ബുധനാഴ്‌ച, ഡിസംബർ 30, 2009
കാട് അഭയം തന്ന ഒരു രാത്രി....
നിലംബൂര്‍ വനങ്ങളിലെ ആദിവാസികോളനി സന്ദര്‍ശിക്കാന്‍ പുറപ്പെട്ട് വഴിതെറ്റി വനത്തില്‍ അലയുകയും വനത്തില്‍ അന്തിയുറങ്ങുകയും ചെയ്ത ഒരു അനുഭവം... 14 – 10 – 2007
നിലംബൂരിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ നിലംബൂര്‍ പ്രകൃതി പഠനകേന്ദ്രത്തിന്‍റെ ഡയറക്ടര്‍ ശ്രീ ജയപ്രകാശിനെ അവിചാരിതമായിഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് വഴിക്കടവിന് സമീപമുള്ള ചോലനായ്ക്കന്‍മാര്‍ അധിവസിക്കുന്ന പുഞ്ചക്കൊല്ലി വനത്തിലേക്ക് ഒരു യാത്ര സംഘടിപ്പിക്കുന്ന വിവരം അറിഞ്ഞത് .ചോലനായ്ക്കന്‍മാര്‍ എന്നുകേട്ടതേ ഞാന്‍ യാത്രക്ക് തയ്യാറാവുകയും 13 -ാം തിയ്യതി വൈകുന്നേരം തന്നെ നിലംബൂര്‍ പ്രകൃതിപഠനകേന്ദ്രത്തിന്‍റെ ക്യാംപ് സെന്‍ററായ ചന്ദ്രകാന്തത്തിലെത്തുകയും ചെയ്തു .
മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒട്ടാകെ 17 പേരാണ് യാത്രക്ക് ഉണ്ടായിരുന്നത് . ചന്ദ്രകാന്തത്തില്‍ നിന്നും രാവിലെ പുറപ്പെട്ട സംഘം വഴിക്കടവില്‍ ആനമറി ഫോറസ് റ്റ് ചെക്ക്പോസ്റ്റില്‍ നിന്നും കാട്ടിലേക്ക്നടന്നു . കുറച്ച് അവല്‍ , പഴം , ശര്‍ക്കര എന്നിവ ഭക്ഷണമായി കരുതിയിരുന്നു .വഴിക്കടവ് - ഗൂഡല്ലൂര്‍ റോഡിലാണ് ആനമറി ഫോറസ്റ്റ് ചെക്ക്പോസ്റ്റ് സ്ഥിതി ചെയ്യുന്നത്
ആനമറി ചെക്പോസ്റ്റില്‍ നിന്നും കാട്ടിലേക്കുള്ള വഴിയില്‍ കുറേദൂരം തേക്കുതോട്ടത്തിലൂടെ നടന്നു .അതിനുശേഷം സ്വാഭാവികവനത്തില്‍ പ്രവേശിച്ചു . അവിടെ കുറച്ച് ഉയരമുള്ള മലമുകളില്‍ നിന്നും വന്നിരുന്ന നീരുറവയില്‍ നിന്നും ആവോളം വെള്ളം കുടിച്ചു .ഞങ്ങളുടെ വരവ് കണ്ടപ്പോഴേക്കും മരമുകളില്‍ ഇരുന്നിരുന്ന ഒരു കുരങ്ങന്‍ ബഹളംകൂട്ടി കാടിനെ ഞങ്ങളുടെ ആഗമനം അറിയിച്ചു .നടക്കുംവഴിയരുകില്‍ ഒരിടത്തിരുന്ന് കാട്ടുകിഴങ്ങ് പറിക്കുകയായിരുന്ന ഒരു ആദിവാസി വൃദ്ധ ആരോടെന്നില്ലാതെ അവജ്ഞയോടെ ചോദിച്ച ചോദ്യം ഇതായിരുന്നു
അവിടെ ഇനിയാരും ബാക്കിയില്ലേ ....?
അതായത് നാട്ടില്‍ ആരും ബാക്കിയില്ലാതെ മുഴുവന്‍ ആളുകളും തങ്ങളെ ഉപദ്രവിക്കാനായി കാട്ടിലേക്ക് കയറിവന്നിരിയ്ക്കുകയാണോ എന്ന് ...
നടപ്പ് .... നടക്കുംവഴിയില്‍ നിറയെ മുളങ്കൂട്ടങ്ങള്‍ , മരുത് , പ്ലാശ് , ഇരുള്‍ , വെണ്‍തേക്ക് ,ഈട്ടി തുടങ്ങിയ മരങ്ങള്‍ ....ചുവപ്പ്നിറത്തില്‍ നിറയെ പൂത്തുനില്‍ക്കുന്ന ഇടംപിരി വലംപിരി , ഓരില മൂവില .... നടന്നിരുന്നത് അതുവരെയും ജീപ്പ്റോഡിലൂടെ .... റോഡിലും ഓരത്തും നിറയെ ആനപ്പിണ്ടവും കാലടയാളവും .... ജീപ്പ്റോഡ് വിട്ട് ഒറ്റയടിപ്പാതയിലേക്ക് കയറി . ഈ വനം വരണ്ട ഇലപൊഴിയും കാട് എന്ന വിഭാഗത്തില്‍പ്പെട്ടത് ... മഴ പൂര്‍ണ്ണമായും വിട്ടുമാറിയിട്ടില്ലാതിരുന്നതിനാല് അരുവികള്‍ സജീവമായിരുന്നു . നിറയെ പരല്‍ മീനുകള്‍.... തവളകള്‍ .... മീനുകളില്‍ പേരറിയാവുന്നത് വാഴക്കാവരയനെ മാത്രം .
ഒറ്റയടിപ്പാതയിലൂടെ നടന്ന് ഒരു കുന്നു കയറി മുകളിലെത്തിയപ്പോള്‍ ദൂരെ വെള്ളം ആര്‍ത്തലച്ചൊഴുകുന്ന ശബ്ദം , അത് പുന്നപ്പുഴയായിരുന്നു , ചാലിയാറിന്‍റെ കൈ വഴി... കാട്ടില്‍ പാറക്കെട്ടുകളില്‍ തട്ടിച്ചിതറി രൌദ്രഭാവത്തോടെ ഒഴുകുന്ന പുന്നപ്പുഴയുടെ അടുത്തെത്തുന്തോറും ശബ്ദത്തിന് ഗാംഭീര്യം കൂടി . പുഴയില്‍ ഒഴുക്കുകുറഞ്ഞൊരിടത്ത് കുളിക്കാനിറങ്ങി . അവിടെപ്പോലും പിടിച്ചുനിന്നെങ്കിലേ രക്ഷയുണ്ടായിരുന്നുള്ളൂ.. ഇടക്കൊരിടത്ത് ഉച്ചഭക്ഷണം , അരികില്‍ തെളിനീരുറവ . അവലും ശര്‍ക്കരയും കഴിച്ച് ആസ്വദിച്ചിരിക്കുംപോള്‍ തൊട്ടടുത്ത് പാറവിടവില്‍ ശാന്തനായിരിക്കുന്ന ഒരു പിറ്റ് വൈപ്പര്‍... ( കുഴിമണ്ഡലി , സുഷിരമണ്ഡലി )
നടപ്പ് .... നദി മറുകര കടക്കുകയാണ് ലക്ഷ്യം മുന്‍പൊരിക്കല്‍ ചോലനായ്ക്കന്‍മാരുടെ കോളനി സന്ദര്‍ശിച്ചിട്ടുള്ള ജയപ്രകാശിന്‍റെ ഓര്‍മ്മ മാത്രമാണ് ആശ്രയം . നദി കുറുകെ കടക്കാനുള്ള പാലം കണ്ടുപിടിക്കണം . ആദിവാസികളുടെ ഉപയോഗത്തിനായി നിര്‍മ്മിച്ചിട്ടുള്ളതാണ് ആ പാലം . പക്ഷേ പോകും വഴിയൊന്നും അത് കാണാന്‍ സാധിച്ചില്ല .ഇടക്കൊരിടത്ത് ആദിവാസികളില്‍ സാഹസികര്‍ ഉപയോഗിക്കുന്ന ഒരു മരപ്പാലം കണ്ടു . വെറുതേ കുറച്ച് കാട്ടുകംപുകള്‍ കുതിച്ചൊഴുകുന്ന നദിയിലെ പാറക്കെട്ടുകളെ ബന്ധിപ്പിച്ച് വെച്ചിരിക്കുന്നു .
പാലം കണ്ടുപിടിക്കുന്നതിനായി നദിയോരത്തുകൂടി കുറേ ദൂരം നടന്നു .ചിലയിടങ്ങളില്‍ അഗാധതയിലേക്ക് പതിച്ചേക്കാവുന്ന കൊക്കകള്‍ .... വഴിയില്ലാത്തിടങ്ങളില്‍ പുതിയതായി വഴി തെളിച്ച് നടത്തം ...ഒരിടത്ത് പാറവിടവില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നു . കയറി പരിശോധിച്ചപ്പോള്‍ ഏതോ മൃഗത്തിന്‍റെ കാല്‍പ്പാടുകള്‍ ... പുലിയുടേതിന് സാമ്യമുണ്ട് ... വലുപ്പം കുറവായതിനാല്‍ കാട്ടുപൂച്ചയുടേതായിരിക്കുമെന്ന് ഊഹിച്ചു... ദൂരെ മരത്തിനു മീതെ സിംഹവാലന്‍ കുരങ്ങകള്‍ , ഞങ്ങളെക്കണ്ടതും അവ ഉള്‍ക്കാട്ടിലേക്ക് വലിഞ്ഞു . നടപ്പ് നിബിഡ വനത്തിനുള്ളിലേക്ക് .... ദൂരെ മാനം മുട്ടുന്ന മലകള്‍......
ഉച്ചയ്ക്കുരണ്ടുമണിയായിട്ടും ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിഞ്ഞില്ല , നദി കടക്കാനുള്ള പാലം കണ്ടെത്താന്‍ കഴിയാതിരുന്നതായിരുന്നു കാരണം . ഒടുവില്‍ മടങ്ങിപ്പോകാന്‍ തീരുമാനിച്ചു . അപ്പോഴാണ് യാത്രാസംഘാംഗമായ അലവി ഒരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത് . കുറച്ചകലെയുള്ള നാടുകാണി ചുരത്തിലേയ്ക്ക് കാട്ടിലൂടെ നടന്ന് അവിടെനിന്നും വാഹനത്തില്‍ വഴിക്കടവിലെത്താമല്ലോ ... ? യാത്രാ സംഘാംഗങ്ങള്‍ ആ നിര്‍ദ്ദേശം ശരിവെച്ചു . എല്ലാവരും നാടുകാണി ചുരം ലക്ഷ്യമാക്കി നടപ്പാംരംഭിച്ചു . അതോടെ താളപ്പിഴകളും ആരംഭിച്ചു .ദൂരെക്കണ്ടിരുന്ന മലമുകളിലെത്തിയാല്‍ റോഡ് കണ്ടുപിടിയ്ക്കാം എന്നതായിരുന്നു ഊഹം ... എന്നാല്‍ ഓരോ മല കയറിയിറങ്ങിയപ്പോഴും വഴി കണ്ടുപിടിയ്ക്കാന്‍ കഴിഞ്ഞില്ല .
കാട്ടിലുള്ള നടപ്പാതകളിലൂടെ മുന്നോട്ടുനടക്കുന്തോറും നടപ്പാത ചുരുങ്ങി ഈറ്റക്കാടുകള്‍ക്കുള്ളിലേക്ക് കയറുന്നു . ഈറ്റക്കാട് മുറിച്ചുകടന്നാല്‍ വഴി കണ്ടെത്താം എന്ന ധാരണയില്‍ചെല്ലുംപോള്‍ ഈറ്റക്കാടിനുള്ളില്‍ വഴി അവസാനിക്കുന്നു .... അവിടെ നിറയെ ആനപ്പിണ്ടവും ആന മണ്ണ് കുത്തിമറിച്ചിട്ട പാടും മാത്രം . അവിടെ നിന്നും തിരിച്ചിറങ്ങി അടുത്തവഴിയിലൂടെ വീണ്ടും നടത്തം ... അതും അവസാനിയ്ക്കുന്നത് ഏതെങ്കിലും ആനത്താവളത്തില്‍... ഒരിടത്ത് കണ്ട ഫയര്‍ലൈനിലൂടെ മലമുകളിലേയ്ക്ക് നടന്നു , ഫയര്‍ലൈന്‍ ഏതെങ്കിലും മനുഷ്യവാസകേന്ദ്രത്തിലെത്തുമെന്നായിരുന്നു നിഗമനം ... എന്നാല്‍ അതും പിഴച്ചു ... കുന്നിന്‍മുകളിലെത്തിയപ്പോള്‍ മുന്നോട്ടുവഴിയില്ലാത്തിടത്ത് ഫയര്‍ലൈന്‍ അവസാനിച്ചു .
അവിടെ നിന്നും തിരിച്ചിറങ്ങി , വഴിനീളെ അട്ടകള്‍ കാല്‍പാദങ്ങളെ പൊതിഞ്ഞു . ആദ്യം കുറച്ചുനേരം അട്ടകളെ വേര്‍പെടുത്താന്‍ ശ്രമിച്ചെങ്കിലും അട്ടകള്‍ പിന്‍മാറാന്‍ ഒരുക്കമില്ലാത്തതിനാല്‍ പിന്നീടവയെ ശ്രദ്ധിച്ചില്ല . ആയതിനാല്‍ കാലുകള്‍ അട്ടകള്‍ക്ക് നല്ലൊരു സദ്യ നല്‍കി .ചില വികൃതികളായ അട്ടകള്‍ പാന്‍റ്സിനകത്തും കയറി . ഇടക്കുവെച്ച് പാന്‍റ്സ് ഊരി അട്ടകളെ വേര്‍പെടുത്തേണ്ടി വന്നു .
ചുവട്ടില്‍ നിന്നും നോക്കുംപോള്‍ കുന്നിന്‍മുകളില്‍ വഴി എത്തി നില്‍ക്കുന്നിടത്ത് പ്രകാശം കാണുംപോള്‍ റോഡ് എത്തിയെന്ന പ്രതീക്ഷ, പക്ഷേ വീണ്ടും ഈറ്റക്കാടുകള്‍ ... മലകളുടെ ചെരുവുകളിലൂടെ ഇറങ്ങിയും കയറിയും മണിക്കൂറുകള്‍ ... ദിശ ഊഹം വെച്ച്നടന്നതിനാല്‍ ഒരുമല വലംവെച്ചതായും തോന്നി . വെളിച്ചം മങ്ങിത്തുടങ്ങി ... ആറുമണിയ്ക്കുമുന്നേ കാടിനുവെളിയില്‍ കടക്കാമെന്ന പ്രതീക്ഷ അസ്തമിച്ചു , എല്ലാവരും കൂടിയാലോചിച്ചു . ഒടുവില്‍ കാട്ടില്‍ രാത്രി തങ്ങാം എന്ന് തീരുമാനിച്ചു .
വരും വഴി കണ്ട പുന്നപ്പുഴയുടെ തീരം താവളമാക്കാനാണ് തീരുമാനിച്ചത് . ഉയരെ മലമുകളില്‍ നിന്നും പുഴയുടെ ശബ്ദം ലക്ഷ്യമാക്കി താഴേയ്ക്ക് ... വെളിച്ചം പൂര്‍ണ്ണമായും പോയിരിക്കുന്നു . കയ്യിലുള്ള മൊബൈല്‍ഫോണുകള്‍ തെളിച്ച് നടത്തം ... വഴിയില്ലാത്തിടത്തുകൂടി സഞ്ചാരം ...പാറക്കെട്ടികളില്‍ മുണ്ട് കയറാക്കി തൂങ്ങി ഇറക്കം .... കുത്തനെയുള്ള ചെരിവുകളില്‍ നിരങ്ങിയിറങ്ങിയ ചിലര്‍ പിടിവിട്ട് നേരേ താഴേക്ക് വീഴുന്നു .... വീണ്ടും ആനത്താവളങ്ങളായ ഈറ്റക്കാടുകള്‍ക്കിടയിലൂടെ... കനത്ത ഇരുട്ട് ... വഴിയോരത്തെവിടെയെങ്കിലും പതിയിരുന്നാക്രമിച്ചേക്കാവുന്ന കാട്ടാനയെ അകറ്റുവാനായി പോലീസുകാരന്‍ അലവിയുടെ ഒച്ചയുണ്ടാക്കലുകള്‍ .... അതിപ്രകാരം
മുംപില്‍ പോയോരെവിടേ....
ഇങ്ങള് കൂക്കീം....
പിന്നിലെല്ലാരും ഇല്ല്യേ...
മുംപില് പോണോര് പറഞ്ഞ് പറഞ്ഞ് പോവീം....
ഇങ്ങള് കൂക്കി കൂക്കി പോവീം....
നടപ്പിന്‍റെ കഷ്ടതയിലും അലവിയുടെ ഡയലോഗുകള്‍ ചിരിക്ക് വക നല്‍കി .ഇടക്ക് വയര്‍ലെസ്സ് സന്ദേശം നല്‍കുന്നതുപോലെ , യാത്രാംഗവും കരുവാരക്കുണ്ട് പോലീസ് സ്റ്റേഷന്‍റെ ചാര്‍ജ്ജ് വഹിക്കുന്ന ഏ. എസ് .ഐ യുമായ അരവിന്ദാക്ഷനെപ്പറ്റിയുള്ള നംബര്‍
കരുവാരക്കുണ്ട് എസ് .എച്ച് .ഒ ( സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ ) ഏ .എസ്. ഐ അരവിന്ദാക്ഷന്‍ പുഞ്ചക്കൊല്ലി വനത്തില്‍ അലഞ്ഞുനടക്കുകയാണ് അദ്ദേഹത്തെ രക്ഷിക്കാന്‍ ഉടന്‍ ഫോഴ്സിനെ അയക്കുക ഓവര്‍.....
വഴിയില്ലാവഴിയിലൂടെ നിരങ്ങിയും ഉരുണ്ടുവീണും ഒടുവില്‍ പുഴയോരത്തെത്തി .പുഴയോരമാണെങ്കില്‍ വളരെ ഇടുങ്ങിയ പ്രദേശം , പരന്നഭാഗം വളരെക്കുറവ് .തൊട്ടടുത്താണെങ്കില്‍ പാറയിടുക്കിലൂടെ കുതിച്ചൊഴുകുന്ന പുഴ ... കാലുതെറ്റിയാല്‍ വീഴുക കുത്തൊഴുക്കിലേക്ക് ... ക്ഷീണം കാരണം ഏവരും കിട്ടിയ ഇടങ്ങളില്‍ ഇരുപ്പും കിടപ്പും തുടങ്ങി . അലവിയുടെ നേതൃത്വത്തില്‍ ഇരുട്ടിലും കുറേ വിറകും കരിയിലയും ശേഖരിച്ച് പാറപ്പുറത്ത് തീ കൂട്ടി . വിറക് കഴിയുംപോള്‍ , വളരെനിര്‍ബന്ധിക്കുംപോള്‍ ആരെങ്കിലും പോയി കുറച്ച് വിറക് സംഘടിപ്പിച്ചുകൊണ്ടുവരും . പകല്‍ വീരശൂരപരാക്രമികളായിരുന്നവര്‍ രാത്രി എലികളായി മാറിയിരിക്കുന്നു
രാത്രി ... വിശപ്പിന്‍റെ വിളി ഉയരുന്നു . ഉച്ചഭക്ഷണത്തിനായി കരുതിയിരുന്ന അവലില്‍ ശേഷിച്ചിരുന്നത് അരക്കിലോ മാത്രം . അതിന് അവകാശികളായി 17 ആളുകള്‍ . ഭക്ഷണവിതരണത്തിന്‍റെ ചുമതല അലവിയെ ഏല്‍പ്പിച്ചു . അദ്ദേഹം അത് ഭംഗിയായി നിര്‍വഹിച്ചു . പുഴവെള്ളത്തില്‍ മുക്കിയെടുത്ത അവല്‍ ഏവരുടേയും വയര്‍ നിറച്ചു .
രാത്രി ..... ആകാശത്ത് ചെറിയ മിന്നലും കുറച്ച് മേഘങ്ങളും ....മഴ പെയ്താല്‍ ആകെ കുളമാകും , ഭാഗ്യത്തിന് മഴ മാറി നിന്നു . പരുക്കനായ പാറപ്പുറത്ത് നടു നേരേ നിവര്‍ത്തിവയ്ക്കാന്‍ പോലും ഇടമില്ലാത്തിടത്ത് അട്ടിയിട്ടപോലെ 17 ആളുകള്‍ ... ആളിക്കത്തുന്ന തീയുടെ ചുവട്ടില്‍പ്പോലും ഇടം കിട്ടാതെ ചിലര്‍ ചുരുണ്ടുകൂടിയിരിക്കുന്നു എനിക്ക് ചാരിയിരിക്കാന്‍ മാത്രമാണ് ഇടം കിട്ടിയത് . ആദ്യത്തെ തളര്‍ച്ചയില്‍ ചുരുണ്ടുകൂടിയ ഉടന്‍ ഉറങ്ങിപ്പോയവര്‍ , പാതിരാനേരത്ത് എഴുന്നേററിരുന്ന് കവിത ചൊല്ലുന്നു , പാട്ടു പാടുന്നു .... മനുഷ്യരുടെ ശബ്ദത്തെ മുക്കിക്കെല്ലുന്ന രീതിയില്‍ പുഴയുടെ ശബ്ദം ... പരസ്പരം സംസാരിക്കുന്നത് ഒന്നും കേള്‍ക്കാന്‍ പറ്റാത്ത അവസ്ഥ ....
യാത്രാസംഘാംഗവും പ്രമേഹരോഗത്താല്‍ അവശത കാണിക്കുകയും ചെയ്തിരുന്ന ജോസ്ചേട്ടന്‍ മാത്രം കുത്തിയിരുന്ന് തീ നീക്കിക്കൊണ്ടിരിക്കുന്നത് ഇടക്ക് മയക്കത്തില്‍ നിന്നും കണ്ണുമിഴഇച്ചപ്പോള്‍ കണ്ടു . വിറകുതീര്‍ന്നപ്പോള്‍ മേലേ പാറപ്പുറത്ത് ഇരിക്കുകയായിരുന്ന ഏ. എസ് . ഐ . അരവിന്ദാക്ഷന്‍ കുറേ വിറക് സംഭരിച്ചുകൊണ്ടുവരുന്നതും കണ്ടു ... ഇടയ്ക്കിടയ്ക്ക് മുഴങ്ങിക്കേള്‍ക്കുന്ന നെടുവീര്‍പ്പുകള്‍ ... വാച്ചില്‍ നോക്കല്‍ ... പരസ്പരം സമയം ചോദിക്കുന്നു , നേരം പുലരാന്‍ വേണ്ടുന്ന സമയം കണക്കുകൂട്ടുന്നു ....
ഇടക്ക് ബഹളം കേട്ട് മയക്കത്തില്‍ നിന്നും കണ്ണുമിഴിച്ചു , നേരം പുലര്‍ന്നിരിക്കുന്നു നടക്കാനുള്ള പുറപ്പാടാണ് . തലേന്ന്കത്തിച്ച തീക്കുണ്ടത്തില്‍ നിന്നും കുറച്ച് കരി വാരിയെടുത്ത് പൊടിച്ച് പല്ല് തേച്ചു രാവിലെ ആറരമണിയോടുകൂടി തിരിച്ച് നടത്തം ആരംഭിച്ചു. നാട്ടിലേക്കുള്ള വഴി കണ്ടെത്താന്‍ സ്വീകരിച്ച മാര്‍ഗ്ഗം ലളിതമായിരുന്നു , പുഴോരത്തുകൂടി പുഴ ഒഴുകുന്ന ദിശയിലേയ്ക്ക് നടക്കുക ... കാരണം പുഴ എന്താണെങ്കിലും ഒഴുകി നാട്ടിലെത്തുമല്ലോ...
പല ഭാഗത്തും പുഴയോരത്തുകൂടി നടക്കാന്‍ സാധിച്ചില്ല . വലിയ പാറക്കെട്ടുകളും വൃക്ഷങ്ങളും ആയിരുന്നു കാരണം . അപ്പോള്‍ കുറേക്കൂടി മേലേയ്ക്ക് കയറി നടക്കും . രണ്ടു മണിക്കൂര്‍ നടന്നിട്ടും തലേന്ന് വന്ന വഴി കണ്ടുപിടിയ്ക്കാനായില്ല .... വീണ്ടും നടത്തം ......
നടത്തത്തിനിടയില്‍ ക്ഷീണമകറ്റാന്‍ പോകും വഴിയില്‍ ഒരു അരുവിയില്‍ ഒരു കുളി ഏ . എസ് . ഐ . അരവിന്ദാക്ഷനും പോലീസുകാരന്‍ അലവിയും കുളി ആസ്വദിക്കുന്നത് കണ്ടപ്പോള്‍ തളര്‍ച്ചമറന്ന് ഞാനും
നീരാടാനിറങ്ങി . കാലില്‍ ഉണങ്ങിപ്പിടിച്ചിരുന്ന രക്തക്കറ കഴുകിക്കളയാന്‍ തന്നെ കുറേ നേരം വേണ്ടിവന്നു . കുളി കഴിഞ്ഞപ്പോള്‍ വിശപ്പ് കുറേശ്ശേ പിടികൂടാന്‍ തുടങ്ങി . 24 മണിക്കൂര്‍ മുന്‍പാണ് ശരിക്ക് ഭക്ഷണം കഴിച്ചത് ... തിരിച്ചുള്ള നടത്തത്തിനിടയില്‍ പലരും നെല്ലിമരത്തിന് ചുറ്റും പരതുന്നു .കിട്ടിയ നെല്ലിക്കകള്‍ വാരി വിഴുങ്ങുന്നു... വിശപ്പ് ഏ. എസ് . ഐ യ്ക്കും , കോണ്‍സ്റ്റബിളിനും , വിദ്യാര്‍ത്ഥിയ്ക്കും തുല്യമാണല്ലോ ....
തിരിച്ചുനടക്കുംവഴിയില്‍ ഒരിടത്തുനിന്നും വേറൊരുദിശയിലേയ്ക്ക് ഒരു വഴി പിരിഞ്ഞു പോകുന്നു ...അതു കണ്ടപ്പോള്‍ ജയപ്രകാശ് പറഞ്ഞു ,ഇതായിരുന്നു നമുക്ക് പോകേണ്ടിയിരുന്ന വഴി ... അതായത് ആനമറി ചെക്പോസ്റ്റില്‍ നിന്നും സുമാര്‍ ഒരു മണിക്കൂര്‍ നടന്ന് വഴി പിരിഞ്ഞുപോകേണ്ടതിനു പകരം 5 മണിക്കൂര്‍ നേരം ഞങ്ങള്‍ നേര്‍ ദിശയില്‍ നടന്നു അതാണ് വഴി തെറ്റാന്‍ ഇടയാക്കിയത് .....
ഒടുവില്‍ നടന്ന് 10 മണിയോടുകൂടി ചെക്പോസ്റ്റിലെത്തി ആശ്വാസത്തോടെ ശ്വാസം വിടുംപോള്‍ ഏറ്റവും അടുത്തുള്ള ഹോട്ടല്‍ എവിടെയെന്നതായിരുന്നു അന്വേഷണം ....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
great
മറുപടിഇല്ലാതാക്കൂthanks
മറുപടിഇല്ലാതാക്കൂപ്രിയ ഷിനോ നന്നായിട്ടുണ്ട്. ഒപ്പം യാത്ര ചെയ്തതുപോലെ. കുറച്ചുകൂടി ഫോട്ടോകള്‍ ഉണ്ടായിരുന്നെങ്കില്‍........
മറുപടിഇല്ലാതാക്കൂ