തിങ്കളാഴ്‌ച, ജൂലൈ 25, 2011

മര എഞ്ചിനീയര്‍

പ്രകൃതി സംരക്ഷണം സംബന്ധിച്ച് സ്കൂള്‍കുട്ടികള്‍ക്കിടയില്‍ വര്‍ഷങ്ങളോളം അവബോധക്ലാസ്സുകള്‍ നടത്താന്‍ എനിയ്ക്ക് അവസരം കിട്ടിയിട്ടുണ്ട് . ആയതില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ഒരു കാര്യം ഇതാണ്, ഒരു സ്കൂള്‍ കുട്ടി 7 -8-9 ക്ലാസ്സുകളില്‍ പഠിയ്ക്കുന്ന അവസരത്തില്‍ പ്രകൃതിപഠന ക്ലാസ്സുകളില്‍ സജീവമായിരിയ്ക്കും.ചോദ്യങ്ങളും സംശയങ്ങളും അന്വേഷണങ്ങളുമായി ക്യാമ്പുകളിലും ക്ലാസ്സുകളിലും തിളങ്ങുന്ന അവരില്‍ നാം ഭാവിയിലെ ഒരു തികഞ്ഞ പ്രകൃതിസ്നേഹിയെ / പരിസ്ഥിതി പ്രവര്‍ത്തകനെ കാണും . എന്നാല്‍ പത്താം ക്ലാസ്സില്‍ എത്തിയാല്‍ നമുക്കവനെ പരിസ്ഥിതി ക്ലാസ്സില്‍ കാണാന്‍ കഴിയില്ല . കാരണം പത്താം ക്ലാസ്സില്‍ കൂടുതല്‍ പഠിയ്ക്കാന്‍ ഉണ്ടാകും....... 11-12 ക്ലാസ്സുകളില്‍ എന്‍ട്രന്‍സ് കോച്ചിംഗ് കൂടി ഉള്ളതിനാല്‍ അവനെ ഒന്നിനും പ്രതീക്ഷിയ്ക്കേണ്ടതില്ല.
അതും കഴിഞ്ഞ് ഏതെങ്കിലും സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ന്ന അവനോട് മരം,പ്രകൃതി,പരിസ്ഥിതി എന്ന് വല്ലതും പറഞ്ഞുപോയാല്‍ ........

എന്നാല്‍ ഇവിടെ എന്റെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ചുകൊണ്ട് ഒരു എഞ്ചിനീയറിങ്ങുകാരന്‍ മരം നടാനും മറ്റും വരുന്നുണ്ട്.... ജിതിന്‍ , എഞ്ചിനീയറിംഗ് ഏഴാം സെമസ്റ്ററുകാരനാണ്.പരീക്ഷ പടിവാതിലില്‍ അല്ലെങ്കില്‍ ഇയാള്‍ മരസംരക്ഷണം സംബന്ധിച്ച എല്ലാ പരിപാടിയ്ക്കും വരും

കൂറ്റനാട്ടെ മരം നടല്‍ സംഘമായ ജനകീയ കൂട്ടായ്മയുടെ ആരംഭകാലം മുതല്‍ കൂടെയുള്ള ജിതിന്‍ നല്ലൊരു പ്രകൃതി സ്നേഹിയും നല്ലൊരു നാളെയുടെ വാഗ് ദാനവുമാണ്.
ജിതിന്‍ പാലക്കാട് - ഗുരുവായൂര്‍ റോഡിലെ മര ആര്‍ച്ചിന് അടിയില്‍


ജിതിന്‍ റോഡരുകില്‍ പപ്പായ വിത്ത് വിതയ്ക്കുന്നു.posted by


shinojacob shino jacob SHINOJACOB SHINO JACOB


ചൊവ്വാഴ്ച, ജൂലൈ 05, 2011

ഗള്‍ഫുകാരന്റെ വീട്


ഗള്‍ഫില്‍പോയി നാലുകാശ് സമ്പാദിച്ചാല്‍ , ചെറുപ്പക്കാരുടെയൊക്കെ അടുത്ത പരിപാടി ഗള്‍ഫിന്റെ പത്രാസുകാണിയ്ക്കുന്ന ഒരു വീട് നിര്‍മ്മിയ്ക്കുക എന്നതാണ്. അതിന്റെ ആദ്യപടി പത്ത് സെന്റ് സ്ഥലം വാങ്ങലും .സ്ഥലം വാങ്ങിയാല്‍ ആയതില്‍ ഒരു പുല്‍നാമ്പുപോലും നിലനിര്‍ത്താതെ ജെ സി ബി കയറ്റി നിരത്തും .പായലും പൂപ്പലും പിടിയ്ക്കാത്ത വീടിന്റെ മുറ്റംപോലും ടൈല്‍സി വിരിച്ച് പെയിന്റടിയ്ക്കും.അതായത് ഇവര്‍ ജോലി ചെയ്യുന്ന ഗള്‍ഫ് മരുഭൂമിപോലെ പത്തുസെന്റില്‍ ഒരു മരുഭൂമി സൃഷ്ടിയ്ക്കും. ഒരു മരത്തൈ പോലും മുറ്റത്തോ പറമ്പിലോ വളരാന്‍ അനുവദിയ്ക്കില്ല .

എന്നാല്‍ ഞാന്‍ കണ്ട ഒരു ഗള്‍ഫുകാരന്‍ ഇങ്ങനെയായിരുന്നില്ല, തന്റെ വീടിനു മുന്നില്‍ പടുകൂറ്റന്‍ മാവ് വളര്‍ത്തിയിരിയ്ക്കുന്നു.കാരണം ഓക്സിജന്‍ കിട്ടാനാണത്രേ... വീടിനു പിന്നില്‍ വളര്‍ന്നുനിന്ന ഉറുമാംപഴത്തിന്റെ മരം വീട് വലുതാക്കിയപ്പോള്‍ വെട്ടിക്കളയാന്‍ മനസ്സുവരാത്തതിനാല്‍ അത് ഇപ്പോള്‍ വീടിനകത്താണ്. സ്വന്തമായി വാങ്ങിയ ഒരേക്കര്‍ പറമ്പില്‍ നിരവധി ഇനം വൃക്ഷത്തൈകള്‍ നടാനുള്ള ശ്രമത്തിലുമാണിദ്ധേഹം.

ഞാന്‍ കണ്ടിട്ടുള്ള ഗള്‍ഫുകാരില്‍ മണ്ണിന്റെ മണമുള്ള ഒരാള്‍... പി എം അബ്ദുള്ള ,പാലക്കാട് ജില്ലയില്‍ ചാലിശ്ശേരിയില്‍ ആണ് വീട്.

പ്രിയപ്പെട്ട ഗള്‍ഫുകാരേ, നിങ്ങള്‍ നിത്യവും കാണുന്നത് മരുഭൂമിയാണ് , അത് മനുഷ്യജീവിതത്തിന് അത്ര യോജിച്ച സ്ഥലമല്ല .മനുഷ്യന്‍ എന്ന ജീവിയ്ക്ക് തണലും തണുപ്പും ഉള്ള ഇടങ്ങളാണ് നല്ലത് ..... ആയതിനാന്‍ നിങ്ങള്‍ തണലും തണുപ്പും ഉള്ള നല്ലൊരു നാട് സ്വപ്നം കാണൂ....


posted by

shinojacob koottanad shino jacob SHINOJACOB SHINO JACOB KOOTTANAD

ഞായറാഴ്‌ച, ജൂലൈ 03, 2011

ഞാന്‍ മരിയ്ക്കില്ല....

തനിയ്ക്കേല്‍ക്കുന്ന ക്ഷതങ്ങള്‍ ഏതുവിധേനയെങ്കിലും പരിഹരിയ്ക്കുക എന്നത് പ്രകൃതി തുടര്‍ന്നുവരുന്ന ഒരു നയമാണ്. ആയതിന്റെ വളരെ നിര്‍മ്മലമായ ഒരു ഉദാഹരണം നേരില്‍ കണ്ടത് വളരെ വലിയൊരു ഷോക്കിങ്ങ് അനുഭവമായി.

അതായത് കൂറ്റനാട് സെന്ററില്‍ പ്രവര്‍ത്തിയ്ക്കന്ന വന്‍ മരമില്ലിന്റെ കോമ്പൌണ്ടില്‍ അട്ടിയിട്ടിരിയ്ക്കുന്ന കൂറ്റന്‍ മരത്തടികളില്‍ കണ്ണോടിച്ചപ്പോള്‍ തുണ്ടം തുണ്ടമായി മുറിച്ചിട്ടിരിയ്ക്കുന്ന ഒരു വലിയ മഹാഗണി മരത്തിന്റെ തായ്ത്തടിയില്‍ നിന്നും ഇലകള്‍ വളര്‍ന്നുതുടങ്ങിയിരിയ്ക്കുന്നു. അത് വീണ്ടും ഒരു മരമായി മാറാന്‍ ശ്രമിയ്ക്കുകയാണ്....

കാലങ്ങള്‍ക്കുമുന്‍പേ മുറിച്ചുവീഴ്ത്തത്തപ്പെട്ട ആ മരത്തിന്റെ ഉള്ളില്‍ എവിടെയോ ഒളിച്ചിരുന്ന ജീവന്‍ പ്രകൃതിയുടെ കരസ്പര്‍ശത്താല്‍ ഇലകളായി പുറത്തുവന്നിരിയ്ക്കുന്നു.മനുഷ്യന്‍ എത്ര നശിപ്പിച്ചാലും ജീവന്റെ അവസാന നാളം പോലും കെടാതെ സൂക്ഷിയ്ക്കാന്‍ പ്രകൃതി ശ്രമിയ്ക്കുന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഇത്.

ഈ ഭൂമി എന്ന ഗ്രഹത്തില്‍ ജീവന്റെ തുടര്‍ച്ച നിലനിര്‍ത്താന്‍ അവസാന ശ്വാസംവരെയും പ്രതീക്ഷ കൈവിടാതെ നമ്മുടെ പ്രകൃതി പരിശ്രമിയ്ക്കുമ്പോള്‍ ജ്ഞാനിയായ മനുഷ്യന്‍ ചെയ്യുന്നതെന്ത്? ?????


posted by

shinojacob shino jacob SHINOJACOB SHINO JACOB