടക്കുമ്പോൾ മനോരോഗിയായ ഒരു യുവാവ് ഒരു ഹോട്ടലിന് മുന്നിൽ വെച്ച് എന്റെ നേരേ കൈ നീട്ടി..... ഞാനാണെങ്കിൽ തൊട്ട് മുൻപ് അടുത്തൊരു ഹോട്ടലിൽ നിന്നും വയറ് നിറയെ ഭക്ഷണം കഴിച്ച് ഇറങ്ങി വരുന്ന വരവാണ്. ഞാൻ ആ ചെറുപ്പക്കാരനോട് ചോദിച്ചു. ഭക്ഷണം വാങ്ങിത്തന്നാൽ മതിയോ? ഓ മതി അയാൾ പറഞ്ഞു.... എന്താണ് വേണ്ടത്? ഞാൻ ചോദിച്ചു..... പൊറോട്ടയും ഓംലറ്റും മതി.... അയാളുടെ മറുപടി.....ഞാൻ തൊട്ടടുത്തുള്ള ഹോട്ടലിലേക്ക് കയറി, ക്യാഷ് കൗണ്ടറിന്റെ ചുമതലക്കാരനോട് കാര്യം പറഞ്ഞു ..... ആ കൊട്ടേഷൻ അദ്ദേഹം ഏറ്റെടുത്തു, വെയ്റ്ററെ വിളിച്ച് അദ്ദേഹം തന്നെ കാര്യങ്ങൾ ഏർപ്പാടാക്കി.മൂന്ന് പൊറോട്ടയും ഓലറ്റും പാഴ്സൽ ചെയ്യാൻ.... പൊറോട്ട പാഴ്സൽ ചെയ്യുമ്പോൾ ഗ്രേവി വെക്കാൻ മറക്കരുത് എന്ന് വെയ്റ്ററോട് അദ്ദേഹം പ്രത്യേകം പറയുന്നുണ്ടായിരുന്നു ......
അപ്പോൾ ഞാൻ ശരിക്കും സന്തോഷം വായിച്ചത് മനോരോഗിയായ ആ ചെറുപ്പക്കാരന്റെ മുഖത്തല്ല, ക്യാഷ് കൗണ്ടറിലെ ആളുടെ മുഖത്താണ് :.... അയാൾക്ക് ജോലിയുടെ ഉത്തരവാദിത്വം നിമിത്തം ആർക്കും സൗജന്യമായി ഭക്ഷണം നൽകാൻ നിർവാഹമില്ലായിരിക്കാം..... . പക്ഷേ തന്റെ കൺമുന്നിൽ വന്ന ഒരു ദരിദ്രന് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതിൽ തനിക്കും ഒരു റോൾ നിർവ്വഹിക്കാൻ കഴിഞ്ഞല്ലോ എന്ന സന്തോഷം.....
അങ്ങനെ ചെറിയ ചെറിയ സന്തോഷങ്ങളുമായി ‍ഞാനിങ്ങനെ പോകുന്നു...

Post by shino jacob koottanad

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ