ഞായറാഴ്‌ച, മാർച്ച് 13, 2011

കാട് വാങ്ങുന്നവര്‍....

വനവും വന്യജീവി ബാഹുല്യമുള്ള പ്രദേശങ്ങളും സംരക്ഷിയ്ക്കുന്നതിന് , ആ സ്ഥലം വിലകൊടുത്തുവാങ്ങുക എന്നത് നയമാക്കിയ ഒരു സംഘടനയുണ്ട് ... അതാണ് വേള്‍ഡ് ലാന്റ് ട്രസ്റ്റ് . ഇംഗ്ലണ്ടിലെ വെല്‍സ് വര്‍ത്ത് ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന ഈ സംഘടന ഏഷ്യയിലും തെക്കേ അമേരിക്കയിലുമായി നാല് ലക്ഷം ഏക്കര്‍ വനം ഇപ്രകാരം സുരക്ഷിതമാക്കി .
ഡേവിഡ് ആറ്റന്‍ബറോ എന്ന വിശ്വവിഖ്യാതനായ വ്യക്തിയാണ് ഇപ്പോള്‍ ഈ സംഘടനയുടെ പേട്രണ്‍ ആയി പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുന്നത്.
ഫിലിപ്പൈന്‍സിലെ സാന്‍ജുഗണ്‍ എന്നൊരു ജൈവസമ്പന്നമായ ഒരു ചെറു ദ്വീപ് ഈ സംഘടന വിലകൊടുത്തുവാങ്ങി സംരക്ഷിച്ചുവരുന്നു. ഇതുപോലെ കോസ്റ്ററിക്കയിലും സംഘടന വലിയൊരു വനപ്രദേശം വിലൊടുത്തുവാങ്ങുകയുണ്ടായി..
ഇന്‍ഡ്യയില്‍ കര്‍ണ്ണാടകയില്‍ കൊല്ലെഗല്‍ എന്ന സ്ഥലത്ത് ആനത്താരയ്ക്കുവേണ്ടിയും സ്ഥലം വിലകൊടുത്തുവാങ്ങുകയുണ്ടായിട്ടുണ്ട്...

വേള്‍ഡ് ലാന്റ് ട്രസ്റ്റിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് ഇവിടെ അമര്‍ത്തുക....


ഷിനോജേക്കബ് shino jacob




സാന്‍ജുഗണ്‍ ദ്വീപ്


ഡേവിഡ് ആറ്റന്‍ബറോ

വെള്ളിയാഴ്‌ച, മാർച്ച് 11, 2011

ഒരു കര്‍ഷകന്റെ കത്ത്....


ഡോ. എം.എസ്. സ്വാമിനാഥനൊരു കത്ത്‌

(പ്രകൃതികൃഷിയുടെ വക്താവായ ഭാസ്കര്‍ സാവേ , എം എസ് സ്വാമിനാഥന് എഴുതിയ കത്ത്)

പ്രിയപ്പെട്ട സ്വാമിനാഥന്,

84 വയസ്സുള്ള ഒരു കര്‍ഷകനാണ് ഞാന്‍. നാനാ തരം ഭക്ഷ്യ വിളകള്‍ കൃഷി ചെയ്ത അറുപതു കൊല്ലത്തെ അനുഭവ സമ്പത്ത്‌ എനിക്കുണ്ട്. അമ്പതുകളില്‍ രാസ വള കൃഷി നടത്തിയതടക്കം (അതിന്റെ അപകടം കാണുന്നത് വരെ) പല തരം കൃഷി രീതികള്‍ ഞാന്‍ പരീക്ഷിച്ചിട്ടുണ്ട്. പ്രകൃതിയോട് ഇണങ്ങിയ ജൈവ കൃഷിക്ക് മാത്രമേ ഇന്ത്യയിലെ ജനങ്ങള്‍ക്കാവശ്യമായ, ആരോഗ്യകരമായ ഭക്ഷ്യ വസ്തുക്കള്‍ സുലഭമായി പ്രദാനം ചെയ്യാനാകൂ എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. എല്ലാവരുടെയും അടിസ്ഥാനപരമായ എല്ലാ ആവശ്യങ്ങളും നിറവേറ്റാനും അതിനേ കഴിയൂ. ആരോഗ്യത്തോടെ, അന്തസ്സോടെ, സമാധാനപൂര്‍വ്വം ജീവിക്കാന്‍ അതാണ്‌ മാര്‍ഗ്ഗം.

ഡോ. എം. എസ്. സ്വാമിനാഥന്‍,ഇന്ത്യയില്‍ വിഷമയമായ രാസ വസ്തുക്കള്‍ കയറൂരി വിട്ട ഹരിത വിപ്ലവത്തിന്റെ പിതാവായി താങ്കള്‍ ഗണിക്കപ്പെട്ടു വരുന്നു. കഴിഞ്ഞ നാല്‍പ്പതു കൊല്ലമായി ഇന്ത്യയിലെ ലക്ഷോപലക്ഷം കര്‍ഷകരുടെ ജീവിതത്തേയും, കൃഷി ഭൂമിയേയും നശിപ്പിച്ചു കൊണ്ടിരിക്കുന്നത് ഈ രാസ വസ്തുക്കളാണ്. ഇന്ത്യയിലെ മണ്ണിനെ ദയനീയാ വസ്ഥയിലാക്കുകയും കടം കയറി മുടിഞ്ഞ കര്‍ഷകരെ ആത്മഹത്യയിലേക്ക്‌ തള്ളി വിടുകയും ചെയ്തതില്‍ മറ്റാരെക്കാളും ഉത്തരവാദിത്വം താങ്കള്‍ക്കാകുന്നു. ഹരിത വിപ്ലവം യഥാര്‍ഥത്തില്‍ ക്ഷാമം അകറ്റുകയാണോ ഉണ്ടായത്‌?

വളരെ സത്യസന്ധമായി പറയുകയാണെങ്കില്‍ ഹരിത വിപ്ലവം നമ്മുടെ മണ്ണ് നശിപ്പിക്കുകയും ഭൂഗര്‍ഭ ജലം ചോര്‍ത്തുകയും പരിണിത ഫലമായി ഭാവിയില്‍ വ്യാപകമായ തോതില്‍ ക്ഷാമം സൃഷ്ടിക്കുന്ന സ്ഥിതി വരുത്തുകയാണ് ചെയ്തത്. ബംഗാള്‍ ക്ഷാമമടക്കം മനുഷ്യ നിര്‍മ്മിതമായ എല്ലാ ക്ഷാമങ്ങള്‍ക്കും ചില സമയങ്ങളില്‍ നമ്മുടെ രാജ്യത്തിന്റെ ചില പ്രദേശങ്ങള്‍ സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു മുമ്പ്, പ്രത്യേകിച്ച് യുദ്ധ സമയങ്ങളിലുണ്ടായ അമിതമായ ചൂഷണമായിരുന്നു അതിനു പ്രധാന കാരണം.

മഹാനായ ബങ്കിംചന്ദ്ര നമ്മുടെ നാടിനെ വിശേഷിപ്പിച്ചത് ‘സുജലം സുഫലം’ എനാണ്. നമ്മുടെ രാജ്യം യഥാര്‍ത്ഥമായും ഫലപുഷ്ടിയേറിയതും സമ്പദ് സമൃദ്ധവുമായിരുന്നു. സമ്പുഷ്ടമായ മനസ്സ്, സുലഭമായ ജലം, മതിയാകോളം വെയില്‍, ഇടതൂര്‍ന്ന കാട്, സമ്പന്നമായ ജൈവ വൈവിധ്യം എന്നിവയെല്ലാം നമുക്കുണ്ടായിരുന്നു. പോരെങ്കില്‍ സംസ്കൃത ചിത്തരായ, സമാധാന പ്രേമികളായ ജനങ്ങളും അവരുടെ കാര്‍ഷികാനുഭവ സമ്പത്തും നമുക്ക് മുതല്‍കൂട്ടായി ഉണ്ടായിരുന്നു. കൃഷി എന്നത് നമ്മുടെ രക്തത്തില്‍ ഇഴുകി ചേര്‍ന്നതാണ്. പക്ഷേ അനുഭവങ്ങളാല്‍ തല നരച്ചു തുടങ്ങിയ കര്‍ഷകര്‍ യാതൊരു വിധ കാര്ഷികാനുഭവ സമ്പത്തുമില്ലാത്ത താങ്കളെ പോലുള്ളവരാല്‍ വഞ്ചിക്കപ്പെട്ടു എന്നതില്‍ ഖേദമുണ്ട്. ദീര്‍ഘ വീക്ഷണമില്ലാത്തതും, പാരിസ്ഥിതികമായി വിനാശകരമായതുമായ ഒരു കൃഷി രീതി താങ്കളെ പോലുള്ളവരാണ് ഇന്നാട്ടില്‍ ഇറക്കുമതി ചെയ്തത്.

പതിനായിരം വര്‍ഷത്തെ കാര്‍ഷിക ചരിത്രമുണ്ട് ഇന്ത്യക്ക്. അതിപുരാതന കാലം മുതല്‍ക്കു തന്നെ ലോകത്തിലെ ഏറ്റവും ജന സാന്ദ്രത ഏറിയ രാജ്യങ്ങളിലൊന്നായ ഇന്ത്യയിലെ ജനങ്ങളെ പോറ്റാന്‍ ഇവിടുത്തെ മണ്ണിനു കഴിഞ്ഞിരുന്നു. ഒരു തരം രാസ വളങ്ങളും കീടനാശിനികളും ഇവിടെ ഉപയോഗിച്ചിരുന്നില്ല. അത്യുല്പാദന ശേഷിയുള്ള വിത്തുകളും വേണ്ടിയിരുന്നില്ല. താങ്കളിപ്പോള്‍ കൊട്ടി ഘോഷിക്കുന്ന പുതിയ ബയോടെക്‌ നിവേശങ്ങളും ഇവിടെ ഉണ്ടായിരുന്നില്ല. പണ്ടു കാലം മുതല്‍ക്കെ ആക്രമികള്‍ ഇന്ത്യയെ കൊള്ളയടിച്ചു വരുന്നുണ്ട്. എന്നിട്ടും ഇവിടുത്തെ മണ്ണിന്റെ ഫലപുഷ്ടിക്കൊരു കോട്ടവും തട്ടിയില്ല. താങ്കള്‍ ഉദ്ഘോഷിക്കുന്ന ശാസ്ത്രം കര്‍ഷകരെ വഴി പിഴപ്പിക്കുന്നതാണ്. അത് കര്‍ഷകരെ ചതിക്കുഴിയില്‍ ചാടിക്കുന്നു. നമ്മുടെ നാട്ടില്‍ ഞാവല്‍, മാവ്, പുളി തുടങ്ങിയ മരങ്ങള്‍ ധാരാളം ഫലം തരുന്നുണ്ട്. കായ്കളുടെ ഭാരം മൂലം കൊമ്പുകള്‍ തൂങ്ങി നില്‍ക്കുന്നത്‌ കാണാം. ഒരു മരത്തില്‍ നിന്നും ഏതാണ്ട് ഒരു ടണ്‍ കായകള്‍ കിട്ടും. പക്ഷേ മരത്തിന്റെ ചുവട്ടിലെ മണ്ണിനൊരു ക്ഷാമവു മുണ്ടാകുന്നില്ല. പാറക്കെട്ടുകള്‍ നിറഞ്ഞ മലമുകളില്‍ വളരുന്ന ഈ മരങ്ങള്‍ക്ക് എവിടെ നിന്നാണ് വെള്ളവും വളവും കിട്ടുന്നത് ? പ്രകൃതി അവയ്ക്ക് വേണ്ടതെല്ലാം നില്‍ക്കുന്നിടത്ത് എത്തിച്ചു കൊടുക്കുന്നു. പക്ഷേ താങ്കളെ പോലുള്ള ശാസ്ത്രജ്ഞന്‍മാരും വിദഗ്ധരും ഇത് കാണുന്നില്ല. ഒരു മരത്തിനോ ചെടിക്കോ എന്തെല്ലാം, എത്രയെല്ലാം, എപ്പോഴെല്ലാം ആവശ്യമാണെന്ന് നിങ്ങള്‍ നിശ്ചയിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ് ?.

ഇന്ത്യയില്‍ നൂറ്റമ്പതിലേറെ കാര്‍ഷിക സര്‍വ്വകലാശാലകള്‍ ഉണ്ട്. ഇവയില്‍ പലതിനും ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയുണ്ട്. ഇവയ്ക്ക് വേണ്ട അടിസ്ഥാന സൗകര്യത്തിനോ സ്റ്റാഫിനോ പണത്തിനോ ഒരു പഞ്ഞവുമില്ല. കൊട്ടക്കണക്കിനു സബ്സിഡി നല്‍കിയിട്ടും ഇവയിലൊന്ന് പോലും കാല്‍ കാശിന്റെ ലാഭ മുണ്ടാക്കി യിട്ടില്ല. സ്വന്തം അധ്യാപകരെയും മറ്റു ജീവനക്കാരെയും വിദ്യാര്‍ഥി കളെയും തീറ്റി പോറ്റാന്‍ വേണ്ട ഭക്ഷണം പോലും ഇവ ഉല്‍പ്പാദിപ്പിക്കുന്നില്ല. ഇവ കൊല്ലം തോറും യാതൊന്നിനും കൊള്ളരുതാത്ത നൂറു കണക്കിന് അഭ്യസ്ത വിദ്യരെ പടച്ചു വിടുന്നുണ്ട്. കര്‍ഷകരെ വഴി പിഴപ്പിക്കാനും, പാരിസ്ഥിതിക നാശം വിതക്കാനും മാത്രമേ ഇവര്‍ക്കറിയൂ. മറ്റെല്ലാം അവഗണിച്ചു കൊണ്ട് വാണിജ്യ – വ്യവസായങ്ങളെ പുണരുന്ന നമ്മുടെ അടിമത്ത മനോഭാവവും പ്രശ്നം സൃഷ്ടിക്കുന്നു.

പക്ഷേ വ്യവസായമെന്നത് പ്രകൃതി തരുന്ന അസംസ്കൃത വസ്തുക്കള്‍ നിത്യോപയോഗ സാധനങ്ങളായി രൂപാന്തര പ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. പുതുതായി ഒന്നും തന്നെ വ്യവസായത്തിന് ഉണ്ടാക്കാനാവില്ല. പ്രകൃതിക്ക്‌ മാത്രമേ യഥാര്‍ത്ഥ സൃഷ്ടി നടത്താനാവൂ. സൂര്യനില്‍ നിന്നും അനുസ്യൂതം ഒഴുകിയെത്തുന്ന ഊര്‍ജ്ജത്തെ സാധനങ്ങളാക്കാന്‍ പ്രകൃതിക്ക് മാത്രമേ കഴിയൂ. എന്നാല്‍ സ്നേഹത്താലോ വിവേകത്താലോ എന്നതിനേക്കാള്‍ കച്ചവടത്താല്‍ പ്രചോദിതമായ ആധുനിക സാങ്കേതിക വിദ്യ എല്ലാ തലത്തിലും നാശം വിതക്കുന്നു. മണ്ണും വെള്ളവും വായുവുമെല്ലാം മലിനമാക്കി നശിപ്പിച്ചു. നമ്മുടെ കാടുകള്‍ എതാണ്ട് എല്ലാം തന്നെ നശിപ്പിച്ചു കഴിഞ്ഞു. വന്യജീവികളെ കൊന്നൊടുക്കി. ആധുനിക കര്‍ഷകരാവട്ടെ, തങ്ങളുടെ വയലുകളില്‍ മാരകമായ വിഷങ്ങള്‍ നിരന്തരം തളിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതിയുടെ ജീവല്‍ സൃഷ്ടിയെ കൂട്ടത്തോടെ കൊന്നൊടുക്കുക യാണിവര്‍. മണ്ണിന്റെ ശ്വാസ കോശങ്ങളെ പ്രവര്‍ത്തിപ്പിക്കുകയും, ജീവന്‍ തുടിക്കുന്ന ജൈവ പിണ്ഡത്തെ സസ്യ ജാലങ്ങള്‍ക്കുള്ള പോഷകങ്ങളാക്കി മാറ്റുകയും ചെയ്യുന്ന സേവകരെയാണ് നാം കൂട്ടത്തോടെ സംഹരിക്കുന്നത്. വിഷമയമായ രാസ വസ്തുക്കള്‍ വെള്ളത്തേയും മനുഷ്യനടക്കമുള്ള പ്രാണി ലോകത്തെയും വിഷത്തില്‍ ആറാടിക്കുന്നു.

ഇന്ത്യ വിള വൈവിധ്യത്തിന് പ്രശസ്തമായിരുന്നു. നാമതില്‍ അഭിമാനം കൊണ്ടിരുന്നു. സഹസ്രാബ്ദ ങ്ങള്‍കൊണ്ട് ഈ നാടിന്റെ ആവശ്യങ്ങള്‍ക്കും കാലാവസ്ഥക്കും യോജിച്ച വിധത്തില്‍ അവ രൂപം കൊണ്ടു വന്നു. നമ്മുടെ ഉയരം കൂടിയ നാടന്‍ നെല്ലിനങ്ങള്‍ കൊടും വെയിലില്‍ നിന്ന് മണ്ണിന്‌ തണലേകി യിരുന്നു. കനത്ത കാലവര്‍ഷ ക്കാലത്ത് മണ്ണൊലിച്ചു പോകുന്നതും അവ തടഞ്ഞിരുന്നു. എന്നാല്‍ വില വര്‍ദ്ധനയുടെ പേരില്‍ താങ്കള്‍ വിദേശീയരായ കുള്ളന്‍ ഇനങ്ങള്‍ ഇവിടെ പ്രചരിപ്പിച്ചു. ഇത് കളകള്‍ക്ക് വീര്യം വര്‍ദ്ധിപ്പിച്ചു. സൂര്യ പ്രകാശത്തിനു വേണ്ടി അവ കുള്ളന്‍ നെല്ലിനോട് മത്സരിച്ചു. തന്മൂലം കളകള്‍ പറിച്ചു നീക്കാനും കളനാശിനികള്‍ വാങ്ങാനും കൂടുതല്‍ പണവും അധ്വാനവും കര്‍ഷകര്‍ക്ക് ചിലവാക്കേണ്ടി വന്നു. നാടന്‍ നെല്ലിനങ്ങളില്‍ നിന്ന് കിട്ടിയിരുന്ന വൈക്കോലിന്റെ മൂന്നിലോന്നെ ഈ കുള്ളന്‍ ഇനങ്ങള്‍ നല്‍കൂ. ഇതില്‍ പോലും വിഷാംശം കണ്ടെത്തിയതിനാല്‍ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ക്ക് വൈക്കോല്‍ കത്തിച്ചു കളയേണ്ടി വരുന്നു. തന്മൂലം മണ്ണിന്റെ ഫലപുഷ്ടി കുറഞ്ഞു. പുറമേ നിന്നു വളം കൊണ്ട് വരേണ്ടി വന്നു. ആ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കര്‍ഷകര്‍ കൂടുതല്‍ രാസ വളം ചേര്‍ത്ത് തുടങ്ങി. അങ്ങനെ മണ്ണ് നശിക്കുകയും മണ്ണൊലിപ്പ്‌ ആരംഭിക്കുകയും ചെയ്തു. രാസ വളം ചേര്‍ത്ത്‌ വളര്‍ത്തിയ വിദേശീയ ഇനങ്ങള്‍ക്ക് കൂടുതല്‍ കീടബാധ അനുഭവപ്പെട്ടു. തന്മൂലം കീടനാശിനികള്‍ കോരി ഒഴിക്കേണ്ടി വന്നു. കീടനാശിനികളെ ചെറുക്കാന്‍ കീടങ്ങള്‍ ശേഷി നേടിയെന്നു മാത്രമല്ല കീട നിയന്ത്രണത്തിനു ഉപകരിച്ചിരുന്ന തവള, എട്ടുകാലി, തുടങ്ങിയ ജീവികള്‍ നശിച്ചു. അതിനപ്പുറം കൃഷിയെ പോഷിപ്പിച്ചിരുന്ന മണ്ണിരയും തേനീച്ചയും അപ്രത്യക്ഷമായി. കൃത്രിമ രാസവളങ്ങളുടെ ഉപയോഗവും നാണ്യ വിള കൃഷിയും വര്‍ദ്ധിച്ചതോടെ ജല സേചനം നടത്തേണ്ടതിന്റെ ആവശ്യം അത്യധികം വര്‍ദ്ധിച്ചു. അഞ്ച് ഹിമാലയന്‍ നദികളാല്‍ അനുഗ്രഹീതമായ പഞ്ചാബില്‍ 1952ല്‍ ഭക്രാനംഗല്‍ അണക്കെട്ട് നിര്‍മ്മിച്ചു, അതിനു ശേഷം ഇന്ത്യയുടെ നാനാ ഭാഗങ്ങളിലായി ചെറുതും വലുതുമായ നിരവധി അണക്കെട്ടുകള്‍ നിര്‍മ്മിച്ചു.

ദക്ഷിണ അമേരിക്ക കഴിഞ്ഞാല്‍ പിന്നെ ലോകത്തില്‍ ഏറ്റവും അധികം മഴ ലഭിക്കുന്ന നാടാണ് ഇന്ത്യ. വാര്‍ഷിക ശരാശരി 4 അടി വരും. സസ്യ ജാലം തണല്‍ വിരിച്ച മണ്ണില്‍, ജൈവാംശം സുലഭമായ മണ്ണില്‍ ഈ മഴയുടെ പകുതിയെങ്കിലും അടിത്തട്ടിലേക്ക് കിനിഞ്ഞിറങ്ങും. ജീവനുള്ള മണ്ണും മണ്ണിനടിയിലെ വെള്ളവുമാകുമ്പോള്‍ അത് പ്രകൃതി ദത്തമായ സംഭരണി കളാകുന്നു. അതിനാല്‍ അര നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പു വരെ ഇന്ത്യയില്‍ മിക്ക ഭാഗങ്ങളിലും കൊല്ലം മുഴുവന്‍ സുലഭമായി ജലം കിട്ടി കൊണ്ടിരുന്നു. കാട് വെട്ടി തെളിച്ചാല്‍ മണ്ണില്‍ നിന്ന് അതിന്റെ ജല സംഭരണ ശേഷി നഷ്ടപ്പെടും. പുഴകളും കിണറുകളും വറ്റും. ഇന്ത്യയില്‍ മിക്ക സ്ഥലങ്ങളിലും ഈ ദുരന്തം സംഭവിച്ചു കൊണ്ടിരിക്കുന്നു.

അടുത്ത ഒന്നോ രണ്ടോ ദശകത്തിനപ്പുറം നമ്മുടെ ഭൂമിയുടെ മുപ്പതു ശതമാന മെങ്കിലും തദ്ദേശീയ മരങ്ങളുടെയും കാട്ടു മരങ്ങളുടെയും തണലിലാക്കണം. വെള്ള കൊയ്ത്തിന്റെ മര്‍മ്മം അതാണ്‌. ഭൂഗര്‍ഭ ജല സമ്പത്ത് സ്വാഭാവികമായി സംരുദ്ധമാക്കാന്‍ അതാണ്‌ മാര്‍ഗ്ഗം. അങ്ങനെ ചെയ്‌താല്‍ ഒരു ദശകത്തിനപ്പുറം നിസ്സാര ചെലവില്‍ മികച്ച നേട്ടം കൈവരിക്കാന്‍ കഴിയും. ഭൂമിക്കടിയില്‍ സ്വാഭാവികമായി ജലം സംഭരിക്കുന്നതിനുള്ള സാധ്യതയെ പറ്റി നമുക്ക്‌ ബോധ്യമില്ല എന്നതാണ് കഷ്ടം. ഇന്ത്യയില്‍ ഗവണ്‍മെന്റ് നിര്‍മ്മിച്ചതും നിര്‍മ്മിക്കുന്നതും നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതുമായ വലുതും ഇടത്തരവും ചെറുതുമായ അണക്കെട്ടുകളില്‍ എല്ലാം കൂടി സംഭരിക്കാവുന്ന ജലത്തിന്റെ അനേകമിരട്ടി ജലം ജനങ്ങള്‍ക്ക്‌ അവരവരുടെ കാല്‍ ചുവട്ടില്‍ തന്നെ സംഭരിക്കാന്‍ കഴിയും. ഇത്തരത്തിലുള്ള വികേന്ദ്രീകൃത ജല സംഭരണമാണ് കൂടുതല്‍ കാര്യക്ഷമായത്.

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതിനു ശേഷം ഇന്ത്യയിലെ കാര്‍ഷിക മേഖല പുഷ്ടിപ്പെട്ടു വരികയായിരുന്നു. ജനങ്ങളില്‍ 75 ശതമാനവും ജീവിക്കുന്ന നാട്ടിന്‍പുറത്ത് പോഷക വൈവിദ്ധ്യത്തിന് ക്ഷാമ മുണ്ടായിരുന്നില്ല. എന്നാല്‍ നഗര വ്യവസായ മേഖലയുടെ വികസനത്തി നായിരുന്നു ഗവണ്‍മെന്റിനു താല്പര്യം. അതിനു വേഗം കേടു വരാത്ത ധാന്യങ്ങളുടെ ഉത്പാദനം കൂട്ടേണ്ടി വന്നു. ഈ സങ്കുചിത ലക്ഷ്യമാണ്‌ ‘ഹരിത വിപ്ലവം’ അടിച്ചേല്‍പ്പിക്കാന്‍ ഉണ്ടായ യഥാര്‍ത്ഥ കാരണം.

ദാരിദ്ര്യം, തൊഴിലില്ലായ്മ, ജനസംഖ്യാ വര്‍ദ്ധനവ്‌ എന്നിവ പരസ്പരം ബന്ധപ്പെട്ട മൂന്നു പ്രശ്നങ്ങളാണ്. ഈ പ്രശ്നങ്ങള്‍ ഒരേ സമയം പരിഹരിക്കാനുള്ള മാര്‍ഗ്ഗം ഇന്ത്യന്‍ കൃഷിയുടെ സ്വാഭാവിക ആരോഗ്യം വീണ്ടെടുക്കുകയാണ്. കൃഷിക്കു വേണ്ട ആവശ്യങ്ങള്‍ പരിമിതമാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ കൃഷിയിലൂടെ പരമാവധി ആളുകള്‍ക്ക് സ്വതന്ത്രരാകാന്‍ കഴിയൂ. അതായത്‌ വളരെ കുറച്ച് മൂലധനമേ കൃഷിക്ക് വേണ്ടൂ എന്നു വരണം. വില കൊടുത്ത്‌ വാങ്ങേണ്ട ആവശ്യങ്ങള്‍ കുറയ്ക്കണം. കാര്‍ഷിക ഉപകരണങ്ങളുടെ ആവശ്യം പരിമിത മാക്കണം. ബാഹ്യ സാങ്കേതിക വിദ്യയും കുറയണം. അങ്ങനെ കാര്‍ഷികോത്പാദനം വര്‍ദ്ധിപ്പിക്കാം. അപ്പോള്‍ ദാരിദ്ര്യം കുറയും. ജനസംഖ്യാ പെരുപ്പം ഒരു വിധം പരിഹരിക്കാനാവും.ഇന്ത്യക്കിന്ന് അത്യാവശ്യമായത് ബഹുവിള ജൈവ കൃഷിയും ഫല വൃക്ഷങ്ങള്‍ നട്ടു വളര്‍ത്തലും കാടുകളുടെ പുനരുദ്ധാരണവുമാണ്. വ്യാപകമായ ഇത്തരമൊരു മാറ്റത്തെ പിന്താങ്ങാനുള്ള ആര്‍ജവ ബുദ്ധി താങ്കള്‍ക്കുണ്ടാകുമോ? ഇക്കാര്യത്തില്‍ നിങ്ങള്ക്ക് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അതറിയിച്ചാല്‍ മറുപടി തരാന്‍ എനിക്ക് സന്തോഷമേയുള്ളൂ. ഞാനെന്റെ കൃഷിയിടത്തിലേക്ക് അങ്ങയെയും ക്ഷണിക്കുകയും ചെയ്യുന്നു.

എന്ന്

സ്നേഹപൂര്‍വ്വം,

ഭാസ്കര്‍ എച്ച്. സാവേ

(ഗുജറാത്തിലെ വില്സാദിലുള്ള ജൈവ കൃഷി തോട്ടത്തിന്റെ സ്ഥാപകനും പാരമ്പര്യ കൃഷിക്കാരനുമായ ഭാസ്കര്‍ സാവേ ദേശീയ കര്‍ഷക കമ്മീഷന്റെ ചെയര്‍മാനും ‘ഹരിത വിപ്ലവ’ത്തിന്റെ പിതാവുമായ ഡോ. എം. എസ്. സ്വാമിനാഥന് എഴുതിയ പ്രശസ്തമായ കത്തിന്റെ സംക്ഷിപ്ത രൂപം)

കടപ്പാട് : ഇല്ല്യാസ്‌ , പാഠഭേദം, ജീവനം 09

അവലംബം: The Great Agricultural Challenge

കടപ്പാട് www.epathram.com






ഭാസ്കര്‍ എച്ച്. സാവേ

ഫുക്കുവോക്ക

ഷിനോജേക്കബ് shino jacob

ചൊവ്വാഴ്ച, മാർച്ച് 08, 2011

തീവണ്ടി ആനക്കൊലപാതകം അവസാനിപ്പിച്ചപ്പോള്‍...


കേരളത്തിലും ഭാരതത്തിന്റെ പലഭാഗങ്ങളിലും തീവണ്ടി മുട്ടി നിരവധി കാട്ടാനകള്‍ മരണമടയുന്ന വാര്‍ത്ത നാം കേള്‍ക്കുന്നു ... എന്നാല്‍ നിരന്തര പ്രവര്‍ത്തനത്തിന്റെയും പഠനത്തിന്റെയും ഫലമായി 2002 ന് ശേഷം ഒരു കാട്ടാന പോലും തീവണ്ടി മുട്ടി മരിയ്ക്കാത്ത സ്ഥലമാണ് ഉത്തരാഖണ്ഡിലെ രാജാജി നാഷണല്‍ പാര്‍ക്ക് ... അവിടെ നടന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി കൂടുതല്‍ വായിക്കൂ....




ഷിനോജേക്കബ് shinojacob