വ്യാഴാഴ്‌ച, ജൂൺ 16, 2011

റബ്ബറേ നന്ദി...


റബ്ബറേ.... ആമസോണിന്റെ കരയുന്ന മരമേ മദ്ധതിരുവിതാംകൂറുകാരന്റെയും ഇപ്പോള്‍ കേരളം എന്ന റബ്ബറളത്തിന്റേയും ആശ്രയമേ നിനക്ക് നന്ദി... ഒരു കാലത്ത് ഏകവിളത്തോട്ടം എന്ന കാരണത്താല്‍ സസ്യവൈവിധ്യം ഇല്ലെന്ന കുററം റബ്ബര്‍ത്തോട്ടങ്ങള്‍ക്കുമേല്‍ ചുമത്തിയെങ്കിലും , റബ്ബര്‍ത്തോട്ടങ്ങള്‍ ചെയ്ത മഹത്തായൊരു കാര്യം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. അതായത് നാട്ടിലെ മറ്റേതൊരു ഭൂമിയും തുണ്ടുകളായി മുറിഞ്ഞ് കോണ്‍ക്രീറ്റ് കെട്ടിടങ്ങളാല്‍ നിറഞ്ഞപ്പോള്‍ റബ്ബര്‍ മരങ്ങള്‍ പാലുതന്നു പോറ്റുന്നു എന്ന കാരണത്താല്‍ ആ ഭൂമികള്‍ വന്യമായി സംരക്ഷിയ്ക്കപ്പെട്ടു.വന്യം എന്നുപറഞ്ഞാല്‍ ദിവസത്തില്‍ കേവലം രണ്ടുമനുഷ്യന്‍മാര്‍ മാത്രം സഞ്ചരിയ്ക്കുന്ന ( ടാപ്പിങ്ങുകാരനും പാലെടുക്കുന്ന ആളും ) മറ്റു സമയങ്ങളില്‍ ഇതര ജീവജാലങ്ങള്‍ പെരുമാറുന്ന ഭൂമിയായി മാറ്റപ്പെട്ടു. നാട്ടിലെ കുന്നുകളെല്ലാം ഇടിച്ചുനിരത്തപ്പെട്ടപ്പോള്‍ റബ്ബര്‍ മരങ്ങള്‍ കവചമായി നിന്ന കുന്നുകള്‍ സംരക്ഷിയ്കപ്പെട്ടു. അതായത് റബ്ബര്‍ കുന്നുകളെ സംരക്ഷിച്ചു. യഥാര്‍ത്ഥത്തില്‍ റബ്ബര്‍ത്തോട്ടങ്ങള്‍ ഏകവിളത്തോട്ടങ്ങളായതിനാല്‍ ജൈവ വൈവിധ്യം ഇല്ലാതാകുന്നു എന്നത് ശരി തന്നെ .എന്നാല്‍ റബ്ബര്‍ത്തോട്ടങ്ങളില്‍ ബഹുവിളകള്‍ സാധ്യമാണ് .കൈതച്ചക്ക മുതല്‍ മറ്റനേകം വിളകള്‍ ഇടവിളയായി നട്ട് ഇത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ് .എന്നാല്‍ റബ്ബര്‍ ബോര്‍ഡ് കൊടുക്കുന്ന നക്കാപ്പിച്ചാ സബ്സിഡിയ്ക്കുവേണ്ടി കര്‍ഷകര്‍ റബ്ബര്‍ത്തോട്ടങ്ങളെ ഏകവിളത്തോട്ടങ്ങളാക്കി നിലനിര്‍ത്തുന്നു. റബ്ബര്‍ത്തോട്ടങ്ങളില്‍ ബഹുവിള നടപ്പാക്കുകയാണെങ്കില്‍ വര്‍ഷത്തില്‍ റബ്ബര്‍ ബോര്‍ഡ് കൊടുക്കുന്ന തുകയുടെ നാലിരട്ടി തുക കര്‍ഷകര്‍ക്ക് ലഭിയ്ക്കും .ബഹുവിളയിലൂടെ റബ്ബര്‍ത്തോട്ടങ്ങള്‍ ലഘുവനത്തിന്റെ ഗുണം നല്‍കുകയും ചെയ്യും . റബ്ബറേ നീ കരയുന്ന മരം മാത്രമല്ല.... , കുന്നുകളുടേയും വന്യതയുടെയും കരച്ചില്‍ മാറ്റിയ മരം കൂടിയാണ്.....

posted by
shinojacob shino jacob SHINO JACOB SHINOJACOB

ശനിയാഴ്‌ച, ജൂൺ 11, 2011

കുളം കുഴിച്ചവരുണ്ടോ ????


വാപീ കൂപ തടാഗാനി

ദേവതായ തനാനിച,

അന്നപ്രദാന, മാരാമ:

പൂര്‍ത്തമിത്യ ദിധീയതേ


( കുളം, കിണര്‍,തടാകം

എന്നീ ജലാശയങ്ങളുടെ നിര്‍മ്മാണവും

വനവല്‍ക്കരണവും

അന്നദാനവും

പൂന്തോട്ടനിര്‍മ്മാണവും

സത്കര്‍മ്മങ്ങളില്‍പ്പെടുന്നു )

മേല്‍ക്കൊടുത്ത ശ്ലോകം വായിച്ചപ്പോള്‍ തോന്നിയ ഒരു സംശയം കഴിഞ്ഞ ഒരു അന്‍പതു വര്‍ഷത്തിനുളളില്‍ നമ്മുടെ നാട്ടില്‍ ആരെങ്കിലും കുളം നിര്‍മ്മിച്ചിട്ടുണ്ടോ എന്നതാണ്. എന്റെ നാട്ടില്‍ നിരവധി കുളങ്ങളുണ്ടെങ്കിലും അവയിലൊന്നുപോലും അടുത്തകാലത്ത് നിര്‍മ്മിച്ചവയല്ല. പലതും ഒരു തലമുറയ്ക്കുമുന്‍പേ നിര്‍മ്മിയ്ക്കപ്പെട്ടവയാണ്...

കുളങ്ങള്‍ പൊതു ഇടങ്ങളാണ്, ഏത് പ്രായക്കാര്‍ക്കും സന്തോഷം നല്‍കുന്ന ഒന്നാണ് കുളത്തില്‍ കുളിയ്ക്കുക എന്നത് . കാലപ്രവാഹത്തില്‍ നമ്മുടെ സംസ്കാര,സാമൂഹിക രീതികള്‍ മാറിയതുകൊണ്ടോ, കൃഷി പുറകോട്ടുപോകുന്നത് കൊണ്ടോ ആയിരിയ്ക്കാം ആരും കുളങ്ങള്‍ കുഴിയ്ക്കാത്തത്.

ആധുനിക കാലത്ത് പാറമടകള്‍ ഉപയോഗശേഷം കുളങ്ങള്‍ / ജലാശയങ്ങള്‍ എന്നിവ ആയ വാര്‍ത്തകള്‍ കേട്ടിട്ടുണ്ടെങ്കിലും , ജനകീയാസൂത്രണ / തൊഴിലുറപ്പ് പദ്ധതിക്കാലത്ത് കുളങ്ങള്‍ വൃത്തിയാക്കിയ കണക്കുകളുണ്ടെങ്കിലും പഞ്ചവത്സര പദ്ധതിക്കാലത്ത് വന്‍കിട അണക്കെട്ടുകളും പണംവാരി ജലസേചന പദ്ധകള്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും ഞാന്‍ കേട്ടിട്ടില്ലാത്ത ഒന്നാണ് കുളം കുഴിച്ചു എന്നത്.

ആധുനിക സ്വിമ്മിങ്ങ് പൂളുകള്‍ വീടുകളില്‍ കുട്ടികളുടെ ജീവനെടുക്കാന്‍ വേണ്ടുന്ന പൊങ്ങച്ചങ്ങളാകുമ്പോള്‍ , ഉള്ള നാടന്‍ കുളങ്ങള്‍ മണ്ണിട്ടുമൂടി കച്ചവടം ചെയ്യുന്ന വാര്‍ത്തകള്‍ നമ്മുടെ കാതിലെത്തുന്നു.



posted by

shinojacob shino jacob koottanad SHINOJACOB SHINO JACOB KOOTTANAD





ഞായറാഴ്‌ച, ജൂൺ 05, 2011

മാങ്കോസ്റ്റിന്‍ നട്ടുകൊണ്ട് തുടക്കം

കഴിഞ്ഞ മൂന്നുവര്‍ഷമായി പൊതുസ്ഥലത്ത് മരങ്ങള്‍വെച്ചുപിടിപ്പിയ്ക്കുക
എന്ന സേവ
നം ചെയ്തുവരുന്ന കൂറ്റനാട്ടെ ജനകീയ കൂട്ടായ്മയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം വട്ടേനാട് ഗവണ്‍മെന്റ് എല്‍ പി സ്കൂളില്‍ വെച്ച് നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ പി രാമചന്ദ്രന്‍ മാങ്കോസ്റ്റിന്‍ നട്ടുകൊണ്ട് നിര്‍വ്വഹിച്ചു.

കഴിഞ്ഞ മൂന്നുവര്‍ഷവും നിരവധി വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിയ്ക്കുകയും അവയെല്ലാം ഇപ്പോള്‍ വളര്‍ന്നുവലുതാവുകയും ചെയ്തിട്ടുണ്ട് . ഈ വര്‍ഷം 200 വൃക്ഷത്തൈകളാണ് ജനകീയകൂട്ടായ്മ വെച്ചുപിടിപ്പിയ്ക്കുക.

4/06/2011 ന് വട്ടേനാട് ജി എല്‍ പി സ്കൂളില്‍ വെച്ചുനടന്ന ചടങ്ങില്‍ ബി പി ഒ പി രാധാകൃഷ്ണന്‍ , പി ടി എ പ്രസിഡന്റ് കെ അബ്ദുറഹിമാന്‍ , ജനകീയകൂട്ടായ്മ പ്രവര്‍ത്തകരായ ഷണ്‍മുഖന്‍ , ഇ എം ഉണ്ണികൃഷ്ണന്‍ , പി വി ഇബ്രാഹിം , പല്ലീരി സന്തോഷ് , കെവി ജിതിന്‍ , കെവി വിശ്വനാഥന്‍ , ഷിനോജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു .












posted by

shinojacob shino jacob SHINOJACOB SHINO JACOB