തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ നാങ്കുനേരിക്ക് സമീപമുള്ള ഒരു പക്ഷിസങ്കേതമാണ് കൂന്തംകുളം . തിരുവനന്തപുരത്തുനിന്ന് നാഗര്‍കോവില്‍ , മധുര വഴി പോകുന്ന ട്രെയിനുകള്‍ നാങ്കുനേരിയിലൂടെയാണ് പോകുന്നത് . നാങ്കുനേരിയില്‍നിന്നും ബസ്സ് മാര്‍ഗ്ഗം മൂലക്കരൈപ്പട്ടി എന്ന ചെറുപട്ടണം കടന്നാണ് കൂന്തംകുളത്തേക്ക് പോവുക .നാങ്കുനേരിയില്‍ നിന്നും നേരിട്ട് കൂന്തംകുളത്തേക്ക് ബസ്സ് ഉണ്ടെങ്കിലും എണ്ണത്തില്‍ കുറവായതിനാല്‍ യാത്രക്കാര്‍ മൂലക്കരൈപ്പട്ടി വരെ ബസ്സിലെത്തി അവിടെനിന്നും സ്വകാര്യവാഹനം ഏര്‍പ്പാടാക്കി കൂന്തംകുളത്തെത്തുകയാണ് പതിവ് .മൂലക്കരൈപ്പട്ടിയില്‍ നിന്നും 5 കിലോമീറ്റ റാണ് കൂന്തംകുളത്തേക്കുള്ള ദൂരം .
പക്ഷി സങ്കേതം എന്ന നമ്മുടെ മനസ്സിലെ സങ്കല്‍പ്പങ്ങളെ പാടേനീക്കുന്നതാണ് കൂന്തംകുളത്തെ കാഴ്ചകള്‍ . തികച്ചും ഉള്‍നാടന്‍ ഗ്രാമമായ കൂന്തംകുളത്ത് നിരവധി വയലുകളും മറ്റുകൃഷി സ്ഥലങ്ങളും വലിയൊരുജലാശയവുമുണ്ട് . ഈ ജലാശയത്തേയും പരിസരത്തെ മറ്റു ജലാശയങ്ങളേയും ആശ്രയിച്ചാണ് കൂന്തംകുളത്തെ പതിനായിരക്കണക്കിന് പക്ഷികള്‍ ജീവിക്കുന്നത് .ഇന്‍ഡ്യയില്‍ സ്ഥിരവാസികളായ പക്ഷികള്‍ക്കുപുറമേ യൂറോപ്പില്‍ നിന്നും വരുന്ന ദേശാടനപ്പക്ഷികളേയും കൂന്തംകുളത്ത് കാണാം. കൂന്തംകുളത്തെ ജലാശയങ്ങളുടെ കരയിലുള്ള മരങ്ങളിലും ഗ്രാമത്തിലെ ഒട്ടുമിക്ക മരങ്ങളിലും പെലിക്കന്‍ , വര്‍ണ്ണക്കൊക്ക് തുടങ്ങിയ വലിയപക്ഷികള്‍ കൂട് കൂട്ടിയിരിക്കുന്നത് കണ്ടു . കൂടാതെ ജലാശയത്തില്‍ മറ്റുപക്ഷികളേയും ധാരാളമായി കണ്ടു . കൂന്തംകുളത്തെ വലിയജലാശയത്തിന് സമീപത്തായി തമിഴ്നാട് വനംവകുപ്പ് പക്ഷിനിരീക്ഷകര്‍ക്ക് താമസിക്കാനായി ഒരു കെട്ടിടവും വാച്ച് ടവറും നിര്‍മ്മിച്ചിട്ടുണ്ട്
കൂന്തംകുളത്തെ പക്ഷികളെ കഴിഞ്ഞ 25 വര്‍ഷമായി സംരക്ഷിച്ചുവരുന്നത് ബാല്‍പാണ്ട്യന്‍ എന്ന പക്ഷി മനുഷ്യനാണ് . പ്രകൃതിയുടെ ഒരു നിയോഗം പോലെ പക്ഷികള്‍ക്ക് സംരക്ഷകനായി ബാല്‍പാണ്ട്യന്‍ ഉണ്ട് . ബഹുമതികള്‍ ഒന്നും ആഗ്രഹിച്ചിട്ടില്ലെങ്കിലും നിരവധി അവാര്‍ഡുകള്‍ ഇദ്ദേഹത്തെ തേടിയെത്തുകയുണ്ടായി അവയില്‍ ചിലത് യു . എസ് . ഫിഷ് & വൈ ല്‍ ഡ് ലൈ ഫ് സര്‍വ്വീസിന്റേയും തിരുവനന്തപുരം സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സംഘടനയായ ഗ്രീന്‍സിന്റെ അവാര്‍ഡ് എന്നിവയാണ്.കൂന്തംകുളത്തെ എല്ലാമരങ്ങളിലും സീസണില്‍ പക്ഷികള്‍ കൂട്കൂട്ടുന്നു .അവിടുത്തെ ജനങ്ങള്‍ പക്ഷികള്‍ക്ക് ആഥിത്യംഅരുളുന്നു . ആരും പക്ഷികളെ ദ്രോഹിക്കുകയില്ല .ആയതിനാല്‍ പക്ഷികള്‍ക്ക് ഗ്രാമവാസികളെ ഒട്ടും ഭയവുമില്ല . എന്നാല്‍ പുറം നാട്ടുകാരെ പക്ഷികള്‍ക്ക് പെട്ടെന്ന്തിരിച്ചറിയാമെന്നതിനാല്‍ പക്ഷികളുടെ അടുത്തേക്ക് പോകരുതെന്ന് ബാല്‍പാണ്ട്യന്‍ പറഞ്ഞു . കാരണം കൂട്ടിനുള്ളില്‍ അടയിരിക്കുന്ന പക്ഷി നാം അടുത്തെത്തുമ്പോള്‍ പേടിച്ച് പറന്നു പോകും . അപ്പോള്‍ സമീപത്ത് തക്കം പാര്‍ത്തിരിക്കുന്ന കാക്കകള്‍ മുട്ടകള്‍ തട്ടിയെടുക്കും .
കഴിഞ്ഞ 25 വര്‍ഷക്കാലമായി ബാല്‍പാണ്ട്യന്‍ ചെയ്യുന്ന പ്രധാന പ്രവര്‍ത്തികളിലൊന്ന് കൂട് തകര്‍ന്ന് താഴെ വീണ് അപകടത്തില്‍പ്പെടുന്ന പക്ഷിക്കുഞ്ഞുങ്ങളെ സംരക്ഷിക്കുക എന്നുള്ളതാണ് ഇങ്ങിനെ കിട്ടുന്ന പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണവും ആവശ്യമായ മറ്റു സംരക്ഷണവും നല്‍കി അവ പറക്കാന്‍ പ്രായമാകുമ്പോള്‍ സ്വതന്ത്രരാക്കി വിടുന്നു.ചില പക്ഷികള്‍ സ്വതന്ത്രരായതിനു ശേഷം അടുത്ത വര്‍ഷം തന്നെ കാണാന്‍ വന്നിട്ടുണ്ടെന്ന് ബാല്‍പാണ്ട്യന്‍ പറഞ്ഞു . ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വിഷയമാക്കിക്കൊണ്ട് സി . റഹീം പക്ഷിമനിതന്‍ എന്നൊരു ഡോക്യുമെന്ററി ചിത്രീകരിച്ചിട്ടുണ്ട് . പക്ഷിസംരക്ഷകന്‍ എന്നതിന് പുറമേ ബാല്‍പാണ്ട്യ.ന്‍ മികച്ചൊരു കവി കൂടെയാണ് .അദ്ദേഹം ചില തമിഴ് സിനിമകള്‍ക്ക് വേണ്ടി പാട്ടെഴുതിയിട്ടുണ്ട് . കൂന്തംകുളവും പരിസരവും ജല സമ്പന്നമാണ് . കൃഷിക്കുവേണ്ടി ജലം സംഭരിച്ചുനിര്‍ത്തുന്നതിനായി പല ഭാഗത്തും മണ്‍ഭിത്തികളോടുകൂടിയ ജലാശയങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട് .ജലസമ്പന്നതയും കൃഷിയുമാണ് കൂന്തംകുളത്തെ പക്ഷിസമ്പന്നമാക്കുന്നത് .കേരളത്തെ അപേക്ഷിച്ച് വിദ്യാഭ്യാസത്തില്‍ പിന്നിലായ തമിഴരുടെ വിവരവും സഹിഷ്ണുതയും നേരില്‍ മനസ്സിലാക്കുന്നതിന് , പക്ഷികള്‍ എന്ന സഹജീവികള്‍ക്കുകൂടി അല്‍പം ഇടംകൊടുക്കുന്ന ദയ മനസ്സിലാക്കുന്നതിന് ആധുനിക മലയാളി കൂന്തംകുളം സന്ദര്‍ശിക്കുന്നത് ഉചിതമായിരിക്കും.......
ബാല്‍പാണ്ട്യന്‍ ( ദി ബേഡ് മേന്‍ )
കൂന്തംകുളം തിരുനെല്‍വേലി ജില്ല തമിഴ്നാട്
കൂന്തംകുളം തിരുനെല്‍വേലി ജില്ല തമിഴ്നാട്