വ്യാഴാഴ്‌ച, ഡിസംബർ 03, 2009

ട്രാക്ടര്‍ ചാണകമിടുന്നില്ല ......


സ്വാതന്ത്രാനന്തര ഭാരതം കണ്ട പ്രധാന രണ്ടു വിപ്ലവങ്ങളായിരുന്നു ഹരിതവിപ്ലവവും ധവളവിപ്ലവവും . ഹരിതവിപ്ലവം അവശേഷിപ്പിച്ചത് കീടനാശിനികളും രാസവളങ്ങളും കൊണ്ട് മലിനീകരിക്കപ്പെട്ട കൃഷിയിടങ്ങളേയാണെങ്കില്‍ ധവളവിപ്ലവം കൊണ്ടെത്തിച്ചത് തനത് ഭാരതീയ ഇനം പശു വര്‍ഗ്ഗങ്ങളുടെ വംശനാശത്തിലേക്കായിരുന്നു . പശു എന്നാല്‍ പാല്‍ തരുന്ന ഒരു മൃഗം എന്നൊരു കാഴ്ചപ്പാടിലേക്ക് മാറിയത് ഭാരതീയ ഇനം പശു വര്‍ഗ്ഗങ്ങള്‍ക്ക് കൊലക്കത്തിയാണ് സമ്മാനിച്ചത് .യൂറോപ്യന്‍ പശു വര്‍ഗ്ഗങ്ങളുമായി താരതമ്യം ചെയ്യുംപോള്‍ പാല്‍ ലഭ്യത കുറവായിരിക്കാം ....പക്ഷേ കാളയെ വിവിധ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം എന്നതും ചാണകവും ഗോമൂത്രവും ഒന്നാന്തരം വളം , കീടനാശിനി എന്നതാണെന്നതും മറച്ചുവെക്കപ്പെട്ടു .അതോടെ ഗ്രാമീണമേഖലകള്‍ പോലും പെട്രോള്‍ ,ഡീസല്‍,രാസവളം , കീടനാശിനി എന്നിവക്ക് അടിമപ്പെടേണ്ടിവന്നു .കര്‍ഷകരുടെ ചെറുകിട ആവശ്യങ്ങള്‍ക്ക് സഹായകരമായിരുന്ന കാളവണ്ടി അപരിഷ് കൃതമാണെന്നൊരു ചിന്തവന്നു . എന്നാല്‍ ഇതൊരു നോണ്‍ പൊളൂട്ടിങ്ങ് വെഹിക്കിള്‍ ആണെന്നത് ചിന്തിക്കാന്‍ പുരോഗമന കാലത്ത് ആരുമില്ലാതായി . ഹരിതവിപ്ലവകാലത്ത് രാസവളം കീടനാശിനി എന്നിവ കോരിച്ചൊരിയപ്പെട്ട സംസ്ഥാനമായ ഹരിയാനയില്‍ ബേങ്കുകള്‍ ട്രാക്ടര്‍ വാങ്ങുന്നതിന് കര്‍ഷകര്‍ക്ക് ഉദാരമായി വായ്പകള്‍ നല്‍കി . എല്ലാകര്‍ഷകരും മത്സരിച്ച് ട്രാക്ടര്‍ വാങ്ങി .ഒടുവില്‍ രാസവളം കീടനാശിനി എന്നിവ മണ്ണിനെ നശിപ്പിച്ച് കൃഷി നഷ്ടമാക്കി .ലോണ്‍ തിരിച്ചടവ് മുടങ്ങി , കൂടാതെ ട്രാക്ടര്‍ ഒാ ടണമെങ്കില്‍ ഡീസലും അനുബന്ധചിലവുകള്‍ വേറേയും . ഒടുവില്‍ കര്‍ഷകര്‍ മഹത്തായ സത്യം വിളിച്ചു പറയാന്‍ നിര്‍ബന്ധിതരായി , ട്രാക്ടര്‍ ചാണകമിടുന്നില്ല........ നിലം ഉഴാന്‍ കാളയുണ്ടായിരുന്നെങ്കില്‍ ഇന്ധനമായി പുല്ലുനല്‍കിയാല്‍ മതിയായിരുന്നു പകരം പുറത്തുവിടുന്ന ചാണകം വളമായി ഉപയോഗിക്കുകയും ചെയ്യാം മണ്ണ് ന ന്നാവുകയും ചെയ്യും . പടിഞ്ഞാറന്‍ നാടുകളില്‍ നിന്നും ഇറക്കുമതി ചെയ്ത പശു ഇനങ്ങളില്‍ കാളകള്‍ക്ക് വണ്ടിവലിക്കാനോ നിലം ഉഴാനോ ഉള്ള ശേഷി ഇല്ല .പോരാത്തതിന് അവ പാല്‍ തരാത്ത ജീവികളായതുകൊണ്ട് ഇറച്ചിതീനികളായ മൃഗങ്ങളുടെ കൊലക്കത്തിക്ക് കൊടുക്കാനാണ് വിദഗ്ദന്‍മാര്‍ ഉപദേശിച്ചത് .കര്‍ഷകര്‍ ആ വഴിക്ക്തിരിഞ്ഞു.(ഇപ്പോള്‍ ഭാരതത്തില്‍ പ്രതിദിനം ഒരു ലക്ഷം പശുക്കളേയാണ് കശാപ്പുചെയ്യുന്നത് . കിടാവുകളില്‍ 65ശതമാനത്തേയും കൂടിയ വിലക്ക് മാംസമാക്കി വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നു .കേരളത്തില്‍ പ്രതിവര്‍ഷം 30ലക്ഷം പശുക്കളേയാണ് കശാപ്പുചെയ്യുന്നത് .ഇങ്ങനെ കൊലപാതകനിരക്ക് തുടര്‍ന്നാല്‍ 12 വര്‍ഷം കൊണ്ട് ഭാരതത്തില്‍ പശു ഇല്ലാതാവും )വിദേശ പശു ഇനത്തിന് കൂടുതല്‍ പരിചരണവും കൂടുതല്‍ ഭക്ഷണവും വേണം എന്നത് പശു വളര്‍ത്തല്‍ ഒരു ഭാരിച്ച ജോലിയാക്കി മാറ്റി .എന്നാല്‍ നാടന്‍ പശുവിന്‍റെ ഇക്കാര്യത്തിലുള്ള മേന്‍മ മൂടിവെക്കപ്പെട്ടു .രോഗപ്രതിരോധശേഷി കൂടുതലാണെന്നതും കൈകാര്യം ചെയ്യാന്‍ എളുപ്പമാണെന്നതും വിദഗ്ദന്‍മാര്‍ക്ക് പ്ലസ് പോയിന്‍റുകളായിരുന്നില്ല . ആയതിനാല്‍ ഭാരതീയ പശു വര്‍ഗ്ഗങ്ങള്‍ ക്രമേണ ഇറച്ചിയാക്കപ്പെട്ടു .ഭാരതീയ തനത് പശു വര്‍ഗ്ഗങ്ങളില്‍ എഴുപതോളം എണ്ണമാണ് വംശം അറ്റുപോയത് . അതില്‍ വിദഗ്ധന്‍മാര്‍ക്കുള്ളപങ്ക് ചില്ലറയല്ല .എന്നാല്‍ നമുക്ക് പ്രത്യാശനല്‍കുന്നത് , ഭാരതത്തിന്‍റെ ചില
ഭഗങ്ങളില്‍ തനത് പശുവര്‍ഗ്ഗങ്ങളെ
സംരക്ഷിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു എന്നതിലാണ്....... ( കലപ്പ ഞങ്ങളുടെ ഭൂമിയെ സന്തോ‍ഷപൂര്‍വ്വം ഉഴട്ടേ ......,
കലപ്പ കാളയോടൊപ്പം സന്തോഷപൂര്‍വ്വം ഉഴട്ടേ ....
കലപ്പ കാളയോടൊപ്പം സന്തോഷപൂര്‍വ്വം സഞ്ചരിയ്ക്കട്ടേ .....
മഴ സന്തോഷത്തോടെ മധുര പ്രവാഹം കൊണ്ട് -
ഭൂമി നനയ്ക്കട്ടേ .....
- ഋഗ്വേദം )









12 അഭിപ്രായങ്ങൾ:

  1. ഷിനോ,
    കാളകളെക്കൊണ്ട് മാത്രം നിലമുഴുത് കൃഷി പിടിച്ചു നിര്‍ത്താനാവില്ലെന്നത് വിസ്മരിക്കരുത്. മൃഗങ്ങളെ പരിപൂര്‍ണ്ണമായും ഒഴിവാക്കി ട്രാക്റ്ററും മറ്റ് യന്ത്രങ്ങളും ഉപയോഗിച്ചതിലാണ് പിഴവു വന്നത്. ഒന്ന് മറ്റൊന്നിനെ തകര്‍ക്കുന്ന രീതിയിലേക്ക് വന്നതാണ് ഇത്തരം മൂവ്മെന്റുകളുടെ പോരായ്മകള്‍. രാസവളം മാത്രം ഉപയോഗിച്ചോ നൂറുശതമാനം ജൈവവളം മാത്രം ഉപയോഗിച്ചോ ഇന്നതെ മത്സരാധിഷ്ഠിത കൃഷി വ്യവസായത്തില്‍ പിടിച്ചു നില്‍ക്കാനാവില്ല. രണ്ടും യുക്തിപൂര്‍വ്വം ഉപയോഗിക്കുക.
    ഇതേ സ്ഥിതിയാണ് വിദേശ ജനുസുകളായ പശുക്കളുടെ കാര്യത്തിലും സംഭവിക്കുന്നത്. കേരളത്തെപ്പോലെയുള്ള ഒരു സംസ്ഥാനത്ത് കുറഞ്ഞ ഇന്‍പുട്ടില്‍ (പണം, അധ്വാനം എന്നിവ) കൂടുതല്‍ പാല്‍ എന്ന ഉത്പാദനക്ഷമാധിഷ്ഠിതമായ രീതിയിലേക്ക് മാറുമ്പോഴാണ്, പശു, പാല്‍ തരുന്ന ജീവി മാത്രമായി മാറുന്നത്. ഇന്ത്യന്‍ ജനുസുകളെക്കൊണ്ട് മാത്രം അതും സാധിക്കില്ല.

    ചുരുക്കത്തില്‍ പ്രകൃതി സന്തുലനം നിലനില്‍ക്കവണ്ണം വേണം ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍.

    പശുവിനെയും കാളയേയും മറ്റും തിന്നുന്നത് എന്തോ തെറ്റാണെന്നൊരു സന്ദേശവും പോസ്റ്റ് നല്‍കുന്നു, അതിനോട് തീരെ യോജിക്കാന്‍ പറ്റുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  2. (ഇന്നതെ മത്സരാധിഷ്ഠിത കൃഷി വ്യവസായത്തില്‍ പിടിച്ചു നില്‍ക്കാനാവില്ല. .....)
    വികസനം കേരളത്തിലെ കൃഷിയെ മൂക്കുകുത്തിച്ചത് നമുക്കുമുന്നിലുണ്ട്.... (കുറഞ്ഞ ഇന്‍പുട്ടില്‍ (പണം, അധ്വാനം എന്നിവ) കൂടുതല്‍ പാല്‍.......)
    എവിടെയാണ് കുറഞ്ഞ ഇന്‍പുട്ട് ..... പശു വളര്‍ത്തല്‍ ഭാരിച്ച ജോലിയാക്കുകയാണുണ്ടായത് .... ഔട്ട്പുട്ട് എന്നാല്‍ പാല്‍ മാത്രമല്ല ... മികച്ച ചാണകം തരുന്ന നാടന്‍ ഇനങ്ങളെ മറന്നു..... കൊന്നുതിന്നുക എന്നാല്‍ നല്ല മനുഷ്യന് യോജിക്കുന്നില്ല . മസാലക്കും ഉപ്പിനുമാണ് രുചി ഇറച്ചി മാത്രമായി പുഴുങ്ങിത്തിന്നാല്‍ ഛര്‍ദ്ദിക്കും..ശവം നാറുന്ന മണമാണ്

    മറുപടിഇല്ലാതാക്കൂ
  3. പ്രിയമുള്ളവരെ,

    "ജീവനില്ലാത്ത ഒന്നും മനുഷ്യര്‍ക്ക്‌ ഭക്ഷ്യയോഗ്യമല്ല, സൂക്ഷ്‌മതലത്തില്‍ നോക്കിയാല്‍ എല്ലാറ്റിലും ജീവനുണ്ട്‌. സൃഷ്‌ടിയില്‍ നമുക്ക്‌ എളുപ്പകരമായി ഇടപെടാന്‍ കഴിയുന്നതിനെ കൂടുതല്‍ ഭക്ഷിക്കുന്നതാണ്‌ പ്രകൃതിക്കും മനുഷ്യനും ഗുണകരം."

    "ഭക്ഷണത്തിന്റെ രുചി ആപേക്ഷികമാണ്‌. അത്‌ കാല-ദേശ-സംസ്‌കാരങ്ങള്‍ക്കും ശാരീരിക അവസ്ഥയ്‌ക്കുമനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കും."
    -ഇസഹാഖ് ഈശ്വരമംഗലം.

    മറുപടിഇല്ലാതാക്കൂ
  4. കർഷകർ ട്രാക്ടര്റിന്റെ പിന്നാലെ പോയത്‌ വെറുതെ കിട്ടുന്ന ചാണകം വേണ്ടാത്തതു കൊണ്ടല്ല, ട്രാക്ടറിന്റെ ഗുണങ്ങൾ കൊണ്ടുതന്നെയാണ്‌.

    നാടൻ ഇനം പശുവിനെ വളർത്തലും അത്ര എളുപ്പം ഒന്നും അല്ലാട്ടൊ! നാടൻ പശുവിന്റെ ഗുണവും രോഗപ്രതിരോധ ശക്തിയും നിലനിൽക്കാൻ, പണ്ടുണ്ടായിരുന്നത്‌ പോലെ പാടത്തും പറമ്പിലും ഉണ്ടയിരുന്ന ഔഷധ ഗുണമുള്ള പുല്ല്‌ തിന്ന്‌ വളരണം. നടക്കുമോ?

    മന്ത്രം ചൊല്ലിയാൽ ഉഴുവിന്‌ ആളെ കിട്ടുമോ? പശുവിന്റെ അകിടിൽ പാലില്ലെങ്ങിൽ കൊന്നു തിന്നും, കാളയാണെങ്ങിൽ വളർത്തി കൊന്നുതിന്നും, ഞാനും തിന്നും. ഞാൻ നല്ല മനുഷ്യനോ?

    പാലിന്‌ ഒരു രൂപ കൂട്ടിയാൽ, കേരളം മുഴുവൻ പ്രതിഷേധം അലയടിക്കും. അവരോടാണ്‌ വി.എസ്‌ പറഞ്ഞത്‌, പാല്‌ ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടും മനസിലാക്കണം. പശുവിനെ കൊന്ന്‌ തിന്നതുകൊണ്ട്‌ ഭാരതത്തിൽ പശു ഇല്ലതാവില്ല, പശുവിനെ വളർത്തുന്നവർ ഇല്ലാതായാൽ എല്ലാം നിലക്കും. അതിനാൽ കർഷകർക്‌ൿ ലാഭം ഉണ്ടാകണം.

    നാം വളർതി എടുക്കേണ്ടത്‌ സമ്മിശ്ര കൃഷി സമ്പ്രദായം ആണ്‌. അവിടെ പശു ഒരു ഇനം മാത്രം, ആടുകളും മുയലുകളും പന്നികളും മണ്ണിരയും അങ്ങനെ എല്ലാം. എല്ലാം ഒരു കൃഷിയിടതിൽ വേണ്ട പക്ഷെ ഒരു ഗ്രമത്തിൽ എല്ലാം.

    മറുപടിഇല്ലാതാക്കൂ
  5. ഷിനോ,
    പ്രതികരണങ്ങള്‍ വൈകാരികമായിട്ട് കാര്യമൊന്നുമില്ല. വസ്തുതകളെ കണ്ടില്ലെന്ന് നടിക്കാനാവില്ല. പശു മികച്ച ചാണകമിടാന്‍ മാത്രമുള്ള യന്ത്രമാണെന്ന് തോന്നുമല്ലോ താങ്കളുടെ കമന്റ് കണ്ടാല്‍. കൂടുതല്‍ പാലു തരുന്നവ കൂടുതല്‍ തിന്നും, തിന്നുന്നതിനനുസരിച്ച ധാരാളം ചാ‍ണകവും ഇടുന്നുണ്ട്. ഉയര്‍ന്ന ഉത്പാദനത്തിന്റെ മറുവശമാണ് അതിലടങ്ങിയിരിക്കുന്ന റിസ്ക് ഫാക്റ്റര്‍.
    നാടന്‍ ഇനങ്ങളെ സംരക്ഷിക്കേണ്ടതു തന്നെയാണ്, പക്ഷെ നാടന്‍ മാത്രമേ പാടുള്ളൂ എന്നത് തീവ്രവാദമാണ്.

    മറുപടിഇല്ലാതാക്കൂ
  6. 1 കൊന്നുതിന്നുന്ന ശീലമുള്ള ഒരു സമൂഹവും സമാധാനമായി ജീവിച്ചുകാണുന്നില്ല .ലോകത്തിന്‍റെ കിഴക്കും പടിഞ്ഞാറും നോക്കിയാല്‍ മതി....
    2 നാടന്‍ പശുവിന്‍റെ ചാണകത്തില്‍ കോടിക്കണക്കിന് സൂക്ഷമജീവികളുള്ളത് മണ്ണിനെ പുഷ്ടിപ്പെടുത്തും , സുഭാഷ് പലേക്കര്‍ - സീറോ ബഡ്ജറ്റ് നേച്ചുറല്‍ ഫാമിംഗ്
    3 ഗോമൂത്രം വന്‍ വിലയ്ക്കാണ് കര്‍ണ്ണാടകയില്‍ വില്‍ക്കുന്നത് .ആയതിനാല്‍ കറവ വറ്റിയാല്‍ കൊന്നു തിന്നേണ്ട കാര്യമില്ല - ശ്രീ രാമചന്ദ്രപുരം മഠം , ഹൊസനഗര , കര്‍ണ്ണാടക. -ബയോഗ്യാസില്‍ വാഹനം ഒാടിക്കാം

    മറുപടിഇല്ലാതാക്കൂ
  7. ഷിനോ,
    വീണ്ടും തമാകള്‍ പറയാതെ.
    കൊന്നു തിന്നലും ലോകസമാധാനവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിയിക്കുന്ന പഠനങ്ങളൊന്നും ഇതുവരെ കണ്ടിട്ടില്ല. മാസാഹാരാത്തിനെതിരെ പറയുന്ന വിഷയത്തെ സംബന്ധിച്ച് ബ്ലോഗില്‍ തന്നെ ധാരാളം ചര്‍ച്ച വന്നിട്ടുണ്ട്.ഡോക്ടര്‍ സൂരജിന്റെ ഈ പോസ്റ്റ് ഒരു ഉദാഹരണം.

    നാടന്‍ പശുവിന്റെ ചാണകവും വിദേശജനുസുകളുടെ ചാണകവും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടന്ന് ആധികാരികമായ പഠനങ്ങള്‍ വന്നിട്ടില്ല.

    ഗോമൂത്ര വിശേഷങ്ങള്‍ പറയണ്ടല്ലോ, ഗോമൂത്രം പുണ്യാഹമായി തളിക്കുന്ന സ്ഥലങ്ങളും വേണമെങ്കില്‍ കുടിക്കാമെന്ന് പറയുന്ന മഹാന്മാരും ധാരാ‍ളമായി ഉള്ള സ്ഥലമാണ് ഭാരതം. കറവ വറ്റിയ പശുക്കളെ കൊല്ലാ‍തെ കൊല്ലുന്ന ധാരാളം സ്ഥലങ്ങള്‍ ഉത്തരേന്ത്യയിലുണ്ട്.

    ഷിനോ,
    പ്രായോഗികമായി ചിന്തിച്ച് പ്രവര്‍ത്തിക്കൂ, എഴുതൂ. നമ്മൂടെ എന്‍വയോണ്‍മെന്റലിസ്റ്റുകളുടെ പ്രധാന പോരായ്മകളിലൊന്നാണ് തീവ്ര ചിന്തകള്‍. അത് അവര്‍ക്കോ സമൂഹത്തിനോ ഗുണം ചെയ്യില്ല.

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാതന്‍2010, മേയ് 9 1:12 PM

    മൃഗങ്ങളെ കൊന്നു തിന്നുന്ന കാര്യത്തില്‍ ഞാന്‍ ഷിനോയോടൊപ്പം. മാംസാഹാരം മനുഷ്യന് ദോഷമേ ചെയ്യൂ. ആ മൃഗങ്ങള്‍ അനുഭവിക്കുന്ന വേദന പില്‍ക്കാലത്ത് അതിനെ തിന്നവരില്‍ രോഗാതുരതയുടെ വേദനയായി പരിണമിക്കും. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ കൂടുതല്‍ മാംസാഹാരികളായ മനുഷ്യരിലാണല്ലോ.

    ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശരിയാണെങ്കില്‍, ഒരുകാലത്ത് മനുഷ്യരേയും പിടിച്ചു കെട്ടി കൊന്നു തിന്നുന്ന സൂപ്പര്‍ ജീവികള്‍ ഉടലെടുക്കും. അന്ന് വിവരമറിയും. ‍

    മറുപടിഇല്ലാതാക്കൂ
  9. ഷിനോ,താങ്കളുടേത് അഭിനന്ദനാര്‍ഹമായ പരിശ്രമം തന്നെ.പ്രകൃതിയും മനുഷ്യനും ഒരുമിച്ചു ജീവിച്ചിരുന്ന കാലം അവസാനിക്കുകയാണ്. പ്രകൃതിയെ ക്രയവിക്രയം ചെയ്യാവുന്ന ഒരു ചരക്കായി മാത്രം ഗണിക്കുന്ന ആധുനീകയുഗത്തില്‍ താങ്കളുടെ വാക്കുകള്‍ വിലമതിക്കപ്പെടുകയില്ലെന്ന് തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  10. ഒരാള്‍ക്ക് കമ്പോളത്തിനായി ഉല്പാദനം നടത്തണമെങ്കില്‍ ഇന്നത്തെ ചുറ്റുപാടില്‍ യന്ത്രസഹായം ആവശ്യമാണ്. അങ്ങനെയല്ലാത്ത കൃഷിയിടങ്ങള്‍ ഇല്ലെന്നല്ല- വളരെ ചുരുക്കമാണെന്ന് മാത്രം. ട്രാക്റ്റര്‍ ചാണകമിടുന്നില്ല എന്നത് സത്യം. ട്രാക്റ്റര്‍ പുല്ലുതിന്ന് ജീവിക്കില്ല എന്നതാണ് അതിലും വലിയ കഷ്ടം.ആയിരം കിലോമീറ്റര്‍ അകലെ നിന്ന് കൊണ്ടു വരുന്ന പെട്രോള്‍ കുടിച്ച് ജീവിക്കുന്ന ഇത്തരം ജീവികള്‍ വിസര്‍ജിക്കുന്നത് മാരകമായ വിഷപ്പുകയാണ്. എന്നാലും ഇന്ന് നമുക്കാവശ്യമായ വേഗം,ശക്തി തുടങ്ങിയ ഗുണങ്ങള്‍ അവയ്ക്ക് ഉണ്ട്. ഉല്പാദനമിച്ചം മാത്രം കൊതിക്കുന്നവര്‍ സ്വമേധയില്ലായ്മയാ ട്രാക്റ്ററിനെ തെരഞ്ഞെടുക്കും

    മറുപടിഇല്ലാതാക്കൂ
  11. അജ്ഞാതേ
    പരസ്പരം കൊന്നുതിന്നാണ് ജീവികളില്‍ നല്ലൊരു ഭാഗം പുലരുന്നത്. ജീവികളില്‍ ഒന്നു മാത്രമായ മനുഷ്യന് കൊന്നുതിന്നല്‍ നിഷിദ്ധമൊന്നുമല്ല. മുഴുവന്‍ സമയകൃഷി മനുഷ്യന്റെ ചരിത്രത്തില്‍ ഏറെ പിന്നില്‍ വന്നുചേര്‍ന്ന ഒന്നാണ്. അതിനു മുമ്പ് അവന്‍ നായാടിയും ഭക്ഷണം ശേഖരിച്ചും തന്നെയാണ് വിശപ്പടക്കിയിരുന്നത്. അമേരിക്കന്‍ തദ്ദേശീയരെപ്പോലെ കൃഷിയെ വെറുക്കുകയും നായാട്ടിനെ പുണരുകയും ചെയ്യുന്ന മനുഷ്യര്‍ ഈയടുത്തകാലത്തും ഉണ്ടായിരുന്നു. പയ്യിറച്ചി നിഷിദ്ധമാണെന്ന് ധാരണ പരക്കാന്‍ ഷിനോയുടെ പോസ്റ്റ് സഹായിക്കുന്നു എന്ന് അറിയുന്നതില്‍ ഖേദമുണ്ട്. അത് ചില മതങ്ങളിലെ മൌലികവാദികളെയാണ് സഹായിക്കുക.

    മറുപടിഇല്ലാതാക്കൂ
  12. അജ്ഞാതന്‍, കാവലാന്‍,അരുണ്‍
    ഡിസംബര്‍ മാസത്തില്‍ ചെയ്ത ഈ പോസ്റ്റിലേയ്ക്ക മെയ് മാസത്തിലും കമന്റുകള്‍ വന്നതില്‍ സന്തോഷം.... ഇപ്പോള്‍ ഇത് എങ്ങിനെ ശ്രദ്ധയില്‍പ്പെട്ടു എന്നറിയാന്‍ കൌതുകമുണ്ട് ..... ആരെങ്കിലും മറുപടിതരിക
    അരുണ്‍.. (പയ്യിറച്ചി നിഷിദ്ധമാണെന്ന് ധാരണ പരക്കാന്‍ ഷിനോയുടെ പോസ്റ്റ് സഹായിക്കുന്നു എന്ന് അറിയുന്നതില്‍ ഖേദമുണ്ട്. അത് ചില മതങ്ങളിലെ മൌലികവാദികളെയാണ് സഹായിക്കുക.) ജീവികളെ കൊന്നുതിന്നരുതെന്ന് പറയുന്ന മൌലികവാദം വളരെ ശ്രേഷ്ടമാണെന്നതാണ് എന്റെ വിശ്വാസം ഞാന്‍ അതില്‍ ഉറച്ചുനില്‍ക്കുന്നു

    മറുപടിഇല്ലാതാക്കൂ