തെച്ചിക്കോട്ടു കാവ് രാമചന്ദ്രന്‍ .ഇന്ത്യയിലെ തന്നെ ഏറ്റവും പൊക്കം കൂടിയ ആനയാണെന്നു പറയപ്പെടുന്നു .മോത്തി പ്രസാദ് എന്നായിരുന്നു അവന്റെ പഴയ പേര് .18 വയസ്സുള്ളപ്പോള്‍ ബീഹാറില്‍ നിന്നും കൊണ്ട് വന്നതാണ് അവനെ.ഇവിടെ കൊണ്ട് വന്നു ചട്ടം പഠി പ്പിക്കുന്നതിനിടയില്‍ പാപ്പാന്മാര്‍ ഒരു കണ്ണ് അടിച്ചു പൊട്ടിച്ചു .
അവന്റെ ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. കേരളത്തിലേക്ക് കൊണ്ട് വന്ന സമയത്ത് ,ബോജ്പുരിയോ ,ഹിന്ദിയോ മാത്രമേ അവനു മനസ്സിലാവുമായിരുന്നുള്ളൂ എന്ന് ആന പ്രേമിസംഘത്തിന്റെ വി കെ വെങ്കിടാ...ചലം പറയുന്നു .മലയാളത്തിലുള്ള കല്പനകള്‍ മനസ്സിലാവാതെ പകച്ചു നിന്നതിനാണ് അവനു ഈ ശിക്ഷ കൊടുത്തത് .
തിരുവമ്പാടി ചന്ദ്രശേഖരനെ കുത്തിക്കൊന്നവന്‍ എന്ന ചീത്ത പേരുമുണ്ട് അവനു .ഇടതു വശത്ത് ഇരുട്ടായതിനാല്‍ മറ്റു ആനകളെ അപേക്ഷിച്ച് ഈ ആനയ്ക്ക് പേടിയും പരിഭ്രമവും കൂടുതലാണെന്നാണ് തെച്ചിക്കോട്ടു കാവ് ക്ഷേത്രത്തില്‍ ഇവനെ നോക്കുന്നവര്‍ പറയുന്നത് .പല അപകടങ്ങളും അത് കൊണ്ടുണ്ടായിട്ടുള്ളതാണെന്നും .തിരുവമ്പാടി ചന്ദ്ര ശേഖരന്റെ മരണം അടക്കം .അല്ലെങ്കില്‍ തന്നെ ആനകള്‍ കൊല്ലുമോ ? ഇല്ലെന്നാണ് ഞാന്‍ വിചാരിക്കുന്നത് .
ഒരിക്കല്‍ അവനെ കാണാന്‍ പോയപ്പോള്‍ ഇടതു വശത്ത് നില്‍ക്കരുത് എന്ന് അവര്‍ മുന്നറിയിപ്പ് തന്നിരുന്നു .ഇടതു വശത്ത് എന്തെങ്കിലും അനക്കം കേട്ടാല്‍ അവന്‍ പെട്ടെന്ന് തിരിഞ്ഞു തുമ്പി വീശിക്കളയും .ഒരു വശം മുഴുവന്‍ ഇരുട്ട് നിറഞ്ഞു ,സദാ ഭയപ്പെട്ടു ജീവിക്കുന്ന ഒരു ആനയുടെ മനോവിചാരങ്ങള്‍ എന്തായിരിക്കാം ..?
ബീഹാറിലെ സോനപ്പുര്‍ മേളയില്‍ നിന്ന് കെ എന്‍ വെങ്കിടാതിരി എന്ന കോണ്‍ട്രാക്ടര്‍ 1982 ല്‍ വാങ്ങിയതാണ് ഈ ആനയെ .ആദ്യം പേര് മാറ്റി ഗണേശന്‍ എന്നാക്കി . വെങ്കിടാതിരിയുടെ ജീവനക്കാരനായിരുന്ന ശങ്കരന്‍ കുട്ടിയാണ് ബീഹാറില്‍ പോയി ആനയെ കൊണ്ട് വന്നത് .ഇവിടെ കൊണ്ട് വന്നു രണ്ടാഴ്ച ക്കുള്ളില്‍ തന്നെ അവനു ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു .വെങ്കിടാതിരിക്ക് അവന്‍ പിന്നെ ഒരു ഭാരമായി .കഷ്ടിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അവനെ തെച്ചിക്കോട്ടു കാവ് ക്ഷേത്രത്തിനു കൈമാറി .അവരാണ് രാമചന്ദ്രന്‍ എന്ന് പേരിട്ടത്.പേര് പലവട്ടം മാറിയതു കൊണ്ട് ആനക്കെന്തു ഗുണം ? അവന്റെ കഷ്ടപ്പാടുകള്‍ക്ക് ഒരു കുറവും ഇല്ല .
ഇപ്പോഴത്തെതും കൂടി ചേര്‍ത്ത് അവന്റെ അക്കൌണ്ടില്‍ മരണം ആറായി .(അഞ്ചു മനുഷ്യരും ഒരു ആനയും ).2009 ല്‍ പാലക്കാട്ട് ഒരു ഉത്സവത്തിനിടെ ഈ ആന ഇടഞ്ഞു ഒരു 17 വയസ്സുകാരന്‍ മരിച്ചിട്ടുണ്ട് . ആരോ പടക്കം പൊട്ടിച്ചു ആനയുടെ കാലിനിടയിലേക്ക് എറിഞ്ഞതാണത്രെ .സ്വതവേ തന്നെ പരിഭ്രമവും പേടിയുമുള്ള രാമചന്ദ്രന്‍ ഇടഞ്ഞു ഓടിയതാണ് അപകടത്തിനിടയാക്കിയത്.
തൊട്ടടുത്ത വര്ഷം എറണാകുളത്ത് ഒരു ഉത്സവത്തിനിടെ ഇടഞ്ഞ രാമചന്ദ്രന്‍ പ്രായമായ ഒരു സ്ത്രീയെ തുമ്പി കൊണ്ട് എടുത്തെറിഞ്ഞു .
ഇന്നിപ്പോ ഇതാ വീണ്ടും മൂന്ന് ജീവന്‍ കൂടി .
മൂന്നു പേരെ കുത്തി കൊമ്പില്‍ കോര്‍ക്കാന്‍ മാത്രം അവനെ ഭ്രാന്തനാക്കിയത് എന്തായിരിക്കാം? ഇടതു വശത്തെ ഇരുട്ടില്‍ നിന്നും അവന്റെ നേരെ നീണ്ടു വന്ന എന്തോ ഒന്ന് അവനെ പേടിപ്പിച്ചു കാണും .മൂന്നു പേര്‍ മരിച്ചു എന്നത് സത്യം .പക്ഷെ കൊന്നതാരാണ് ? 18 വയസ്സില്‍ അവന്റെ കണ്ണടിച്ചു പൊട്ടിച്ചവരോ ? അന്ധനായ ഒരു ആനയെ കൊണ്ട് നടന്നു പണം ഉണ്ടാക്കുന്നവരോ ? നാട് നീളെയുള്ള ഫാന്‍സ് അസോസിയെഷന്‍കാരോ ?
കഴിഞ്ഞ വര്‍ഷമാണ് രാമചന്ദ്രനെ കാണാന്‍ തെച്ചിക്കോട്ടു കാവ് ക്ഷേത്രത്തില്‍ പോയത് .ആനപ്രേമം തലക്ക് പിടിച്ചിട്ടൊന്നുമല്ല. ഉത്സവസീസണില്‍,ഒരു ആനയുടെ ജീവിതം എന്താണെന്നും എങ്ങനെയാണെന്നും മനസ്സിലാക്കാനും എഴുതാനും ഉള്ള കൌതുകം കൊണ്ടാണ് രാമചന്ദ്രനെ കാണാന്‍ പോയത് .വഴിയില്‍ ഒരിടത്ത് കരിമ്പ് ജൂസ് വില്‍ക്കുന്ന ഒരാളോട് കുറച്ചു കരിമ്പ് തരുമോ എന്ന് ചോദിച്ചു .അയാള്‍ തരാന്‍ തയ്യാറായില്ല .തെച്ചിക്കോട്ടു കാവ് രാമചന്ദ്രനെ കാണാന്‍ പോകുകയാണെന്നും ആനക്ക് കൊടുക്കാനാണ് കരിമ്പ് എന്നും പറയൂ ,അയാള്‍ ഉറപ്പായും തരും എന്ന് നാട്ടുകാരനായ ടാക്സി ഡ്രൈവര്‍ പറഞ്ഞു .സത്യമായിരുന്നു .അത് പറഞ്ഞതോടെ ഒരു കെട്ട് കരിമ്പ് എടുത്തു അയാള്‍ തന്നെ വണ്ടിയില്‍ വെച്ച് തന്നു .ആനയ്ക്ക് വേണ്ടത്ര ഭക്ഷണം ഉണ്ടോ എന്നറിയാന്‍ ,അവനു എന്തെങ്കിലും അസുഖം ഉണ്ടോ എന്ന് തിരക്കാന്‍ പരിസരവാസികള്‍ എന്നും ക്ഷേത്രത്തില്‍ വരുമത്രേ .
എത്ര വിചിത്രമാണ് മനുഷ്യരുടെ സ്നേഹത്തിന്‍റെ വഴികള്‍ ! ആര്‍ക്കു വേണം ഈ സ്നേഹം ? അന്ധനായ ആ ആനയുടെ ജീവിതത്തില്‍ ഈ സ്നേഹം എന്ത് മാറ്റമാണ് ഉണ്ടാക്കുന്നത് ! വര്‍ഷത്തില്‍ മൂന്നു മുതല്‍ അഞ്ചു മാസം വരെ കൂച്ച് വിലങ്ങിട്ടു നിര്‍ത്തുമ്പോഴും ഉണ്ട് നാട്ടുകാരുടെ ഈ സ്നേഹം .മദപ്പാടിന്റെ ആ നാളുകളില്‍ അവനു വേണ്ടത് മനുഷ്യന്‍റെ സ്വാര്‍ത്ഥത നിറഞ്ഞ ഈ സ്നേഹമല്ല എന്ന് ആര്‍ക്കാണറിയാത്തത് .
ജനുവരിയില്‍ തുടങ്ങി ജൂണില്‍ തീരുന്ന ഉത്സവക്കാലത്തിനിടെ നൂറില്‍ കുറയാത്ത എഴുന്നള്ളിപ്പുകളില്‍ ഈ ആനയെ കൊണ്ട് പോകാറുണ്ട് .ഓരോ ഉത്സവം കഴിയുമ്പോഴും ഒരു ദിവസം വിശ്രമം കൊടുക്കുമെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞത് .പക്ഷെ അവിടെ കണ്ട നാട്ടുകാര്‍ പറഞതു ചിലപ്പോഴൊക്കെ ഒറ്റ ദിവസം പോലും വിശ്രമം ഇല്ലാതെ അവനെ ഉത്സവ ത്തിനു കൊണ്ട് പോകാറുണ്ട് എന്നാണു.
ഏറ്റവും ഉയരം ഉള്ള ആന എന്ന ഖ്യാതി മൂലം പലര്‍ക്കും അവനോടു അസൂയ ആണെന്നും അവന്‍ വിവേചനം അനുഭവിക്കുന്നുണ്ട് എന്നും ആണ് ക്ഷേത്രഭാരവാഹികള്‍ പറയുന്നത് .തൃശ്ശൂര്‍ പൂരം പോലുള്ള പ്രധാനപ്പെട്ട ഉത്സവങ്ങളില്‍ നിന്ന് രാമചന്ദ്രന്‍ ഒഴിവാക്കപ്പെടാറാണ് പതിവ് .ഏറ്റവും ഉയരം ഉള്ള ആനയാണല്ലോ തിടമ്പ് എടുക്കേണ്ടത്. രാമചന്ദ്രന്‍ ഉണ്ടായാല്‍ പിന്നെ പാറമേക്കാവിന്‍റെയോ തിരുവമ്പാടിയുടെയോ 'സ്റ്റാര്‍ ആനകള്‍'ക്ക് തിടമ്പ് എടുക്കാന്‍ പറ്റില്ലത്രേ.
പൂരങ്ങളും ഉത്സവങ്ങളും ക്ഷേത്ര കമ്മിറ്റികളുടെ കിടമത്സരത്തിന്റെയും പൊങ്ങച്ച പ്രകടനത്തിന്‍റെ യും വേദിയാണല്ലോ .വന്‍ പൂരങ്ങളില്‍ തിടമ്പ് ഏറ്റാന്‍ കഴിയാത്തതില്‍ എന്തായാലും ആനക്ക് വിഷമം ഉണ്ടാവാന്‍ വഴിയില്ല . അത്രയും കഷ്ടപ്പാട് കുറഞ്ഞു കിട്ടുന്നതിന്‍റെ സമാധാനം ഉണ്ടാകുമായിരിക്കും .
തിരുവമ്പാടി ചന്ദ്ര ശേഖരനെ കുത്തിക്കൊന്നതിന്റെ പേരില്‍ തെച്ചിക്കോട്ടുകാവ് ക്ഷേത്രതിനെതിരെ തിരുവമ്പാടിക്കാര്‍ കേസ് കൊടുത്തിരുന്നു.അങ്ങനെ ഒരു വ്യവഹാരത്തിന് കൂടി ഇരയായിട്ടുണ്ട് ഈ ആന
തെച്ചിക്കോട്ടു കാവ് ക്ഷേത്രത്തില്‍ അവനുണ്ട് .നിങ്ങളൊന്നു പോയി നോക്കു. അവന്‍റെ കണ്ണുകളിലെ സ്ഥായി ഭാവം പരിഭ്രമമാണ്. എനിക്കുറപ്പാണ് അവനല്ല കൊന്നത് .ഇടതു വശത്തെ ഇരുട്ടില്‍ അനങ്ങുന്ന ഒരു നിഴലിനെ പോലും പേടിക്കുന്ന ആ ആന എങ്ങനെ കൊല്ലുമെന്നാണ് !
( I am shared this post from http://malayal.am )
ഈ ക്രൂരതയൊക്കെ നിയമം മൂലം നിരോധിച്ചിരുന്നെങ്കില്‍
മറുപടിഇല്ലാതാക്കൂ