തന്റെ പ്രവര്‍ത്തികൊണ്ട് ഒരു ദോഷം സംഭവിയ്ക്കുന്നു എന്ന് തിരിച്ചറിയുന്ന ഒരു മനുഷ്യന്‍ , ആ ദോഷത്തിന് ഉള്ളുതുറന്ന് പരിഹാരവും ചെയ്യുന്നു....
അങ്ങിനെ ഒരു കാഴ്ചയെ പരിചയപ്പെടുത്തട്ടെ...
പല്ലീരി സന്തോഷ് 9846172263
2007 ലെ മഴക്കാലത്ത് എളവാതില്‍ക്കല്‍ ക്ഷേത്രമൈതാനിയില്‍ പലഭാഗങ്ങളിലായി വൃക്ഷത്തൈകള്‍ നട്ട് അതിന് ചെറിയ ചുള്ളിക്കമ്പുകളും മുള്ളുംകൊണ്ട് സംരക്ഷണ വലയം തീര്‍ത്തിരിയ്ക്കുന്ന കാഴ്ച കണ്ട് ഞാന്‍ അതിന്റെ കര്‍ത്താക്കളെ തേടിച്ചെന്നു . സന്തോഷേട്ടനും കൂട്ടുകാരുമായിരുന്നു അത് .വെയിലില്‍ ചുട്ടുപഴുക്കുന്ന ക്ഷേത്രമൈതാനത്തിന് തണലേകല്‍ ലക്ഷ്യംവെച്ച് നടത്തിയ പ്രവര്‍ത്തിയായിരുന്നു അത് .അതാണ് ഞാന്‍ ആദ്യം നേരില്‍കണ്ട സന്തോഷേട്ടന്റെ ഓസോണ്‍ പരിരക്ഷണ പ്രവര്‍ത്തനം
2008 ല്‍ സന്തോഷേട്ടന്‍ മരം നടലില്‍ സജീവമാകുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത് . സുഹൃത്തുക്കളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പ് ശേഖരിച്ച് ഇരുമ്പ് ട്രീഗാര്‍ഡ് സംഘടിപ്പിച്ച് റോഡരുകില്‍ നട്ടുപിടിപ്പിച്ച 70 വൃക്ഷത്തൈകള്‍ ഇപ്പോള്‍ കൂറ്റനാട് തലയുയര്‍ത്തി നില്‍ക്കുന്നു .
2009 ല്‍ അത് 100 മരങ്ങളായി ഉയര്‍ന്നു ... ഇതിനായി ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിപ്രവര്‍ത്തിയ്ക്കാന്‍ സന്തോഷേട്ടന്‍ മുന്‍നിരയിലുണ്ടായിരുന്നു . 2010 ല്‍ 200 മരങ്ങള്‍ നട്ടുപിടിപ്പിയ്ക്കാനും സന്തോഷേട്ടന്‍ പുറകിലായിരുന്നില്ല ...
ജോലി ആവശ്യത്തിന് പലയിടങ്ങളിലും പോയിവരുമ്പോള്‍ പലതരം ആല്‍ വൃക്ഷത്തൈകള്‍ കെട്ടിടങ്ങള്‍ക്കും മറ്റും മുകളില്‍ നിന്നും സംഭരിയ്ക്കുന്നതും സന്തോഷേട്ടന്റെ ഇഷ്ടപ്രവര്‍ത്തികളില്‍ ഒന്നാണ്... വലിയ തണല്‍മരം കണ്ട് മതിമറന്ന് നില്‍ക്കുക....നിറയെ ചക്ക തരുന്ന പ്ലാവിനെ സ്നേഹിയ്ക്കുക ...ഏതുവീട്ടില്‍ ചക്ക പഴുത്തുനില്‍ക്കുന്നുണ്ടോ അവിടെക്കയറി ഒരുനാണക്കേടും വിചാരിയ്ക്കാതെ അഭിമാനപൂര്‍വ്വം അത് ചോദിച്ച് വാങ്ങിച്ച് നിറയെ ചക്കപ്പഴം കഴിച്ച് പ്രകൃതിയുമായി ഒന്നാവുക.... വന്‍വൃക്ഷങ്ങള്‍ തന്റെ വീട്ടുവളപ്പില്‍ നിറയെ വളര്‍ന്ന് വരട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുക.... സന്തോഷേട്ടന്‍ ഇങ്ങനെയൊക്കെയാണ്....
അടുത്തൊരു ദിവസം ഞാന്‍ വെറുതെയൊന്ന് ചോദിച്ചതാണ്, എന്താണ് സന്തോഷേട്ടന് മരങ്ങള്‍ വെച്ചുപിടിപ്പിയ്ക്കാന്‍ ഇത്രയേറെ താത്പര്യം........ അതിന് എനിയ്ക്ക് കിട്ടിയ മറുപടി പാഠപുസ്തകങ്ങളിലും ഗവേഷണ പ്രബന്ധങ്ങളിലും മാത്രം നാം കേട്ടിട്ടുള്ളതാണ്...
" എന്റെ തൊഴില്‍ റഫ്രിഡ്ജറേഷന്‍ ,എയര്‍കണ്ടീഷനിങ്ങ് എന്നിവയാണ് ... ഇത് ഓസോണ്‍പാളിയ്ക്ക് കേടുണ്ടാക്കുന്ന വാതകങ്ങള്‍ പുറത്തുവിടുന്നതും തന്‍മൂലം ഭൂമിയ്ക്ക് കേടുപാടുകള്‍ഉണ്ടാകാന്‍ ഇടയാക്കുന്നതുമാണ്.”... "ആയതിനാല്‍ ഞാന്‍മൂലം കേടുവരുന്ന ഓസോണ്‍പാളിയെ കോംപന്‍സേറ്റ് ചെയ്യാന്‍ ഞാന്‍ മരങ്ങള്‍ വെച്ചുപിടിപ്പിയ്ക്കുന്നു... “
"വര്‍ഷങ്ങളായി റഫ്രിഡ്ജറേഷന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഞാന്‍ അറിഞ്ഞും അറിയാതെയും ഈ ഭൂമിയെ കേടുവരുത്താന്‍ കൂട്ടുനിന്നിട്ടുണ്ട് .... ആയതിനാല്‍ വരും തലമുറയ്ക്ക് വേണ്ടി ഞാനിത് ചെയ്യുന്നു.... “
എല്ലാവരും തിരക്കിലാണ്... എല്ലാവരും ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ പേറുന്നവരുമാണ്... എങ്കിലും പച്ചപ്പിന്റെ ഒരുവിരല്‍ ഞൊടിപ്പെങ്കിലും ഈ ഭൂമിക്ക് വേണ്ടി ചെയ്തിരുന്നെങ്കില്‍...
ആഗോളതാപനം....... കാലാവസ്ഥാ വ്യതിയാനം .... നമുക്കുപഠിയ്ക്കാന്‍ വിഷയങ്ങള്‍ ഇനിയും ഒരുപാട് വരും... ഇതിനെയെല്ലാം പ്രയോഗതലത്തില്‍ നേരിടുന്ന സന്തോഷേട്ടന്‍മാരെയാണ് നമുക്കാവശ്യം......
പി സന്തോഷ് കുമാര്‍ , പല്ലീരി വീട് , കൂറ്റനാട് പിഒ 679533 പാലക്കാട് . ഷീബ ( ഭാര്യ ) പൂജ (മകള്‍ )
സന്തോഷേട്ടന്‍ താന്‍ റോഡരുകില്‍ നട്ട മരത്തിനൊപ്പം
സന്തോഷേട്ടന്‍ തന്റെ റഫ്രിഡ്ജറേഷന്‍ കടയ്ക്കുമുന്നില്‍ .
Shino jacob ഷിനോജേക്കബ്