കര്‍ണ്ണാടകയിലെ ഗോപാല്‍സ്വാമി ബേട്ടയെപ്പറ്റി( ഗോപാല്‍ സ്വാമി ഹില്‍സ്സ് ) കേട്ടപ്പോഴേ ഇങ്ങോട്ടൊരു യാത്ര നടത്തുന്നതിനെപ്പറ്റി ആലോചിച്ചു...കൂറ്റനാട് വഴി കര്‍ണ്ണാടക സ്റ്റേറ്റിന്റെ മൈസ്സൂര്‍ ബസ്സ് കടന്നുപോകുന്നത് കാണുമ്പോഴൊക്കെ സുഹൃത്ത് ഷണ്‍മുഖേട്ടന്‍ പറയുമായിരുന്നു,ഒരു ദിവസം ഈ ബസ്സില്‍ കയറി മൈസ്സൂരിലേയ്ക്ക് പോകണമെന്ന്...എന്നാല്‍ മൈസ്സൂര്‍ വരെ എത്തിയില്ലെങ്കിലും ഇത്തവണ ഇതേ റൂട്ടിലുള്ള ഗോപാല്‍ സ്വാമിബേട്ട തിരഞ്ഞെടുക്കുന്നതിനെപ്പറ്റി രണ്ടിലൊന്ന് ആലോചിക്കേണ്ടിവന്നില്ല.
വാല്‍പ്പാറ,മസിനഗുഡി,ഊട്ടി,ചിന്നാര്‍ തുടങ്ങി വിദൂരങ്ങളായസ്ഥലങ്ങളിലേയ്ക്ക് നിരവധി തവണ ബസ്സ് യാത്രാ പരീക്ഷണങ്ങള്‍ നടത്തി വിജയിച്ചിട്ടുള്ളതിനാല്‍ ഈ യാത്രയും ലൈന്‍ബസ്സുകളിലാക്കുന്നതിനെപ്പറ്റി മറ്റൊരു ആലോചനയുടെ ആവശ്യമുണ്ടായിരുന്നില്ല.
15/10/2017 ഞായറാഴ്ച രാവിലെയാണ് യാത്ര ആരംഭിച്ചത്…. പെരിന്തല്‍മണ്ണയിലേയ്ക്ക് കൂറ്റനാട് വഴി കടന്നുപോകുന്ന 5.15 ന്റെ സൂപ്പര്‍ഫാസ്റ്റില്‍ ഞങ്ങള്‍ കയറി( ടിക്കറ്റ് ചാര്‍ജ്ജ് ഒരാള്‍ക്ക് 32 രൂപ )…. എന്നാല്‍ തുടക്കത്തിലേ പണി പാളുകയാണുണ്ടായത്… തിരുവനന്തപുരത്തുനിന്നും രാത്രി മുഴുവന്‍ ഓടി വരുന്ന ബസ്സ് ആകയാല്‍ ഡ്രൈവര്‍ വളരെ റിലാക്സ് ആയാണ് ബസ്സ് ഓടിച്ചിരുന്നത്.തന്‍മൂലം നമ്മുടെ ബസ്സ് പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റിലെത്തിയത് ആറരയോടടുപ്പിച്ചാണ്… അപ്പോഴേയ്ക്കും അവിടെ നിന്നും ഗൂഡല്ലൂരിലേയ്ക്ക് പോകുന്ന 6.15 ന്റെ ബസ്സ് പോയിരുന്നു.ഞങ്ങള്‍ക്കത് കിട്ടിയില്ല.പിന്നീട് കിട്ടിയത് 6.50 ന്റെ സുല്‍ത്താന്‍ബത്തേരി ബസ്സാണ്… അതില്‍ കയറി നിലമ്പൂര്‍ വഴിക്കടവ് വഴി തമിഴ് നാട്ടിലെ നാടുകാണിയിലിറങ്ങി ( ടിക്കറ്റ് ചാര്‍ജ്ജ് ഒരാള്‍ക്ക് 62 രൂപ ) നാടുകാണിയില്‍ പത്തുമിനിറ്റുപോലും കാത്തുനില്‍ക്കേണ്ടി വന്നില്ല … തമിഴ് നാട് സര്‍ക്കാരിന്റെ ബസ്സെത്തി അതില്‍ 13 രൂപ കൊടുത്ത് മനോഹരമായ തേയിലത്തോട്ടങ്ങള്‍ കണ്ടുകൊണ്ട് ഗൂഡല്ലൂരിലേയ്ക്ക്.
ഗൂഡല്ലരിലെത്തിയപ്പോള്‍ ബസ്സ് സ്റ്റാന്റിന്റെ പുറത്ത് കാത്തുകിടക്കുന്നു ഗുണ്ടല്‍പേട്ട ബസ്സ് … ഡ്രൈവറോ കണ്ടക്ടറോ ആരും അതിനകത്തില്ല...ആദ്യം കയറുന്ന യാത്രക്കാര്‍ ഞങ്ങളും… മുന്നില്‍ത്തന്നെ സീറ്റും കിട്ടിയപ്പോള്‍ ഹാപ്പി...10.20 ന് ഉറക്കെ പാട്ടുംവച്ച് ബസ്സ് മുന്നോട്ട്...മുതുമല ടൈഗര്‍ റിസ്സര്‍വ്വ്, കര്‍ണ്ണാടകയിലെ ബന്ദിപ്പൂര്‍ ടൈഗര്‍ റിസ്സര്‍വ്വ് എന്നിവയിലൂടെ ബസ്സ് ഞങ്ങളുടെ അടുത്ത ലക്ഷ്യമായ കര്‍ണ്ണാടകയിലെ ഹംഗളയിലേയ്ക്ക്( ടിക്കറ്റ് ചാര്‍ജ്ജ് ഒരാള്‍ക്ക് 50രൂപ )… വഴിയിലൂടനീളം പുള്ളിമാന്‍കൂട്ടങ്ങള്‍… മയിലുകള്‍ ( ഈ റൂട്ടില്‍ രാവിലെ ആറുമണിയോടടുപ്പിച്ചാണ് എത്തുന്നതെങ്കില്‍ കൂടുതല്‍ മൃഗങ്ങളെ കാണാന്‍ സാധ്യതയുണ്ട്)
11.30 കഴിഞ്ഞപ്പോഴേയ്ക്കും ബസ്സ് ചെറിയൊരു അങ്ങാടിയായ ഹംഗളയിലെത്തി.. അവിടെ റോഡിന് കുറുകെ ഗോപാല്‍ സ്വാമി ഹില്‍സ്സ് എന്ന വലിയൊരു ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.ഹംഗളയില്‍ നിന്നും ഗോപാല്‍ സ്വാമി ഹില്‍സ്സിലേയ്ക്ക് പത്ത് കിലോമീറ്ററോളം ഉള്ളതില്‍ അഞ്ച് കിലോമീറ്ററോളം ദൂരം ഞങ്ങളെത്തിയ സമയത്തിന് ബസ്സ് ഇല്ലാതിരുന്നതിനാല്‍ ഓട്ടോറിക്ഷ,അല്ലെങ്കില്‍ കാര്‍ എന്നിവയെ ആശ്രയിയ്ക്കേണ്ട സാഹചര്യം ഉണ്ടായി… പലരോടും ചോദിച്ചതില്‍ ആ സമയത്ത് ബസ്സ് ഉണ്ട് ,ബസ്സ് ഇല്ല എന്ന വ്യത്യസ്ത വിവരങ്ങള്‍ ലഭിച്ചതിനാല്‍ കുറച്ചുനേരം കാത്തുനിന്നു… ഓട്ടോറിക്ഷയ്ക്ക് ചാര്‍ജ്ജ് അന്വേഷിച്ചതില്‍ നൂറ് രൂപ എന്ന് പറഞ്ഞതിനാല്‍ കുറച്ചുനേരം കൂടികാത്തുനിന്നു.പിന്നീട് വന്ന രണ്ട് കര്‍ണ്ണാടകസ്റ്റേറ്റിന്റെ ബസ്സുകളില്‍ അന്വേഷിച്ചതില്‍ അവയും ആ വഴി പോകുന്നതായിരുന്നില്ല.ഞങ്ങള്‍ ബസ്സ് കണ്ടക്ടറോട് വിവരം അന്വേഷിയ്ക്കുന്നതു കണ്ട ഒരാള്‍ വന്നുപറഞ്ഞു തന്റെ കസ്റ്റഡിയില്‍ ഇന്‍ഡിക്ക കാറുണ്ട് അതിന് 150 രൂപ തന്നാല്‍ മതിയെന്ന്...അപ്പോഴും ഞങ്ങള്‍ മടിച്ചപ്പോള്‍ അത് 100 രൂപയാക്കി ഡിസ്കൌണ്ട് ചെയ്തുതുതന്നു..( പണം ചിലവഴിയ്ക്കുന്നതില്‍ പിശുക്കുണ്ടായിട്ടല്ല,നമ്മളെ കബളിപ്പിയ്ക്കാന്‍ മറ്റാര്‍ക്കും അവസരം കൊടുക്കരുതെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് മടിച്ചുനിന്നത്).എന്നാല്‍ യാത്ര കര്‍ണ്ണാടക ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ചെക്ക്പോസ്റ്റില്‍ അവസാനിച്ചപ്പോഴാണ് ഓട്ടോറിക്ഷക്കാരും കാറുകാരനും ചോദിച്ച നൂറ് രൂപ അധികമല്ലെന്ന മനസ്സിലായത്..അത്യാവശ്യം ദൂരമുണ്ട്… നടക്കുക എന്ന സാഹത്തിന് മുതിരാതിരുന്നത് നന്നായി എന്ന് മനസ്സിലായി.തന്നെയുമല്ല ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ചെക്ക്പോസ്റ്റുവരെയുള്ള പാത അങ്ങോട്ടുമാത്രമുള്ളതായതിനാല്‍ മറ്റുവാഹനങ്ങള്‍ കിട്ടാനും പ്രയാസമാകും എന്നും മനസ്സിലായി.ഇത് ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ അപൂര്‍വ്വമായി മാത്രമേ റൂട്ട് ബസ്സ് ഉള്ളൂ...
ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ചെക്ക്പോസ്റ്റുവരെ മാത്രമേ സഞാരികളുടെ വാഹനങ്ങളേയും അനുവദിയ്ക്കുകയുള്ളൂ… അവിടെ നിന്നും കര്‍ണ്ണാടക സര്‍ക്കരിന്റെ ബസ്സ് ഓരോ അഞ്ച് പത്ത് മിനിറ്റുകളിലും മലമുകളിലേയ്ക്ക് പുറപ്പെടുന്നു… ടിക്കറ്റ് ചാര്‍ജ്ജ് 20 രൂപ… ബസ്സ് മലമുകളിലേയ്ക്ക സാവകാശം ചുരം കയറുന്നു… മുകളിലേയ്ക്ക് കയറുന്തോറും കര്‍ണ്ണാകയിലെ ഗ്രാമങ്ങളുടേയും കൃഷിയിടങ്ങളുടേയും മനോഹരമായ കാഴ്ചകള്‍ … ചുരം കയറിച്ചെന്നപ്പോള്‍ മലഞ്ചെരുവില്‍ ഒരു കൊമ്പനാന( ഒറ്റയാന്‍)ശാന്തനായി മേയുന്നു.തിരിച്ചുവരുമ്പോള്‍ അവന്‍ കുറച്ചുകൂടി അടുത്തായതിനാല്‍ ഡ്രൈവര്‍ കുറച്ചുനേരം വണ്ടി നിര്‍ത്തിത്തന്നു.
ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ്വിനകത്ത് സ്ഥിതി ചെയ്യുന്ന ക്ഷത്രനട…. നിരവധി വിശ്വാസികള്‍… വളരെയധികം സഞ്ചാരികള്‍..ക്ഷേത്രമുറ്റത്ത് വീശിയടിയ്ക്കുന്ന തണുത്തകാറ്റ് ( ചിലനേരം കോടമഞ്ഞ്)….സമീപത്തെ കുന്നിന്‍മുകളില്‍ ആനയും പുള്ളിമാനുകളും കലമാനും...ക്ഷേത്ര പരിസരത്ത് ഒരുതരത്തിലുള്ള കച്ചവടമോ സൌകര്യങ്ങളോ ഒന്നുമില്ലെങ്കിലും പ്രകൃതി നല്‍കുന്ന വിരുന്ന് അവാച്യമാണ്...തിരിച്ചിറങ്ങാന്‍ പെട്ടെന്ന് ബസ്സ് ഉണ്ടായിരുന്നതിനാലും ബന്ദിപ്പൂരില്‍ സഫാരി പ്ളാന്‍ ചെയ്തിരുന്നതിനാലും.. അധികം വൈകാതെ മടക്കം…
ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ്വില്‍ 3.30- 4.30-5.30 സമയക്രമങ്ങളില്‍ നടത്തുന്ന സഫാരികളില്‍ 4.30 ന്റെ സഫാരിയില്‍ പങ്കെടുത്ത് രാത്രി പന്ത്രണ്ട് മണിയോടുകൂടി കൂറ്റനാട്ട് തിരിച്ചെത്തി. ( post by Shino jacob Koottanad - travel companion m Shanmukhan)