ബുധനാഴ്‌ച, ഡിസംബർ 05, 2012

ആരേയാണ് വെടിവെച്ച് കൊല്ലേണ്ടത്

കടുവ നാട്ടിലിറങ്ങിയാൽ നിർദ്ദാക്ഷിണ്യം വെടിവച്ചുകൊല്ലാൻ മനുഷ്യരുടെ പക്കൽ ആയുധവും നിയമവുമൊക്കെ ഉണ്ട്. കാട്ടിൽ നിന്ന് എങ്ങനെയോ വഴിതെറ്റി വയനാട്ടിലെ നാട്ടിൻപുറത്തെത്തി പതിനേഴുദിവസം മുഴുവൻ നാട്ടുകാരുടെ ഉറക്കം കെടുത്തുകയും വല്ലാത്ത ഭീതി പടർത്ത... ുകയും ചെയ്ത കടുവയെ ഞായറാഴ്ച രാവിലെ വനപാലകർ വെടിവച്ചുകൊല്ലുകയായിരുന്നു. വെടിയേറ്റ് ചത്തുവീണ കടുവയെ കാണാൻ കത്തുന്ന ചൂടുപോലും വകവയ്ക്കാതെ ജനങ്ങൾ ഉച്ചവരെ ക്യൂ നിൽക്കുകയായിരുന്നു. ഒടുവിൽ പൊലീസിനെ ഇറക്കേണ്ടിവന്നു ജനത്തെ വകഞ്ഞുമാറ്റാനും കടുവയുടെ ജഡം വനപാലക ഓഫീസിലേക്ക് മാറ്റാനും. വെടിവച്ചുകൊല്ലാതെ കടുവയെ പിടികൂടി തിരികെ കാട്ടിൽക്കൊണ്ടുചെന്നുവിടാൻ കാര്യമായ ശ്രമമൊന്നുമുണ്ടായില്ലെന്നാണ് പത്രവാർത്തകളിൽ നിന്ന് മനസിലാകുന്നത്. രണ്ടുതവണ മയക്കുവെടിവച്ചുവെന്നും അതൊന്നും ഏൽക്കാതെ നായാട്ടുസംഘത്തെ ആക്രമിക്കാനൊരുങ്ങിയപ്പോഴാണ് അറ്റകൈയ്ക്ക് വെടിവയ്ക്കേണ്ടിവന്നതെന്നും വനപാലകർ സ്വന്തം ഭാഗം ന്യായീകരിക്കാൻ ശ്രമിക്കുന്നുണ്ട്. വെടിയേറ്റു ചത്തുവീണ ലക്ഷണമൊത്ത ആൺ കടുവയ്ക്ക് മുഖ്യവനപാലകൻ സല്യൂട്ട് നൽകിയതായും വാർത്തയിൽ കണ്ടു. കടുവയ്ക്ക് ഒഴിഞ്ഞുപോകാൻ ധാരാളം അവസരം നൽകിയിട്ടും പിന്തിരിയാൻ കൂട്ടാക്കാത്തതിനെ തുടർന്നാണ് വെടിവയ്ക്കേണ്ടി വന്നതെന്നും അദ്ദേഹം പറയുന്നു. മനുഷ്യരുടെ മനസ് വായിച്ചറിയാനുള്ള വിശേഷബുദ്ധി കാട്ടുമൃഗങ്ങൾക്ക് കാണുകയില്ലല്ലോ. മറ്റൊരു പരിഷ്‌കൃത രാജ്യത്തായിരുന്നുവെങ്കിൽ വെടിവച്ചുകൊല്ലാതെ കടുവയെ രക്ഷിക്കാൻ അതിവിപുലമായ രക്ഷാദൗത്യം സംഘടിപ്പിക്കുമായിരുന്നു എന്നു തീർച്ച. മനുഷ്യരോടുപോലും അത്രയൊന്നും സ്നേഹമില്ലാത്തവർ മൃഗങ്ങളോട് സ്നേഹം കാണിക്കണമെന്നു പറയുന്നതിൽ കഥയൊന്നുമില്ല. കാട്ടിൽനിന്ന് നാട്ടിലിറങ്ങി മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഉപദ്രവം ചെയ്യുന്ന കാട്ടുമൃഗങ്ങളെ വകവരുത്താൻ നിയമമുണ്ടെങ്കിലും നാട്ടിൽനിന്ന് കാടുകയറി വനഭൂമി വെട്ടിപ്പിടിക്കുകയും വനസമ്പത്ത് കൊള്ളയടിക്കുകയും ചെയ്യുന്നവർക്കെതിരെ ഭരണകൂടം എന്തു നടപടികളാണെടുക്കുന്നതെന്നത് ആലോചിക്കേണ്ട വിഷയമാണ്. വയനാടൻ കാട്ടിൽ നിന്നിറങ്ങിയ കടുവയെ വെടിവച്ചുകൊന്ന ദിവസം പുറത്തുവന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ രാജ്യത്തൊട്ടാകെയായി പന്ത്രണ്ടര ലക്ഷം ഹെക്ടർ വനഭൂമി നാട്ടിലെ പ്രബലരായ ആൾക്കാർ നിയമവിരുദ്ധമായി കൈയടക്കിയതായി പറയുന്നുണ്ട്. കാട്ടുകള്ളന്മാരുടെ ഗണത്തിൽ കേരളത്തിനുമുണ്ട് പ്രമുഖമായ ഒരു സ്ഥാനം. സംസ്ഥാനത്ത് 44,420 ഹെക്ടർ വനഭൂമി അധികാരവും മുഷ്‌കും പണവും വേണ്ടുവോളമുള്ളവരുടെ പക്കലാണ്. കൈയേറി സ്വന്തമാക്കിയ ഈ വനഭൂമിയിൽ അധികപങ്കും പരിസ്ഥിതി ദുർബലമേഖലയിൽപ്പെടുന്ന പശ്ചിമഘട്ട മലനിരകളിലാണ്. വനം കൈയേറ്റങ്ങൾക്ക് ഭരണകൂടങ്ങളുടെ ഒത്താശയും പിന്തുണയും സഹായവും എല്ലാക്കാലത്തും ലഭിച്ചിട്ടുണ്ട്. വനം നിലനിൽക്കുന്നിടത്തോളം തുടർന്നും ലഭിച്ചുകൊണ്ടേയിരിക്കും. കൈയേറിയ വനഭൂമി മുഴുവൻ ഒഴിപ്പിക്കണമെന്നാണ് കേന്ദ്ര വനംവകുപ്പിന്റെ നിർദ്ദേശം. നടക്കാത്ത എത്ര മനോഹരമായ നിർദ്ദേശമാണതെന്ന് എല്ലാവർക്കും അറിയാം. കേരളത്തിൽ കഷ്‌ടിച്ച് രണ്ടായിരം ഏക്കർ ഉൾക്കൊള്ളുന്ന നെല്ലിയാമ്പതിയിലെ കൈയേറ്റം ഒഴിപ്പിക്കാൻ ശ്രമിച്ച് ഭരണമുന്നണിതന്നെ ആടിയുലഞ്ഞ നിലയിലെത്തിയ നീക്കങ്ങൾ മറക്കാറായിട്ടില്ല. പ്രമാണിമാരുടെ കൈവശമിരിക്കുന്നത് വനഭൂമിയാണോ തോട്ടമാണോ എന്നു പഠിക്കാൻ നിയോഗിക്കപ്പെട്ട യു.ഡി.എഫ് സമിതി എവിടെപ്പോയെന്ന് ഇപ്പോൾ ആരും അന്വേഷിക്കാറുമില്ല. സമിതി രൂപീകരണവേളയിൽത്തന്നെ നാട്ടുകാർക്കൊക്കെ അറിയാവുന്ന കാര്യമായിരുന്നു ഇത്. നെല്ലിയാമ്പതിയിൽ മാത്രമല്ല, എവിടെയെല്ലാം വനം കൈയേറിയിട്ടുണ്ടോ അവിടെയെല്ലാം സർക്കാരിന് എത്തിനോക്കാനാകാത്തവിധം കൈയേറ്റക്കാർ ആധിപത്യം ഉറപ്പിച്ചിട്ടുമുണ്ട്. കൈയേറ്റങ്ങൾ സമയബന്ധിതമായി തിരിച്ചുപിടിക്കാനുള്ള കേന്ദ്ര നിർദ്ദേശത്തിന്റെ ഗതി എന്താവുമെന്നറിയാൻ നെല്ലിയാമ്പതിയിലേക്ക് നോക്കിയാൽ മതി. അസാം, ആന്ധ്ര, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണത്രെ വനം കൈയേറ്റത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. അസാമിൽ 2.59 ലക്ഷം ഹെക്ടർ വനം ഇതിനകം നഷ്ടമായെങ്കിൽ ആന്ധ്രയുടെ നഷ്ടം 2.56 ലക്ഷം ഹെക്ടറാണ്. ഛത്തീസ്ഗഢിലാകട്ടെ 1.18 ലക്ഷം ഹെക്ടർ വനം കൈയേറ്റക്കാർ സ്വന്തമാക്കിക്കഴിഞ്ഞു. കർണാടക, മഹാരാഷ്‌ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും വ്യാപകമായ തോതിൽ വനംകൈയേറ്റങ്ങൾ നടന്നതായാണ് റിപ്പോർട്ട്. പരമ ദരിദ്രർ ഏറെയുള്ള ബീഹാറാണത്രെ ഈ വിഷയത്തിൽ മാന്യമായ സ്ഥാനത്തുള്ളത്. കാര്യമായ വനംകൈയേറ്റം ഈ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കൈയേറാൻ തക്കവിധം വനവിസ്തൃതി ഇല്ലാഞ്ഞിട്ടാണോ നാട്ടിൽത്തന്നെ തരികിടയ്ക്കുള്ള അനന്ത സാദ്ധ്യതകൾ ഉള്ളതാണോ ഈ സ്ഥിതിവിശേഷത്തിന് കാരണമെന്നറിയില്ല. ഏതായാലും ഈ ഒരു കാര്യത്തിലെങ്കിലും ബീഹാറിന് അഭിമാനാർഹമായ സ്ഥാനം ലഭിച്ചതിൽ പരിസ്ഥിതിവാദികൾക്ക് സന്തോഷിക്കാം. കാടായ കാട്ടിലെല്ലാം വിലപിടിപ്പുള്ള തടിയും മറ്റ് വനസമ്പത്തും നാട്ടിൽ തേവരുടെ ആനകൾക്ക് പകരം എന്തിനുംപോന്ന രാഷ്‌ട്രീയക്കാരും അവരുടെ ശിങ്കിടികളും ധാരാളമായി ഉള്ളപ്പോൾ വനത്തിന്റെ ഭാവിയോർത്ത് അത്യധികം ഉത്കണ്ഠപ്പെടാനേ കഴിയൂ. ( കേരള കൗമുദി ഫേസ്ബുക്ക് പോസ്റ്റ് ) http://www.facebook.com/keralakaumudidaily

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ