വ്യാഴാഴ്‌ച, ജൂൺ 16, 2011

റബ്ബറേ നന്ദി...


റബ്ബറേ.... ആമസോണിന്റെ കരയുന്ന മരമേ മദ്ധതിരുവിതാംകൂറുകാരന്റെയും ഇപ്പോള്‍ കേരളം എന്ന റബ്ബറളത്തിന്റേയും ആശ്രയമേ നിനക്ക് നന്ദി... ഒരു കാലത്ത് ഏകവിളത്തോട്ടം എന്ന കാരണത്താല്‍ സസ്യവൈവിധ്യം ഇല്ലെന്ന കുററം റബ്ബര്‍ത്തോട്ടങ്ങള്‍ക്കുമേല്‍ ചുമത്തിയെങ്കിലും , റബ്ബര്‍ത്തോട്ടങ്ങള്‍ ചെയ്ത മഹത്തായൊരു കാര്യം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. അതായത് നാട്ടിലെ മറ്റേതൊരു ഭൂമിയും തുണ്ടുകളായി മുറിഞ്ഞ് കോണ്‍ക്രീറ്റ് കെട്ടിടങ്ങളാല്‍ നിറഞ്ഞപ്പോള്‍ റബ്ബര്‍ മരങ്ങള്‍ പാലുതന്നു പോറ്റുന്നു എന്ന കാരണത്താല്‍ ആ ഭൂമികള്‍ വന്യമായി സംരക്ഷിയ്ക്കപ്പെട്ടു.വന്യം എന്നുപറഞ്ഞാല്‍ ദിവസത്തില്‍ കേവലം രണ്ടുമനുഷ്യന്‍മാര്‍ മാത്രം സഞ്ചരിയ്ക്കുന്ന ( ടാപ്പിങ്ങുകാരനും പാലെടുക്കുന്ന ആളും ) മറ്റു സമയങ്ങളില്‍ ഇതര ജീവജാലങ്ങള്‍ പെരുമാറുന്ന ഭൂമിയായി മാറ്റപ്പെട്ടു. നാട്ടിലെ കുന്നുകളെല്ലാം ഇടിച്ചുനിരത്തപ്പെട്ടപ്പോള്‍ റബ്ബര്‍ മരങ്ങള്‍ കവചമായി നിന്ന കുന്നുകള്‍ സംരക്ഷിയ്കപ്പെട്ടു. അതായത് റബ്ബര്‍ കുന്നുകളെ സംരക്ഷിച്ചു. യഥാര്‍ത്ഥത്തില്‍ റബ്ബര്‍ത്തോട്ടങ്ങള്‍ ഏകവിളത്തോട്ടങ്ങളായതിനാല്‍ ജൈവ വൈവിധ്യം ഇല്ലാതാകുന്നു എന്നത് ശരി തന്നെ .എന്നാല്‍ റബ്ബര്‍ത്തോട്ടങ്ങളില്‍ ബഹുവിളകള്‍ സാധ്യമാണ് .കൈതച്ചക്ക മുതല്‍ മറ്റനേകം വിളകള്‍ ഇടവിളയായി നട്ട് ഇത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ് .എന്നാല്‍ റബ്ബര്‍ ബോര്‍ഡ് കൊടുക്കുന്ന നക്കാപ്പിച്ചാ സബ്സിഡിയ്ക്കുവേണ്ടി കര്‍ഷകര്‍ റബ്ബര്‍ത്തോട്ടങ്ങളെ ഏകവിളത്തോട്ടങ്ങളാക്കി നിലനിര്‍ത്തുന്നു. റബ്ബര്‍ത്തോട്ടങ്ങളില്‍ ബഹുവിള നടപ്പാക്കുകയാണെങ്കില്‍ വര്‍ഷത്തില്‍ റബ്ബര്‍ ബോര്‍ഡ് കൊടുക്കുന്ന തുകയുടെ നാലിരട്ടി തുക കര്‍ഷകര്‍ക്ക് ലഭിയ്ക്കും .ബഹുവിളയിലൂടെ റബ്ബര്‍ത്തോട്ടങ്ങള്‍ ലഘുവനത്തിന്റെ ഗുണം നല്‍കുകയും ചെയ്യും . റബ്ബറേ നീ കരയുന്ന മരം മാത്രമല്ല.... , കുന്നുകളുടേയും വന്യതയുടെയും കരച്ചില്‍ മാറ്റിയ മരം കൂടിയാണ്.....

posted by
shinojacob shino jacob SHINO JACOB SHINOJACOB

1 അഭിപ്രായം: