ബുധനാഴ്‌ച, ഒക്‌ടോബർ 20, 2010

ഓസോണ്‍പരിരക്ഷകന്‍


തന്റെ പ്രവര്‍ത്തികൊണ്ട് ഒരു ദോഷം സംഭവിയ്ക്കുന്നു എന്ന് തിരിച്ചറിയുന്ന ഒരു മനുഷ്യന്‍ , ആ ദോഷത്തിന് ഉള്ളുതുറന്ന് പരിഹാരവും ചെയ്യുന്നു....

അങ്ങിനെ ഒരു കാഴ്ചയെ പരിചയപ്പെടുത്തട്ടെ...

പല്ലീരി സന്തോഷ് 9846172263

2007 ലെ മഴക്കാലത്ത് എളവാതില്‍ക്കല്‍ ക്ഷേത്രമൈതാനിയില്‍ പലഭാഗങ്ങളിലായി വൃക്ഷത്തൈകള്‍ നട്ട് അതിന് ചെറിയ ചുള്ളിക്കമ്പുകളും മുള്ളുംകൊണ്ട് സംരക്ഷണ വലയം തീര്‍ത്തിരിയ്ക്കുന്ന കാഴ്ച കണ്ട് ഞാന്‍ അതിന്റെ കര്‍ത്താക്കളെ തേടിച്ചെന്നു . സന്തോഷേട്ടനും കൂട്ടുകാരുമായിരുന്നു അത് .വെയിലില്‍ ചുട്ടുപഴുക്കുന്ന ക്ഷേത്രമൈതാനത്തിന് തണലേകല്‍ ലക്ഷ്യംവെച്ച് നടത്തിയ പ്രവര്‍ത്തിയായിരുന്നു അത് .അതാണ് ഞാന്‍ ആദ്യം നേരില്‍കണ്ട സന്തോഷേട്ടന്റെ ഓസോണ്‍ പരിരക്ഷണ പ്രവര്‍ത്തനം

2008 ല്‍ സന്തോഷേട്ടന്‍ മരം നടലില്‍ സജീവമാകുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത് . സുഹൃത്തുക്കളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പ് ശേഖരിച്ച് ഇരുമ്പ് ട്രീഗാര്‍ഡ് സംഘടിപ്പിച്ച് റോഡരുകില്‍ നട്ടുപിടിപ്പിച്ച 70 വൃക്ഷത്തൈകള്‍ ഇപ്പോള്‍ കൂറ്റനാട് തലയുയര്‍ത്തി നില്‍ക്കുന്നു .

2009 ല്‍ അത് 100 മരങ്ങളായി ഉയര്‍ന്നു ... ഇതിനായി ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിപ്രവര്‍ത്തിയ്ക്കാന്‍ സന്തോഷേട്ടന്‍ മുന്‍നിരയിലുണ്ടായിരുന്നു . 2010 ല്‍ 200 മരങ്ങള്‍ നട്ടുപിടിപ്പിയ്ക്കാനും സന്തോഷേട്ടന്‍ പുറകിലായിരുന്നില്ല ...

ജോലി ആവശ്യത്തിന് പലയിടങ്ങളിലും പോയിവരുമ്പോള്‍ പലതരം ആല്‍ വൃക്ഷത്തൈകള്‍ കെട്ടിടങ്ങള്‍ക്കും മറ്റും മുകളില്‍ നിന്നും സംഭരിയ്ക്കുന്നതും സന്തോഷേട്ടന്റെ ഇഷ്ടപ്രവര്‍ത്തികളില്‍ ഒന്നാണ്... വലിയ തണല്‍മരം കണ്ട് മതിമറന്ന് നില്‍ക്കുക....നിറയെ ചക്ക തരുന്ന പ്ലാവിനെ സ്നേഹിയ്ക്കുക ...ഏതുവീട്ടില്‍ ചക്ക പഴുത്തുനില്‍ക്കുന്നുണ്ടോ അവിടെക്കയറി ഒരുനാണക്കേടും വിചാരിയ്ക്കാതെ അഭിമാനപൂര്‍വ്വം അത് ചോദിച്ച് വാങ്ങിച്ച് നിറയെ ചക്കപ്പഴം കഴിച്ച് പ്രകൃതിയുമായി ഒന്നാവുക.... വന്‍വൃക്ഷങ്ങള്‍ തന്റെ വീട്ടുവളപ്പില്‍ നിറയെ വളര്‍ന്ന് വരട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുക.... സന്തോഷേട്ടന്‍ ഇങ്ങനെയൊക്കെയാണ്....

അടുത്തൊരു ദിവസം ഞാന്‍ വെറുതെയൊന്ന് ചോദിച്ചതാണ്, എന്താണ് സന്തോഷേട്ടന് മരങ്ങള്‍ വെച്ചുപിടിപ്പിയ്ക്കാന്‍ ഇത്രയേറെ താത്പര്യം........ അതിന് എനിയ്ക്ക് കിട്ടിയ മറുപടി പാഠപുസ്തകങ്ങളിലും ഗവേഷണ പ്രബന്ധങ്ങളിലും മാത്രം നാം കേട്ടിട്ടുള്ളതാണ്...

" എന്റെ തൊഴില്‍ റഫ്രിഡ്ജറേഷന്‍ ,എയര്‍കണ്ടീഷനിങ്ങ് എന്നിവയാണ് ... ഇത് ഓസോണ്‍പാളിയ്ക്ക് കേടുണ്ടാക്കുന്ന വാതകങ്ങള്‍ പുറത്തുവിടുന്നതും തന്‍മൂലം ഭൂമിയ്ക്ക് കേടുപാടുകള്‍ഉണ്ടാകാന്‍ ഇടയാക്കുന്നതുമാണ്.”... "ആയതിനാല്‍ ഞാന്‍മൂലം കേടുവരുന്ന ഓസോണ്‍പാളിയെ കോംപന്‍സേറ്റ് ചെയ്യാന്‍ ഞാന്‍ മരങ്ങള്‍ വെച്ചുപിടിപ്പിയ്ക്കുന്നു... “

"വര്‍ഷങ്ങളായി റഫ്രിഡ്ജറേഷന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഞാന്‍ അറിഞ്ഞും അറിയാതെയും ഈ ഭൂമിയെ കേടുവരുത്താന്‍ കൂട്ടുനിന്നിട്ടുണ്ട് .... ആയതിനാല്‍ വരും തലമുറയ്ക്ക് വേണ്ടി ഞാനിത് ചെയ്യുന്നു.... “

എല്ലാവരും തിരക്കിലാണ്... എല്ലാവരും ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ പേറുന്നവരുമാണ്... എങ്കിലും പച്ചപ്പിന്റെ ഒരുവിരല്‍ ഞൊടിപ്പെങ്കിലും ഈ ഭൂമിക്ക് വേണ്ടി ചെയ്തിരുന്നെങ്കില്‍...

ആഗോളതാപനം....... കാലാവസ്ഥാ വ്യതിയാനം .... നമുക്കുപഠിയ്ക്കാന്‍ വിഷയങ്ങള്‍ ഇനിയും ഒരുപാട് വരും... ഇതിനെയെല്ലാം പ്രയോഗതലത്തില്‍ നേരിടുന്ന സന്തോഷേട്ടന്‍മാരെയാണ് നമുക്കാവശ്യം......

പി സന്തോഷ് കുമാര്‍ , പല്ലീരി വീട് , കൂറ്റനാട് പിഒ 679533 പാലക്കാട് . ഷീബ ( ഭാര്യ ) പൂജ (മകള്‍ )

സന്തോഷേട്ടന്‍ താന്‍ റോഡരുകില്‍ നട്ട മരത്തിനൊപ്പം


സന്തോഷേട്ടന്‍ തന്റെ റഫ്രിഡ്ജറേഷന്‍ കടയ്ക്കുമുന്നില്‍ .

Shino jacob ഷിനോജേക്കബ്


വ്യാഴാഴ്‌ച, ഒക്‌ടോബർ 07, 2010

ചീറ്റപ്പുലി തിരിച്ചുവരുന്നു...


ഭാരതത്തില്‍ 1940 കളില്‍ വംശനാശം സംഭവിച്ച ചീറ്റപ്പുലി വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുവരാന്‍ തയ്യാറെടുക്കുന്നു ....
വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്‍ഡ്യ , ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി , ഇന്‍ഡ്യന്‍ വൈല്‍ഡ് ലൈഫ്റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡെറാഡൂണ്‍ എന്നിവയുടെ സംയുക്തപഠനത്തിന്റെ ഭാഗമായാണ് ചീറ്റപ്പുലി തിരിച്ചെത്തുന്നത്
ഒരുകാലത്ത് ചീറ്റപ്പുലിയുടെ ആവാസകേന്ദ്രങ്ങളായിരുന്ന ഗുജറാത്ത് , മദ്ധ്യപ്രദേശ് , രാജസ്ഥാന്‍ എന്നിവിടങ്ങളിലെവനപ്രദേശങ്ങളില്‍ ആഫ്രിക്കയില്‍ നിന്നും ചീറ്റപ്പുലികളെ എത്തിച്ച് തുറന്ന് വിടാനാണ് പരിപാടി .... ഈ പദ്ധതിയ്ക്ക്കേന്ദ്രഗവണ്‍മെന്റിന്റെഅംഗീകാരം

കിട്ടിക്കഴിഞ്ഞു.മേല്‍പറഞ്ഞ വനപ്രദേശങ്ങളില്‍ ഇപ്പോഴും ചീറ്റപ്പുലിയ്ക്ക്അനുയോജ്യമായ ആവാസവ്യവസ്ഥ നിലനില്‍ക്കുന്നുണ്ട് എന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

അനിയന്ത്രിതമായ വേട്ടയാടലാണ് ഭാരതത്തില്‍ ചീറ്റപ്പുലിയെ വംശനാശത്തിലെത്തിച്ചത്.സ്വാതന്ത്ര്യത്തിന് മുന്‍പുള്ളകാലഘട്ടത്തില്‍ പലയിടങ്ങളിലും രാജാക്കന്‍മാരും മറ്റുംചീറ്റപ്പുലി ഇണക്കിവളര്‍ത്തിയിരുന്നു . മാനുകളേയും മറ്റുംവേട്ടയാടാനായിരുന്നു അത് . ഏറ്റവും വേഗത്തില്‍ ഓടാന്‍ കഴിയുന്ന മൃഗമായ ചീറ്റപ്പുലിയ്ക്ക് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ സ്പീഡുണ്ട് ,അക്ബര്‍ ചക്രവര്‍ത്തിയ്ക്ക് 9000 ചീറ്റപ്പിലികള്‍ ഉണ്ടായിരുന്നു എന്നാണ് ചരിത്രസൂചന .
ഇന്ന് ഏഷ്യന്‍ ചീറ്റപ്പുലി പ്രധാനമായും അധിവസിയ്ക്കുന്നത് ഇറാനിലാണ് .പാകിസ്ഥാന്‍, ബലൂചിസ്ഥാന്‍മേഖലകളില്‍ അപൂര്‍വ്വമായി ഇവയെ കണ്ടുവരുന്നുണ്ട്. ഭാരത്തില്‍ ചീറ്റപ്പുലിയെപ്പറ്റിയുള്ള അവസാനത്തെ വിവരം 1948 ല്‍ മദ്ധ്യപ്രദേശിലെ രാജാവായിരുന്ന മഹാരാജാ രാമാനുജ പ്രതാപ് സിങ്ങ് വെടിവെച്ച്കൊന്ന മൂന്ന്ചീറ്റപ്പുലികളെക്കുറിച്ചുള്ളതാണ്. അതിനുശേഷം ആരും ചീറ്റപ്പുലികളെ കണ്ടതായി അറിവില്ല .
ചീറ്റപ്പുലികളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് താഴെയുള്ള ലിങ്കുകളില്‍ അമര്‍ത്തുക

http://en.wikipedia.org/wiki/Cheetah

http://www.cheetah.org/

http://www.cheetah.bigcats.in/
ചീറ്റുലികളുമായി വേട്ടയ്ക്ക് പോകുന്നു

രാജാവ് ചീറ്റപ്പുലികളെ കൊന്നിട്ടിരിയ്ക്കുന്നു
SHINOJACOB

Shino jacob ഷിനോജേക്കബ്


തിങ്കളാഴ്‌ച, ഒക്‌ടോബർ 04, 2010

കാട് ആനയ്ക്ക് തിരിച്ചുകൊടുക്കുക....
സമീപകാലത്തെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒന്നാണ് കാട്ടാനയും മനുഷ്യനും തമ്മിലുള്ള യുദ്ധം... കാടെല്ലാം നാടാവുകയും ഉള്ള കാടുകള്‍ തേക്ക് തോട്ടങ്ങളോ യൂക്കാലിപ്റ്റസ് തോട്ടങ്ങളോ ആവുകയും അവശേഷിയ്ക്കുന്ന ഹരിതവനങ്ങളില്‍ നായാട്ടുകാരും കഞ്ചാവുകൃഷിക്കാരും ചാരായ വാറ്റുകാരും താവളമുറപ്പിയ്ക്കുകയും ചെയ്യുമ്പോള്‍ ജീവന്‍ രക്ഷിയ്ക്കാന്‍ വേണ്ടി കുറേക്കൂടി സുരക്ഷിതമായ നാട്ടിലേയ്ക്കിറങ്ങുക എന്നതുമാത്രമേ ആനകള്‍ക്ക് ചെയ്യാനുള്ളൂ....

നാട്ടില്‍ ആരും പരസ്യമായി വെടിവെച്ച് കൊല്ലില്ല എന്നറിയാവുന്ന കാട്ടാന വനമേഖലയോടുചേര്‍ന്ന ഗ്രാമങ്ങളില്‍ ഭക്ഷണവും വെള്ളവും തേടിയെത്തുന്നു... എന്നാല്‍ അത് മനുഷ്യന്‍ തനിയ്ക്കുവേണ്ടി മാത്രം സൃഷ്ടിച്ചതാകയാല്‍ യുദ്ധം തുടങ്ങുകയായി....

വൈദ്യുതവേലി , കിടങ്ങ് ,പടക്കം ,പാട്ടകൊട്ടല്‍ എന്നിങ്ങനെ ഏതെല്ലാം പരീക്ഷണങ്ങള്‍ നടത്തിയാലും കാട്ടില്‍ തന്നെ കൊല്ലാന്‍ കാത്തിരിയ്ക്കുന്ന നായാട്ടുകാരന്റെയോ കഞ്ചാവുകൃഷിക്കാരന്റെയോ അത്രയും വരില്ലെന്ന് കാട്ടാനയ്ക്കറിയാം.... ആയതിനാല്‍ ആനകള്‍ കാട്ടിലേയ്ക്ക് കയറാന്‍ മടിച്ച് നാട്ടില്‍ത്തന്നെ താവളമുറപ്പിയ്ക്കുന്നു .

കാട്ടാനശല്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന രാഷ്ടീയപാര്‍ട്ടികളും കര്‍ഷകസംഘടനകളും ചെയ്യേണ്ടത് , ആന എന്തിന് കാടുവിട്ട് പുറത്തേയ്ക്കിറങ്ങുന്നു എന്ന് അന്വേഷിയ്ക്കുകയാണ് . കാട്ടില്‍ ആനയുടെ ഭക്ഷണം ഇല്ലാതാവുമ്പോള്‍ ,കുടിയ്ക്കാനും കുളിയ്ക്കാനും വെള്ളമില്ലാതാവുമ്പോള്‍, അഭയമില്ലാതാവുമ്പോള്‍ ആണ് ആന കാട്ടിനുപുറത്തിറങ്ങുന്നത് എന്ന് അവര്‍ക്ക് മനസ്സിലാക്കാം,,,, ഇത് സംഭവിയ്ക്കുന്നത് മനുഷ്യന്റെ നിയമവിരുദ്ധമായ ഇടപെടലുകള്‍ നിമിത്തമാണ്. (കൂടാതെ വനാതിര്‍ത്തിയില്‍ ആനയ്ക്ക് ഇഷ്ടപ്പെട്ട ഭക്ഷണമായ കരിമ്പ് , വാഴ തുടങ്ങിവ കൃഷിചെയ്യുന്നതും, കൃഷിയില്‍ രാസവസ്തുക്കള്‍ ഉപയോഗിയ്ക്കുന്നതു നിമിത്തം ഉപ്പിന്റെ ഉയര്‍ന്ന അളവും ആനകളെ ആകര്‍ഷിയ്ക്കുന്നു ) ആയതിനാല്‍ കാട് , ആനകള്‍ക്കും മറ്റു മൃഗങ്ങള്‍ക്കും തിരിച്ചുകൊടുക്കുക എന്ന പദ്ധതിയാണ് ആന ശല്യത്തിന് ശാശ്വതമായ പരിഹാര മാര്‍ഗ്ഗം,,,, അല്ലാതെ വൈദ്യുതവേലിയോ കിടങ്ങോ അല്ല

ഒരു പ്രദേശത്ത് ഒതുങ്ങി ജീവിയ്ക്കുന്ന സ്വഭാവക്കാരല്ല ആനകള്‍ . അവ നിരന്തരം സഞ്ചരിച്ചുകൊണ്ടയിരിയ്ക്കും .... ആനകള്‍ ഇപ്രകാരം സഞ്ചരിയ്ക്കുന്ന വഴികളേയാണ് ആനത്താരകള്‍ എന്ന് പറയുന്നത് .എന്നാല്‍ ഇന്ന് ഭൂരിപക്ഷം ആനത്താരകളും മനുഷ്യവാസമേഖലകളോ കൃഷിയിടങ്ങളോ ആയി മാറിയിരിയ്ക്കുന്നു .എന്നാല്‍ ആനകള്‍ തങ്ങളുടെ യാത്ര അവസാനിപ്പിയ്ക്കാന്‍ തയ്യാറാകുന്നുമില്ല .ഈ യാത്ര തലമുറകളിലൂടെ അവയ്ക്ക് കൈമാറിക്കിട്ടിയതാണല്ലോ...... തന്‍മൂലം തങ്ങളുടെ മാര്‍ഗ്ഗത്തില്‍ തടസ്സമായതെന്തിനേയും തകര്‍ത്ത് മുന്നോട്ടുപോകാന്‍ ആന ശ്രമിയ്ക്കും. ആയത് ആനയും മനുഷ്യനും തമ്മിലുള്ള പോരിന് ഇടയാക്കും. ഈ മേഖലയില്‍ പഠനം നടത്തിയ വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്‍ഡ്യ കര്‍ണ്ണാടകയിയെ കൊല്ലെഗലില്‍ ഒരു ആനത്താര വിലകൊടുത്തുവാങ്ങി , ഗവണ്‍മെന്റിന് കൈമാറിയത് ശ്രദ്ധനേടിയ ഒരു സംഭവമായിരുന്നു. ചില ആനത്താരകളെ റോഡ് , റെയില്‍പ്പാതകളും മുറിയ്ക്കുന്നുണ്ട്. ഇത് ആനകളുടെ കൂട്ടമരണത്തിന് വരെ ഇടയാക്കുന്നുണ്ട്

ആനകള്‍ നാട്ടിലിറങ്ങിയ വാര്‍ത്തകള്‍ നാം സൂക്ഷ്മവിശകലനം നടത്തുമ്പോള്‍ മനസ്സിലാവുക നല്ല കാടുള്ള ഭാഗങ്ങളില്‍ ആനകള്‍ നാട്ടിലിറങ്ങുന്നില്ല... ( ഉദാ : ശിരുവാണി , സൈലന്റ് വാലി , ആനക്കുളം - മൂന്നാര്‍ എന്നീ വനപ്രദേശങ്ങളോട് ചേര്‍ന്ന സ്ഥലങ്ങള്‍ ) മനുഷ്യന്റെ ഇടപെടലുകള്‍ കൂടുതലുള്ളതും ശോഷിച്ചതുമായ കാടുകളുടെ അരികിലെ നാട്ടിലേയ്ക്ക് ആന സര്‍ക്കീട്ടിനായി ചെല്ലുന്നു ഉദാ; നിലമ്പൂര്‍ , അട്ടപ്പാടി ..... അതായത് കാട്ടില്‍ അഭയമില്ലാതായി തുരത്തപ്പെടുന്ന ആനകളാണ് നാട്ടില്‍ കലഹമുണ്ടാക്കുന്നത്. ആയതിനാല്‍ കാട് ആനകള്‍ക്ക് തിരിച്ചുകൊടുത്തേ മതിയാവൂ.......

കാട്ടാന നാട്ടിലെ കിണറ്റില്‍ വീണപ്പോള്‍

റെയില്‍പ്പാത മുറിച്ചുകടക്കുന്ന കാട്ടാന


തീവണ്ടി

തട്ടി മൃതിയടഞ്ഞ കാട്ടാന

ആന തേയിലത്തോട്ടത്തില്‍

ആദിവാസിക്കുട്ടി ആനക്കുട്ടിയ്ക്കൊപ്പം


നാട്ടാന

Shino jacob ഷിനോജേക്കബ്