ബുധനാഴ്‌ച, ഡിസംബർ 05, 2012
കടുവ ഇനിയും വരും
വയനാട്ടിൽ നിത്യഹരിത വനത്തിന്റെ വിസ്‌തൃതി നാൾതോറും കുറഞ്ഞുവരുന്നു. കാട്ടരുവികളിലെ ജലം ചോർത്തി സമീപഗ്രാമങ്ങൾ മൃഗങ്ങളെ ദാഹത്തിന്നിരയാക്കുന്നു. കടുവയോ മറ്റ് ജന്തുക്കളോ നാട്ടിലിറങ്ങി തീറ്റയും ജലവും സ്വാസ്ഥ്യവും അന്വേഷിക്കുന്പോൾ അത് അതിക്രമമെന്ന്...
കൈയേറ്റക്കാർ മുറവിളികൂട്ടുന്നു. തത്കാലത്തെ നിലനിൽപ്പിനുവേണ്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശപഥം ചെയ്യുന്നു. കടുവയെ വെടിവച്ചുകൊല്ലും! നിങ്ങൾ സമാധാനമായി തിരിച്ചുപോകൂ... ചിലപ്പോൾ ചില ഉദ്യോഗസ്ഥർ തത്കാല രക്ഷയ്ക്ക് വിലയേറിയ ഒരു കടുവയുടെ ജീവൻ ബലിനൽകുന്നു. ഇവിടെ തോൽക്കുന്നതാര്, മനുഷ്യനോ മൃഗമോ? ആർക്കാണ് കൂടുതൽ വിദ്യാഭ്യാസം നൽകേണ്ടത്? എങ്ങനെ നൽകണം?
അതിന് ചില പ്രതിവിധികൾ പറയാം;
കാട്ടരുവികളിൽ നിന്ന് സ്വമേധയാ താഴ്‌വരകളിലേക്ക് ഒഴുകുന്ന വെള്ളം വൃത്തിയായി ഉപയോഗിക്കാൻ തദ്ദേശവാസികൾക്ക് ശിക്ഷണം നൽകണം.
കാട്ടിൽ ജലം തടഞ്ഞുനിറുത്തി മൃഗങ്ങളുടെ ആവശ്യത്തിന് ജലശേഖരങ്ങൾ ഉണ്ടാക്കണം. മഴയുള്ള കാടുകൾക്കിത് സാദ്ധ്യമാണ്.
ഔഷധം ശേഖരിക്കാനെന്ന പേരിൽ വനവാസിയെപ്പോലും നിയന്ത്രണമില്ലാതെ കാട്ടിൽ മേയാൻ അനുവദിക്കരുത്.
തേൻ ശേഖരിക്കുന്നവർ പലപ്പോഴും തീയിടുന്നതുകാരണം, വനമേഖല അഗ്നിക്കിരയാവുകയും മൃഗങ്ങൾ അഭയം തേടി നാട്ടിലേക്കോടുകയും ചെയ്യുന്നു. മാനന്തവാടി പട്ടണത്തിൽ തെരുവുടാപ്പിൽനിന്ന് വെള്ളംശേഖരിക്കുന്ന ഒരു ഹോട്ടൽബോയിയെ വെള്ളംതേടിയെത്തിയ ഒരു കാട്ടാന കൊന്ന്, സ്വയം വെള്ളംകുടിച്ച് ദാഹം തീർത്ത സംഭവം ഏതാനും വർഷങ്ങൾക്കുമുന്പ് ഉണ്ടായതാണ്. അതുപോലെ പല സംഭവങ്ങൾ.
സർക്കാരിന്റെ 'കാട്ടിലെ തോട്ടം' പരിപാടി ചില വർഷങ്ങൾക്കുമുന്പ് ഉണ്ടാക്കിയതാണ്. ഫലം, കൊടുംകാട്ടിലെ വൻവൃക്ഷങ്ങളിൽ കുരുമുളകു വള്ളി പടർത്താനും ഫാം ഉണ്ടാക്കാനും സമീപത്തെ സർവ്വസസ്യങ്ങളും നശിപ്പിച്ചു. ഇത് അശാസ്ത്രീയവും വിഡ്ഢിത്തവുമാണ്. വൻവൃക്ഷങ്ങളുടെ തണലിൽ കുരുമുളകു വള്ളി തഴച്ചുവളരണമെങ്കിൽ വൃക്ഷങ്ങളെ ഏതാണ്ട് മൊട്ടയടിക്കണം. പരിസരം തൃണശൂന്യമാക്കണം. ഇതുകാരണം വലിയസംഘം തൊഴിലാളികൾ കാട്ടിൽ ജോലിചെയ്യാനും തണൽപ്രദേശത്തെ സർവ്വജന്തുക്കളേയും അവിടുന്നു തുരത്താനോ നശിപ്പിക്കാനോ ഇടവരുത്തുകയും ചെയ്തു. തുടർന്ന് നാലഞ്ചുവർഷം കുരുമുളക് വിളവെടുത്തു. തടിക്കേണ്ടവരെല്ലാം തടിച്ചു. നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന ആവാസവ്യവസ്ഥ താറുമാറായി. ഇന്നവിടെ വൻവൃക്ഷങ്ങൾ കുറഞ്ഞു. ചെറുസസ്യങ്ങൾക്ക് ഉന്മൂലനം സംഭവിച്ചു. കോടാനുകോടി ഷട്പദങ്ങൾക്കും ജീവികൾക്കും നാശമുണ്ടായി. ആനകൾ ആ തുറസ്സിലൂടെ ഇപ്പോഴും കൃഷിയിടങ്ങളിലേക്ക് എളുപ്പത്തിൽ ഇറങ്ങുന്നു.
ഒരു കാട്ടുകൃഷിയുണ്ടാക്കിയ നാശത്തിന്റെ ഫലം എല്ലാ തോട്ടങ്ങൾക്കും യോജിക്കും. നാട്ടിലേക്കിറങ്ങുന്ന കാട്ടുജീവികളെ മുഴുവനും കൊന്നൊടുക്കി മനുഷ്യർക്കിവിടെ സ്വൈരമായി വാഴാമെന്നു വിചാരിക്കുന്നവർക്ക് നാളെ വരുന്ന യുദ്ധങ്ങൾ കാടിനും വെള്ളത്തിനും വേണ്ടിയെന്നോർക്കാം. കാടുകാരണമല്ല, സമുദ്രത്തിൽ മഴപെയ്യുന്നതെന്നു വാദിച്ച ശൂരന്മാരായ ഭരണാധികാരികൾ നമുക്കുണ്ടായിരുന്നു.
പോകട്ടെ, കാടിനേയും മൃഗങ്ങളേയും തദ്ദേശവാസികളേയും സംരക്ഷിക്കാനാണ് ഉദ്ദേശ്യമെങ്കിൽ, ദീർഘകാല പദ്ധതി ഉടനടി ഉണ്ടാക്കാനുള്ള ആലോചന ഭരണാധികാരികൾ നടത്തണം. അതിനു കാനനവാസികളുടെ സഹായം തീർച്ചയായും ഉണ്ടാവും. നാം മെട്രോകളെക്കുറിച്ചുമാത്രം ചിന്തിച്ചാൽപോരാ.
read full text @ http://tinyurl.com/bw8xcp5
facebook post
http://www.facebook.com/keralakaumudidaily
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ