ചൊവ്വാഴ്ച, ഡിസംബർ 25, 2018

മുള്ളി - മ‍‌ഞ്ചൂര്‍ - അവ് ലാഞ്ച് - ഊട്ടി , ഒരു ഫാമിലി ട്രിപ്പ്...


ഊട്ടിയിലേയ്ക്ക് അട്ടപ്പാടി-മുള്ളി-മഞ്ചൂര്‍ വഴിയുള്ള യാത്ര വളരെയേറെ വ്യത്യസ്ഥമാണ്...മുന്‍പ് പലതവണ ഈവഴി സഞ്ചരിച്ചിട്ടുണ്ടെങ്കിലും,ഇത്തവണ കുടുംബവും കസിന്‍ സൗമ്യ , ഭര്‍ത്താവ് ആരോമല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.6/11/2016 ഞായറാഴ്ച്ച രാവിലെ ആറ് മണിയ്ക്ക് കൂറ്റനാട് നിന്നും തുടങ്ങിയ യാത്രയുടെ ആദ്യഘട്ട ലക്ഷ്യസ്ഥാനം സൈലന്റ് വാലി നാഷണല്‍പാര്‍ക്കിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന മുക്കാലി ആയിരുന്നു.മുക്കാലി എത്തുന്നതിന് മുന്‍പ് അട്ടപ്പാടി ചുരത്തിലെ വ്യൂ പോയിന്റില്‍ വണ്ടി നിര്‍ത്തി.
വ്യൂ പോയിന്റില്‍,പ്രഭാതത്തിലെ തണുപ്പില്‍ മരത്തിന്‍മുകളില്‍ വികൃതി കാട്ടുന്ന കുരങ്ങിന്‍കൂട്ടം...ഫോട്ടോയ്ക്കും സെല്‍ഫിയ്ക്കുമെല്ലാം ഭംഗിയായി പോസ് ചെയ്ത കുരങ്ങിന്‍ കൂട്ടം യാത്രാംഗങ്ങളായ അഥീനയ്ക്കും ആദിത്യനും വലിയ സന്തോഷമാണ് നല്‍കിയത്.അവിടുത്തെ കാഴ്ചകള്‍ക്ക് ശേഷം ഞങ്ങള്‍ മുക്കാലി ഫോറസ്റ്റ് ഓഫീസിലെത്തി.അവിടെ സ‍ഞ്ചാരികളേയുംകൊണ്ട് വാഹനങ്ങള്‍ സൈരന്ധ്രിയിലേയ്ക്ക് നീങ്ങിത്തുടങ്ങുന്നു.... കുറച്ചുനേരം അവിടെ ചിലവഴിച്ചശേഷം അടുത്ത ലക്ഷ്യമായ അട്ടപ്പാടിയിലെ ജയേട്ടന്റെ തോട്ടത്തിലേയ്ക്ക് നീങ്ങി.കൂറ്റനാട് സ്വദേശിയായ എന്‍.പി.ജയന്റെ ചാവടിയൂരിനടുത്തുള്ള ഭവാനിപ്പുഴയുടെ ഓരത്തുള്ള ആറരഏക്കര്‍ തോട്ടത്തിലെത്തിയതും ഞങ്ങള്‍ പുഴയോരത്തേയ്ക്ക് നീങ്ങി...യാത്രയില്‍ ചെറിയ ക്ഷീണം അനുഭവപ്പെട്ട ആദിത്യന്‍ ഭവാനിപ്പുഴയില്‍ ഗംഭീരമായൊരു നീരാട്ടുനടത്തി...ഇത് കിഴക്കോട്ടൊഴുകുന്ന ഭവാനിപ്പുഴയാണല്ലോ എന്നതില്‍ അഥീനയ്ക്ക് ആഹ്ലാദം... പുഴയുടെ മറുകരയിലെ വനം തമിഴ് നാടാണെന്നറിഞ്ഞപ്പോള്‍ ആദ്യമായി തമിഴ് നാട്ടിലേയ്ക്ക് പോകുന്ന ഷീജയ്ക്ക് ആശ്ചര്യം...ഭവാനിപ്പുഴയുടെ പശ്ചാത്തലത്തില്‍ ഫോട്ടോകളെടുക്കുന്ന സൗമ്യയും ആരോമലും...പുഴയില്‍ ഒരു പാറപ്പുറത്തിരിയ്ക്കുന്ന നീര്‍കാക്കയിലായിരുന്ന എന്റെ ശ്രദ്ധ...
കേരളത്തിന്റെ തനത് പച്ചപ്പില്‍ നിന്നും അട്ടപ്പാടിയിലെ വരണ്ടഭൂമിയിലേയ്ക്ക് കടന്നപ്പോള്‍ വന്ന പ്രകൃതിയുടെ മാറ്റം യാത്രക്കാരില്‍ തെല്ലൊന്നുമല്ല കൗതുകം ജനിപ്പിച്ചത്..വലിയ മലനിരകളും കൃഷിയിടങ്ങളും...ഭവാനിപ്പുഴയുടെ വിശാലത...മലമുകളിലെ കാറ്റാടി യന്ത്രവും റോ‍ഡിലൂടെ നീങ്ങുന്ന കഴുതക്കൂട്ടവും..തട്ടുതട്ടായി തിരിച്ച കൃഷിയിടങ്ങളും മേടുകളില്‍ മേഞ്ഞുനടക്കുന്ന കാലിക്കൂട്ടവും...കാര്‍ഷിക ജനതയും... അങ്ങിനെ.... അങ്ങിനെ...
ഭവാനിപ്പുഴയിലെ കാഴ്ചകള്‍ക്ക് ശേ‍ഷം യാത്ര പുനരാരംഭിച്ചു..അടുത്ത ലക്ഷ്യം കേരളാ അതിര്‍ത്തിയായ മുള്ളി ആയിരുന്നു.ഇപ്പോഴവിടെ കേരളാ പോലീസിന്റെ ടൂറിസ്റ്റ് പ്രൊട്ടക്ഷന്‍ സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്.അവിടുത്തെ വാഹന പരിശോധനയ്ക്ക് ശേഷം തമിഴ് നാട്ടിലേയ്ക്ക് … തമിഴ് നാടിന്റെ ചെക്ക്പോസ്റ്റില്‍ സാധാരണ പരിശോധനയ്ക്ക് പുറമേ തമിഴ് നാട് പോലീസിന്റെ കര്‍ശന പരിശോധനയും.. മുള്ളി വഴി വാഹനം കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട കാര്യം,ടാക്സി വണ്ടിയാണെങ്കില്‍ വണ്ടിയ്ക്ക് തമിഴ് നാട്ടിലേയ്ക്ക് കടക്കുന്നതിനുള്ള പെര്‍മിറ്റ് മുന്‍കൂട്ടി ഉണ്ടായിരിയ്ക്കണം എന്നതാണ്...മറ്റുള്ള പ്രധാനപ്പെട്ട ചെക്പോസ്റ്റുകളില്‍ കേരളാ മോട്ടോര്‍വാഹന വകുപ്പിന്റെ കൂടി ചെക്പോസ്റ്റുകള്‍ കൂടി ഉള്ളതുകൊണ്ട് ,ഓണ്‍ ദി സ്പോട്ട് പെര്‍മിറ്റ് വാങ്ങാന്‍ കഴിയും.. എന്നാല്‍ മുള്ളിയില്‍ അതിനുള്ള സൗകര്യമില്ല ,ഇവിടെ പോലീസിന്റെ ചെക്ക്പോസ്റ്റ് മാത്രമേയുള്ളൂ... ആതിരപ്പിള്ളി വഴി വാല്‍പ്പാറയ്ക്ക് പോകുമ്പോഴും ഇത് ശ്രദ്ധിയ്ക്കേണ്ടതാണ്...
മുള്ളി ചെക്പോസ്റ്റ് കഴിഞ്ഞതും തികച്ചും ശാന്തമായ , ഒട്ടും ഗതാഗത തിരക്കില്ലാത്ത, വനപ്രദേശത്തുകൂടിയായി സഞ്ചാരം...‌‍ഡ്രൈവര്‍ ഭരതന്‍ ഓരോ ഹെയര്‍പിന്‍ വളവുകളും ശ്രദ്ധിച്ച് കയറ്റിക്കൊണ്ടിരുന്നു...പോകും വഴിയില്‍ കനഡാ പവര്‍ഹൗസിന്റെ ഭംഗിയുള്ള കാഴ്ച.. മഞ്ചൂരിലേയ്ക്കുള്ള ഈ വഴി മുഴുവന്‍ തമിഴ് നാടിന്റെ വരണ്ട കാടുകളാണ് ചുരത്തില്‍ മുഴുവന്‍... 43 ഹെയര്‍പിന്‍ വളവുകള്‍ കയറുന്നതിനിടെ നിരവധി സ്ഥലത്ത് കാഴ്ചകാണാനായി ഞങ്ങള്‍ വണ്ടി നിര്‍ത്തി … വഴിയില്‍ കണ്ട പക്ഷികളെയെല്ലാം നിരീക്ഷിച്ച് ക്യാമറയിലാക്കാന്‍ ആരോമല്‍ നേതൃത്വം നല്‍കി...ഹെയര്‍പിന്‍ വളവുകള്‍ കയറി കയറി ഉച്ചയോടെ ഞങ്ങള്‍ മഞ്ചൂരിലെത്തി.ഊട്ടിയുടെ ഭാഗമായ മഞ്ചൂര്‍ നല്ല ഭംഗിയുള്ള സ്ഥലമാണ്... മഞ്ചൂര്‍ എത്തുന്നതിന് തൊട്ടുമുന്‍പ് തേയിലത്തോട്ടത്തില്‍ ഇരുപതോളം വരുന്ന കാട്ടുപോത്തുകളുടെ സംഘമാണ് ഞങ്ങളെ കാത്തുനിന്നിരുന്നതെങ്കില്‍ മഞ്ചൂര്‍ വിട്ടപ്പോള്‍ വണ്ടിയ്ക്കുമുന്നിലെത്തിയത് കിടിലനൊരു കാട്ടുപന്നിയാണ്...
ഉച്ചഭക്ഷണശേഷം മഞ്ചൂരില്‍ നിന്നും പുറപ്പെട്ട് അടുത്ത ലക്ഷ്യമായ അവ് ലാഞ്ചിലേയ്ക്ക് തിരിച്ചു..ഊട്ടിയിലേയ്ക്കും പോകുവഴി ആറ് കിലോമീറ്റര്‍ ഉള്ളിലേയ്ക്ക് കയറിയാണ് അവ് ലാഞ്ച് സ്ഥിതിചെയ്യുന്നത്.പോകുവഴിയിലുടനീളം കൃഷിഭൂമികള്‍..ക്യാരറ്റ്,ബീറ്റ് റൂട്ട്,കേബേജ്,കോളിഫ്ലവര്‍,ഉരുളക്കിഴങ്ങ് തുടങ്ങിയ വിവിധയിനം കൃഷികള്‍.. ജലസേചനത്തിനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍.. ആ വഴിയില്‍ പച്ചക്കറിയിനങ്ങളുടെ കണക്കെടുക്കുന്ന തിരക്കിലായിരുന്നു സൗമ്യയും ഷീജയും...
അവ് ലാഞ്ചിലെത്തിയപ്പോള്‍ മരത്തിന് മുകളില്‍ കാത്തിരുന്നത് കരിങ്കുങ്ങുകളും മലയണ്ണാനും നാടന്‍കുരങ്ങുകളും വിവിധയിനം പക്ഷികളും. ആദിത്യനും അഥീനയും ഷീജയും സൗമ്യയും കുരങ്ങന്‍മാരോട് എന്തൊക്കെയോ സംസാരിയ്ക്കുന്നത് കണ്ടു... കുരങ്ങുകളുടെ മാതൃസ്നേഹവും ഉണ്ണിക്കുരങ്ങന്‍മാരുടെ ഓമനത്വവും അവരുടെ ചര്‍ച്ചാവിഷയമായി...
അവ് ലാ‍ഞ്ചില്‍ നിന്നും പോയവഴിതന്നെ മടങ്ങി ഊട്ടി റോഡില്‍ തിരിച്ചെത്തി... വിശാലമായ കൃഷിയിടങ്ങളും തേയിലത്തോട്ടങ്ങളും കടന്ന് മുഖ്യലക്ഷ്യമായ ഊട്ടിയിലേയ്ക്ക് … ഊട്ടിയിലെത്തിയതും ലേക്കിലേയ്ക്ക് തിരിച്ചു... അവിടെ നിരവധി കച്ചവടങ്ങള്‍ … കുതിരസവാരി... പതിനായിരം രൂപ കയ്യിലുണ്ടായാലും തികയാത്ത അവസ്ഥയാവും ഷോപ്പിംഗ് പ്രേമികള്‍ക്ക്....ചെറിയ പേക്കറ്റുകളില്‍ ഊട്ടി ആപ്പിളും സ്ട്രോബറിയും...ആര്‍ക്കും വേണ്ടെങ്കിലും മസാലപുരട്ടിയ ഒരുപേക്കറ്റ് ചെത്തിയമാങ്ങ ഇരുപത് രൂപകൊടുത്ത് ഞാന്‍ വാങ്ങിവെച്ചു...പക്ഷേ വണ്ടിയിലെത്തുംമുന്‍പേ സഹയാത്രികര്‍ അത് തിന്നുതീര്‍ത്തു.ആ വിവരം ഞാന്‍ അറിഞ്ഞത് വണ്ടി ഊട്ടി വിട്ടതിന് ശേഷം മാത്രമാണ്...
ഊട്ടി ലേക്കിലെ കാഴ്ചകള്‍ക്ക് ശേ‍ഷം ,ഊട്ടി റെയില്‍വേ സ്റ്റേഷനിലേയ്ക്ക് ( ഉദഗമണ്‍ഡലം) ആറ് മണിയുടെ ഹില്‍ ട്രെയിന്‍ വരാന്‍ സമയമായിരിയ്ക്കുന്നു. ട്രെയിനില്‍ കയറാന്‍ ടിക്കറ്റെടുത്ത് ക്യൂവില്‍ നില്‍ക്കുന്ന യാത്രക്കാര്‍ …. ഫ്ലാറ്റ്ഫോം ടിക്കറ്റെടുത്ത് ഞങ്ങള്‍ ഫ്ലാറ്റ്ഫോമില്‍ പ്രവേശിച്ചതും ദൂരെ ട്രയിനിന്റെ ചൂളംവിളി...യാത്രക്കാരുടെ ആര്‍പ്പുവിളി... വായ്ക്കുരവയിട്ടും ശബ്ദഘോഷമുയര്‍ത്തിയും ട്രെയിനിനെ സ്വീകരിച്ചത് ചെറുപ്പക്കാരായ വിനോദ സഞ്ചാരികള്‍..ഞങ്ങള്‍ ചെന്നപ്പോഴേയ്ക്കും ട്രെയിനിന്റെ ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നിരുന്നു.പക്ഷേ ട്രെയിന്‍ യാത്ര ഞങ്ങളുടെ പരിപാടിയുടെ ഭാഗമല്ലായിരുന്നതിനാല്‍ ഞങ്ങള്‍ക്കതൊരു പ്രശ്നമായിരുന്നില്ല.എന്നാലും ട്രെയിന്‍ കാണാന്‍ കഴിഞ്ഞു എന്നത് വലിയൊരു സന്തോഷമായി...
ഊട്ടി ട്രെയിന്‍ കണ്ടുകഴിഞ്ഞതും ആറുമണിയോടുകൂടി ഊട്ടിയില്‍ നിന്നും മടക്കം... കുനൂര്‍,മേട്ടുപ്പാളയം,കോയമ്പത്തൂര്‍,പാലക്കാട്,കൂറ്റനാട് ...കോയമ്പത്തൂര്‍ മുതല്‍ പാലക്കാട് വരെ വിശാലമായ ഹൈവേയിലൂടെ കുതിച്ചുപായുന്ന വാഹനങ്ങള്‍... വാളയാര്‍ ചെക്പോസ്റ്റിലെ ചരക്കുവാഹനങ്ങളുടെ നീണ്ട നിര... രാത്രി പന്ത്രണ്ട് മണിയോടുകൂടി നാനൂറ് കിലോമീറ്ററോളം സഞ്ചരിച്ച് കൂറ്റനാട് തിരിച്ചെത്തി... പതിനെട്ട് മണിക്കൂറോളം നീണ്ട യാത്ര എല്ലാവരേയും പെട്ടെന്ന് നിദ്രയിലാഴ്ത്തി...പിറ്റേന്ന് കാലത്ത് എറണാകുളത്തെ ജോലിസ്ഥലത്തേയ്ക്ക് തിരിച്ചുപോവാനുള്ള ആരോമലിനേയും സൗമ്യയേയും രാവിലെ ഏഴ് മണിയോടുകൂടി യാത്രയാക്കി.കുട്ടികള്‍ രണ്ടുപേരും യാത്രാക്ഷീണം നിമിത്തം സ്കൂളില്‍ പോകുന്നില്ല എന്ന് മുന്‍കൂട്ടി പറഞ്ഞിരുന്നു... ഞാന്‍ ജോലിയ്ക്ക് പോകാനിറങ്ങുംനേരം ഒരു അശരീരി മുഴങ്ങി... ഊട്ടിയില്‍ അധികനേരം ചിലവഴിയ്ക്കാന്‍ പറ്റിയില്ല.... കോയമ്പത്തൂര്‍ ടൗണും പാലക്കാട് ടൗണും ഹൈവേയും പകല്‍വെളിച്ചത്തില്‍ കാണാന്‍ പറ്റിയില്ല.... അത് ഈ യാത്രയുടെ ഒരു ന്യൂനതയല്ലേ...
അതിനെന്റെ മറുപടി ഇപ്രകാരമായിരുന്നു... നമ്മുടെ പ്രദേശത്തുനിന്നും ഊട്ടി കാണാന്‍ പോയവരാരും അട്ടപ്പാടി കണ്ടിട്ടില്ല... ഭവാനിപ്പുഴയില്‍ കുളിച്ചിട്ടില്ല...മുള്ളി കണ്ടിട്ടില്ല … മുള്ളിയിലെ ചുരം കയറിയിട്ടില്ല...മുള്ളിയിലെ കാടുകള്‍ കണ്ടിട്ടില്ല...മഞ്ചൂരും ,മഞ്ചൂരിലെ തോട്ടങ്ങളും ക്യാരറ്റ് കൃഷി.ബീറ്റ്റൂട്ട് കൃഷി,ഉരുളക്കിഴങ്ങ് കൃഷി എന്നിവയൊന്നും കണ്ടിട്ടില്ല... അവ് ലാഞ്ച് കണ്ടിട്ടില്ല... കാട്ടുപോത്തിനേയും കരിങ്കുരങ്ങിനേയും കാട്ടുപന്നിയേയും മലയണ്ണാനേയും കണ്ടിട്ടില്ല...വിശാലമായ കൃഷിയിടങ്ങളിലൂടെ സ്വസ്ഥമായി സഞ്ചരിച്ചിട്ടില്ല... ഇത് ഇങ്ങിനെയൊരു യാത്ര... യാത്രകള്‍ ഒരിയ്ക്കലും പൂര്‍ണ്ണമാകുന്നില്ല... ഇനിയും നമുക്ക് പോകാം... അടുത്തതെന്തായാലും പറമ്പിക്കുളമോ വാല്‍പ്പാറയോ ആക്കിയേക്കാം....
by - ഷിനോ ജേക്കബ് കൂറ്റനാട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ