ചൊവ്വാഴ്ച, ഡിസംബർ 08, 2009

വനപാതകളിലെ ഗതാഗതം നിരോധിക്കുക




കേരളത്തേയും കര്‍ണ്ണാടകത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ 212ല്‍ രാത്രിയില്‍ വാഹനം ഓടിക്കുന്നത് കര്‍ണ്ണാടകയിലെ ഹൈക്കോടതി വിലക്കി . ഇതേത്തുടര്‍ന്ന് ഇരു പക്ഷത്തേയും മനുഷ്യസ്നേഹികള്‍ ???? ഉടക്കിനില്‍പ്പാണ് . ദക്ഷിണേന്ത്യയില്‍ താരതമ്യേന വന്യജീവികള്‍ കൂടുതലുള്ള മേഖലയാണ് , ബന്ദിപ്പൂര്‍ - മുത്തങ്ങ മേഖല . ഇതിലൂടെയുള്ള ഗതാഗതം മറ്റേതൊരു കമേഴ്സ്യല്‍ മേഖലയിലേയും പോലെ കൂടിയ അളവിലാണുള്ളത് . ചരക്കുലോറികളും ടൂറിസ്റ്റ് ബസ്സുകളും സ്വകാര്യ കാറുകളും മറ്റുമായി നിരവധി വാഹനങ്ങള്‍ ഇവിടെ അനേകം വന്യജീവികളെ കൊന്നൊടുക്കിയിട്ടുണ്ട് .അയതിനെത്തുടര്‍ന്നാണ് ഹൈക്കോടതി ഇതുവഴിയുള്ള രാത്രിയാത്രക്ക് നിരോധനം ഏര്‍പ്പെടുത്തിയത് .എന്നാല്‍ ഈ നിരോധനത്തിന്‍റെ അന്തസത്ത ഉള്‍ക്കൊള്ളാതെ മനുഷ്യസ്നേഹികളും ??? മറ്റ് ഉത്തരവാദിത്വപ്പെട്ടവരും ??? അങ്കത്തിനിറങ്ങിയിരിക്കുന്നു . ഈ ഭൂമി ഇവിടെയുള്ള നിരവധി ജീവജാലങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണെന്ന് എല്ലാവരും മറക്കുന്നു . എല്ലാം മനുഷ്യന് സുഗഭോഗങ്ങള്‍ക്കുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടാതാണെന്ന മിഥ്യാ ധാരണ സമൂഹം മുറുകെപ്പിടിച്ചിരിക്കുന്നു . നാഷണല്‍ ഹൈവേ 212 കൂടാതെ മറ്റു നിരവധി റോഡുകളും വനമേഖലകളില്‍ക്കൂടി കടന്നുപോകുന്നുണ്ട് . ഇവിടെയെല്ലാം രാത്രിയാത്രക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാറുകള്‍ തയ്യാറാവണം . വന്യജീവികള്‍ കൂടുതലുള്ളയിടങ്ങളില്‍ റോഡുകള്‍ എന്നെന്നേക്കുമായി അടച്ചിടാന്‍ ധൈര്യം കാണിക്കണം .വനമേഖലകളില്‍ക്കൂടി കടന്നുപോകുന്ന മറ്റുറോഡുകളില്‍ രാവിലെ 9 നും വൈകുന്നേരം 4 നും ഇടയില്‍ മാത്രം ഗതാഗതം അനുവദിച്ചാല്‍ മതിയാകും .മറ്റു സമയത്ത് മൃഗങ്ങള്‍ റോഡുപയോഗിക്കട്ടേ ..... വന്യജീവികളുടെ സംരക്ഷണാര്‍ത്ഥം ചാലക്കുടിയില്‍ നിന്നും പറംപിക്കുളത്തേക്കുള്ള റോഡ് അടച്ചുപൂട്ടിയത് അധികാരികള്‍ക്ക് മാര്‍ഗ്ഗദര്‍ശകമാകട്ടേ ...കാടെല്ലാം നാടായി മാറിയതിനാല്‍ ഇത്തിരിവട്ടത്തിനുള്ളില്‍ ( വന്യജീവി സങ്കേതങ്ങള്‍ക്കുള്ളില്‍ ) ഒതുങ്ങിപ്പോയ മൃഗങ്ങളെ അവിടേയും കിടത്തിപ്പൊറുപ്പിക്കാന്‍ അനുവദിക്കാത്ത മനുഷ്യന്‍റെ അധിനിവേശസ്വഭാവം ലജ്ജാകരമാണ് . വനപാതകളില്‍ അഴിഞ്ഞാടാന്‍ ചെല്ലുന്ന ടൂറിസ്റ്റുകള്‍ ( സ്വന്തം നാട്ടില്‍ ചെയ്യാന്‍ പറ്റാത്ത വൃത്തികേടുകള്‍ മറുനാട്ടില്‍ ചെയ്യുന്നവര്‍ ) പലപ്പോഴും മൃഗങ്ങള്‍ക്ക് പേടിസ്വപ്നമാണ് . ഇവര്‍ സൃഷ്ടിക്കുന്ന കാട്ടുതീയും മലിനീകരണവും വേറേ.... സംരക്ഷിതപ്രദേശങ്ങള്‍ സംരക്ഷിതപ്രദേശങ്ങളായിത്തന്നെ നില്‍ക്കണം . ആയതിനാല്‍ നാട്ടുമനുഷ്യന്‍ അങ്ങോട്ടു ചെല്ലരുത് . വരും തലമുറക്ക് കൈമാറാല്‍ ഇത്തിരി പച്ചത്തുരുത്തുകളെങ്കിലും ഇവിടെ ബാക്കിയുണ്ടാവണം ... അതിനുവേണ്ടിയാവട്ടേ നമ്മുടെ യുദ്ധങ്ങള്‍ ...




വ്യാഴാഴ്‌ച, ഡിസംബർ 03, 2009

ട്രാക്ടര്‍ ചാണകമിടുന്നില്ല ......


സ്വാതന്ത്രാനന്തര ഭാരതം കണ്ട പ്രധാന രണ്ടു വിപ്ലവങ്ങളായിരുന്നു ഹരിതവിപ്ലവവും ധവളവിപ്ലവവും . ഹരിതവിപ്ലവം അവശേഷിപ്പിച്ചത് കീടനാശിനികളും രാസവളങ്ങളും കൊണ്ട് മലിനീകരിക്കപ്പെട്ട കൃഷിയിടങ്ങളേയാണെങ്കില്‍ ധവളവിപ്ലവം കൊണ്ടെത്തിച്ചത് തനത് ഭാരതീയ ഇനം പശു വര്‍ഗ്ഗങ്ങളുടെ വംശനാശത്തിലേക്കായിരുന്നു . പശു എന്നാല്‍ പാല്‍ തരുന്ന ഒരു മൃഗം എന്നൊരു കാഴ്ചപ്പാടിലേക്ക് മാറിയത് ഭാരതീയ ഇനം പശു വര്‍ഗ്ഗങ്ങള്‍ക്ക് കൊലക്കത്തിയാണ് സമ്മാനിച്ചത് .യൂറോപ്യന്‍ പശു വര്‍ഗ്ഗങ്ങളുമായി താരതമ്യം ചെയ്യുംപോള്‍ പാല്‍ ലഭ്യത കുറവായിരിക്കാം ....പക്ഷേ കാളയെ വിവിധ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം എന്നതും ചാണകവും ഗോമൂത്രവും ഒന്നാന്തരം വളം , കീടനാശിനി എന്നതാണെന്നതും മറച്ചുവെക്കപ്പെട്ടു .അതോടെ ഗ്രാമീണമേഖലകള്‍ പോലും പെട്രോള്‍ ,ഡീസല്‍,രാസവളം , കീടനാശിനി എന്നിവക്ക് അടിമപ്പെടേണ്ടിവന്നു .കര്‍ഷകരുടെ ചെറുകിട ആവശ്യങ്ങള്‍ക്ക് സഹായകരമായിരുന്ന കാളവണ്ടി അപരിഷ് കൃതമാണെന്നൊരു ചിന്തവന്നു . എന്നാല്‍ ഇതൊരു നോണ്‍ പൊളൂട്ടിങ്ങ് വെഹിക്കിള്‍ ആണെന്നത് ചിന്തിക്കാന്‍ പുരോഗമന കാലത്ത് ആരുമില്ലാതായി . ഹരിതവിപ്ലവകാലത്ത് രാസവളം കീടനാശിനി എന്നിവ കോരിച്ചൊരിയപ്പെട്ട സംസ്ഥാനമായ ഹരിയാനയില്‍ ബേങ്കുകള്‍ ട്രാക്ടര്‍ വാങ്ങുന്നതിന് കര്‍ഷകര്‍ക്ക് ഉദാരമായി വായ്പകള്‍ നല്‍കി . എല്ലാകര്‍ഷകരും മത്സരിച്ച് ട്രാക്ടര്‍ വാങ്ങി .ഒടുവില്‍ രാസവളം കീടനാശിനി എന്നിവ മണ്ണിനെ നശിപ്പിച്ച് കൃഷി നഷ്ടമാക്കി .ലോണ്‍ തിരിച്ചടവ് മുടങ്ങി , കൂടാതെ ട്രാക്ടര്‍ ഒാ ടണമെങ്കില്‍ ഡീസലും അനുബന്ധചിലവുകള്‍ വേറേയും . ഒടുവില്‍ കര്‍ഷകര്‍ മഹത്തായ സത്യം വിളിച്ചു പറയാന്‍ നിര്‍ബന്ധിതരായി , ട്രാക്ടര്‍ ചാണകമിടുന്നില്ല........ നിലം ഉഴാന്‍ കാളയുണ്ടായിരുന്നെങ്കില്‍ ഇന്ധനമായി പുല്ലുനല്‍കിയാല്‍ മതിയായിരുന്നു പകരം പുറത്തുവിടുന്ന ചാണകം വളമായി ഉപയോഗിക്കുകയും ചെയ്യാം മണ്ണ് ന ന്നാവുകയും ചെയ്യും . പടിഞ്ഞാറന്‍ നാടുകളില്‍ നിന്നും ഇറക്കുമതി ചെയ്ത പശു ഇനങ്ങളില്‍ കാളകള്‍ക്ക് വണ്ടിവലിക്കാനോ നിലം ഉഴാനോ ഉള്ള ശേഷി ഇല്ല .പോരാത്തതിന് അവ പാല്‍ തരാത്ത ജീവികളായതുകൊണ്ട് ഇറച്ചിതീനികളായ മൃഗങ്ങളുടെ കൊലക്കത്തിക്ക് കൊടുക്കാനാണ് വിദഗ്ദന്‍മാര്‍ ഉപദേശിച്ചത് .കര്‍ഷകര്‍ ആ വഴിക്ക്തിരിഞ്ഞു.(ഇപ്പോള്‍ ഭാരതത്തില്‍ പ്രതിദിനം ഒരു ലക്ഷം പശുക്കളേയാണ് കശാപ്പുചെയ്യുന്നത് . കിടാവുകളില്‍ 65ശതമാനത്തേയും കൂടിയ വിലക്ക് മാംസമാക്കി വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നു .കേരളത്തില്‍ പ്രതിവര്‍ഷം 30ലക്ഷം പശുക്കളേയാണ് കശാപ്പുചെയ്യുന്നത് .ഇങ്ങനെ കൊലപാതകനിരക്ക് തുടര്‍ന്നാല്‍ 12 വര്‍ഷം കൊണ്ട് ഭാരതത്തില്‍ പശു ഇല്ലാതാവും )വിദേശ പശു ഇനത്തിന് കൂടുതല്‍ പരിചരണവും കൂടുതല്‍ ഭക്ഷണവും വേണം എന്നത് പശു വളര്‍ത്തല്‍ ഒരു ഭാരിച്ച ജോലിയാക്കി മാറ്റി .എന്നാല്‍ നാടന്‍ പശുവിന്‍റെ ഇക്കാര്യത്തിലുള്ള മേന്‍മ മൂടിവെക്കപ്പെട്ടു .രോഗപ്രതിരോധശേഷി കൂടുതലാണെന്നതും കൈകാര്യം ചെയ്യാന്‍ എളുപ്പമാണെന്നതും വിദഗ്ദന്‍മാര്‍ക്ക് പ്ലസ് പോയിന്‍റുകളായിരുന്നില്ല . ആയതിനാല്‍ ഭാരതീയ പശു വര്‍ഗ്ഗങ്ങള്‍ ക്രമേണ ഇറച്ചിയാക്കപ്പെട്ടു .ഭാരതീയ തനത് പശു വര്‍ഗ്ഗങ്ങളില്‍ എഴുപതോളം എണ്ണമാണ് വംശം അറ്റുപോയത് . അതില്‍ വിദഗ്ധന്‍മാര്‍ക്കുള്ളപങ്ക് ചില്ലറയല്ല .എന്നാല്‍ നമുക്ക് പ്രത്യാശനല്‍കുന്നത് , ഭാരതത്തിന്‍റെ ചില
ഭഗങ്ങളില്‍ തനത് പശുവര്‍ഗ്ഗങ്ങളെ
സംരക്ഷിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു എന്നതിലാണ്....... ( കലപ്പ ഞങ്ങളുടെ ഭൂമിയെ സന്തോ‍ഷപൂര്‍വ്വം ഉഴട്ടേ ......,
കലപ്പ കാളയോടൊപ്പം സന്തോഷപൂര്‍വ്വം ഉഴട്ടേ ....
കലപ്പ കാളയോടൊപ്പം സന്തോഷപൂര്‍വ്വം സഞ്ചരിയ്ക്കട്ടേ .....
മഴ സന്തോഷത്തോടെ മധുര പ്രവാഹം കൊണ്ട് -
ഭൂമി നനയ്ക്കട്ടേ .....
- ഋഗ്വേദം )









ചൊവ്വാഴ്ച, നവംബർ 24, 2009

ആയുര്‍വ്വേദ മേഖല സംഘര്‍ഷത്തില്‍


പരംപരാഗതമായി ആയുര്‍വേദ ചികിത്സനടത്തിവന്നിരുന്ന വൈദ്യന്‍മാര്‍ ഇന്ന് പലവിധ ഭീഷണികളും പ്രതിസന്ധികളും നേരിടുന്നു. ഇവര്‍ക്ക് കോളേജുകളില്‍ നിന്നോ സര്‍വ്വകലാശാലകളില്‍ നിന്നോ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താല്‍ നിലവില്‍ചില കേന്ദ്രങ്ങളില്‍ നിന്നും ഇവരെ ഒറ്റപ്പെടുത്താനും വ്യാജവൈദ്യന്‍മാര്‍ എന്ന് വിളിച്ച് ആക്ഷേപിക്കാനും ഇടയാക്കിയിരിക്കുന്നു .തന്‍മൂലം ഈ മേഖലയില്‍ സംഘര്‍ഷം തുടങ്ങിയിട്ട് കുറച്ചുനാളായി . യഥാര്‍ത്ഥത്തില്‍ പരംപരാഗതമായി ( അനേക തലമുറകളിലൂടെ ) കൈമാറിവന്ന വിജ്ഞാനത്തിന്‍റെ അനന്ത ശേഖരമാണ് പരംപരാഗത അയുര്‍വ്വേദ വൈദ്യന്‍മാര്‍ , കൂടാതെ പ്രവര്‍ത്തിപരിചയത്തിലൂടെ ഇവര്‍ ആര്‍ജ്ജിക്കുന്ന അറിവും പരിഗണിക്കേണ്ടതാണ് .എല്ലാ പരംപരാഗത വൈദ്യന്‍മാര്‍ക്കും എല്ലാ തരത്തിലുള്ള മരുന്നു ചെടികളേയും നേരിട്ടറിയാം അവര്‍ അതുപയോഗിച്ച് വിവിധ തരത്തിലുള്ള മരുന്നുകള്‍ ഉണ്ടാക്കുകയും ചെയ്യും എന്നാല്‍ ആധുനിക ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ക്ക് എല്ലാ മരുന്നു ചെടികളേയും നേരിട്ടറിയണമെന്നില്ല മരുന്നുണ്ടാക്കാനും അവര്‍ക്ക് അറിയണമെന്നില്ല . പരംപരാഗത ആയുര്‍വ്വേദത്തില്‍ അതിന്‍റെ എല്ലാശാഖകളും പഠിപ്പിക്കുന്നു എന്നാല്‍ ഡിഗ്രീ ആയുര്‍വ്വേദത്തില്‍ സിലബസ്സില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന കാര്യങ്ങള്‍ മാത്രം പഠിപ്പിക്കുന്നു കൂടാതെ നാട്ടിലെ വിഷവൈദ്യന്‍മാരില്‍ വളരെയേറെപ്പേര്‍ പരംപരാഗത വൈദ്യന്‍മാരാണ് .ചില കേന്ദ്രങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത് പരംപരാഗത വൈദ്യന്‍മാരെ ഇല്ലായ്മ ചെയ്യാനാണ് . ആയുര്‍വ്വേദം എന്നത് പുരാതന മഹര്‍ഷിമാര്‍ തൊട്ട് പരംപരാഗതവൈദ്യന്‍മാരിലൂടെ കൈമാറിവന്നതാണ് .പരംപരാഗതവൈദ്യത്തെ ഇല്ലാതാക്കുക എന്നാല്‍ തായ് വേര് മുറിച്ചുമാറ്റുക എന്നതാണ് .ആധുനിക ആയുര്‍വ്വേദത്തിനു വേണ്ടിവാദിക്കുന്നവര്‍ മറന്ന പ്രധാനപ്പെട്ടകാര്യം തങ്ങള്‍ പരംപരാഗതവൈദ്യത്തിന്‍ റെ സന്തതികളാണ് എന്നതാണ് .ഈ സാഹചര്യത്തില്‍ ഗവണ്‍മെന്‍റിന് ചെയ്യാവുന്ന കാര്യം പരംപരാഗത വൈദ്യന്‍മാര്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കുക എന്നതാണ് .

വ്യാഴാഴ്‌ച, നവംബർ 19, 2009

സൈക്കിള്‍ തിരിച്ചുവരില്ലേ ....


സംഘടനാ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് ലാന്‍ട് റവന്യൂ കമ്മീഷണറേ റ്റ് പടിക്കല്‍ രണ്ട് നാള്‍ ഉപവാസമിരിക്കേണ്ടിവന്നപ്പോള്‍ കണ്ട ചിലനഗരക്കാഴ്ചകള്‍ ചില സൂചനകള്‍ തരുന്നു . അതായത്
സൈക്കിള്‍ എന്ന വാഹനം മണ്‍മറയുന്നതും കാര്‍ , ബൈക്ക് എന്നിവ മുന്നേറുന്നതും .
രണ്ടു ദിവസം രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ റോഡിലേക്ക് കണ്ണും നട്ട് ഇരുന്നപ്പോള്‍ ആകെ കണ്ടത് 14 സൈക്കിള്‍ യാത്രക്കാരെ മാത്രമാണ് . ബൈക്കുകളും കാറുകളുമാണെങ്കിലോ ആയിരക്കണക്കിനും . 14 സൈക്കിള്‍ യാത്രക്കാരില്‍ 2 പേര്‍ മാത്രമാണ് ചെറുപ്പക്കാര്‍ . ബാക്കിയുള്ളവര്‍ സ്കൂള്‍ കുട്ടികളോ വൃദ്ധന്‍മാരോ ആണ് . അവരില്‍ ചിലര്‍ സായാഹ്ന സവാരിക്കായി മാത്രം സൈക്കിള്‍ ഉപയോഗിക്കുന്ന വരാണ് . അല്ലെങ്കില്‍ പത്രവിതരണം പോലുള്ള തൊഴിലുകള്‍ ചെയ്യുന്നവരാണ് . ഗൌരവമുള്ള ഒരു യാത്രാവാഹനമായി സൈക്കിള്‍ ഉപയോഗിക്കുന്നതായി തോന്നിയത് 2 പേര്‍ മാത്രമാണ്.

നഗരത്തില്‍ അമിത വേഗതയിലാണ് ബൈക്കുകളും കാറുകളും സഞ്ചരിക്കുന്നത് .ഏതെങ്കിലും സിഗ്നല്‍ പോയിന്‍ റില്‍ നിന്ന് പച്ചലൈറ്റ് കിട്ടിയാല്‍ സ്കൂള്‍ വിട്ട് കുട്ടികള്‍ പുറത്തേക്ക് കുതിക്കുന്നത് പോലെ വാഹനങ്ങള്‍ ഒറ്റ ക്കുതിപ്പാണ് . ... ജീവനോടെ വീടെത്താന്‍ കഴിയുക എന്നത് നഗരത്തിലെ വാഹന യാത്രക്കാരുടെ ലോട്ടറിയാണ് .... ഇടവേളകളില്‍ റോഡ് കാലിയാവുന്നത് സിഗ്നല്‍ ചുവപ്പാകുന്പോള്‍ മാത്രമാണ് . വികസനത്തിെന്‍ റ അറ്റം മുട്ടുന്പോള്‍ , പരകോടിയിലെത്തുന്പോള്‍ , ശ്വസിക്കാന്‍ ഒാക്സിജന്‍ ഇല്ലാതെ ഭ്രാന്തന്‍മാരായി മാറിയ ഒരു തലമുറയാണ് നമ്മുടെ പട്ടണങ്ങില്‍ ഉണ്ടാവുക





ബുധനാഴ്‌ച, നവംബർ 18, 2009

ഗോ സംരക്ഷണ പ്രതിജ്ഞ


വിശ്വമംഗള ഗോ ഗ്രാമയാത്രയുടെ ഭാഗമായി ചൊല്ലുന്ന ഈ ഗോ സംരക്ഷണ പ്രതിജ്ഞ അത്യന്തം അര്‍ത്ഥപൂര്‍ണ്ണവും ഹൃദയഹാരിയുമാണ് . ഇരുകൈകളും ഉയര്‍ത്തിപ്പിടിച്ച് ഈ പ്രതിജ്ഞ നാം ചൊല്ലുന്പോള്‍ അറവുശാലകളില്‍ പിടയുന്ന അനേകായിരം പശുക്കിടാങ്ങള്‍ക്കുള്ള ആദരാജ്ഞലികളാവുന്നു ........


ഹേ പരമ പൂജ്യ ഗോമാതാ ...

അവിടുന്ന് പ്രേമമയിയും കരുണാമയിയുമായ അമ്മയാണ് ,

സകല അഭിലാഷങ്ങളും പൂര്‍ത്തിയാക്കിത്തരുന്ന കാമധേനുവാണവിടുന്ന് ,

പവിത്രതീര്‍ത്ഥരൂപിയായ അവിടുന്ന് ചലിക്കുന്ന ദേവാലയമാണ് ,

ഗംഗാമാതാവി ന്‍റ പവിത്രതയും പരിശുദ്ധിയും നിറഞ്ഞദേവിയാണ് .

സര്‍വ്വരോഗനിവാരണിയും ആരോഗ്യദാതാവുമായ -

ധന്വന്തരിരൂപിയായ ഗോമാതാവാണങ്ങ് .

ജൈവകൃഷിയിലൂടെ സമൃദ്ധിയേകുന്ന ലക്ഷ് മീദേവിയും അവിടുന്നാണ്

അവിടത്തോടുള്ള എണ്ണമറ്റ തും നിരന്തരവുമായ അതിക്രമങ്ങളാല്‍ ,

ഹേ .. മാതാവേ ഞാന്‍ അങ്ങേയറ്റം ദുഖിതനാണ് .

അവിടത്തോടുള്ള അനാദരവ് എല്ലാ വിധത്തിലും അസഹ്യമാണ്.

മനോവാക്കര്‍മ്മങ്ങളാല്‍ അങ്ങയുടേയും അങ്ങയുടെ നൈസര്‍ഗ്ഗികമായ ജലം ,

ഭൂമി , ജീവജാലങ്ങള്‍ , വനങ്ങള്‍ , ജനങ്ങളുടെ വാസസ്ഥാനമായ ഗ്രാമങ്ങള്‍

എന്നിവയുടേയും സുരക്ഷ , സംവര്‍ദ്ധനം , സേവനം എന്നിവക്കായി

എല്ലായ്പ്പോഴും സക്രിയമായി നിലനിന്നുകൊണ്ട് അവിടുത്തെ മഹത്വത്തെ

സമാജത്തില്‍ പുനപ്രതിഷ്ടിക്കുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു .

ഈ ശുഭ സങ്കല്‍പ്പം പൂര്‍ണ്ണമാക്കുന്നതിന് എനിക്ക് ശക്തിയും സാമര്‍ത്ഥ്യവും

ഏകിയാലും , കൃപ തൂകിയാലും അമ്മേ ...

ഗോ മാതാ കീ ജയ്....

ഗോ രക്ഷക്കായി ആരുണ്ട് ....?

നാമുണ്ട് , നമ്മളുണ്ട് , നമ്മളെല്ലാമുണ്ട് ....

വെള്ളിയാഴ്‌ച, ഒക്‌ടോബർ 30, 2009

കുപ്പിവെള്ളം കുടിപ്പിച്ച തിരുവനന്തപുരം

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് രണ്ടുനാള്‍ തങ്ങേണ്ടിവന്നു . അത് കുടിവെള്ളത്തിന്റെ വില ഓര്‍മ്മിപ്പിക്കുന്നതായിരുന്നു . അതായത് ശുദ്ധമായപച്ചവെള്ളം ഒരിടത്തും കുടിക്കാനില്ല .ഏത് ഹോട്ടലില്‍ കയറിയാലും ബ്ളീച്ചിംഗ് പൌഡര്‍ എന്ന വിഷം കലക്കിയ വെള്ളം മാത്രം .ആദ്യ ദിനം നാട്ടില്‍ നിന്നും കൊണ്ടുപോയ ഒരു കുപ്പി വെള്ളം കൊണ്ട് തൃപ്തിപ്പെട്ടു .എന്നാല്‍ രണ്ടാം ദിനം കഥയാകെ മാറി .തിളച്ചുമറിയുന്ന വെയില്‍ , കടുത്ത ഉഷ്ണത്തില്‍ ശരീരത്തെ തണുപ്പിക്കാന്‍ പച്ചവെള്ളം കൂടാതെ കഴിയുകയില്ലെന്നായി . ആയതിനാല്‍ ഒരു കുപ്പി വെള്ളം 15 രൂപ കൊടുത്തു വാങ്ങി . അത് കൊക്കക്കോളയുടേയോ പെപ്സിയുടേയോ അല്ലായിരുന്നു എന്നത് മാത്രമായിരുന്നു ആശ്വാസം . നഗരവാസികളെ വൃക്കരോഗികളാക്കുന്ന , മറ്റു രോഗങ്ങളിലേക്കുതള്ളിവിടുന്ന ബ്ളീച്ചിംഗ് പൌഡര്‍ എന്ന വിപ്ളവം എന്നാണാവോ അധികാരികള്‍ നിര്‍ത്തലാക്കുക ........

വ്യാഴാഴ്‌ച, ഒക്‌ടോബർ 29, 2009

വിശ്വമംഗള ഗോ ഗ്രാമ യാത്ര

കര്‍ണ്ണാടക സംസ്ഥാനത്തിലെ ഹൊസനഗരിലുള്ള ശ്രീരാമചന്ദ്രമഠാധിപതി ശ്രീ രാഘവേശ്വരഭാരതി സ്വാമി നയിക്കുന്ന വിശ്വമംഗള ഗോ ഗ്രാമ യാത്ര ലോക ശ്രദ്ധനേടിയിരിക്കുന്നു 2007 നവംബറില്‍ ഹൊസനഗറില്‍ നടത്തിയ ആഗോള ശ്രദ്ധനേടിയ ലോക ഗോ സമ്മേളനത്തിനു ശേഷമുള്ള ഈ പരിപാടി രാഘവേശ്വര ഭാരതി സ്വാമിയുടെ വിശേഷപ്പെട്ട പ്രവര്‍ത്തികളില്‍ ഒന്നാണ് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന തനത് ഇന്‍ഡ്യന്‍ പശു ഇനങ്ങളെ സംരക്ഷിക്കുക അതിലൂടെ ഇന്‍ഡ്യന്‍ കാര്‍ഷിക മേഖലയുടെ തകര്‍ച്ച ഒഴിവാക്കുക ഇന്‍ഡ്യന്‍ കര്‍ഷകരുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുക രാസകൃഷിയിലൂടെ നശിപ്പിക്കപ്പെട്ട മണ്ണിനെ നാടന്‍ പശുവിന്റെ ചാണകം മൂത്രം എന്നിവ ഉപയോഗിച്ച് വീണ്ടെടുക്കുക തുടങ്ങി വിവിധ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ട് സ്വാമി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് ആയതിന്റെ ഭാഗമായി ഇദ്ദേഹത്തിന്റെആശ്രമത്തില്‍ നിന്നും ജനങ്ങള്‍ക്ക് നാടന്‍ പശുക്കുട്ടികളെ സൌജന്യമായി നല്‍കുന്നു പശുക്കുട്ടിക്ക് വില കൊടുക്കുന്നതിനുപകരം അതിനെ മരണം വരെ പോറ്റാമെന്നും വില്‍ക്കില്ല എന്ന ഉറപ്പും ആശ്രമത്തിന് രേഖാമൂലം നല്‍കിയാല്‍ മതി . കാസര്‍കോട് പെര്‍ളയിലുള്ള കാമധുക ഗോശാലയില്‍ നിന്നും ഇതു പോലെ പശുക്കുട്ടികളെ ലഭിക്കും തനത് ഇന്‍ഡ്യന്‍ പശു ഇനങ്ങളില്‍ 76 എണ്ണം ഇതിനോടകം ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായി എന്നാണ് കണക്ക് ശേഷിക്കുന്നതില്‍ വംശനാശം നേരിടുന്നതില്‍ 32 ഇനങ്ങള്‍ക്ക് ലോക ഗോ സമ്മേളനം സവിശേഷമായ ശ്രദ്ധനല്‍കിയിരുന്നു 16 പ്രമുഖ ക്ഷീരകര്‍ഷകരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ശാസ്ത്രജ്ഞന്‍മാരും 25 ലക്ഷത്തോളം ജനങ്ങളും വിവിധ സംസ്ഥാനങ്ങളിലെ മുപ്പതിലധികം മന്ത്രിമാരും 30 ഇനം നാടന്‍ പശു ഇനങ്ങളും പങ്കെടുത്ത 9 ദിവസം നീണ്ടുനിന്ന ലോക ഗോസമ്മേളനത്തിന്റെ വിജയത്തിനു ശേഷം ഗോവിനെ സംരക്ഷിക്കേണ്ടടതിന്റെ ആവശ്യകതയുടെ സന്ദേശം ഇന്‍ഡ്യന്‍ ഗ്രാമങ്ങളില്‍ എത്തിക്കുക എന്ന ദൌത്യം മുന്‍നിര്‍ത്തി 2009 സെപ്തംബര്‍ 28 ന് കുരുക്ഷേത്രയില്‍ നിന്നും ആരംഭിച്ച രഥയാത്ര 2010 ജനുവരി 17 ന് നാഗ്പ്പൂരിന്‍ സമാപിക്കും മൊത്തം 108 ദിവസം കൊണ്ട് 20000 കിലോമീറ്റര്‍ സഞ്ചരിക്കുന്ന രഥയാത്രയില്‍ 400 മഹാ സമ്മേളനങ്ങള്‍ നടക്കും . കേരളത്തില്‍ 2009 നവംബര്‍ 27 ന് പ്രവേശിക്കുന്ന രഥയാത്രയില്‍ 12 മഹാസമ്മേളനങ്ങള്‍ നടക്കും . ഇതിനുമുന്‍പായി ഈ യാത്രയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലേക്കും ഉപയാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട് . യാത്രയുടെ ഭാഗമായി ജനങ്ങളില്‍ നിന്നും ഗോവധം നിരോധിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഭീമഹര്‍ജി നല്‍കുന്നതിനായി ഒപ്പു ശേഖരണം നടത്തും . വിശ്വമംഗള ഗോ ഗ്രാമയാത്രയുടെ വെബ് സൈറ്റ് www.gougram.org e mail gogramayathra@gmail.comആധുനികതക്കൊപ്പം കുതിച്ചു പായുന്നലോകംഒടുവില്‍ ഉള്ളി തൊലികളഞ്ഞതുപോലെ എല്ലാം നഷ്ടപ്പെട്ട് ഒരു മുഴം കയറിലോ ഒരു കുപ്പി വിഷത്തിലോ ഒടുങ്ങുന്നു ഒരു നിമിഷം തിരക്കില്‍ നിന്നും വേറിട്ട് നില്‍ക്കുക ഗ്രാമങ്ങളിലേക്ക് മടക്കയാത്ര ആരംഭിക്കുക . മനസ്സില്‍ നന്‍മ നിറക്കുക . കുഴിവെട്ടിമൂടുക വേദനകള്‍ ........കുതികൊള്‍ക ശക്തിയിലേക്കു നമ്മള്‍ .........

വ്യാഴാഴ്‌ച, ഒക്‌ടോബർ 08, 2009

രാജവെമ്പാല എന്ന സാധുജീവി


കേരളത്തില്‍ കാണപ്പെടുന്ന പാമ്പുകളില്‍ വിഷമുള്ളവയില്‍ ഏററ വും വലുപ്പമേറിയ പാമ്പാണ് രാജവെമ്പാല. രൂപംകൊണ്ടും സ്വഭാവം കൊണ്ടും മററുപാമ്പുകളില്‍നിന്നുംവളരെ വൃതൃസ്തനാണ് രാജവെമ്പാല . രാജവെമ്പാലയുടെ വിശേഷങ്ങള്‍ വായിച്ചറിയൂ... തണുപ്പാര്‍ന്നതും ശാന്തമായതും ധാരാളം വെള്ളമുള്ളതുമായ പ്രദേശത്ത് ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന രാജവെമ്പാല കേരളത്തിലെ പശ്ചിമഘട്ടമലനിരകളിലെ നിബിഢവനങ്ങളില്‍ കാണപ്പെടുന്നു .18അടിയോളം നീളത്തില്‍ വളരുന്ന രാജവെമ്പാലയുടെ നിറം പൊതുവേ കറു പ്പില്‍ വെളുത്തവരകള്‍ എന്നതാണ് . എന്നാല്‍പ്രായം അനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കും . ഇന്ത്യയില്‍ കേരളത്തിനുപുറത്ത് പശ്ചിമഘട്ടമലനിരകള്‍ കിടക്കുന്ന മററുദക്ഷിണേന്ത്യന്‍സംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഹരിതവനങ്ങളിലും ഇന്ത്യക്കുപുറത്ത് കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും രാജവെമ്പാല അധിവസിക്കുന്നു . ചെറിയപ്രായത്തില്‍ രാജവെമ്പാലയുടെനിറം കറുപ്പില്‍ മഞ്ഞവരകള്‍ എന്നതാണ് . എന്നാല്‍ വളരുംതോറും മഞ്ഞനിറംമാറി വെള്ളനിറമാവുകയും പ്രായം കൂടിവരുമ്പോള്‍ വെള്ളനിറം ക്രമേണകാണാത്ത തരത്തിലായി മാറുകയും ചെയ്യുന്നു.ഇന്ത്യക്കുപുറത്തുള്ള രാജവെമ്പാലകളില്‍ കറുപ്പുനിറത്തില്‍ ഏറ്റക്കുറച്ചിലുള്ളതായി കാണുന്നു. സാധാരണമൂര്‍ഖനെ അപേക്ഷിച്ച് വളരെയധികം വിഷം ഒരുകടിയിലൂടെ ഇരയുടെ ശരീരത്തിലേക്ക് കുത്തിവയ്ക്കാന്‍ രാജവെമ്പാലക്ക് കഴിയുന്നു തന്‍മൂലം ഇരയുടെ മരണം പെട്ടെന്ന് സംഭവിക്കുന്നു . എന്നാല്‍ രാജവെമ്പാലയുടെ വിഷത്തിന്റെ വീര്യം മൂര്‍ഖന്റെ വിഷത്തിനൊപ്പമോ അതിലും താഴെയോമാത്രമേ വരുന്നുള്ളൂ . ഇന്ത്യയില്‍ രാജവെമ്പാലയുടെകടിയേറ്റുള്ളമരണം വളരെക്കുറച്ചുമാത്രമേ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുള്ളൂ .രാജവെമ്പാല വളരെയധികമുള്ള തായ്ലാന്റില്‍ രാജവെമ്പാലവിഷത്തിനെതിരെയുള്ള പ്രതിവിഷം ഉത്പാദിപ്പിക്കുന്നുണ്ട് . ഇന്ത്യയില്‍ രാജവെമ്പാലകടിച്ചുള്ള മരണം വളരെക്കുറവായതിനു കാരണം മനുഷ്യന്‍ ഇല്ലാത്തസ്ഥലത്ത് രാജവെമ്പാല ജീവിക്കുന്നുഎന്നതാണ് മറ്റൊരു കാരണം രാജവെമ്പാല മനുഷ്യനെ കടിക്കാന്‍ ആഗ്രഹിക്കുന്നില്ല
എന്നതും മനുഷ്യനെ ഒട്ടും ഭയക്കുന്നില്ല എന്നതുമാണെന്ന് ചില വീഡിയോ ചിത്രങ്ങള്‍ കാണുമ്പോള്‍ തോന്നുന്നു . രാജവെമ്പാലയുടെ ജീവിതം ആസ്പദമാക്കിയുള്ള ഡോക്യുമെന്റെറി ചിത്രങ്ങള്‍ പ്രകാരം മനുഷ്യന്‍ അങ്ങോട്ട് ഭയപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മാത്രമാണ് രാജവെമ്പാല പത്തിവിരിച്ചുകാട്ടി മനുഷ്യനെ അകറ്റാന്‍ ശ്രമിക്കുന്നത് .വിദഗ്ദന്‍മാരായ പാമ്പുപിടുത്തക്കാര്‍ കൊടുംകാട്ടിനുള്ളില്‍ രാജവെമ്പാലയെ വെറും കൈ കൊണ്ട് പിടിക്കുമ്പോള്‍ പോലും രാജവെമ്പാല സമനിലവിട്ട് പെരുമാറിയതായി കാണുന്നില്ല .മനുഷ്യന്റെ ശല്യം സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഉടന്‍ സ്ഥലം വിട്ടുപോകുന്ന പ്രകൃതമാണ് രാജവെമ്പാലയുടേത് .എന്നാല്‍ ചില നേരങ്ങളില്‍ വനമേഖലകളില്‍ മനുഷ്യന്റെ സാമീപ്യമുള്ള സ്ഥലത്തുപോലും രാജവെമ്പാല ഭയമില്ലാതെ കറങ്ങിനടക്കുകയും ചെയ്യുന്നത് റിപ്പോര്‍ട്ട്ചെയ്യപ്പെട്ടിട്ടുണ്ട് . ഇവിടെയൊന്നും ആരെയും ഉപദ്രവിച്ചതായി റിപ്പോര്‍ട്ടുമില്ല .മറ്റു പാമ്പുകളെ അപേക്ഷിച്ച് രാജവെമ്പാലക്കുള്ള ഒരു പ്രത്യേകത ഇത് മുട്ടയിടാനായി സ്വന്തമായി കൂട് നിര്‍മ്മിക്കുന്നു എന്നതാണ് .മണ്ണില്‍ കൊഴിഞ്ഞുവീണ ഈറ്റയുടേയും മറ്റും ഇലകള്‍ക്കുമീതെ ശരീരം കൊണ്ട് ചുറ്റി വരിഞ്ഞ് ഒരു കൂമ്പാരം പോലെയാക്കുന്നു ഇതാണ് കൂട് . ഈ കൂട്ടില്‍ മുട്ടയിടുന്നു . ഭക്ഷണക്കാര്യത്തില്‍ തികച്ചും വ്യത്യസ്ഥമായ രീതിയാണ് രാജവെമ്പാലക്കുള്ളത് . അതായത് മറ്റു പാമ്പുകള്‍ എലി , തവള തുടങ്ങിയ ചെറു ജീവികളെ പിടികൂടിതിന്നുമ്പോള്‍ രാജവെമ്പാല പ്രധാനമായും തിന്നുന്നത് പാമ്പുകളെയാണ് . ചേരയാണ് ഇഷ്ട ഭോജ്യം .( മറ്റു ചില പാമ്പുകളും അപൂര്‍വ്വമായി പാമ്പുകളെ തിന്നാറുണ്ട് ) കരിഞ്ചാത്തി , കരിനാടന്‍ , കരിനടുവന്‍ , കൃഷ്ണസര്‍പ്പം എന്നിങ്ങനെയെല്ലാം പേരുകളുള്ള രാജവെമ്പാലയെ സാധാരണ ജനങ്ങള്‍
വളരെയധികം ഭയക്കുന്നുണ്ട് ആയതിനാല്‍ വളരെയധികം അന്ധവിശ്വാസങ്ങളും പ്രചരിക്കാന്‍ ഇട വന്നിട്ടുണ്ട് . അതില്‍ ഒന്ന് രാജവെമ്പാല വാല് നിലത്തുകുത്തി ശരീരം മുഴുവന്‍ ഉയര്‍ത്തിനില്‍ക്കും എന്നതാണ് യഥാര്‍ത്ഥത്തില്‍ രാജവെമ്പാലക്ക് ശരീരത്തിന്റെ മൂന്നില്‍ ഒരു ഭാഗം ഉയര്‍ത്തി പത്തിവിരിച്ചുനില്‍ക്കാന്‍ കഴിയും . അതായത് മുഴുവന്‍ വളര്‍ച്ചയെത്തിയ രാജവെമ്പാല( 18 അടി ) 6 അടി ഉയരത്തില്‍ തല ഉയര്‍ത്തിപ്പിടിച്ച് പത്തിവിരിച്ചുനില്‍ക്കും . ഇത് കാട്ടില്‍ വസിക്കുന്ന ആദിവാസിയുടെ ഉയരത്തേക്കാള്‍ വരും . തന്‍മൂലം ഇത് കാണുന്ന സാധാരണക്കാരന്‍ / ആദിവാസി വിചാരിക്കുക ഒരു പാമ്പ് വാല് നിലത്ത് കുത്തി ഉയര്‍ന്നുനില്‍ക്കുന്നു എന്നാണ് .യഥാര്‍ത്ഥത്തില്‍ പാമ്പിന്റെ ബാക്കി മൂന്നില്‍ രണ്ടു ഭാഗം നിലത്തുകിടക്കുന്നത് കാണാതെ ഭയന്ന് ഓടിമറയുന്ന പാവം മനുഷ്യന്‍ നാട്ടില്‍ചെന്ന് പേടിപ്പെടുത്തുന്ന കഥകള്‍ മെനയുന്നു പലപ്പോഴും ഉയര്‍ന്നുനിന്ന് പത്തിവിരിച്ചുകാണിക്കുന്നതില്‍ എതിരാളിയെ ഭയപ്പെടുത്തുക എന്നതുമാത്രമേ രാജവെമ്പാല ലക്ഷ്യം വെക്കുന്നുള്ളൂ . ബ്രിട്ടീഷ് ഭരണകാലത്ത് ഒരു സായിപ്പ് , വെയില്‍ കാഞ്ഞ് കിടക്കുകയായിരുന്ന ഒരു രാജവെമ്പാലയുടെ പുറത്ത് ചവിട്ടി കടികൊള്ളുകയും മരിക്കുകയും ചെയ്തു എന്നതാണ് ഇന്ത്യയില്‍ രാജവെമ്പാലയുടെ കടി കൊണ്ടുള്ള ഏക മരണമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത് വനമേഖലകളില്‍ അധിവസിക്കുന്ന ആളുകള്‍ക്കിടയിലും ചില പുസ്തകങ്ങളിലും രാജവെമ്പാലയെ അതിക്രൂരനും ഭീകരനുമായ ഒരു ജീവിയായാണ് ചിത്രീകരിച്ചിട്ടിട്ടുള്ളത് .എന്നാല്‍ ആധുനിക പഠനങ്ങള്‍ സൂചിപ്പിക്കുന്നത് രാജവെമ്പാല തികച്ചും ശാന്തനും നിരുപദ്രവകാരിയും വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ജീവിയുമാണെന്നതാണ്





























പായലേ വിട ... പൂപ്പലേ വിട....


പായലും പൂപ്പലും ആക്രമിക്കാത്ത പെയിന്റ് വാങ്ങി വീടിന് പൂശിയ സുഹൃത്ത് മഴക്കാല കാഴ്ച കണ്ടാണ് ഞെട്ടിയത് ... മുറ്റത്ത് പിടിപ്പിച്ചിരുന്ന പുല്‍ത്തകിടി കരിഞ്ഞിരിക്കുന്നു . പുറം ചുവരിന്‍മേല്‍ അടിച്ചിരുന്ന പെയിന്റിന്‍മേല്‍ മഴവെള്ളം പതിച്ച് , ആ വെള്ളം പുല്ലില്‍ വീണപ്പോഴാണ് പുല്ല് കരിഞ്ഞത് . പുല്ലുകൂടാതെ തൊട്ടരുകിലെ മറ്റു ചെടികളും കരിഞ്ഞിരിക്കുന്നു .ഇതിന്റെ കാരണം അന്വേഷിച്ച് അധികമൊന്നും പോകേണ്ടതില്ല . പെയിന്റില്‍ പൂപ്പലോ സസ്യങ്ങളോ വളരാതിരിക്കാന്‍ കടുത്ത വിഷം ( കളനാശിനി ) ചേര്‍ത്തിരിക്കുന്നു .അങ്ങിനെ വിഷം വീടിനകത്തും പുറത്തും പരക്കുന്നു . ഈ കാഴ്ച ചെറിയൊരു സൂചന മാത്രമാണ് ... വലിയൊരുവിപത്തിന്റെ മുന്നോടി.....



ചൊവ്വാഴ്ച, ഒക്‌ടോബർ 06, 2009

ഭോപ്പാലില്‍ അന്ന് സംഭവിച്ചത്

ആഗോള കുത്തക കമ്പനിയായ യൂണിയന്‍ കാര്‍ബൈഡിന്റെ ഫാക്ടറിയില്‍നിന്നും വിഷവാതകം ചോര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ മരിക്കാനിടയായ ഭോപ്പാല്‍ ദുരന്തത്തെപ്പറ്റിയുള്ള ഒരു പുസ്തകമാണ് ഭോപ്പാലില്‍ അന്ന് സംഭവിച്ചത് . പ്രശസ്ത എഴുത്തുകാരനായ ഡൊമിനിക് ലാപിയര്‍ , ജാവിയര്‍മോറോ എന്ന എഴുത്തുകാരനുമായി ചേര്‍ന്നാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത് .ലാരികോളിന്‍സുമായി ചേര്‍ന്ന് എഴുതിയ , ഫ്രീഡം അറ്റ് മിഡ് നൈറ്റ് , ഈസ് പാരീസ് ബേണിംഗ് ഡൊമിനിക് ലാപിയര്‍ തനിച്ചെഴുതിയ അന്നൊരിക്കല്‍ സോവിയറ്റ് യൂണിയനില്‍ , സിറ്റി ഓഫ് ജോയ് എന്നീ പുസ്തകങ്ങള്‍ക്കു ശേഷം പുറത്തിറങ്ങിയ ഈ പുസ്തകം ഏറെ വിലപ്പെട്ട വിവരങ്ങള്‍ നമുക്ക് തരുന്നു . സെവിന്‍ എന്ന കീടനാശിനി നിര്‍മ്മിക്കാന്‍ വേണ്ടിയാണ് ഭോപ്പാലില്‍ യൂണിയന്‍ കാര്‍ബൈഡ് വിഷഫാക്ടറി സ്ഥാപിച്ചത്എന്നാല്‍ ഇന്ത്യന്‍ കാര്‍ഷിക വിപണിയിലെ ഇടിച്ചില്‍ നിമിത്തം ഫാക്ടറി ഉത്പാദനം നിര്‍ത്തി . തുടര്‍ന്ന് അറ്റ കുറ്റ പ്പണികള്‍ യഥാസമയം നടത്താന്‍ ഫാക്ടറി അധികൃതര്‍ മടി കാണിച്ചു .അപകട സാധ്യതകളേപ്പറ്റി വ്യക്തമായ മുന്നറിയിപ്പുകള്‍ നല്‍കാനും അവര്‍ തയ്യാറായില്ല . ഇത് വന്‍ ദുരന്തത്തിനിടയാക്കി . ഒരു കഥ പോലെഒട്ടും മടുക്കാതെ വായിച്ചുപോകാവുന്ന പുസ്തകം വളരെയധികം ശ്രദ്ധിക്കപ്പെടുമെന്നതില്‍ സംശയമില്ല . അധികാര വൃന്ദങ്ങള്‍ സാധാരണ ജനങ്ങളെ എങ്ങനെ പരിഗണിക്കുന്നു എന്നതിന്റെ നഗ്ന ചിത്രം ഈ പുസ്തകം നമുക്ക് കാട്ടിത്തരുന്നു . പരിസ്ഥിതി , ആരോഗ്യ , പൊതു പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും ഈ പുസ്തകം വായിച്ചിരിക്കേണ്ടതാണ് . ഡി സി ബുക്സ് പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില 195 രൂപയാണ്