വെള്ളിയാഴ്‌ച, ഒക്‌ടോബർ 30, 2009

കുപ്പിവെള്ളം കുടിപ്പിച്ച തിരുവനന്തപുരം

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് രണ്ടുനാള്‍ തങ്ങേണ്ടിവന്നു . അത് കുടിവെള്ളത്തിന്റെ വില ഓര്‍മ്മിപ്പിക്കുന്നതായിരുന്നു . അതായത് ശുദ്ധമായപച്ചവെള്ളം ഒരിടത്തും കുടിക്കാനില്ല .ഏത് ഹോട്ടലില്‍ കയറിയാലും ബ്ളീച്ചിംഗ് പൌഡര്‍ എന്ന വിഷം കലക്കിയ വെള്ളം മാത്രം .ആദ്യ ദിനം നാട്ടില്‍ നിന്നും കൊണ്ടുപോയ ഒരു കുപ്പി വെള്ളം കൊണ്ട് തൃപ്തിപ്പെട്ടു .എന്നാല്‍ രണ്ടാം ദിനം കഥയാകെ മാറി .തിളച്ചുമറിയുന്ന വെയില്‍ , കടുത്ത ഉഷ്ണത്തില്‍ ശരീരത്തെ തണുപ്പിക്കാന്‍ പച്ചവെള്ളം കൂടാതെ കഴിയുകയില്ലെന്നായി . ആയതിനാല്‍ ഒരു കുപ്പി വെള്ളം 15 രൂപ കൊടുത്തു വാങ്ങി . അത് കൊക്കക്കോളയുടേയോ പെപ്സിയുടേയോ അല്ലായിരുന്നു എന്നത് മാത്രമായിരുന്നു ആശ്വാസം . നഗരവാസികളെ വൃക്കരോഗികളാക്കുന്ന , മറ്റു രോഗങ്ങളിലേക്കുതള്ളിവിടുന്ന ബ്ളീച്ചിംഗ് പൌഡര്‍ എന്ന വിപ്ളവം എന്നാണാവോ അധികാരികള്‍ നിര്‍ത്തലാക്കുക ........

വ്യാഴാഴ്‌ച, ഒക്‌ടോബർ 29, 2009

വിശ്വമംഗള ഗോ ഗ്രാമ യാത്ര

കര്‍ണ്ണാടക സംസ്ഥാനത്തിലെ ഹൊസനഗരിലുള്ള ശ്രീരാമചന്ദ്രമഠാധിപതി ശ്രീ രാഘവേശ്വരഭാരതി സ്വാമി നയിക്കുന്ന വിശ്വമംഗള ഗോ ഗ്രാമ യാത്ര ലോക ശ്രദ്ധനേടിയിരിക്കുന്നു 2007 നവംബറില്‍ ഹൊസനഗറില്‍ നടത്തിയ ആഗോള ശ്രദ്ധനേടിയ ലോക ഗോ സമ്മേളനത്തിനു ശേഷമുള്ള ഈ പരിപാടി രാഘവേശ്വര ഭാരതി സ്വാമിയുടെ വിശേഷപ്പെട്ട പ്രവര്‍ത്തികളില്‍ ഒന്നാണ് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന തനത് ഇന്‍ഡ്യന്‍ പശു ഇനങ്ങളെ സംരക്ഷിക്കുക അതിലൂടെ ഇന്‍ഡ്യന്‍ കാര്‍ഷിക മേഖലയുടെ തകര്‍ച്ച ഒഴിവാക്കുക ഇന്‍ഡ്യന്‍ കര്‍ഷകരുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുക രാസകൃഷിയിലൂടെ നശിപ്പിക്കപ്പെട്ട മണ്ണിനെ നാടന്‍ പശുവിന്റെ ചാണകം മൂത്രം എന്നിവ ഉപയോഗിച്ച് വീണ്ടെടുക്കുക തുടങ്ങി വിവിധ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ട് സ്വാമി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് ആയതിന്റെ ഭാഗമായി ഇദ്ദേഹത്തിന്റെആശ്രമത്തില്‍ നിന്നും ജനങ്ങള്‍ക്ക് നാടന്‍ പശുക്കുട്ടികളെ സൌജന്യമായി നല്‍കുന്നു പശുക്കുട്ടിക്ക് വില കൊടുക്കുന്നതിനുപകരം അതിനെ മരണം വരെ പോറ്റാമെന്നും വില്‍ക്കില്ല എന്ന ഉറപ്പും ആശ്രമത്തിന് രേഖാമൂലം നല്‍കിയാല്‍ മതി . കാസര്‍കോട് പെര്‍ളയിലുള്ള കാമധുക ഗോശാലയില്‍ നിന്നും ഇതു പോലെ പശുക്കുട്ടികളെ ലഭിക്കും തനത് ഇന്‍ഡ്യന്‍ പശു ഇനങ്ങളില്‍ 76 എണ്ണം ഇതിനോടകം ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായി എന്നാണ് കണക്ക് ശേഷിക്കുന്നതില്‍ വംശനാശം നേരിടുന്നതില്‍ 32 ഇനങ്ങള്‍ക്ക് ലോക ഗോ സമ്മേളനം സവിശേഷമായ ശ്രദ്ധനല്‍കിയിരുന്നു 16 പ്രമുഖ ക്ഷീരകര്‍ഷകരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ശാസ്ത്രജ്ഞന്‍മാരും 25 ലക്ഷത്തോളം ജനങ്ങളും വിവിധ സംസ്ഥാനങ്ങളിലെ മുപ്പതിലധികം മന്ത്രിമാരും 30 ഇനം നാടന്‍ പശു ഇനങ്ങളും പങ്കെടുത്ത 9 ദിവസം നീണ്ടുനിന്ന ലോക ഗോസമ്മേളനത്തിന്റെ വിജയത്തിനു ശേഷം ഗോവിനെ സംരക്ഷിക്കേണ്ടടതിന്റെ ആവശ്യകതയുടെ സന്ദേശം ഇന്‍ഡ്യന്‍ ഗ്രാമങ്ങളില്‍ എത്തിക്കുക എന്ന ദൌത്യം മുന്‍നിര്‍ത്തി 2009 സെപ്തംബര്‍ 28 ന് കുരുക്ഷേത്രയില്‍ നിന്നും ആരംഭിച്ച രഥയാത്ര 2010 ജനുവരി 17 ന് നാഗ്പ്പൂരിന്‍ സമാപിക്കും മൊത്തം 108 ദിവസം കൊണ്ട് 20000 കിലോമീറ്റര്‍ സഞ്ചരിക്കുന്ന രഥയാത്രയില്‍ 400 മഹാ സമ്മേളനങ്ങള്‍ നടക്കും . കേരളത്തില്‍ 2009 നവംബര്‍ 27 ന് പ്രവേശിക്കുന്ന രഥയാത്രയില്‍ 12 മഹാസമ്മേളനങ്ങള്‍ നടക്കും . ഇതിനുമുന്‍പായി ഈ യാത്രയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലേക്കും ഉപയാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട് . യാത്രയുടെ ഭാഗമായി ജനങ്ങളില്‍ നിന്നും ഗോവധം നിരോധിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഭീമഹര്‍ജി നല്‍കുന്നതിനായി ഒപ്പു ശേഖരണം നടത്തും . വിശ്വമംഗള ഗോ ഗ്രാമയാത്രയുടെ വെബ് സൈറ്റ് www.gougram.org e mail gogramayathra@gmail.comആധുനികതക്കൊപ്പം കുതിച്ചു പായുന്നലോകംഒടുവില്‍ ഉള്ളി തൊലികളഞ്ഞതുപോലെ എല്ലാം നഷ്ടപ്പെട്ട് ഒരു മുഴം കയറിലോ ഒരു കുപ്പി വിഷത്തിലോ ഒടുങ്ങുന്നു ഒരു നിമിഷം തിരക്കില്‍ നിന്നും വേറിട്ട് നില്‍ക്കുക ഗ്രാമങ്ങളിലേക്ക് മടക്കയാത്ര ആരംഭിക്കുക . മനസ്സില്‍ നന്‍മ നിറക്കുക . കുഴിവെട്ടിമൂടുക വേദനകള്‍ ........കുതികൊള്‍ക ശക്തിയിലേക്കു നമ്മള്‍ .........

വ്യാഴാഴ്‌ച, ഒക്‌ടോബർ 08, 2009

രാജവെമ്പാല എന്ന സാധുജീവി


കേരളത്തില്‍ കാണപ്പെടുന്ന പാമ്പുകളില്‍ വിഷമുള്ളവയില്‍ ഏററ വും വലുപ്പമേറിയ പാമ്പാണ് രാജവെമ്പാല. രൂപംകൊണ്ടും സ്വഭാവം കൊണ്ടും മററുപാമ്പുകളില്‍നിന്നുംവളരെ വൃതൃസ്തനാണ് രാജവെമ്പാല . രാജവെമ്പാലയുടെ വിശേഷങ്ങള്‍ വായിച്ചറിയൂ... തണുപ്പാര്‍ന്നതും ശാന്തമായതും ധാരാളം വെള്ളമുള്ളതുമായ പ്രദേശത്ത് ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന രാജവെമ്പാല കേരളത്തിലെ പശ്ചിമഘട്ടമലനിരകളിലെ നിബിഢവനങ്ങളില്‍ കാണപ്പെടുന്നു .18അടിയോളം നീളത്തില്‍ വളരുന്ന രാജവെമ്പാലയുടെ നിറം പൊതുവേ കറു പ്പില്‍ വെളുത്തവരകള്‍ എന്നതാണ് . എന്നാല്‍പ്രായം അനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കും . ഇന്ത്യയില്‍ കേരളത്തിനുപുറത്ത് പശ്ചിമഘട്ടമലനിരകള്‍ കിടക്കുന്ന മററുദക്ഷിണേന്ത്യന്‍സംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഹരിതവനങ്ങളിലും ഇന്ത്യക്കുപുറത്ത് കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും രാജവെമ്പാല അധിവസിക്കുന്നു . ചെറിയപ്രായത്തില്‍ രാജവെമ്പാലയുടെനിറം കറുപ്പില്‍ മഞ്ഞവരകള്‍ എന്നതാണ് . എന്നാല്‍ വളരുംതോറും മഞ്ഞനിറംമാറി വെള്ളനിറമാവുകയും പ്രായം കൂടിവരുമ്പോള്‍ വെള്ളനിറം ക്രമേണകാണാത്ത തരത്തിലായി മാറുകയും ചെയ്യുന്നു.ഇന്ത്യക്കുപുറത്തുള്ള രാജവെമ്പാലകളില്‍ കറുപ്പുനിറത്തില്‍ ഏറ്റക്കുറച്ചിലുള്ളതായി കാണുന്നു. സാധാരണമൂര്‍ഖനെ അപേക്ഷിച്ച് വളരെയധികം വിഷം ഒരുകടിയിലൂടെ ഇരയുടെ ശരീരത്തിലേക്ക് കുത്തിവയ്ക്കാന്‍ രാജവെമ്പാലക്ക് കഴിയുന്നു തന്‍മൂലം ഇരയുടെ മരണം പെട്ടെന്ന് സംഭവിക്കുന്നു . എന്നാല്‍ രാജവെമ്പാലയുടെ വിഷത്തിന്റെ വീര്യം മൂര്‍ഖന്റെ വിഷത്തിനൊപ്പമോ അതിലും താഴെയോമാത്രമേ വരുന്നുള്ളൂ . ഇന്ത്യയില്‍ രാജവെമ്പാലയുടെകടിയേറ്റുള്ളമരണം വളരെക്കുറച്ചുമാത്രമേ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുള്ളൂ .രാജവെമ്പാല വളരെയധികമുള്ള തായ്ലാന്റില്‍ രാജവെമ്പാലവിഷത്തിനെതിരെയുള്ള പ്രതിവിഷം ഉത്പാദിപ്പിക്കുന്നുണ്ട് . ഇന്ത്യയില്‍ രാജവെമ്പാലകടിച്ചുള്ള മരണം വളരെക്കുറവായതിനു കാരണം മനുഷ്യന്‍ ഇല്ലാത്തസ്ഥലത്ത് രാജവെമ്പാല ജീവിക്കുന്നുഎന്നതാണ് മറ്റൊരു കാരണം രാജവെമ്പാല മനുഷ്യനെ കടിക്കാന്‍ ആഗ്രഹിക്കുന്നില്ല
എന്നതും മനുഷ്യനെ ഒട്ടും ഭയക്കുന്നില്ല എന്നതുമാണെന്ന് ചില വീഡിയോ ചിത്രങ്ങള്‍ കാണുമ്പോള്‍ തോന്നുന്നു . രാജവെമ്പാലയുടെ ജീവിതം ആസ്പദമാക്കിയുള്ള ഡോക്യുമെന്റെറി ചിത്രങ്ങള്‍ പ്രകാരം മനുഷ്യന്‍ അങ്ങോട്ട് ഭയപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മാത്രമാണ് രാജവെമ്പാല പത്തിവിരിച്ചുകാട്ടി മനുഷ്യനെ അകറ്റാന്‍ ശ്രമിക്കുന്നത് .വിദഗ്ദന്‍മാരായ പാമ്പുപിടുത്തക്കാര്‍ കൊടുംകാട്ടിനുള്ളില്‍ രാജവെമ്പാലയെ വെറും കൈ കൊണ്ട് പിടിക്കുമ്പോള്‍ പോലും രാജവെമ്പാല സമനിലവിട്ട് പെരുമാറിയതായി കാണുന്നില്ല .മനുഷ്യന്റെ ശല്യം സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഉടന്‍ സ്ഥലം വിട്ടുപോകുന്ന പ്രകൃതമാണ് രാജവെമ്പാലയുടേത് .എന്നാല്‍ ചില നേരങ്ങളില്‍ വനമേഖലകളില്‍ മനുഷ്യന്റെ സാമീപ്യമുള്ള സ്ഥലത്തുപോലും രാജവെമ്പാല ഭയമില്ലാതെ കറങ്ങിനടക്കുകയും ചെയ്യുന്നത് റിപ്പോര്‍ട്ട്ചെയ്യപ്പെട്ടിട്ടുണ്ട് . ഇവിടെയൊന്നും ആരെയും ഉപദ്രവിച്ചതായി റിപ്പോര്‍ട്ടുമില്ല .മറ്റു പാമ്പുകളെ അപേക്ഷിച്ച് രാജവെമ്പാലക്കുള്ള ഒരു പ്രത്യേകത ഇത് മുട്ടയിടാനായി സ്വന്തമായി കൂട് നിര്‍മ്മിക്കുന്നു എന്നതാണ് .മണ്ണില്‍ കൊഴിഞ്ഞുവീണ ഈറ്റയുടേയും മറ്റും ഇലകള്‍ക്കുമീതെ ശരീരം കൊണ്ട് ചുറ്റി വരിഞ്ഞ് ഒരു കൂമ്പാരം പോലെയാക്കുന്നു ഇതാണ് കൂട് . ഈ കൂട്ടില്‍ മുട്ടയിടുന്നു . ഭക്ഷണക്കാര്യത്തില്‍ തികച്ചും വ്യത്യസ്ഥമായ രീതിയാണ് രാജവെമ്പാലക്കുള്ളത് . അതായത് മറ്റു പാമ്പുകള്‍ എലി , തവള തുടങ്ങിയ ചെറു ജീവികളെ പിടികൂടിതിന്നുമ്പോള്‍ രാജവെമ്പാല പ്രധാനമായും തിന്നുന്നത് പാമ്പുകളെയാണ് . ചേരയാണ് ഇഷ്ട ഭോജ്യം .( മറ്റു ചില പാമ്പുകളും അപൂര്‍വ്വമായി പാമ്പുകളെ തിന്നാറുണ്ട് ) കരിഞ്ചാത്തി , കരിനാടന്‍ , കരിനടുവന്‍ , കൃഷ്ണസര്‍പ്പം എന്നിങ്ങനെയെല്ലാം പേരുകളുള്ള രാജവെമ്പാലയെ സാധാരണ ജനങ്ങള്‍
വളരെയധികം ഭയക്കുന്നുണ്ട് ആയതിനാല്‍ വളരെയധികം അന്ധവിശ്വാസങ്ങളും പ്രചരിക്കാന്‍ ഇട വന്നിട്ടുണ്ട് . അതില്‍ ഒന്ന് രാജവെമ്പാല വാല് നിലത്തുകുത്തി ശരീരം മുഴുവന്‍ ഉയര്‍ത്തിനില്‍ക്കും എന്നതാണ് യഥാര്‍ത്ഥത്തില്‍ രാജവെമ്പാലക്ക് ശരീരത്തിന്റെ മൂന്നില്‍ ഒരു ഭാഗം ഉയര്‍ത്തി പത്തിവിരിച്ചുനില്‍ക്കാന്‍ കഴിയും . അതായത് മുഴുവന്‍ വളര്‍ച്ചയെത്തിയ രാജവെമ്പാല( 18 അടി ) 6 അടി ഉയരത്തില്‍ തല ഉയര്‍ത്തിപ്പിടിച്ച് പത്തിവിരിച്ചുനില്‍ക്കും . ഇത് കാട്ടില്‍ വസിക്കുന്ന ആദിവാസിയുടെ ഉയരത്തേക്കാള്‍ വരും . തന്‍മൂലം ഇത് കാണുന്ന സാധാരണക്കാരന്‍ / ആദിവാസി വിചാരിക്കുക ഒരു പാമ്പ് വാല് നിലത്ത് കുത്തി ഉയര്‍ന്നുനില്‍ക്കുന്നു എന്നാണ് .യഥാര്‍ത്ഥത്തില്‍ പാമ്പിന്റെ ബാക്കി മൂന്നില്‍ രണ്ടു ഭാഗം നിലത്തുകിടക്കുന്നത് കാണാതെ ഭയന്ന് ഓടിമറയുന്ന പാവം മനുഷ്യന്‍ നാട്ടില്‍ചെന്ന് പേടിപ്പെടുത്തുന്ന കഥകള്‍ മെനയുന്നു പലപ്പോഴും ഉയര്‍ന്നുനിന്ന് പത്തിവിരിച്ചുകാണിക്കുന്നതില്‍ എതിരാളിയെ ഭയപ്പെടുത്തുക എന്നതുമാത്രമേ രാജവെമ്പാല ലക്ഷ്യം വെക്കുന്നുള്ളൂ . ബ്രിട്ടീഷ് ഭരണകാലത്ത് ഒരു സായിപ്പ് , വെയില്‍ കാഞ്ഞ് കിടക്കുകയായിരുന്ന ഒരു രാജവെമ്പാലയുടെ പുറത്ത് ചവിട്ടി കടികൊള്ളുകയും മരിക്കുകയും ചെയ്തു എന്നതാണ് ഇന്ത്യയില്‍ രാജവെമ്പാലയുടെ കടി കൊണ്ടുള്ള ഏക മരണമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത് വനമേഖലകളില്‍ അധിവസിക്കുന്ന ആളുകള്‍ക്കിടയിലും ചില പുസ്തകങ്ങളിലും രാജവെമ്പാലയെ അതിക്രൂരനും ഭീകരനുമായ ഒരു ജീവിയായാണ് ചിത്രീകരിച്ചിട്ടിട്ടുള്ളത് .എന്നാല്‍ ആധുനിക പഠനങ്ങള്‍ സൂചിപ്പിക്കുന്നത് രാജവെമ്പാല തികച്ചും ശാന്തനും നിരുപദ്രവകാരിയും വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ജീവിയുമാണെന്നതാണ്





























പായലേ വിട ... പൂപ്പലേ വിട....


പായലും പൂപ്പലും ആക്രമിക്കാത്ത പെയിന്റ് വാങ്ങി വീടിന് പൂശിയ സുഹൃത്ത് മഴക്കാല കാഴ്ച കണ്ടാണ് ഞെട്ടിയത് ... മുറ്റത്ത് പിടിപ്പിച്ചിരുന്ന പുല്‍ത്തകിടി കരിഞ്ഞിരിക്കുന്നു . പുറം ചുവരിന്‍മേല്‍ അടിച്ചിരുന്ന പെയിന്റിന്‍മേല്‍ മഴവെള്ളം പതിച്ച് , ആ വെള്ളം പുല്ലില്‍ വീണപ്പോഴാണ് പുല്ല് കരിഞ്ഞത് . പുല്ലുകൂടാതെ തൊട്ടരുകിലെ മറ്റു ചെടികളും കരിഞ്ഞിരിക്കുന്നു .ഇതിന്റെ കാരണം അന്വേഷിച്ച് അധികമൊന്നും പോകേണ്ടതില്ല . പെയിന്റില്‍ പൂപ്പലോ സസ്യങ്ങളോ വളരാതിരിക്കാന്‍ കടുത്ത വിഷം ( കളനാശിനി ) ചേര്‍ത്തിരിക്കുന്നു .അങ്ങിനെ വിഷം വീടിനകത്തും പുറത്തും പരക്കുന്നു . ഈ കാഴ്ച ചെറിയൊരു സൂചന മാത്രമാണ് ... വലിയൊരുവിപത്തിന്റെ മുന്നോടി.....



ചൊവ്വാഴ്ച, ഒക്‌ടോബർ 06, 2009

ഭോപ്പാലില്‍ അന്ന് സംഭവിച്ചത്

ആഗോള കുത്തക കമ്പനിയായ യൂണിയന്‍ കാര്‍ബൈഡിന്റെ ഫാക്ടറിയില്‍നിന്നും വിഷവാതകം ചോര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ മരിക്കാനിടയായ ഭോപ്പാല്‍ ദുരന്തത്തെപ്പറ്റിയുള്ള ഒരു പുസ്തകമാണ് ഭോപ്പാലില്‍ അന്ന് സംഭവിച്ചത് . പ്രശസ്ത എഴുത്തുകാരനായ ഡൊമിനിക് ലാപിയര്‍ , ജാവിയര്‍മോറോ എന്ന എഴുത്തുകാരനുമായി ചേര്‍ന്നാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത് .ലാരികോളിന്‍സുമായി ചേര്‍ന്ന് എഴുതിയ , ഫ്രീഡം അറ്റ് മിഡ് നൈറ്റ് , ഈസ് പാരീസ് ബേണിംഗ് ഡൊമിനിക് ലാപിയര്‍ തനിച്ചെഴുതിയ അന്നൊരിക്കല്‍ സോവിയറ്റ് യൂണിയനില്‍ , സിറ്റി ഓഫ് ജോയ് എന്നീ പുസ്തകങ്ങള്‍ക്കു ശേഷം പുറത്തിറങ്ങിയ ഈ പുസ്തകം ഏറെ വിലപ്പെട്ട വിവരങ്ങള്‍ നമുക്ക് തരുന്നു . സെവിന്‍ എന്ന കീടനാശിനി നിര്‍മ്മിക്കാന്‍ വേണ്ടിയാണ് ഭോപ്പാലില്‍ യൂണിയന്‍ കാര്‍ബൈഡ് വിഷഫാക്ടറി സ്ഥാപിച്ചത്എന്നാല്‍ ഇന്ത്യന്‍ കാര്‍ഷിക വിപണിയിലെ ഇടിച്ചില്‍ നിമിത്തം ഫാക്ടറി ഉത്പാദനം നിര്‍ത്തി . തുടര്‍ന്ന് അറ്റ കുറ്റ പ്പണികള്‍ യഥാസമയം നടത്താന്‍ ഫാക്ടറി അധികൃതര്‍ മടി കാണിച്ചു .അപകട സാധ്യതകളേപ്പറ്റി വ്യക്തമായ മുന്നറിയിപ്പുകള്‍ നല്‍കാനും അവര്‍ തയ്യാറായില്ല . ഇത് വന്‍ ദുരന്തത്തിനിടയാക്കി . ഒരു കഥ പോലെഒട്ടും മടുക്കാതെ വായിച്ചുപോകാവുന്ന പുസ്തകം വളരെയധികം ശ്രദ്ധിക്കപ്പെടുമെന്നതില്‍ സംശയമില്ല . അധികാര വൃന്ദങ്ങള്‍ സാധാരണ ജനങ്ങളെ എങ്ങനെ പരിഗണിക്കുന്നു എന്നതിന്റെ നഗ്ന ചിത്രം ഈ പുസ്തകം നമുക്ക് കാട്ടിത്തരുന്നു . പരിസ്ഥിതി , ആരോഗ്യ , പൊതു പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും ഈ പുസ്തകം വായിച്ചിരിക്കേണ്ടതാണ് . ഡി സി ബുക്സ് പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില 195 രൂപയാണ്