വെള്ളിയാഴ്‌ച, ഓഗസ്റ്റ് 28, 2009
പ്രകൃതിയില്‍ നിന്നും പഠിക്കുക
ആധുനിക മനുഷ്യന്‍ പരക്കം പാച്ചിലിലാണ് . ജീവിതം ശരിയായി ആസ്വദിക്കുക എന്നത് വലിയ തെറ്റായാണ് പലരും കാണുന്നത് . ആവശ്യത്തിന് വിശ്രമം , വിനോദം , ഹോബികള്‍ , മറ്റു പ്രവര്‍ത്തികളില്‍ ഏര്‍പ്പെടല്‍ എല്ലാം പണം നേടാനുള്ള ആര്‍ത്തിയില്‍ മനുഷ്യന്‍ മറന്നു പോവുന്നു ഒടുവില്‍ വൃദ്ധസദനങ്ങളില്‍ ഒടുങ്ങാന്‍ പോകുന്ന ഈ പരക്കം പാച്ചിലുകാര്‍ പ്രകൃതിയില്‍ നിന്നും വളരെയധികം പഠിക്കേണ്ടതുണ്ട് .
കാട്ടുനായ്ക്കര്‍ക്കൊപ്പം
നിലമ്പൂരിലെ മുണ്ടേരി വനത്തില്‍ ജീവിക്കുന്ന കാട്ടുനായ്ക്കര്‍ എന്ന ആദിവാസി വിഭാഗത്തിന്റെ കോളനി , ഒരിക്കല്‍ നിലമ്പൂര്‍ പ്രകൃതി പഠന കേന്ദ്രത്തിന്റെ ക്യാമ്പിന്റെ ഭാഗമായി സന്ദര്‍ശിക്കുകയുണ്ടായി . ഉള്‍വനത്തില്‍ പട്ടിണിയും ദാരിദ്യ്രവും കൊണ്ട് വലയുന്ന ഇവരുടെ കോളനി സന്ദര്‍ശിച്ചത് കുറച്ച് സഹായവുമായി രണ്ടാം വരവിന് ഇടയാക്കി . നിലമ്പൂരിലെ കാടുകള്‍ മുഴുവന്‍ തേക്കുതോട്ടങ്ങളായി മാറി . അവശേഷിക്കുന്ന കാടുകളില്‍ വേട്ടക്കാരും മറ്റു കൊള്ളക്കാരും വിലസുന്നു . കാടിന്റെ ശോഷണം വനവിഭവങ്ങളുടെ ശോഷണത്തിനും ഇടയാക്കി. ഇതാണ് ആദിവാസികളുടെ ജീവിതം ദുരിതത്തിലാഴാന്‍ ഇടയാക്കിയത് . ഉള്‍ക്കാട്ടില്‍ കഞ്ചാവുകൃഷിക്കാരേയും കള്ളവാറ്റുകാരേയും ഭയന്ന് രക്ഷപ്പെട്ടോടുന്ന ആനകള്‍ ആദിവാസികളെ ചവിട്ടിക്കൊല്ലുന്നു .കാട്ടിലേക്ക് കയറിയാല്‍ വെടികൊണ്ട് തല പിളരുമെന്ന് ബോധ്യമുള്ള മറ്റു മൃഗങ്ങള്‍ ആദിവാസികളുടെ കൃഷിയിടങ്ങള്‍ അഭയസങ്കേതങ്ങളാക്കുന്നു കാടും മൃഗങ്ങളും ആദിവാസികളും എന്നാണ് രക്ഷപ്പെടുക .........
മുള്‍ച്ചെടികള്‍
വരണ്ട പ്രദേശങ്ങളില്‍ വളരുന്ന മുള്‍ച്ചെടികള്‍ മനുഷ്യന് ഉപകാരമൊന്നും ചെയ്യുന്നില്ല എന്ന് ആധുനികലോകം തെറ്റിദ്ധരിച്ചിരിക്കുന്നു . എന്നാല്‍ പ്രതികൂലമായ കാലാവസ്ഥയില്‍ ജീവന്റെ തുടര്‍ച്ച നിലനിര്‍ത്തുക എന്ന മഹത്തായ പാരിസ്ഥിതിക ധര്‍മ്മാണ് ഇവ നിര്‍വ്വഹിക്കുന്നത് . തമിഴ്നാട് പോലുള്ള മഴ കുറവുള്ള പ്രദേശങ്ങളില്‍ വ്യാപകമായി കാണപ്പെടുന്ന മുള്‍ച്ചെടികള്‍ നിരവധി ജീവികള്‍ക്ക് അഭയ സങ്കേതമാണ്. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നിരവധി പക്ഷികളും കുഞ്ഞു ജീവികളും ഈ ചെടികളെ ആശ്രയിക്കുന്നത് കാണാം . ശരീരത്തിലെ ജല നഷ്ടം കുറക്കുന്നതിന് ചെറിയ ഇലകള്‍ , സസ്യഭുക്കുകളായ ജന്തുക്കളില്‍ നിന്നുള്ള സംരക്ഷണത്തിന് വലിയ മുള്ളുകള്‍ എന്നിവ പ്രകൃതി ഇവക്ക് നല്‍കിയ അനുകൂല ഘടകങ്ങളാണ് പ്രകൃതിയില്‍ ഓരോന്നിനും ഓരോ ധര്‍മ്മമുണ്ട് , മന്ഷ്യന്റെ ധര്‍മ്മം എന്ത് എന്ന് നാം കണ്ടെത്തണമെന്ന്മാത്രം ........
ബുധനാഴ്‌ച, ഓഗസ്റ്റ് 26, 2009
പച്ചിലപ്പെരുമാള്‍
ഒരിക്കല്‍ സൈലന്റ് വാലിയിലേക്കുള്ള യാത്രയിലാണ് പച്ചിലപ്പെരുമാള്‍ എന്ന ജീവിയെ കാണാനിടയായത് . പച്ച ഇലയുടെ രൂപത്തില്‍ ചിറകുകളുള്ള ഈ ജീവിയെ ഇലകള്‍ക്കിടയില്‍ നിന്നും തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ് ശത്രുക്കളില്‍ നിന്നും രക്ഷനേടാന്‍ തന്റെ. രൂപം ഈ ജീവിയെ വളരെയേറെ സഹായിക്കുന്നുണ്ട് . തങ്ങളുടെ കര്‍മ്മം കൊണ്ട് പ്രകൃതിയെ നോവിക്കാതെ ജീവിക്കാന്‍ മറ്റു ജീവികള്‍ക്കാവുന്നുണ്ട് . എന്നാല്‍ എല്ലാം തികഞ്ഞവനെന്ന് അഹങ്കരിക്കുന്ന മനുഷ്യന്‍ എന്നാണ് നന്നാവുക
തിങ്കളാഴ്‌ച, ഓഗസ്റ്റ് 24, 2009
അലിമണിക്ഫാന്‍
അലിമണിക്ഫാന്‍ എന്നവ്യക്തി ഒരു മനുഷ്യനല്ല , ഒരു പ്രതിഭാസമാണ് . കാരണം ആധുനികതയുടെ ലോകത്ത് സ്വയം പഠിച്ചും പരീക്ഷണങ്ങള്‍ നടത്തിയും ആധുനികരേക്കാള്‍ ചിന്തയിലും പ്രവര്‍ത്തിയിലും ഉയരത്തിലെത്തണമെങ്കെല്‍ അപൂര്‍വ്വപ്രതിഭാശാലികള്‍ക്കേ കഴിയൂ... ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപില്‍ ജനിച്ച മണിക്ഫാന്‍ സ്കൂള്‍ വിദ്യാഭ്യാസം അധികമൊന്നും നേടിയിട്ടില്ല .(ഇദ്ദേഹം തന്റെ മക്കള്‍ക്കും സ്കൂള്‍ വിദ്യാഭ്യാസം നല്‍കിയിട്ടില്ല )കടലിനേയും കപ്പലിനേയും സ്നേഹിച്ച , എല്ലാറ്റിനേയും നിരീക്ഷിച്ച ഇദ്ദേഹം കുട്ടിക്കാലം മുതലേ തന്റെ വേറിട്ട വഴിയിലേക്കിറങ്ങി . തന്റെ കുട്ടിക്കാലത്ത് ദ്വീപിലുണ്ടായിരുന്ന ലൈറ്റ് ഹൌസ് ജീവനക്കാരുമായുള്ള സഹവാസം അദ്ദേഹത്തിന് അറിവിന്റെ പുതിയ ലോകം തുറന്നുകിട്ടാനിടയാക്കി . മുതിര്‍ന്നപ്പോള്‍ മണിക്ഫാന്‍ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്ററിറ്റ്യൂട്ടില്‍ജോലിക്ക് ചേര്‍ന്നു ( രാമേശ്വരം ) .തുടര്‍ന്ന് നിരവധി കടല്‍ യാത്രകള്‍ നടത്തി നിരവധി ഭാഷകള്‍ പഠിക്കുകയും ചെയ്തുഒരിക്കല്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്ത മോട്ടോര്‍ ഘടിപ്പിച്ച ഒരു സൈക്കിളില്‍ ഇദ്ദേഹം മകനുമൊത്ത് ഡല്‍ഹി വരെ പോയി . മറ്റൊരിക്കല്‍ സിന്‍ബാദിന്റെ കാലത്തുപയോഗിച്ചിരുന്ന മരം കൊണ്ടുള്ള വലിയൊരു കപ്പല്‍ നിര്‍മ്മിക്കുകയും കടല്‍ യാത്രക്കിറക്കുതയും ചെയ്തു സമുദ്രഗവേഷണ രംഗത്ത് ഇദ്ദേഹത്തിന്റെ സേവനങ്ങളെ മാനിച്ച് ശാസ്ത്രലോകം ഒരു കടല്‍ മത്സ്യത്തിന് ഇദ്ദേഹത്തിന്റെ പേര് നല്‍കി . ( അബു ദഫ് ദഫ് മണിക്ഫാനി ) ഫിഷറീസ് ഇന്‍സ്റിറ്റ്യൂട്ടിലെ ജോലി മതിയാക്കിയ ഇദ്ദേഹം കൃഷിയില്‍ പരീക്ഷണം ആരംഭിച്ചു .തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ വള്ളിയൂരില്‍ വാങ്ങിയ സ്ഥലത്ത് സ്വന്തമായി ഒരു വീട് നിര്‍മ്മിച്ച് നിരവധി പരീക്ഷണങ്ങളുംപഠനങ്ങളും നടത്തി ജീവിച്ചുവരികയാണിപ്പോള്‍
കാട്ടിലെ കുസൃതിക്കാരന്‍
പശ്ചിമഘട്ട മലനിരകളിലെ നിത്യഹരിത വനങ്ങളില്‍ കാണപ്പെടുന്ന കുഞ്ഞു ജീവിയാണ് അട്ട. നമ്മുടെ കാലില്‍ കടിച്ച് കുറച്ച് രക്തം കുടിച്ച് ഇവ നമുക്ക് കാടുമായി ഒരു രക്തബന്ധം ഉണ്ടാക്കിത്തരുന്നു തന്റെ ശരീരത്തിലുള്ള ഹിരുഡിന്‍ എന്ന പദാര്‍ത്ഥം .കടിയിലൂടെ നമ്മുടെ ശരീരത്തിലേക്ക് കുത്തി വയ്ക്കുന്നതിനാല്‍ രക്തം കട്ട പിടിക്കാതെ സുഗമമായി കുടിക്കാന്‍ അട്ടക്ക് കഴിയും എന്നാല്‍ കാട് കാണാന്‍ ചെല്ലുന്നവര്‍ നിരവധി അട്ടകളെകൊന്നൊടുക്കിയതിനു ശേഷമാണ് കാട്ടില്‍ നിന്നും പുറത്തുകടക്കുക ഉപ്പ് , പുകയില , രാസവസ്തുക്കള്‍ എന്നിവ തേച്ച് തങ്ങളുടെ കാലി ല്‍ കടിക്കുന്ന അട്ടകളെ ആളുകള്‍ നശിപ്പിക്കുന്നു . എന്നാല്‍ അട്ട ചെയ്യുന്നത് ഹിരുഡിന്‍ എന്ന വസ്തു നമ്മുടെ ശരീരത്തില്‍ കുത്തിവയ്ക്കുന്നു എന്നതാണ് . ഇത് പിന്നീട് നമ്മുടെ ശരീരത്തിന് ഗുണം ചെയ്യും ദയവായി അട്ടകളെ കൊല്ലാന്‍ വേണ്ടി ആരും കാട്ടില്‍ പോകരുത്
തംബാര്‍ജിയ മൈസൂരെന്‍സിസ്
തംബാര്‍ജിയ മൈസൂരെന്‍സിസ് എന്ന് ശാസ്ത്രീയനാമമുള്ള സസ്യം പശ്ചിമഘട്ടമലനിരകളിലെ ഹരിതവനങ്ങളില്‍ കാണപ്പെടുന്ന ഒന്നാണ് . മനോഹരമായ പൂവ് ഉള്ള ഈ ചെടിക്ക് മലയാളം പേര് ഉള്ളതായി അറിവില്ല. ഹരിതവനങ്ങളില്‍ സൌന്ദര്യം തൂകിനില്‍ക്കുന്ന ഇവയെ നാട്ടുമനുഷ്യര്‍ കണ്ടാല്‍ ഉടന്‍ പറിച്ചെടുക്കുകയും അഞ്ചോ പത്തോ മിനിട്ടു നേരത്തെ വീരസ്യം പറച്ചിലോ മറ്റോ കഴിഞ്ഞാല്‍ വലിച്ചെറിയുകയും ചെയ്യും കാടുകാണാന്‍ വരുന്നര്‍ ദയവായി കാട്ടുചെടികളെ ഉപദ്രവിക്കരുത് . നിങ്ങളുടെ സന്ദര്‍ശനം ഒരു കുഞ്ഞു പൂവിന്റെയോ ചെടിയുടെയോ മരണത്തിനിടയാക്കരുത്
പിറ്റ് വൈപ്പര്‍
നിത്യഹരിതവനങ്ങളുടെ ശാന്തതയില്‍ ഒരു ധ്യാനം പോലെ ജീവിതം ആസ്വദിക്കുന്ന ഒരു കുഞ്ഞുപാമ്പാണ് പിറ്റ് വൈപ്പര്‍ . ( കുഴിമണ്ഡലി , സുഷിരമണ്ഡലി ) കണ്ണിനും മൂക്കിനും ഇടയില്‍ നാഡീവ്യൂഹങ്ങള്‍ നിറഞ്ഞ ഒരു ഗ്രഹേനേദ്രിയം കൂടിയായ ചെറിയ കുഴി ഈ ജീവിക്കുണ്ട് . ആയതിനാലാണ് ഇതിന് പിറ്റ് വൈപ്പര്‍ എന്ന പേര് കിട്ടിയത് . നിത്യഹരിതവനങ്ങളില്‍ നമുക്ക് ഏറ്റവും സുഖമായി നിരീക്ഷിക്കുവാന്‍ കഴിയുന്ന പാമ്പാണ് പിറ്റ വൈപ്പര്‍ . കാരണം മറ്റു പാമ്പുകളെപ്പോലെ മനുഷ്യസാമീപ്യം ഉണ്ടായാല്‍ ഇവ ഓടി മാറാറില്ല . കിടക്കുന്നിടത്തു തന്നെ മണിക്കൂറുകളോളം കിടക്കും . പ്രത്യേകിച്ചും തണുപ്പുള്ളയിടങ്ങളില്‍ , അരുവിയോരങ്ങളില്‍, ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ , പാറ വിടവുകളില്‍ ഇവയെ കാണാനാവും .തങ്ങളുടെ ഭക്ഷണസമ്പാദനാവശ്യത്തിനായി ശരീരത്തില്‍ ചെറിയതോതില്‍ വിഷം കരുതുന്ന ഇവയുടെ കടി മനുഷ്യന് മരണകാരണമല്ല .
ഞായറാഴ്‌ച, ഓഗസ്റ്റ് 23, 2009
ആറ്റുവഞ്ചി
ആറ്റുവഞ്ചി എന്ന സസ്യത്തെ പേരുകൊണ്ട് എല്ലാവരും അറിയുമെങ്കിലും നേരിട്ട് അറിയാവുന്നവര്‍ ചുരുക്കമാണ് . കാരണം ഭാരതപ്പുഴയില്‍ കാണപ്പെടുന്ന , വെളുത്തരോമംപോലെ ഭാഗമുള്ള പുല്‍ച്ചെടിയെ എല്ലാവരും ആറ്റുവഞ്ചി എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു . നമ്മുടെ മുന്‍നിര പത്രങ്ങളില്‍പ്പോലും ആറ്റുദര്‍ഭ എന്ന ഈ പുല്‍ച്ചെടിയെ ആറ്റുവഞ്ചി എന്ന് വിശേഷിപ്പിച്ചുകണ്ടിട്ടുണ്ട് . യഥാര്‍ത്ഥത്തില്‍ ആറ്റുവഞ്ചി എന്നത് ഒരു കുറ്റിച്ചെടി പോലുള്ള സസ്യമാണ് . കനത്ത ഒഴുക്കുള്ള പുഴകളില്‍പ്പോലും ശക്തമായ വേരുപടലത്തോടെ ആറ്റുവഞ്ചി പിടിച്ചു നില്‍ക്കുന്നു , മണ്ണിടിച്ചില്‍ തടയുന്നു , കരയെ സംരക്ഷിക്കുന്നു . ഇതാ ചാലിയാറില്‍ നിന്നുള്ള ആറ്റുവഞ്ചിയുടെ ചിത്രം കാണൂ........
ശനിയാഴ്‌ച, ഓഗസ്റ്റ് 22, 2009
ശിരുവാണി
പാലക്കാട് ജില്ലയില്‍മണ്ണാര്‍ക്കാടിനടുത്തുള്ള വളരെ മനോഹരമായ ഒരു നിത്യഹരിത വനമാണ് ശിരുവാണി. പശ്ചിമഘട്ടമലനിരകളില്‍ സ്ഥിതിചെയ്യുന്ന ഈ വനം സസ്യ , ജന്തു വൈവിധ്യത്താല്‍ സമ്പന്നമാണ് . ഈ കാട്ടിലെ ഉറവകളില്‍ നിന്നുള്ള ജലം ഏഷ്യയിലെ ഒന്നാം നമ്പര്‍ ശുദ്ധജലമാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. നീലഗിരി ബയോസ്ഫിയര്‍ റിസര്‍വ്വിന്റെ ഭാഗം കൂടിയായ ശിരുവാണിയില്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പട്ടിയാര്‍ ബംഗ്ളാവ് എന്നൊരു കെട്ടിടം ഉണ്ട് . ഇതില്‍ സഞ്ചാരികള്‍ക്ക് താമസിക്കാനാവും . നേച്ചര്‍ ക്യാമ്പുകളുടെ ഭാഗമായി നിരവധി തവണ ഞാന്‍ പട്ടിയാര്‍ ബംഗ്ളാവില്‍ താമസിച്ചിട്ടുണ്ട് . ചിലനേരങ്ങളില്‍ കോടമഞ്ഞും മഴയും തണുത്ത കാറ്റും ഉണ്ടാവുന്ന ശിരുവാണിയിന്‍ രാത്രി താമസിക്കുക എന്നത് സ്വര്‍ഗ്ഗീയമായ അനുഭവമാണ് . ശിരുവാണി ഡാമിന്റെ ജലാശയത്തിനോരത്ത് സ്ഥിതി ചെയ്യുന്ന പട്ടിയാര്‍ ബംഗ്ളാവിലിരുന്നാല്‍ ദൂരെ വന്‍ മലയുടെ മുകളില്‍ നിന്നും താഴോട്ട് പതിക്കുന്ന മുത്തിക്കുളം വെള്ളച്ചാട്ടം കാണാം പ്രകൃതിയെ അടുത്തറിയാന്‍ , ഒരു പ്രകൃതി തീര്‍ത്ഥാടനം നടത്താന്‍ അനുയോജ്യമായ സ്ഥലമാണ് ശിരുവാണി
മണ്ണൂലിയെ വെറുതേവിടുക
നമ്മടെ നാട്ടില്‍ കാണപ്പെടുന്ന വിഷമില്ലാത്ത പാമ്പുകളില്‍ ഏറ്റവും സാധുവാണ് മണ്ണൂലി. എന്നാല്‍ ജനങ്ങള്‍ക്ക് മണ്ണൂലിയെപ്പറ്റി അധികമൊന്നും ധാരണയില്ലാത്തതിനാല്‍ മണ്ണൂലിക്ക് മരണം വിധിക്കുന്നു. ഇതില്‍ മണ്ണൂലിക്ക് ഏറ്റവും വിനയാവുന്നത് മണ്ണൂലിയുടെ ശരീരത്തിലെ ഡിസൈനാണ് . സുമാര്‍ കറുപ്പ് / തവിട്ട് നിറമുള്ള ശരീരത്തില്‍ വിവിധ രീതിയിലുള്ള പൊട്ടുകള്‍. ( ഇത് ഒട്ടും ക്രമമില്ലാത്ത രീതിയിലാണ്. ) ആയതിനാല്‍ മണ്ണൂലിയെ ആളുകള്‍ അണലിയാണെന്ന് തെറ്റിദ്ധരിച്ച് കൊല്ലുന്നു. കൊന്നവന്‍ മണ്ണൂലിയുടെ ഇല്ലാത്ത വിഷം തീണ്ടിയാലുള്ള ഭീകരതയെപ്പറ്റി കഥകള്‍ മെനയുന്നു. മണ്ണൂലി കടിച്ചെങ്ങാന്‍ ആശുപത്രിയിലായാല്‍ അവര്‍ക്ക് ചിലവില്ലാതെ നല്ലൊരു കൊയ്ത്തുമാകും. അണലിയേയും മണ്ണൂലിയേയും തമ്മില്‍ തിരിച്ചറിയാനുള്ള ഏറ്റവും എളുപ്പമായമാര്‍ഗ്ഗം അണലിയുടെ ശരീരത്തിലെ ഡിസൈനാണ്. ഇത് മൂന്നു വരിയായി വൃത്താകൃതിയിലുള്ള പൊട്ടുകള്‍ തല മുതല്‍ വാലുവരെ എന്നതാണ്. ഇനി ചിത്രം കണ്ട് മണ്ണൂലിയേയും അണലിയേയും തിരിച്ചറിയൂ.......
JACOB
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)