വെള്ളിയാഴ്‌ച, ഡിസംബർ 14, 2018

കൊല്ലിമലയിലേക്ക് വൺ ഡേ ട്രിപ്പ്-എറണാകുളത്തു നിന്നും കോഴിക്കോട് നിന്നും


അൽപ്പം റിസ്ക്കെടുക്കാൻ തയാറുള്ളവക്ക് കേരളത്തിൽ നിന്നും ഒറ്റ ദിവസം കൊണ്ട് പോയി വരാവുന്ന
സ്ഥലമാണ് തമിഴ്നാട്ടിലെ കൊല്ലിമല( Kolli hills) പാലക്കാട് നിന്നും 250 കിലോമീറ്റർ അകലെ തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൊല്ലിമല ഈസ് റ്റേൺ ഘാട്ട്സിന്റെ ഭാഗമാണ് പാലക്കാട് നിന്നും 250 കിലോമീറ്റർ ദൂരമുണ്ടെങ്കിലും ഭൂരിഭാഗവും ഉയർന്ന നിലവാരമുള്ള ഹൈവേ ആയതിനാൽ വേഗതയിലും ക്ഷീണമറിയാതെയും സഞ്ചരിക്കാനാവും.പാലക്കാട് നിന്നും വാളയാർ കടന്ന് സേലം ഹൈവേയിലൂടെ വിവിധയിടങ്ങളിൽ ടോൾ കൊടുത്തുകൊണ്ട് കടന്നു പോകുമ്പോൾ മികച്ച യാത്രാസുഖം കൂടി ലഭിക്കുന്നു. യാത്രാംഗങ്ങളിൽ ഒന്നിലേറെപ്പേർ വണ്ടി ഓടിക്കുന്നവരാണെങ്കിൽ ഇതൊരു മികച്ച യാത്രയായിരിക്കുമെന്നതിൽ സംശയം വേണ്ട.
എറണാകുളത്തു നിന്നും കോഴിക്കോട് നിന്നും രാവിലെ നാല് മണിക്ക് പുറപ്പെട്ട് ഏഴ് മണിക്ക് പാലക്കാട് എത്താനായാൽ ഉച്ചക്ക് ഒരു മണിക്ക് മുമ്പായി കൊല്ലിമലയിലെത്താം. വാളയാർ സേലം റോഡിൽ കുമരംപാളയം ,ശങ്കരി എന്നീ സ്ഥലങ്ങൾ കടന്ന് പാലക്കാട് നിന്നും 190 കിലോമീറ്റർ അകലെ കാക്കാ പാളയം എന്ന സ്ഥലത്തെത്തിയാൽ വലത്തോട്ട് തിരിഞ്ഞ് കുറച്ച് ഉൾഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് മറ്റൊരു ഹൈവേയായ നാമക്കൽ-സേലം ഹൈവേയിൽ കയറി, നാമക്കൽ ദിശയിലേക്ക് സഞ്ചരിച്ച് കലങ്കണി എന്ന സ്ഥലത്തെത്തി, അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് തിരുമലപ്പട്ടി റൂട്ടിൽ കൊല്ലിമലയിലേക്ക് പോകാം.ഗൂളിള്‍ മേപ്പിൽ നോക്കുമ്പോൾ നാമക്കൽ ടൗണിലൂടെയും മറ്റും കയറിയിറങ്ങിപ്പോകുന്ന വഴികളും കാണിച്ചു തരുന്നുണ്ടെങ്കിലും അത് വലിയ ട്രാഫിക്ക് ബ്ലോക്കിനും സമയനഷ്ടത്തിനും ഇടയാക്കും. കാക്കാ പാളയം വഴിയാകുമ്പോൾ ട്രാഫിക്ക് ബ്ലോക്കിനുള്ള സാധ്യതകളില്ല.
ഭക്ഷണവും താമസ സൗകര്യവുമെല്ലാം ലഭിയ്ക്കുന്ന ഒരു സ്ഥലമാണ് 70 ഹെയർ പിൻ വളവുകൾ കയറിയാൽ 1300 മീറ്റർ ഉയരത്തിൽ, കോടമഞ്ഞും തണുപ്പുമൊക്കെയായി കാലാവസ്ഥ മാറിമറിയുന്ന 280 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കൊല്ലിമല്ല .ആദ്യമെത്തുക ഇവിടുത്തെ പ്രധാന ടൗണായ സെമ്മേടിൽ ആണ്. അവിടെ നിന്നും കുറച്ച് മുന്നോട്ട് പോയാൽ മൂലക്കടൈ എന്ന ചെറിയ കവലയിലെത്തും. അവിടെ പാലക്കാട്ടുകാർ നടത്തുന്ന ചെറിയ ഹോട്ടലുണ്ട്. വർഷങ്ങൾക്ക് മുൻപ് അമ്പലപ്പാറയിൽ നിന്നും കുടിയേറിയവരാണവർ.അവിടെ നിന്നും ഉച്ചഭക്ഷണശേഷം കൊല്ലി മലയിലെ ആകർഷണ കേന്ദ്രങ്ങളിലൊന്നായ ആകായ ഗംഗ(ആകാശഗംഗ ?) വാട്ടർ ഫാൾസിലേക്ക് നീങ്ങാം... അർപ്പളേശ്വര എന്ന ക്ഷേത്രത്തിനോട് ചേർന്നാണ് ഈ വെള്ളച്ചാട്ടം ഈ ക്ഷേത്ര പരിസരത്തു നിന്നും സുമാർ ആയിരത്തോളം സ്റ്റെപ്പുകൾ താഴോട്ടിറങ്ങിയാലാണ് വെള്ളച്ചാട്ടത്തിനടുത്തെത്താനാവുക. വൈകുന്നേരം മൂന്ന് മണിക്ക് ശേഷം വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലും താഴെപ്പോയി വരാൻ എടുത്തേക്കാം.ആകായ ഗംഗ ഫാൾസിന് ശേഷം കുറച്ച് മാറിയുള്ള എട്ടുകയമ്മൻ ക്ഷേത്രം ലക്ഷ്യമാക്കാം, ആ റൂട്ടിൽ സഞ്ചരിച്ചാൽ കൊല്ലിമലയുടെ ഭൂപ്രകൃതിയും വിവിധ കൃഷിയിടങ്ങളും കാണാം..... വയനാടിന് സമമാണ് കൊല്ലിമലയുടെ ഭൂപ്രകൃതി എന്ന് നമുക്ക് തോന്നും. നെല്ലും നാണ്യവിളകളും പച്ചക്കറിയുമെല്ലാം അവിടെ കൃഷി ചെയ്യുന്നു.എട്ടു കയ്യമ്മൻ ക്ഷേത്രത്തിൽ നിന്നും വീണ്ടും മുന്നോട്ട് പോയാൽ ആദ്യമെത്തിയ സെമ്മേട് ടൗണിൽത്തന്നെ തിരികെയെത്താം....അവിടെ നിന്നും സുമാർ അഞ്ച് മണിയോടെ ചുരമിറങ്ങാൻ തുടങ്ങിയാൽ രാത്രി പന്ത്രണ്ട് മണിയോടെ വീട്ടിൽ തിരിച്ചെത്താം.
കുറേ ദൂരം ഓടാനുള്ളത് കൊണ്ട് സമയം ഒരു മിനിറ്റ് പോലും പാഴാക്കരുത്.പ്രഭാത ഭക്ഷണത്തിന് ശേഷം തുടർച്ചയായി ഓടിയാൽ പിന്നീട് കൊല്ലി മലയിലെ വ്യൂ പോയിന്റു കളിൽ നിർത്തിയാൽ മതിയാകും. ഉച്ചഭക്ഷണത്തിനും വളരെ കുറച്ച് സമയം മാത്രം ചിലവഴിക്കുക, കാരണം വളരെയധികം സമയം വേണ്ടിവരും ആകായ ഗംഗ ഫാൾസ് കാണുന്നതിന്.ആകായ ഗംഗ ഫാൾസ് കണ്ടതിന് ശേഷം എട്ടു കയ്യമ്മൻ ക്ഷേത്രത്തിലേക്കുള്ള യാത്ര പതുക്കെ മതി. കാരണം ആ റൂട്ടിൽ കൊല്ലിമലയുടെ പ്രകൃതിഭംഗിയും വൈവിധ്യവും നമുക്ക് കാണാനാവും. സെമ്മേടിൽ വീണ്ടും നിർത്തി കറുത്തമുതിര പോലെ തനത് നാടൻ ഉത്പന്നങ്ങൾ വാങ്ങാം....എഴുപത് ഹെയർപിൻ ബെന്റുകളുടെ സൗന്ദര്യവും വനഭംഗിയും ആസ്വദിച്ച് ഒരിക്കൽ കൂടി ചുരത്തിലൂടെ സഞ്ചരിച്ച് അടിവാരത്തെ കാരവല്ലി എന്ന സ്ഥലത്ത് നിർത്തിയാൽ കിലോ 30 രൂപ നിരക്കിൽ സിന്ദൂരം മാമ്പഴവും വാങ്ങാം. മികച്ച റോഡായതിനാൽ വാഹനങ്ങൾക്കെല്ലാം നൂറ് കിലോമീറ്ററിന് മേൽ വേഗത്തിൽ സഞ്ചരിക്കാനാവും, തൻമൂലം പലർക്കും അപകടം പറ്റിയിട്ടുണ്ട്, എന്നതിനാൽ തികഞ്ഞ ജാഗ്രതയോടെ പാലക്കാട്ടേക്ക് മടങ്ങാം (കൊല്ലിമലയേക്കുറിച്ച് കൂടുതൽ വായിക്കുന്നതിന് https://en.wikipedia.org/wiki/Kolli_Hills )

post by shino jacob koottanad

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ