ബുധനാഴ്‌ച, ഡിസംബർ 30, 2009
കാട് അഭയം തന്ന ഒരു രാത്രി....
നിലംബൂര്‍ വനങ്ങളിലെ ആദിവാസികോളനി സന്ദര്‍ശിക്കാന്‍ പുറപ്പെട്ട് വഴിതെറ്റി വനത്തില്‍ അലയുകയും വനത്തില്‍ അന്തിയുറങ്ങുകയും ചെയ്ത ഒരു അനുഭവം... 14 – 10 – 2007
നിലംബൂരിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ നിലംബൂര്‍ പ്രകൃതി പഠനകേന്ദ്രത്തിന്‍റെ ഡയറക്ടര്‍ ശ്രീ ജയപ്രകാശിനെ അവിചാരിതമായിഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് വഴിക്കടവിന് സമീപമുള്ള ചോലനായ്ക്കന്‍മാര്‍ അധിവസിക്കുന്ന പുഞ്ചക്കൊല്ലി വനത്തിലേക്ക് ഒരു യാത്ര സംഘടിപ്പിക്കുന്ന വിവരം അറിഞ്ഞത് .ചോലനായ്ക്കന്‍മാര്‍ എന്നുകേട്ടതേ ഞാന്‍ യാത്രക്ക് തയ്യാറാവുകയും 13 -ാം തിയ്യതി വൈകുന്നേരം തന്നെ നിലംബൂര്‍ പ്രകൃതിപഠനകേന്ദ്രത്തിന്‍റെ ക്യാംപ് സെന്‍ററായ ചന്ദ്രകാന്തത്തിലെത്തുകയും ചെയ്തു .
മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒട്ടാകെ 17 പേരാണ് യാത്രക്ക് ഉണ്ടായിരുന്നത് . ചന്ദ്രകാന്തത്തില്‍ നിന്നും രാവിലെ പുറപ്പെട്ട സംഘം വഴിക്കടവില്‍ ആനമറി ഫോറസ് റ്റ് ചെക്ക്പോസ്റ്റില്‍ നിന്നും കാട്ടിലേക്ക്നടന്നു . കുറച്ച് അവല്‍ , പഴം , ശര്‍ക്കര എന്നിവ ഭക്ഷണമായി കരുതിയിരുന്നു .വഴിക്കടവ് - ഗൂഡല്ലൂര്‍ റോഡിലാണ് ആനമറി ഫോറസ്റ്റ് ചെക്ക്പോസ്റ്റ് സ്ഥിതി ചെയ്യുന്നത്
ആനമറി ചെക്പോസ്റ്റില്‍ നിന്നും കാട്ടിലേക്കുള്ള വഴിയില്‍ കുറേദൂരം തേക്കുതോട്ടത്തിലൂടെ നടന്നു .അതിനുശേഷം സ്വാഭാവികവനത്തില്‍ പ്രവേശിച്ചു . അവിടെ കുറച്ച് ഉയരമുള്ള മലമുകളില്‍ നിന്നും വന്നിരുന്ന നീരുറവയില്‍ നിന്നും ആവോളം വെള്ളം കുടിച്ചു .ഞങ്ങളുടെ വരവ് കണ്ടപ്പോഴേക്കും മരമുകളില്‍ ഇരുന്നിരുന്ന ഒരു കുരങ്ങന്‍ ബഹളംകൂട്ടി കാടിനെ ഞങ്ങളുടെ ആഗമനം അറിയിച്ചു .നടക്കുംവഴിയരുകില്‍ ഒരിടത്തിരുന്ന് കാട്ടുകിഴങ്ങ് പറിക്കുകയായിരുന്ന ഒരു ആദിവാസി വൃദ്ധ ആരോടെന്നില്ലാതെ അവജ്ഞയോടെ ചോദിച്ച ചോദ്യം ഇതായിരുന്നു
അവിടെ ഇനിയാരും ബാക്കിയില്ലേ ....?
അതായത് നാട്ടില്‍ ആരും ബാക്കിയില്ലാതെ മുഴുവന്‍ ആളുകളും തങ്ങളെ ഉപദ്രവിക്കാനായി കാട്ടിലേക്ക് കയറിവന്നിരിയ്ക്കുകയാണോ എന്ന് ...
നടപ്പ് .... നടക്കുംവഴിയില്‍ നിറയെ മുളങ്കൂട്ടങ്ങള്‍ , മരുത് , പ്ലാശ് , ഇരുള്‍ , വെണ്‍തേക്ക് ,ഈട്ടി തുടങ്ങിയ മരങ്ങള്‍ ....ചുവപ്പ്നിറത്തില്‍ നിറയെ പൂത്തുനില്‍ക്കുന്ന ഇടംപിരി വലംപിരി , ഓരില മൂവില .... നടന്നിരുന്നത് അതുവരെയും ജീപ്പ്റോഡിലൂടെ .... റോഡിലും ഓരത്തും നിറയെ ആനപ്പിണ്ടവും കാലടയാളവും .... ജീപ്പ്റോഡ് വിട്ട് ഒറ്റയടിപ്പാതയിലേക്ക് കയറി . ഈ വനം വരണ്ട ഇലപൊഴിയും കാട് എന്ന വിഭാഗത്തില്‍പ്പെട്ടത് ... മഴ പൂര്‍ണ്ണമായും വിട്ടുമാറിയിട്ടില്ലാതിരുന്നതിനാല് അരുവികള്‍ സജീവമായിരുന്നു . നിറയെ പരല്‍ മീനുകള്‍.... തവളകള്‍ .... മീനുകളില്‍ പേരറിയാവുന്നത് വാഴക്കാവരയനെ മാത്രം .
ഒറ്റയടിപ്പാതയിലൂടെ നടന്ന് ഒരു കുന്നു കയറി മുകളിലെത്തിയപ്പോള്‍ ദൂരെ വെള്ളം ആര്‍ത്തലച്ചൊഴുകുന്ന ശബ്ദം , അത് പുന്നപ്പുഴയായിരുന്നു , ചാലിയാറിന്‍റെ കൈ വഴി... കാട്ടില്‍ പാറക്കെട്ടുകളില്‍ തട്ടിച്ചിതറി രൌദ്രഭാവത്തോടെ ഒഴുകുന്ന പുന്നപ്പുഴയുടെ അടുത്തെത്തുന്തോറും ശബ്ദത്തിന് ഗാംഭീര്യം കൂടി . പുഴയില്‍ ഒഴുക്കുകുറഞ്ഞൊരിടത്ത് കുളിക്കാനിറങ്ങി . അവിടെപ്പോലും പിടിച്ചുനിന്നെങ്കിലേ രക്ഷയുണ്ടായിരുന്നുള്ളൂ.. ഇടക്കൊരിടത്ത് ഉച്ചഭക്ഷണം , അരികില്‍ തെളിനീരുറവ . അവലും ശര്‍ക്കരയും കഴിച്ച് ആസ്വദിച്ചിരിക്കുംപോള്‍ തൊട്ടടുത്ത് പാറവിടവില്‍ ശാന്തനായിരിക്കുന്ന ഒരു പിറ്റ് വൈപ്പര്‍... ( കുഴിമണ്ഡലി , സുഷിരമണ്ഡലി )
നടപ്പ് .... നദി മറുകര കടക്കുകയാണ് ലക്ഷ്യം മുന്‍പൊരിക്കല്‍ ചോലനായ്ക്കന്‍മാരുടെ കോളനി സന്ദര്‍ശിച്ചിട്ടുള്ള ജയപ്രകാശിന്‍റെ ഓര്‍മ്മ മാത്രമാണ് ആശ്രയം . നദി കുറുകെ കടക്കാനുള്ള പാലം കണ്ടുപിടിക്കണം . ആദിവാസികളുടെ ഉപയോഗത്തിനായി നിര്‍മ്മിച്ചിട്ടുള്ളതാണ് ആ പാലം . പക്ഷേ പോകും വഴിയൊന്നും അത് കാണാന്‍ സാധിച്ചില്ല .ഇടക്കൊരിടത്ത് ആദിവാസികളില്‍ സാഹസികര്‍ ഉപയോഗിക്കുന്ന ഒരു മരപ്പാലം കണ്ടു . വെറുതേ കുറച്ച് കാട്ടുകംപുകള്‍ കുതിച്ചൊഴുകുന്ന നദിയിലെ പാറക്കെട്ടുകളെ ബന്ധിപ്പിച്ച് വെച്ചിരിക്കുന്നു .
പാലം കണ്ടുപിടിക്കുന്നതിനായി നദിയോരത്തുകൂടി കുറേ ദൂരം നടന്നു .ചിലയിടങ്ങളില്‍ അഗാധതയിലേക്ക് പതിച്ചേക്കാവുന്ന കൊക്കകള്‍ .... വഴിയില്ലാത്തിടങ്ങളില്‍ പുതിയതായി വഴി തെളിച്ച് നടത്തം ...ഒരിടത്ത് പാറവിടവില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നു . കയറി പരിശോധിച്ചപ്പോള്‍ ഏതോ മൃഗത്തിന്‍റെ കാല്‍പ്പാടുകള്‍ ... പുലിയുടേതിന് സാമ്യമുണ്ട് ... വലുപ്പം കുറവായതിനാല്‍ കാട്ടുപൂച്ചയുടേതായിരിക്കുമെന്ന് ഊഹിച്ചു... ദൂരെ മരത്തിനു മീതെ സിംഹവാലന്‍ കുരങ്ങകള്‍ , ഞങ്ങളെക്കണ്ടതും അവ ഉള്‍ക്കാട്ടിലേക്ക് വലിഞ്ഞു . നടപ്പ് നിബിഡ വനത്തിനുള്ളിലേക്ക് .... ദൂരെ മാനം മുട്ടുന്ന മലകള്‍......
ഉച്ചയ്ക്കുരണ്ടുമണിയായിട്ടും ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിഞ്ഞില്ല , നദി കടക്കാനുള്ള പാലം കണ്ടെത്താന്‍ കഴിയാതിരുന്നതായിരുന്നു കാരണം . ഒടുവില്‍ മടങ്ങിപ്പോകാന്‍ തീരുമാനിച്ചു . അപ്പോഴാണ് യാത്രാസംഘാംഗമായ അലവി ഒരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത് . കുറച്ചകലെയുള്ള നാടുകാണി ചുരത്തിലേയ്ക്ക് കാട്ടിലൂടെ നടന്ന് അവിടെനിന്നും വാഹനത്തില്‍ വഴിക്കടവിലെത്താമല്ലോ ... ? യാത്രാ സംഘാംഗങ്ങള്‍ ആ നിര്‍ദ്ദേശം ശരിവെച്ചു . എല്ലാവരും നാടുകാണി ചുരം ലക്ഷ്യമാക്കി നടപ്പാംരംഭിച്ചു . അതോടെ താളപ്പിഴകളും ആരംഭിച്ചു .ദൂരെക്കണ്ടിരുന്ന മലമുകളിലെത്തിയാല്‍ റോഡ് കണ്ടുപിടിയ്ക്കാം എന്നതായിരുന്നു ഊഹം ... എന്നാല്‍ ഓരോ മല കയറിയിറങ്ങിയപ്പോഴും വഴി കണ്ടുപിടിയ്ക്കാന്‍ കഴിഞ്ഞില്ല .
കാട്ടിലുള്ള നടപ്പാതകളിലൂടെ മുന്നോട്ടുനടക്കുന്തോറും നടപ്പാത ചുരുങ്ങി ഈറ്റക്കാടുകള്‍ക്കുള്ളിലേക്ക് കയറുന്നു . ഈറ്റക്കാട് മുറിച്ചുകടന്നാല്‍ വഴി കണ്ടെത്താം എന്ന ധാരണയില്‍ചെല്ലുംപോള്‍ ഈറ്റക്കാടിനുള്ളില്‍ വഴി അവസാനിക്കുന്നു .... അവിടെ നിറയെ ആനപ്പിണ്ടവും ആന മണ്ണ് കുത്തിമറിച്ചിട്ട പാടും മാത്രം . അവിടെ നിന്നും തിരിച്ചിറങ്ങി അടുത്തവഴിയിലൂടെ വീണ്ടും നടത്തം ... അതും അവസാനിയ്ക്കുന്നത് ഏതെങ്കിലും ആനത്താവളത്തില്‍... ഒരിടത്ത് കണ്ട ഫയര്‍ലൈനിലൂടെ മലമുകളിലേയ്ക്ക് നടന്നു , ഫയര്‍ലൈന്‍ ഏതെങ്കിലും മനുഷ്യവാസകേന്ദ്രത്തിലെത്തുമെന്നായിരുന്നു നിഗമനം ... എന്നാല്‍ അതും പിഴച്ചു ... കുന്നിന്‍മുകളിലെത്തിയപ്പോള്‍ മുന്നോട്ടുവഴിയില്ലാത്തിടത്ത് ഫയര്‍ലൈന്‍ അവസാനിച്ചു .
അവിടെ നിന്നും തിരിച്ചിറങ്ങി , വഴിനീളെ അട്ടകള്‍ കാല്‍പാദങ്ങളെ പൊതിഞ്ഞു . ആദ്യം കുറച്ചുനേരം അട്ടകളെ വേര്‍പെടുത്താന്‍ ശ്രമിച്ചെങ്കിലും അട്ടകള്‍ പിന്‍മാറാന്‍ ഒരുക്കമില്ലാത്തതിനാല്‍ പിന്നീടവയെ ശ്രദ്ധിച്ചില്ല . ആയതിനാല്‍ കാലുകള്‍ അട്ടകള്‍ക്ക് നല്ലൊരു സദ്യ നല്‍കി .ചില വികൃതികളായ അട്ടകള്‍ പാന്‍റ്സിനകത്തും കയറി . ഇടക്കുവെച്ച് പാന്‍റ്സ് ഊരി അട്ടകളെ വേര്‍പെടുത്തേണ്ടി വന്നു .
ചുവട്ടില്‍ നിന്നും നോക്കുംപോള്‍ കുന്നിന്‍മുകളില്‍ വഴി എത്തി നില്‍ക്കുന്നിടത്ത് പ്രകാശം കാണുംപോള്‍ റോഡ് എത്തിയെന്ന പ്രതീക്ഷ, പക്ഷേ വീണ്ടും ഈറ്റക്കാടുകള്‍ ... മലകളുടെ ചെരുവുകളിലൂടെ ഇറങ്ങിയും കയറിയും മണിക്കൂറുകള്‍ ... ദിശ ഊഹം വെച്ച്നടന്നതിനാല്‍ ഒരുമല വലംവെച്ചതായും തോന്നി . വെളിച്ചം മങ്ങിത്തുടങ്ങി ... ആറുമണിയ്ക്കുമുന്നേ കാടിനുവെളിയില്‍ കടക്കാമെന്ന പ്രതീക്ഷ അസ്തമിച്ചു , എല്ലാവരും കൂടിയാലോചിച്ചു . ഒടുവില്‍ കാട്ടില്‍ രാത്രി തങ്ങാം എന്ന് തീരുമാനിച്ചു .
വരും വഴി കണ്ട പുന്നപ്പുഴയുടെ തീരം താവളമാക്കാനാണ് തീരുമാനിച്ചത് . ഉയരെ മലമുകളില്‍ നിന്നും പുഴയുടെ ശബ്ദം ലക്ഷ്യമാക്കി താഴേയ്ക്ക് ... വെളിച്ചം പൂര്‍ണ്ണമായും പോയിരിക്കുന്നു . കയ്യിലുള്ള മൊബൈല്‍ഫോണുകള്‍ തെളിച്ച് നടത്തം ... വഴിയില്ലാത്തിടത്തുകൂടി സഞ്ചാരം ...പാറക്കെട്ടികളില്‍ മുണ്ട് കയറാക്കി തൂങ്ങി ഇറക്കം .... കുത്തനെയുള്ള ചെരിവുകളില്‍ നിരങ്ങിയിറങ്ങിയ ചിലര്‍ പിടിവിട്ട് നേരേ താഴേക്ക് വീഴുന്നു .... വീണ്ടും ആനത്താവളങ്ങളായ ഈറ്റക്കാടുകള്‍ക്കിടയിലൂടെ... കനത്ത ഇരുട്ട് ... വഴിയോരത്തെവിടെയെങ്കിലും പതിയിരുന്നാക്രമിച്ചേക്കാവുന്ന കാട്ടാനയെ അകറ്റുവാനായി പോലീസുകാരന്‍ അലവിയുടെ ഒച്ചയുണ്ടാക്കലുകള്‍ .... അതിപ്രകാരം
മുംപില്‍ പോയോരെവിടേ....
ഇങ്ങള് കൂക്കീം....
പിന്നിലെല്ലാരും ഇല്ല്യേ...
മുംപില് പോണോര് പറഞ്ഞ് പറഞ്ഞ് പോവീം....
ഇങ്ങള് കൂക്കി കൂക്കി പോവീം....
നടപ്പിന്‍റെ കഷ്ടതയിലും അലവിയുടെ ഡയലോഗുകള്‍ ചിരിക്ക് വക നല്‍കി .ഇടക്ക് വയര്‍ലെസ്സ് സന്ദേശം നല്‍കുന്നതുപോലെ , യാത്രാംഗവും കരുവാരക്കുണ്ട് പോലീസ് സ്റ്റേഷന്‍റെ ചാര്‍ജ്ജ് വഹിക്കുന്ന ഏ. എസ് .ഐ യുമായ അരവിന്ദാക്ഷനെപ്പറ്റിയുള്ള നംബര്‍
കരുവാരക്കുണ്ട് എസ് .എച്ച് .ഒ ( സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ ) ഏ .എസ്. ഐ അരവിന്ദാക്ഷന്‍ പുഞ്ചക്കൊല്ലി വനത്തില്‍ അലഞ്ഞുനടക്കുകയാണ് അദ്ദേഹത്തെ രക്ഷിക്കാന്‍ ഉടന്‍ ഫോഴ്സിനെ അയക്കുക ഓവര്‍.....
വഴിയില്ലാവഴിയിലൂടെ നിരങ്ങിയും ഉരുണ്ടുവീണും ഒടുവില്‍ പുഴയോരത്തെത്തി .പുഴയോരമാണെങ്കില്‍ വളരെ ഇടുങ്ങിയ പ്രദേശം , പരന്നഭാഗം വളരെക്കുറവ് .തൊട്ടടുത്താണെങ്കില്‍ പാറയിടുക്കിലൂടെ കുതിച്ചൊഴുകുന്ന പുഴ ... കാലുതെറ്റിയാല്‍ വീഴുക കുത്തൊഴുക്കിലേക്ക് ... ക്ഷീണം കാരണം ഏവരും കിട്ടിയ ഇടങ്ങളില്‍ ഇരുപ്പും കിടപ്പും തുടങ്ങി . അലവിയുടെ നേതൃത്വത്തില്‍ ഇരുട്ടിലും കുറേ വിറകും കരിയിലയും ശേഖരിച്ച് പാറപ്പുറത്ത് തീ കൂട്ടി . വിറക് കഴിയുംപോള്‍ , വളരെനിര്‍ബന്ധിക്കുംപോള്‍ ആരെങ്കിലും പോയി കുറച്ച് വിറക് സംഘടിപ്പിച്ചുകൊണ്ടുവരും . പകല്‍ വീരശൂരപരാക്രമികളായിരുന്നവര്‍ രാത്രി എലികളായി മാറിയിരിക്കുന്നു
രാത്രി ... വിശപ്പിന്‍റെ വിളി ഉയരുന്നു . ഉച്ചഭക്ഷണത്തിനായി കരുതിയിരുന്ന അവലില്‍ ശേഷിച്ചിരുന്നത് അരക്കിലോ മാത്രം . അതിന് അവകാശികളായി 17 ആളുകള്‍ . ഭക്ഷണവിതരണത്തിന്‍റെ ചുമതല അലവിയെ ഏല്‍പ്പിച്ചു . അദ്ദേഹം അത് ഭംഗിയായി നിര്‍വഹിച്ചു . പുഴവെള്ളത്തില്‍ മുക്കിയെടുത്ത അവല്‍ ഏവരുടേയും വയര്‍ നിറച്ചു .
രാത്രി ..... ആകാശത്ത് ചെറിയ മിന്നലും കുറച്ച് മേഘങ്ങളും ....മഴ പെയ്താല്‍ ആകെ കുളമാകും , ഭാഗ്യത്തിന് മഴ മാറി നിന്നു . പരുക്കനായ പാറപ്പുറത്ത് നടു നേരേ നിവര്‍ത്തിവയ്ക്കാന്‍ പോലും ഇടമില്ലാത്തിടത്ത് അട്ടിയിട്ടപോലെ 17 ആളുകള്‍ ... ആളിക്കത്തുന്ന തീയുടെ ചുവട്ടില്‍പ്പോലും ഇടം കിട്ടാതെ ചിലര്‍ ചുരുണ്ടുകൂടിയിരിക്കുന്നു എനിക്ക് ചാരിയിരിക്കാന്‍ മാത്രമാണ് ഇടം കിട്ടിയത് . ആദ്യത്തെ തളര്‍ച്ചയില്‍ ചുരുണ്ടുകൂടിയ ഉടന്‍ ഉറങ്ങിപ്പോയവര്‍ , പാതിരാനേരത്ത് എഴുന്നേററിരുന്ന് കവിത ചൊല്ലുന്നു , പാട്ടു പാടുന്നു .... മനുഷ്യരുടെ ശബ്ദത്തെ മുക്കിക്കെല്ലുന്ന രീതിയില്‍ പുഴയുടെ ശബ്ദം ... പരസ്പരം സംസാരിക്കുന്നത് ഒന്നും കേള്‍ക്കാന്‍ പറ്റാത്ത അവസ്ഥ ....
യാത്രാസംഘാംഗവും പ്രമേഹരോഗത്താല്‍ അവശത കാണിക്കുകയും ചെയ്തിരുന്ന ജോസ്ചേട്ടന്‍ മാത്രം കുത്തിയിരുന്ന് തീ നീക്കിക്കൊണ്ടിരിക്കുന്നത് ഇടക്ക് മയക്കത്തില്‍ നിന്നും കണ്ണുമിഴഇച്ചപ്പോള്‍ കണ്ടു . വിറകുതീര്‍ന്നപ്പോള്‍ മേലേ പാറപ്പുറത്ത് ഇരിക്കുകയായിരുന്ന ഏ. എസ് . ഐ . അരവിന്ദാക്ഷന്‍ കുറേ വിറക് സംഭരിച്ചുകൊണ്ടുവരുന്നതും കണ്ടു ... ഇടയ്ക്കിടയ്ക്ക് മുഴങ്ങിക്കേള്‍ക്കുന്ന നെടുവീര്‍പ്പുകള്‍ ... വാച്ചില്‍ നോക്കല്‍ ... പരസ്പരം സമയം ചോദിക്കുന്നു , നേരം പുലരാന്‍ വേണ്ടുന്ന സമയം കണക്കുകൂട്ടുന്നു ....
ഇടക്ക് ബഹളം കേട്ട് മയക്കത്തില്‍ നിന്നും കണ്ണുമിഴിച്ചു , നേരം പുലര്‍ന്നിരിക്കുന്നു നടക്കാനുള്ള പുറപ്പാടാണ് . തലേന്ന്കത്തിച്ച തീക്കുണ്ടത്തില്‍ നിന്നും കുറച്ച് കരി വാരിയെടുത്ത് പൊടിച്ച് പല്ല് തേച്ചു രാവിലെ ആറരമണിയോടുകൂടി തിരിച്ച് നടത്തം ആരംഭിച്ചു. നാട്ടിലേക്കുള്ള വഴി കണ്ടെത്താന്‍ സ്വീകരിച്ച മാര്‍ഗ്ഗം ലളിതമായിരുന്നു , പുഴോരത്തുകൂടി പുഴ ഒഴുകുന്ന ദിശയിലേയ്ക്ക് നടക്കുക ... കാരണം പുഴ എന്താണെങ്കിലും ഒഴുകി നാട്ടിലെത്തുമല്ലോ...
പല ഭാഗത്തും പുഴയോരത്തുകൂടി നടക്കാന്‍ സാധിച്ചില്ല . വലിയ പാറക്കെട്ടുകളും വൃക്ഷങ്ങളും ആയിരുന്നു കാരണം . അപ്പോള്‍ കുറേക്കൂടി മേലേയ്ക്ക് കയറി നടക്കും . രണ്ടു മണിക്കൂര്‍ നടന്നിട്ടും തലേന്ന് വന്ന വഴി കണ്ടുപിടിയ്ക്കാനായില്ല .... വീണ്ടും നടത്തം ......
നടത്തത്തിനിടയില്‍ ക്ഷീണമകറ്റാന്‍ പോകും വഴിയില്‍ ഒരു അരുവിയില്‍ ഒരു കുളി ഏ . എസ് . ഐ . അരവിന്ദാക്ഷനും പോലീസുകാരന്‍ അലവിയും കുളി ആസ്വദിക്കുന്നത് കണ്ടപ്പോള്‍ തളര്‍ച്ചമറന്ന് ഞാനും
നീരാടാനിറങ്ങി . കാലില്‍ ഉണങ്ങിപ്പിടിച്ചിരുന്ന രക്തക്കറ കഴുകിക്കളയാന്‍ തന്നെ കുറേ നേരം വേണ്ടിവന്നു . കുളി കഴിഞ്ഞപ്പോള്‍ വിശപ്പ് കുറേശ്ശേ പിടികൂടാന്‍ തുടങ്ങി . 24 മണിക്കൂര്‍ മുന്‍പാണ് ശരിക്ക് ഭക്ഷണം കഴിച്ചത് ... തിരിച്ചുള്ള നടത്തത്തിനിടയില്‍ പലരും നെല്ലിമരത്തിന് ചുറ്റും പരതുന്നു .കിട്ടിയ നെല്ലിക്കകള്‍ വാരി വിഴുങ്ങുന്നു... വിശപ്പ് ഏ. എസ് . ഐ യ്ക്കും , കോണ്‍സ്റ്റബിളിനും , വിദ്യാര്‍ത്ഥിയ്ക്കും തുല്യമാണല്ലോ ....
തിരിച്ചുനടക്കുംവഴിയില്‍ ഒരിടത്തുനിന്നും വേറൊരുദിശയിലേയ്ക്ക് ഒരു വഴി പിരിഞ്ഞു പോകുന്നു ...അതു കണ്ടപ്പോള്‍ ജയപ്രകാശ് പറഞ്ഞു ,ഇതായിരുന്നു നമുക്ക് പോകേണ്ടിയിരുന്ന വഴി ... അതായത് ആനമറി ചെക്പോസ്റ്റില്‍ നിന്നും സുമാര്‍ ഒരു മണിക്കൂര്‍ നടന്ന് വഴി പിരിഞ്ഞുപോകേണ്ടതിനു പകരം 5 മണിക്കൂര്‍ നേരം ഞങ്ങള്‍ നേര്‍ ദിശയില്‍ നടന്നു അതാണ് വഴി തെറ്റാന്‍ ഇടയാക്കിയത് .....
ഒടുവില്‍ നടന്ന് 10 മണിയോടുകൂടി ചെക്പോസ്റ്റിലെത്തി ആശ്വാസത്തോടെ ശ്വാസം വിടുംപോള്‍ ഏറ്റവും അടുത്തുള്ള ഹോട്ടല്‍ എവിടെയെന്നതായിരുന്നു അന്വേഷണം ....
ശനിയാഴ്‌ച, ഡിസംബർ 26, 2009
ബാവലി - ബൈരക്കുപ്പ , കൃഷിക്കാഴ്ചകളുടെ യാത്ര.......
നടവഴിയോരത്ത് മുഴുവലന്‍ നെല്‍വയലുകള്‍ ..... കൃഷിക്കാര്‍ നിലം ഒരുക്കുന്നതിലും ഞാറുനടുന്നതിലും മുഴുകിയിരിക്കുന്നു . ഒരിടത്ത് കാളകളെ ഉപയോഗിച്ച് നിലം ഉഴുതു മറിക്കുന്നു . നിരവധി സ്ത്രീ പുരുഷ തൊഴിലാളികള്‍ ഞാറുനടലില്‍ ഏര്‍പ്പെട്ടിരിക്കുന്നു . വഴിയോരത്തെ കൃഷിയിടങ്ങളില്‍ ചിലയിടങ്ങളില്‍ പുഴയില്‍ നിന്നും വെള്ളം എത്തിക്കാനുള്ള സംവിധാനമുണ്ട് . വഴിയരികിലെ പുല്‍പ്പരപ്പിരല്‍ കാളകളെ മേയ്ച്ചുനില്‍ക്കുകയായിരുന്ന കൃഷിക്കാരനോട് കുറേനേരം സംസാരിച്ചതില്‍ നിന്നും ആ പ്രദേശത്ത് മിക്ക വീടുകളിലും നാടന്‍ കാളകളുണ്ടെന്നും അവയെ എല്ലാവരും കൃഷിപ്പണിക്ക് ഉപയോഗിക്കാറുണ്ടെന്നും മനസ്സിലായി .ഇതിനു തെളിവെന്നവണ്ണം കുറച്ചകലെയായി മൂന്നു ജോഡിമൂരികളെ ഉപയോഗിച്ച് നിലം ഒരുക്കുന്നുണ്ടായിരുന്നു ഞങ്ങള്‍ അവരുടെ അടുത്തേക്കുചെന്നു കുറേനേരം സംസാരിച്ചു . കൃഷിയേപ്പറ്റി അറിയാന്‍ വന്നവരാണെന്ന് പറഞ്ഞപ്പോള്‍ ആ നിഷ്കളങ്കരായ ഗ്രാമീണര്‍ക്ക് വളരേയേറ സന്തോഷം ഉണ്ടായി .അവരുടെ നിലം ഉഴല്‍ നിരന്തരം ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരുന്ന സുരേഷ് മാഷ് , തന്‍റെ കയ്യിലുള്ള ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനം ഉപയോഗിച്ച് അവരുടെ ഉൌര്‍ച്ചപ്പാട്ട് റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു . ആ പാട്ട് തികച്ചും ഹൃദ്യമായിരുന്നു . അവര്‍ക്ക് കൃഷി ഭക്ഷണമാണ്, വിനോദമാണ് , വിജ്ഞാനമാണ് ......ജീവിതമാണ് .... സംസ്കാരത്തിന്‍റെ ഭാഗമാണ് .....
കുറേ നേരം അവിടെ ചിലവിട്ടശേഷം വീണ്ടും നടക്കാന്‍ ആരംഭിച്ചു .കത്തുന്ന വെയിലില്‍ കടുത്തദാഹം തോന്നിയപ്പോള്‍ അടുത്തുകണ്ടവീട്ടില്‍ കയറി വെള്ളംചോദിച്ചു .അത് ഒരു മലയാളി കുടുംബം താമസിച്ചിരുന്ന വീടായിരുന്നു .കബനീനദിക്കുമറുകരെയുള്ള കേരളത്തില്‍ നിന്നും വന്ന് അവിടെ താമസമാക്കിയ അവര്‍ക്ക് കുറച്ച് കൃഷിഭൂമിയുണ്ട് .ഇവരുടെ കൃഷിഭൂമി വൈദ്യുതവേലികെട്ടി തിരിച്ചിട്ടുണ്ട് . ഗ്രാമത്തിന് അതിരിടുന്ന കര്‍ണ്ണാടക വനത്തില്‍ നിന്നും കൃഷിഭൂമിമുറിച്ചുകടന്ന് കേരളത്തിലെ വനത്തിലേക്ക് ആനകളും മറ്റും സഞ്ചരിക്കാറുണ്ട് . ചിലപ്പോള്‍ ഇവ കൃഷിഭൂമിയില്‍ നിന്നും ഭക്ഷണം ശേഖരിക്കും ... ആനക്ക് കാടും കൃഷിയും തമ്മില്‍ വ്യത്യാസമില്ല , കര്‍ണ്ണാടകം - കേരളം എന്ന രാഷ്ട്രീയവുമില്ലല്ലോ ...
കുറേ ദൂരം ചെന്നപ്പോള്‍ ഒരു ചെറിയ കടയുടെ മുന്നിലെത്തി . അത് ഒരു മലയാളിയുടെ കടയായിരുന്നു , ആ കടക്കാരനില്‍ നിന്നും അവിടെയുണ്ടായിരുന്ന കന്നട യുവാവില്‍ നിന്നും ആ പ്രദേശത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ കഴിഞ്ഞു .അവിടെ കൃഷിപ്പണിയില്‍ ഏര്‍പ്പെടുന്ന പുരുഷതൊഴിലാളിക്ക് 120 രൂപ കൂലിയുണ്ട് .സ്ത്രീകള്‍ക്ക് 70 രൂപയും . എന്നാല്‍ മരപ്പണിക്കാര്‍ക്ക് 250 രൂപയാണ് കൂലി . ആ പ്രദേശത്തെ പഞ്ചായത്ത് പ്രസിഡണ്ട് മലയാളിയാണ് . വളരെക്കുറച്ച് മലയാളികള്‍ മാത്രമേ അവിടെയുള്ളൂ ... അവിടുത്തെ ഭൂരിഭാഗം ജനങ്ങളും വേടര്‍ എന്ന പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരാണ് .... ടിപ്പുവിന്‍റെ പടയോട്ടകാലത്ത് ചിത്രദുര്‍ഗ്ഗയില്‍ നിന്നും ഓടിപ്പോന്നവരുടെ പിന്‍ഗാമികളാണ് ഗ്രാമത്തിലുള്ളവരെല്ലാം ...ഇവര്‍ ആയിരം കുടുംബത്തോളം വരും . ബാവലി - ബൈരക്കുപ്പ പാതയോരത്ത് കണ്ട വീടുകള്‍ എല്ലാം ലാളിത്യം നിറഞ്ഞതായിരുന്നു . ഓലയും മുളയും കൊണ്ടുള്ളവ , പുല്ലുമേഞ്ഞവ... വളരേക്കുറച്ചുദൂരം വളരേക്കൂടുതല്‍ സമയമെടുത്ത് നടന്നുതീര്ടത്ത ഞങ്ങള്‍ കര്‍ണ്ണാടകയിലെ ഗ്രാമക്കാഴ്ചകള്‍ മനസ്സില്‍ ഒപ്പിയെടുത്തു . ആ കാല്‍നടയാത്ര അവസാനിച്ചത് ബൈരക്കുപ്പയിലെ കടവിലാണ് . അവിടെനിന്നും കേരളത്തിലെ പെരിക്കല്ലൂര്‍ കടവിലേക്ക് വഞ്ചിയാത്ര .. മടങ്ങുംപോള്‍ മനസ്സിലുണ്ടായിരുന്നത് കേരളം ലക്ഷ്യബോധമില്ലാതെ സഞ്ചരിക്കുന്ന തെറ്റായ പാതയുടെ ഭീകരതയാണ്
ചൊവ്വാഴ്ച, ഡിസംബർ 15, 2009
ഒരു നെല്‍ കര്‍ഷകനെ പരിചയപ്പെടുത്തുന്നു
കൃഷ്ണന്‍കുട്ടി 64 വയസ്സ് , ചെട്ടിയാരത്ത് വീട് , കോമംഗലം ,കൂറ്റനാട് , പാലക്കാട് ............. ആദ്യം കല്‍പ്പണിക്കാരനായിരുന്നു . എന്നാലും കുടുംബം വക ഒരേക്ര നെല്‍വയലില്‍ വര്‍ഷാവര്‍ഷം കൃഷി നടത്തുമായിരുന്നു .ഇപ്പോള്‍ കല്‍പ്പണി പൂര്‍ണമായും ഉപേക്ഷിച്ച് കൃഷിപ്പണിയില്‍ത്തന്നെയാണ് .സ്വന്തം ഉടമസ്ഥതയിലുള്ള ഒരേക്ര നെല്‍കൃഷിക്കുപുറമേ രണ്ടേക്കര്‍ കൂടി ഇത്തവണ പാട്ടത്തിനെടുത്ത്കൃഷി ചെ
യ്തിട്ടുണ്ട് . നെല്‍കൃഷിയുടെ ദൈര്‍ഘ്യം താരതമ്യേന കുറവാണ് , പക്ഷേ അനിശ്ചിത ത്വം കൂടുതലാണ് .മഴ കൂടിയാലും കുറഞ്ഞാലും കൃഷിയെ ബാധിക്കും . ഇത്തവണ തുലാമഴ കുറച്ച് വൈകി എത്തിയത് ഇദ്ദേഹത്തിന്‍റെ കൃഷിയേയും ബാധിച്ചു . വെള്ളം വറ്റാന്‍ തുടങ്ങിയപ്പോള്‍ തേവേണ്ടിവന്നു .പേത്തി എന്ന നാടന്‍ സാങ്കേതിക വിദ്യയാണ് ഇതിന് ഉപയോഗിച്ചത് . രാവിലെ നാല് മണിക്ക് തേവാനിറങ്ങിയാല്‍ ഏഴ് മണി വരെ തേവും .കുറച്ച് ദിവസം ഇങ്ങിനെ കഷ്ടപ്പെട്ടുവെങ്കിലും വൈകാതെ മഴ അനുഗ്രഹിച്ചു . തന്‍റെ പേത്തിത്തേക്കും കൃഷിയും ഇദ്ദേഹം ഡോകുമെന്‍റ് ചെയ്യുകയുണ്ടായി. അതായത് ഫോട്ടോഗ്രാഫറായമരുമകനെക്കൊണ്ട് ഫോട്ടോ എടുപ്പിച്ചുവച്ചു ഇദ്ദേഹത്തിന്‍റെ മകനും എന്‍റെ സുഹൃത്തുമായ ജയപ്രകാശാണ് ഫോട്ടോ എടുത്തതിനെപ്പറ്റി എന്നോട് പറഞ്ഞത് . രാത്രി വളരെ വൈകിയ ഒരു ഫോണ്‍ സംഭാഷണത്തിലായിരുന്നു അത് .ഫോട്ടോകള്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ കൊണ്ടുവരാം എന്ന് ജയപ്രകാശ് പറഞ്ഞു ഞാന്‍ സമ്മതിക്കുകയും ചെയ്തു....
ആശ്ചര്യകരമെന്ന് പറയട്ടേ , പിറ്റേന്ന് രാവിലെ ഞാന്‍ ഉറക്കമെഴുന്നേല്‍ക്കുന്നതിന് മുന്‍പേ കൃഷ്ണന്‍കുട്ടിയേട്ടന്‍ എന്‍റെ വീട്ടിലെത്തിയിരിക്കുന്നു ....... ഫോട്ടോ എന്നെ കാണിക്കുന്നതിനായി .... അദ്ദേഹത്തിന്‍റെ ശിരസ്സ് അഭിമാനത്താല്‍ ഉയര്‍ന്നുനിന്നിരുന്നു .
ഒരു ശിശു വളര്‍ന്നു വലുതാകുന്നത് അതിന്‍റെ രക്ഷാകര്‍ത്താക്കള്‍ എങ്ങിനെ ആസ്വദിക്കുന്നുവോ , അതുപോലെയാണ് കര്‍ഷകനും തന്‍റെ വിളയെ കാണുന്നത് ..... അതിന്‍റെ വികാസ പരിണാമങ്ങളേക്കുറിച്ച്
ആരോടെങ്കിലും പറയാന്‍ അയാള്‍ ആഗ്രഹിക്കും , കേള്‍ക്കാന്‍ അല്‍പ്പമെങ്കിലും തയ്യാറുള്ള ഒരാളെക്കിട്ടിയാല്‍
അയാള്‍ പരമസന്തുഷ്ടനായി ...
നമ്മുടെ നാട്ടില്‍ ഇപ്പോള്‍ കൃഷിയേക്കുറിച്ച് സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ജനങ്ങളില്ല . എല്ലാവരും മക്കളെ ഐടിയും എഞ്ചിനീയറിഗും പഠിപ്പിച്ച് വന്‍ കംപനികള്‍ക്ക് അടിമപ്പണിക്ക് വിട്ടുകൊടുക്കുന്നു . സ്വന്തം ചിന്തകളേയും വികാരങ്ങളേയും കംപനികളുടെ താത്പര്യത്തിന് മാത്രം ആക്കുന്ന
കുട്ടികളാകട്ടെ സാതന്ത്ര്യം പോലും അടിയറവെക്കുന്നു .
ഒരു പ്രദേശത്ത് ഇച്ഛാശക്തിയുള്ള പത്ത് ചെറുപ്പക്കാരുടെ സംഘമുണ്ടെങ്കില്‍ നമ്മുടെ വയലുകള്‍ തരിശുകിടക്കില്ല .അവിടെ നെല്ല് നൂറുമേനി വിളയും . നാടന്‍ മത്സ്യങ്ങളും കുഞ്ഞുജീവികളും വംശനാശം വരാതെ രക്ഷപ്പെടും . നിലവില്‍ എത്ര പ്രതികൂലമായ കാലാവസ്ഥയാണെങ്കിലും നല്ലൊരു നാളെയെ ഞാന്‍
സ്വപ്നം കാണുന്നു ..........
ചൊവ്വാഴ്ച, ഡിസംബർ 08, 2009
വനപാതകളിലെ ഗതാഗതം നിരോധിക്കുക
വ്യാഴാഴ്‌ച, ഡിസംബർ 03, 2009
ട്രാക്ടര്‍ ചാണകമിടുന്നില്ല ......
സ്വാതന്ത്രാനന്തര ഭാരതം കണ്ട പ്രധാന രണ്ടു വിപ്ലവങ്ങളായിരുന്നു ഹരിതവിപ്ലവവും ധവളവിപ്ലവവും . ഹരിതവിപ്ലവം അവശേഷിപ്പിച്ചത് കീടനാശിനികളും രാസവളങ്ങളും കൊണ്ട് മലിനീകരിക്കപ്പെട്ട കൃഷിയിടങ്ങളേയാണെങ്കില്‍ ധവളവിപ്ലവം കൊണ്ടെത്തിച്ചത് തനത് ഭാരതീയ ഇനം പശു വര്‍ഗ്ഗങ്ങളുടെ വംശനാശത്തിലേക്കായിരുന്നു . പശു എന്നാല്‍ പാല്‍ തരുന്ന ഒരു മൃഗം എന്നൊരു കാഴ്ചപ്പാടിലേക്ക് മാറിയത് ഭാരതീയ ഇനം പശു വര്‍ഗ്ഗങ്ങള്‍ക്ക് കൊലക്കത്തിയാണ് സമ്മാനിച്ചത് .യൂറോപ്യന്‍ പശു വര്‍ഗ്ഗങ്ങളുമായി താരതമ്യം ചെയ്യുംപോള്‍ പാല്‍ ലഭ്യത കുറവായിരിക്കാം ....പക്ഷേ കാളയെ വിവിധ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം എന്നതും ചാണകവും ഗോമൂത്രവും ഒന്നാന്തരം വളം , കീടനാശിനി എന്നതാണെന്നതും മറച്ചുവെക്കപ്പെട്ടു .അതോടെ ഗ്രാമീണമേഖലകള്‍ പോലും പെട്രോള്‍ ,ഡീസല്‍,രാസവളം , കീടനാശിനി എന്നിവക്ക് അടിമപ്പെടേണ്ടിവന്നു .കര്‍ഷകരുടെ ചെറുകിട ആവശ്യങ്ങള്‍ക്ക് സഹായകരമായിരുന്ന കാളവണ്ടി അപരിഷ് കൃതമാണെന്നൊരു ചിന്തവന്നു . എന്നാല്‍ ഇതൊരു നോണ്‍ പൊളൂട്ടിങ്ങ് വെഹിക്കിള്‍ ആണെന്നത് ചിന്തിക്കാന്‍ പുരോഗമന കാലത്ത് ആരുമില്ലാതായി . ഹരിതവിപ്ലവകാലത്ത് രാസവളം കീടനാശിനി എന്നിവ കോരിച്ചൊരിയപ്പെട്ട സംസ്ഥാനമായ ഹരിയാനയില്‍ ബേങ്കുകള്‍ ട്രാക്ടര്‍ വാങ്ങുന്നതിന് കര്‍ഷകര്‍ക്ക് ഉദാരമായി വായ്പകള്‍ നല്‍കി . എല്ലാകര്‍ഷകരും മത്സരിച്ച് ട്രാക്ടര്‍ വാങ്ങി .ഒടുവില്‍ രാസവളം കീടനാശിനി എന്നിവ മണ്ണിനെ നശിപ്പിച്ച് കൃഷി നഷ്ടമാക്കി .ലോണ്‍ തിരിച്ചടവ് മുടങ്ങി , കൂടാതെ ട്രാക്ടര്‍ ഒാ ടണമെങ്കില്‍ ഡീസലും അനുബന്ധചിലവുകള്‍ വേറേയും . ഒടുവില്‍ കര്‍ഷകര്‍ മഹത്തായ സത്യം വിളിച്ചു പറയാന്‍ നിര്‍ബന്ധിതരായി , ട്രാക്ടര്‍ ചാണകമിടുന്നില്ല........ നിലം ഉഴാന്‍ കാളയുണ്ടായിരുന്നെങ്കില്‍ ഇന്ധനമായി പുല്ലുനല്‍കിയാല്‍ മതിയായിരുന്നു പകരം പുറത്തുവിടുന്ന ചാണകം വളമായി ഉപയോഗിക്കുകയും ചെയ്യാം മണ്ണ് ന ന്നാവുകയും ചെയ്യും . പടിഞ്ഞാറന്‍ നാടുകളില്‍ നിന്നും ഇറക്കുമതി ചെയ്ത പശു ഇനങ്ങളില്‍ കാളകള്‍ക്ക് വണ്ടിവലിക്കാനോ നിലം ഉഴാനോ ഉള്ള ശേഷി ഇല്ല .പോരാത്തതിന് അവ പാല്‍ തരാത്ത ജീവികളായതുകൊണ്ട് ഇറച്ചിതീനികളായ മൃഗങ്ങളുടെ കൊലക്കത്തിക്ക് കൊടുക്കാനാണ് വിദഗ്ദന്‍മാര്‍ ഉപദേശിച്ചത് .കര്‍ഷകര്‍ ആ വഴിക്ക്തിരിഞ്ഞു.(ഇപ്പോള്‍ ഭാരതത്തില്‍ പ്രതിദിനം ഒരു ലക്ഷം പശുക്കളേയാണ് കശാപ്പുചെയ്യുന്നത് . കിടാവുകളില്‍ 65ശതമാനത്തേയും കൂടിയ വിലക്ക് മാംസമാക്കി വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നു .കേരളത്തില്‍ പ്രതിവര്‍ഷം 30ലക്ഷം പശുക്കളേയാണ് കശാപ്പുചെയ്യുന്നത് .ഇങ്ങനെ കൊലപാതകനിരക്ക് തുടര്‍ന്നാല്‍ 12 വര്‍ഷം കൊണ്ട് ഭാരതത്തില്‍ പശു ഇല്ലാതാവും )വിദേശ പശു ഇനത്തിന് കൂടുതല്‍ പരിചരണവും കൂടുതല്‍ ഭക്ഷണവും വേണം എന്നത് പശു വളര്‍ത്തല്‍ ഒരു ഭാരിച്ച ജോലിയാക്കി മാറ്റി .എന്നാല്‍ നാടന്‍ പശുവിന്‍റെ ഇക്കാര്യത്തിലുള്ള മേന്‍മ മൂടിവെക്കപ്പെട്ടു .രോഗപ്രതിരോധശേഷി കൂടുതലാണെന്നതും കൈകാര്യം ചെയ്യാന്‍ എളുപ്പമാണെന്നതും വിദഗ്ദന്‍മാര്‍ക്ക് പ്ലസ് പോയിന്‍റുകളായിരുന്നില്ല . ആയതിനാല്‍ ഭാരതീയ പശു വര്‍ഗ്ഗങ്ങള്‍ ക്രമേണ ഇറച്ചിയാക്കപ്പെട്ടു .ഭാരതീയ തനത് പശു വര്‍ഗ്ഗങ്ങളില്‍ എഴുപതോളം എണ്ണമാണ് വംശം അറ്റുപോയത് . അതില്‍ വിദഗ്ധന്‍മാര്‍ക്കുള്ളപങ്ക് ചില്ലറയല്ല .എന്നാല്‍ നമുക്ക് പ്രത്യാശനല്‍കുന്നത് , ഭാരതത്തിന്‍റെ ചില
ഭഗങ്ങളില്‍ തനത് പശുവര്‍ഗ്ഗങ്ങളെ സംരക്ഷിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു എന്നതിലാണ്....... ( കലപ്പ ഞങ്ങളുടെ ഭൂമിയെ സന്തോഷപൂര്‍വ്വം ഉഴട്ടേ ......,
കലപ്പ കാളയോടൊപ്പം സന്തോഷപൂര്‍വ്വം ഉഴട്ടേ ....
കലപ്പ കാളയോടൊപ്പം സന്തോഷപൂര്‍വ്വം സഞ്ചരിയ്ക്കട്ടേ .....
മഴ സന്തോഷത്തോടെ മധുര പ്രവാഹം കൊണ്ട് -
ഭൂമി നനയ്ക്കട്ടേ .....
- ഋഗ്വേദം )
ചൊവ്വാഴ്ച, നവംബർ 24, 2009
ആയുര്‍വ്വേദ മേഖല സംഘര്‍ഷത്തില്‍
വ്യാഴാഴ്‌ച, നവംബർ 19, 2009
സൈക്കിള്‍ തിരിച്ചുവരില്ലേ ....
സംഘടനാ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് ലാന്‍ട് റവന്യൂ കമ്മീഷണറേ റ്റ് പടിക്കല്‍ രണ്ട് നാള്‍ ഉപവാസമിരിക്കേണ്ടിവന്നപ്പോള്‍ കണ്ട ചിലനഗരക്കാഴ്ചകള്‍ ചില സൂചനകള്‍ തരുന്നു . അതായത്
സൈക്കിള്‍ എന്ന വാഹനം മണ്‍മറയുന്നതും കാര്‍ , ബൈക്ക് എന്നിവ മുന്നേറുന്നതും .
രണ്ടു ദിവസം രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ റോഡിലേക്ക് കണ്ണും നട്ട് ഇരുന്നപ്പോള്‍ ആകെ കണ്ടത് 14 സൈക്കിള്‍ യാത്രക്കാരെ മാത്രമാണ് . ബൈക്കുകളും കാറുകളുമാണെങ്കിലോ ആയിരക്കണക്കിനും . 14 സൈക്കിള്‍ യാത്രക്കാരില്‍ 2 പേര്‍ മാത്രമാണ് ചെറുപ്പക്കാര്‍ . ബാക്കിയുള്ളവര്‍ സ്കൂള്‍ കുട്ടികളോ വൃദ്ധന്‍മാരോ ആണ് . അവരില്‍ ചിലര്‍ സായാഹ്ന സവാരിക്കായി മാത്രം സൈക്കിള്‍ ഉപയോഗിക്കുന്ന വരാണ് . അല്ലെങ്കില്‍ പത്രവിതരണം പോലുള്ള തൊഴിലുകള്‍ ചെയ്യുന്നവരാണ് . ഗൌരവമുള്ള ഒരു യാത്രാവാഹനമായി സൈക്കിള്‍ ഉപയോഗിക്കുന്നതായി തോന്നിയത് 2 പേര്‍ മാത്രമാണ്.
നഗരത്തില്‍ അമിത വേഗതയിലാണ് ബൈക്കുകളും കാറുകളും സഞ്ചരിക്കുന്നത് .ഏതെങ്കിലും സിഗ്നല്‍ പോയിന്‍ റില്‍ നിന്ന് പച്ചലൈറ്റ് കിട്ടിയാല്‍ സ്കൂള്‍ വിട്ട് കുട്ടികള്‍ പുറത്തേക്ക് കുതിക്കുന്നത് പോലെ വാഹനങ്ങള്‍ ഒറ്റ ക്കുതിപ്പാണ് . ... ജീവനോടെ വീടെത്താന്‍ കഴിയുക എന്നത് നഗരത്തിലെ വാഹന യാത്രക്കാരുടെ ലോട്ടറിയാണ് .... ഇടവേളകളില്‍ റോഡ് കാലിയാവുന്നത് സിഗ്നല്‍ ചുവപ്പാകുന്പോള്‍ മാത്രമാണ് . വികസനത്തിെന്‍ റ അറ്റം മുട്ടുന്പോള്‍ , പരകോടിയിലെത്തുന്പോള്‍ , ശ്വസിക്കാന്‍ ഒാക്സിജന്‍ ഇല്ലാതെ ഭ്രാന്തന്‍മാരായി മാറിയ ഒരു തലമുറയാണ് നമ്മുടെ പട്ടണങ്ങില്‍ ഉണ്ടാവുക
ബുധനാഴ്‌ച, നവംബർ 18, 2009
ഗോ സംരക്ഷണ പ്രതിജ്ഞ
ഹേ പരമ പൂജ്യ ഗോമാതാ ...
അവിടുന്ന് പ്രേമമയിയും കരുണാമയിയുമായ അമ്മയാണ് ,
സകല അഭിലാഷങ്ങളും പൂര്‍ത്തിയാക്കിത്തരുന്ന കാമധേനുവാണവിടുന്ന് ,
പവിത്രതീര്‍ത്ഥരൂപിയായ അവിടുന്ന് ചലിക്കുന്ന ദേവാലയമാണ് ,
ഗംഗാമാതാവി ന്‍റ പവിത്രതയും പരിശുദ്ധിയും നിറഞ്ഞദേവിയാണ് .
സര്‍വ്വരോഗനിവാരണിയും ആരോഗ്യദാതാവുമായ -
ധന്വന്തരിരൂപിയായ ഗോമാതാവാണങ്ങ് .
ജൈവകൃഷിയിലൂടെ സമൃദ്ധിയേകുന്ന ലക്ഷ് മീദേവിയും അവിടുന്നാണ്
അവിടത്തോടുള്ള എണ്ണമറ്റ തും നിരന്തരവുമായ അതിക്രമങ്ങളാല്‍ ,
ഹേ .. മാതാവേ ഞാന്‍ അങ്ങേയറ്റം ദുഖിതനാണ് .
അവിടത്തോടുള്ള അനാദരവ് എല്ലാ വിധത്തിലും അസഹ്യമാണ്.
മനോവാക്കര്‍മ്മങ്ങളാല്‍ അങ്ങയുടേയും അങ്ങയുടെ നൈസര്‍ഗ്ഗികമായ ജലം ,
ഭൂമി , ജീവജാലങ്ങള്‍ , വനങ്ങള്‍ , ജനങ്ങളുടെ വാസസ്ഥാനമായ ഗ്രാമങ്ങള്‍
എന്നിവയുടേയും സുരക്ഷ , സംവര്‍ദ്ധനം , സേവനം എന്നിവക്കായി
എല്ലായ്പ്പോഴും സക്രിയമായി നിലനിന്നുകൊണ്ട് അവിടുത്തെ മഹത്വത്തെ
സമാജത്തില്‍ പുനപ്രതിഷ്ടിക്കുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു .
ഈ ശുഭ സങ്കല്‍പ്പം പൂര്‍ണ്ണമാക്കുന്നതിന് എനിക്ക് ശക്തിയും സാമര്‍ത്ഥ്യവും
ഏകിയാലും , കൃപ തൂകിയാലും അമ്മേ ...
ഗോ മാതാ കീ ജയ്....
ഗോ രക്ഷക്കായി ആരുണ്ട് ....?
നാമുണ്ട് , നമ്മളുണ്ട് , നമ്മളെല്ലാമുണ്ട് ....
വെള്ളിയാഴ്‌ച, ഒക്‌ടോബർ 30, 2009
കുപ്പിവെള്ളം കുടിപ്പിച്ച തിരുവനന്തപുരം
വ്യാഴാഴ്‌ച, ഒക്‌ടോബർ 29, 2009
വിശ്വമംഗള ഗോ ഗ്രാമ യാത്ര
വ്യാഴാഴ്‌ച, ഒക്‌ടോബർ 08, 2009
രാജവെമ്പാല എന്ന സാധുജീവി
എന്നതും മനുഷ്യനെ ഒട്ടും ഭയക്കുന്നില്ല എന്നതുമാണെന്ന് ചില വീഡിയോ ചിത്രങ്ങള്‍ കാണുമ്പോള്‍ തോന്നുന്നു . രാജവെമ്പാലയുടെ ജീവിതം ആസ്പദമാക്കിയുള്ള ഡോക്യുമെന്റെറി ചിത്രങ്ങള്‍ പ്രകാരം മനുഷ്യന്‍ അങ്ങോട്ട് ഭയപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മാത്രമാണ് രാജവെമ്പാല പത്തിവിരിച്ചുകാട്ടി മനുഷ്യനെ അകറ്റാന്‍ ശ്രമിക്കുന്നത് .വിദഗ്ദന്‍മാരായ പാമ്പുപിടുത്തക്കാര്‍ കൊടുംകാട്ടിനുള്ളില്‍ രാജവെമ്പാലയെ വെറും കൈ കൊണ്ട് പിടിക്കുമ്പോള്‍ പോലും രാജവെമ്പാല സമനിലവിട്ട് പെരുമാറിയതായി കാണുന്നില്ല .മനുഷ്യന്റെ ശല്യം സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഉടന്‍ സ്ഥലം വിട്ടുപോകുന്ന പ്രകൃതമാണ് രാജവെമ്പാലയുടേത് .എന്നാല്‍ ചില നേരങ്ങളില്‍ വനമേഖലകളില്‍ മനുഷ്യന്റെ സാമീപ്യമുള്ള സ്ഥലത്തുപോലും രാജവെമ്പാല ഭയമില്ലാതെ കറങ്ങിനടക്കുകയും ചെയ്യുന്നത് റിപ്പോര്‍ട്ട്ചെയ്യപ്പെട്ടിട്ടുണ്ട് . ഇവിടെയൊന്നും ആരെയും ഉപദ്രവിച്ചതായി റിപ്പോര്‍ട്ടുമില്ല .മറ്റു പാമ്പുകളെ അപേക്ഷിച്ച് രാജവെമ്പാലക്കുള്ള ഒരു പ്രത്യേകത ഇത് മുട്ടയിടാനായി സ്വന്തമായി കൂട് നിര്‍മ്മിക്കുന്നു എന്നതാണ് .മണ്ണില്‍ കൊഴിഞ്ഞുവീണ ഈറ്റയുടേയും മറ്റും ഇലകള്‍ക്കുമീതെ ശരീരം കൊണ്ട് ചുറ്റി വരിഞ്ഞ് ഒരു കൂമ്പാരം പോലെയാക്കുന്നു ഇതാണ് കൂട് . ഈ കൂട്ടില്‍ മുട്ടയിടുന്നു . ഭക്ഷണക്കാര്യത്തില്‍ തികച്ചും വ്യത്യസ്ഥമായ രീതിയാണ് രാജവെമ്പാലക്കുള്ളത് . അതായത് മറ്റു പാമ്പുകള്‍ എലി , തവള തുടങ്ങിയ ചെറു ജീവികളെ പിടികൂടിതിന്നുമ്പോള്‍ രാജവെമ്പാല പ്രധാനമായും തിന്നുന്നത് പാമ്പുകളെയാണ് . ചേരയാണ് ഇഷ്ട ഭോജ്യം .( മറ്റു ചില പാമ്പുകളും അപൂര്‍വ്വമായി പാമ്പുകളെ തിന്നാറുണ്ട് ) കരിഞ്ചാത്തി , കരിനാടന്‍ , കരിനടുവന്‍ , കൃഷ്ണസര്‍പ്പം എന്നിങ്ങനെയെല്ലാം പേരുകളുള്ള രാജവെമ്പാലയെ സാധാരണ ജനങ്ങള്‍ വളരെയധികം ഭയക്കുന്നുണ്ട് ആയതിനാല്‍ വളരെയധികം അന്ധവിശ്വാസങ്ങളും പ്രചരിക്കാന്‍ ഇട വന്നിട്ടുണ്ട് . അതില്‍ ഒന്ന് രാജവെമ്പാല വാല് നിലത്തുകുത്തി ശരീരം മുഴുവന്‍ ഉയര്‍ത്തിനില്‍ക്കും എന്നതാണ് യഥാര്‍ത്ഥത്തില്‍ രാജവെമ്പാലക്ക് ശരീരത്തിന്റെ മൂന്നില്‍ ഒരു ഭാഗം ഉയര്‍ത്തി പത്തിവിരിച്ചുനില്‍ക്കാന്‍ കഴിയും . അതായത് മുഴുവന്‍ വളര്‍ച്ചയെത്തിയ രാജവെമ്പാല( 18 അടി ) 6 അടി ഉയരത്തില്‍ തല ഉയര്‍ത്തിപ്പിടിച്ച് പത്തിവിരിച്ചുനില്‍ക്കും . ഇത് കാട്ടില്‍ വസിക്കുന്ന ആദിവാസിയുടെ ഉയരത്തേക്കാള്‍ വരും . തന്‍മൂലം ഇത് കാണുന്ന സാധാരണക്കാരന്‍ / ആദിവാസി വിചാരിക്കുക ഒരു പാമ്പ് വാല് നിലത്ത് കുത്തി ഉയര്‍ന്നുനില്‍ക്കുന്നു എന്നാണ് .യഥാര്‍ത്ഥത്തില്‍ പാമ്പിന്റെ ബാക്കി മൂന്നില്‍ രണ്ടു ഭാഗം നിലത്തുകിടക്കുന്നത് കാണാതെ ഭയന്ന് ഓടിമറയുന്ന പാവം മനുഷ്യന്‍ നാട്ടില്‍ചെന്ന് പേടിപ്പെടുത്തുന്ന കഥകള്‍ മെനയുന്നു പലപ്പോഴും ഉയര്‍ന്നുനിന്ന് പത്തിവിരിച്ചുകാണിക്കുന്നതില്‍ എതിരാളിയെ ഭയപ്പെടുത്തുക എന്നതുമാത്രമേ രാജവെമ്പാല ലക്ഷ്യം വെക്കുന്നുള്ളൂ . ബ്രിട്ടീഷ് ഭരണകാലത്ത് ഒരു സായിപ്പ് , വെയില്‍ കാഞ്ഞ് കിടക്കുകയായിരുന്ന ഒരു രാജവെമ്പാലയുടെ പുറത്ത് ചവിട്ടി കടികൊള്ളുകയും മരിക്കുകയും ചെയ്തു എന്നതാണ് ഇന്ത്യയില്‍ രാജവെമ്പാലയുടെ കടി കൊണ്ടുള്ള ഏക മരണമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത് വനമേഖലകളില്‍ അധിവസിക്കുന്ന ആളുകള്‍ക്കിടയിലും ചില പുസ്തകങ്ങളിലും രാജവെമ്പാലയെ അതിക്രൂരനും ഭീകരനുമായ ഒരു ജീവിയായാണ് ചിത്രീകരിച്ചിട്ടിട്ടുള്ളത് .എന്നാല്‍ ആധുനിക പഠനങ്ങള്‍ സൂചിപ്പിക്കുന്നത് രാജവെമ്പാല തികച്ചും ശാന്തനും നിരുപദ്രവകാരിയും വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ജീവിയുമാണെന്നതാണ്
പായലേ വിട ... പൂപ്പലേ വിട....
ചൊവ്വാഴ്ച, ഒക്‌ടോബർ 06, 2009
ഭോപ്പാലില്‍ അന്ന് സംഭവിച്ചത്
വ്യാഴാഴ്‌ച, സെപ്റ്റംബർ 24, 2009
കൂന്തംകുളം വിശേഷങ്ങള്‍
കൂന്തംകുളം തിരുനെല്‍വേലി ജില്ല തമിഴ്നാട്