വ്യാഴാഴ്‌ച, ഏപ്രിൽ 01, 2010

വീണ്ടും കല്ലാന...


അഗസ്ത്യകൂടവനങ്ങളില്‍ ഉണ്ട് എന്ന് വിശ്വസിയ്ക്കപ്പെടുന്ന കല്ലാന ( തുമ്പിയാന ) എന്ന് വിളിയ്ക്കുന്ന കുള്ളന്‍ ആനവര്‍ഗ്ഗത്തെപ്പറ്റി വീണ്ടും റിപ്പോര്‍ട്ട് ....

ആനകളുടെ വര്‍ഗ്ഗത്തില്‍പ്പെട്ട , എന്നാല്‍ ഒരു കുട്ടിയാനയുടെ മാത്രം വലുപ്പമുള്ള ഈ ജീവിയെ അഗസ്ത്യകൂടവനങ്ങളിലെ കാണി എന്ന ആദിവാസി വിഭാഗത്തിന് സുപരിചിതമാണ്. എന്നാല്‍ ആധുനിക ശാസ്ത്രം ഇപ്പോഴും ഇങ്ങിനെയൊരു ജീവി ഉള്ളതായി അംഗീകരിച്ചിട്ടില്ല .

കുറച്ച് വര്‍ഷം മുന്‍പ് സാലിപാലോട് എന്ന വന്യജീവി ഫോട്ടോഗ്രാഫര്‍ ഈ ജീവിയുടെ ഫോട്ടോ എടുത്തിരുന്നു . ആയതിനുശേഷം അജന്തബെന്നി എന്ന ഫോട്ടോഗ്രാഫര്‍ എടുത്ത ചിത്രം സഹിതം 20-03-2010 ന് മലയാളമനോരമ റിപ്പോര്‍ട്ട് നല്‍കിയിരിയ്ക്കുന്നു .

2008 ല്‍ ഞാന്‍ അഗസ്ത്യകൂടം സന്ദര്‍ശിച്ചപ്പോള്‍ ഈ ജീവിയുടേതെന്ന് കരുതുന്ന കാലടയാളവും പിണ്ടവും കണ്ടിരുന്നു .സാധാരണ ആനകള്‍ക്ക് കയറിച്ചെല്ലാന്‍ കഴിയാത്ത ചെങ്കുത്തായ മലനിരകളിലും ,ഇടുങ്ങിയ പാറക്കെട്ടുകള്‍ക്കിടയിലുമെല്ലാം ഇവയുടെ കാലടയാളവും പിണ്ടവും കണ്ടിരുന്നു ....കാലടയാളത്തിന്റെ വലുപ്പം വലിയ ആനയുടേതിന് പകുതി മാത്രമേ ഉണ്ടായിരുന്നുള്ളൂ ..ആനപ്പിണ്ടത്തിന്റെ വലുപ്പവും കുറവായിരുന്നു.

കാടുകള്‍ നമുക്ക് നിര്‍വ്വചിയ്ക്കാന്‍ കഴിയാത്തത്ര വൈവിധ്യം നിറഞ്ഞതാണ്. അവിടെ മനുഷ്യന്റെ ശാസ്ത്രക്കണ്ണില്‍പ്പെടാത്ത നിരവധി ജീവികളും സസ്യങ്ങളുമുണ്ടാവും .... കിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ ഹരിതവനങ്ങളില്‍ നിന്നും പുതിയ ജീവികളെ കണ്ടെത്തിയ നിരവധി വാര്‍ത്തകള്‍ വന്നുകൊണ്ടിരിയ്ക്കുന്നു. നമ്മുടെ വനങ്ങളില്‍ നിന്നും നിരവധിയിനം തവള വര്‍ഗ്ഗങ്ങളെ അടിയ്ക്കടി കണ്ടെത്തുന്നുണ്ട്.... ലോകത്തില്‍ വംശനാശം സംഭവിച്ചു എന്ന് കരുതിയ പല ജീവികളും തിരിച്ചെത്തുന്നു. മൂന്നാറിലെ മുതുവാന്‍മാരുടെ കഥകളിലുണ്ടായിരുന്ന പൊകയന്‍ പുലി ഒടുവില്‍ വനം വകുപ്പിനാല്‍ അംഗീകരിയ്ക്കപ്പെട്ടല്ലോ...

കല്ലാന അപ്രകാരം ഒരു ജീവിയാകാന്‍ ഇടയുണ്ട്.... മനുഷ്യന്റെ ശാസ്ത്രലോകത്തിന്റെ കാണാമറയത്ത് , അഗസ്ത്യകൂട വന നിരകളുടെ സുരക്ഷിതത്വത്തില്‍ അവന്‍ വിലസി നടക്കുന്നു .....നാളെ ഒരുനാള്‍ കല്ലാനയെ ശാസ്ത്രലോകം അംഗീകരിയ്ക്കും.... അതോടെ കല്ലാന ഒരു അപൂര്‍വ്വ ജീവിയായി മാറും.....


Shino jacob ഷിനോജേക്കബ്

4 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. തവളകളെപ്പോലെയും പൂച്ച വര്‍ഗവര്‍ഗക്കാരെപ്പോലെയും ഒളീച്ചുകഴിയാവുന്ന ജന്തുക്കളാണോ ആനവര്‍ഗം ? കല്ലാന ഒരു സാങ്കല്പികജീവി ആയിക്കൂടെന്നില്ല >

    ബ്ലോഗിന്റെ ഫോണ്ട് കളര്‍ , ടെക്സ്റ്റിന്റെ ചില ഭാഗം മാത്രം ലാര്‍ജ് ആക്കുന്ന പരിപാടി മുതലായവ വായന അരോചകമാക്കുന്നുണ്ട്. ബ്ലോഗറിലെ പുതിയ ടെമ്പ്ലേറ്റ് എഡിറ്റര്‍ ഉപയോഗിക്കാന്‍ എളുപ്പമാ‍ണല്ലോ

    മറുപടിഇല്ലാതാക്കൂ
  3. ഇന്നല്ലെങ്കില്‍ നാളെ കല്ലാനയെ ശാസ്ത്രലോകം അംഗീകരിയ്ക്കും എന്നാണ് എന്റെ വിശ്വാസം.... നാട്ടുവാസിയായ ശാസ്ത്രജ്ഞന്‍ ചെല്ലുമ്പോള്‍ കല്ലാന മുന്നില്‍പ്പെടുന്നില്ല എന്നതിനാല്‍ കല്ലാനയ്ക്ക് സാങ്കല്‍പ്പിക ജീവി എന്ന ലേബലില്‍ കുറേക്കാലം കൂടി കഴിയേണ്ടി വരും.....

    മറുപടിഇല്ലാതാക്കൂ