വ്യാഴാഴ്‌ച, സെപ്റ്റംബർ 03, 2009

ഷൊര്‍ണ്ണൂര്‍ - നിലമ്പൂര്‍ ട്രെയിന്‍ യാത്ര


( ഒരേ ഭൂമി ഒരേ ജീവന്‍ മാസിക മെയ് 2008 )കേരള ജൈവ കര്‍ഷക സമിതി സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗത്തില്‍ പങ്കെടുക്കുന്നതിനായി നിലമ്പൂരില്‍ പോകേണ്ടിവന്നപ്പോള്‍ ഞാന്‍ ആദ്യമായി ഒരു ഗ്രാമീണ ട്രെയിന്‍ യാത്ര അനുഭവിച്ചു . അത് തികച്ചും അവിസ്മരണീയമായിരുന്നു .ഈ യാത്ര വാടാനാം കുറുശ്ശിയില്‍ നിന്നുമാണ് ഞാന്‍ ആരംഭിച്ചത് . തേക്ക് തടിക്ക് പ്രശസ്തമായ നിലമ്പൂരില്‍ നിന്നും തേക്ക് വെട്ടിക്കൊണ്ടു പോകുന്നതിനു വേണ്ടി ബ്രിട്ടീഷുകാരാണ് ഈ റെയില്‍പ്പാത ആരംഭിച്ചത് . ( പ്രശസ്തമായ നിലമ്പൂര്‍ തേക്ക് അന്വേഷിച്ച് വാസ്കോഡഗാമ രണ്ടു പ്രാവശ്യം നിലമ്പൂരില്‍ വന്നതായി രേഖകള്‍ പറയുന്നു .) 1921 വരെ ചാലിയാര്‍ നദിയിലൂടെ തേക്കു തടികള്‍ ബേപ്പൂര്‍ വരെ ഒഴുക്കിക്കൊണ്ടുപോയി അവിടെ നിന്നും കപ്പലില്‍ വിദേശത്തേക്ക് കൊണ്ടുപോകുകയായിരുന്നു പതിവ് എന്നാല്‍ 1921 ലെ ലഹളക്കാലത്ത് സമരക്കാര്‍ അരീക്കോട് ഭാഗത്ത് തേക്ക്നീക്കം തടഞ്ഞപ്പോള്‍ , ബ്രിട്ടീഷുകാര്‍ മറ്റു മാര്‍ഗ്ഗം ഇല്ലാത്തതിനാല്‍ റെയില്‍വേ ആരംഭിച്ചു . ഇതിന്റെ നിര്‍മ്മാണം 1922ല്‍ ആരംഭിച്ച് 1927 ല്‍ പൂര്‍ത്തിയായി . അന്ന് 66000 രൂപ നിര്‍മ്മാണത്തിന് ചിലവായി . ബ്രിട്ടീഷ് ഭരണവും തേക്കിന്റെ പ്രതാപകാലവും അവസാനിച്ചപ്പോള്‍ നിലമ്പൂര്‍ - ഷൊര്‍ണ്ണൂര്‍ പാതക്കും പ്രാധാന്യം കുറഞ്ഞു .
രണ്ടാ ലോകമഹാ യുദ്ധത്തിനു ശേഷം ഉരുക്കിന് ക്ഷാമം നേരിട്ടപ്പോള്‍ ഇവിടുത്തെ റെയില്‍വേപ്പാളങ്ങള്‍ ഇളക്കിക്കൊണ്ടുപോവുകയും ചെയ്തു . പിന്നീട് സ്വാതന്ത്യ്ര ലബ്ദ്ധിക്കുശേഷം 1952 ല്‍ ഇത് പുനസ്ഥാപിച്ചു . ഇന്ന് 66 കി. മീ ദൂരത്തില്‍ ഏറ്റവും ചിലവുകുറഞ്ഞതും സുരക്ഷിതവുമായ ഒരു യാത്രയാണ് റെയില്‍വേ നല്‍കുന്നത് 66 കിമീ യാത്രക്ക് 14 രൂപ മാത്രമാണ് ടിക്കറ്റ് ചാര്‍ജ്ജ് . പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നത് . ആദ്യം രണ്ടു വണ്ടികള്‍ മാത്രം ഓടിയിരുന്നത് ഇപ്പോള്‍ 5 ആക്കി കൂട്ടിയിട്ടുണ്ട് ഈ കുറിപ്പിന്റെ തുടക്കത്തില്‍ ഗ്രാമീണ ട്രയിന്‍ യാത്ര എന്നു ഞാല്‍ പറഞ്ഞതുകൊണ്ട് ഉദ്ധ്യേശിക്കുന്നത് തികച്ചും ഗ്രാമീണരും സധാരണക്കാരും ഈ പാതയിന്‍ കൂടുതലായും സഞ്ചരിക്കുന്നു എന്നതു കൊണ്ടാണ് . മറ്റു ട്രെയിന്‍ യാത്രകളില്‍ കാണാറുള്ളതു പോലെ ജാട ജീവികളെ ഈ റൂട്ടില്‍ കാണാന്‍ കിട്ടില്ല . കൂലിപ്പണിക്കാര്‍ മുതല്‍ നാടന്‍ വൃദ്ധകളും സാധാരണ വീട്ടമ്മമാരും ഈ യാത്രയില്‍ ധാരാളമായി കാണപ്പെട്ടു . ബ്രിട്ടീഷുകാരന്റെ ദീര്‍ഘവീക്ഷണമോ മറ്റെന്തെങ്കിലും ലക്ഷ്യമോകൊണ്ടാവാം ഈ പാതക്ക് വേണ്ടി റെയില്‍വേക്ക് വളരെയധികം സ്ഥലം കൈവശത്തിലിരിക്കുന്നത് കണ്ടു . മിക്കഭാഗത്തും മൂന്നോ നാലോ ട്രാക്കുകള്‍ നിര്‍മ്മിക്കുവാന്‍ വേണ്ട സ്ഥലം ഒഴിഞ്ു കിടക്കുന്നു , സന്തോഷമെന്നു പറയട്ടെ ഇവിടെയെല്ലാം വന്‍ മരങ്ങള്‍ ആരോഗ്യത്തോടെ നില്‍ക്കുന്നു . ചിലയിടങ്ങളില്‍ തോട്ടമായി വെച്ചു പിടിപ്പിച്ചവയും ഉണ്ട് . റെയില്‍വേ ലൈനിനോളം പ്രായം തോന്നിക്കുന്ന ഈ വന്‍ മരങ്ങള്‍ യാത്രയിലുടനീളം മനസ്സിന് കുളിര്‍മ്മ നല്‍കി . ചിലയിടങ്ങളില്‍ മരക്കൂട്ടങ്ങള്‍ കാവുകളുടെ പ്രതീതി ജനിപ്പിച്ചു . ബ്രിട്ടീഷുകാരന്റെ കാലത്ത് നിര്‍മ്മിച്ച് , പിന്നീട് പൊളിച്ചു പണിതിട്ടില്ലാത്തതിനാലാവണം ഈ റൂട്ടിലെ ചില സ്റേറഷനുകള്‍ പഴയ മാതൃകയിലുള്ളതുംപ്രൌഡി നിറഞ്ഞതുമാണ് . ഭൂരിഭാഗവും കൃഷിയിടങ്ങള്‍ക്കു സമീപത്തുകൂടിയുള്ള റെയില്‍പ്പാത സൈലന്റ് വാലിയില്‍ നിന്നും ഉത്ഭവിക്കന്ന കുന്തിപ്പുഴയെ മുറിച്ചുകടക്കുന്നുമുണ്ട് . ഷൊര്‍ണ്ണൂരില്‍ നിന്നും പുറപ്പെടുന്ന ട്രെയിിന്‍ വാടാനാംകുറുശ്ശി , വല്ലപ്പുഴ , കുലുക്കല്ലൂര്‍ ,ചെറുകര , അങ്ങാടിപ്പുറം , പട്ടിക്കാട് , മേലാറ്റൂര്‍ , തുവ്വൂര്‍ , തൊടിയപുലം , വാണിയമ്പലം , എന്നീ റെയില്‍വേസ്റേഷനുകള്‍ പിന്നിട്ട് ഒന്നേമുക്കാല്‍ മണിക്കൂറോളമെടുത്താണ് നിലംപൊന്നൂരില്‍ എത്തുക . ( നിലമ്പൂരിലെ മണ്ണില്‍ സ്വര്‍ണ്മം കാണപ്പെട്ടിരുന്നത് കൊണ്ട് നിലമ്പൂര്‍ , നിലംപൊന്നൂര്‍ എന്ന് അറിയപ്പെട്ടിരുന്നു ). ഈ ട്രെയിന്‍ യാത്ര എല്ലാവരുടേയും മനസ്സില്‍തറയാന്‍ ഒരുപാട് കാഴ്ചകളും അനുഭവങ്ങളും നല്‍കുന്നുണ്ട്



 
photos added below on 25-12-2014
































അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ