ശനിയാഴ്‌ച, ഡിസംബർ 26, 2009

ബാവലി - ബൈരക്കുപ്പ , കൃഷിക്കാഴ്ചകളുടെ യാത്ര.......
കേരള - കര്‍ണ്ണാടക സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശമായ ബാവലിയില്‍ നിന്നും ബൈരക്കുപ്പ വരെയുള്ള കര്‍ണ്ണാടക സംസ്ഥാനത്തുകൂടിയുള്ള കാല്‍നടയാത്ര വളരെ ഹൃദ്യമായ ഒരു അനുഭവമായിരുന്നു . കേരളത്തിലെ വയനാട് ജില്ലയില്‍ തിരുനെല്ലിക്കു സമീപം കാട്ടിക്കുളം എന്ന ചെറിയ ടൌണില്‍ നിന്നും ബസ്സ് മാര്‍ഗ്ഗം അതിര്‍ത്തിപ്രദേശമായ ബാവലിയിലെത്തി .അവിടെ കബനീനദിക്കു മറുകരയില്‍ നിന്നും ബൈരക്കുപ്പയിലേക്കുള്ള കാല്‍നടയാത്ര കേരളത്തേയും കര്‍ണ്ണാടകത്തേയും താരതമ്യം നടത്തുന്നതിന് നല്ല ഒരു അവസരമാണ് നല്‍കിയത്. കേരളത്തിലെ ഭൂപ്രദേശങ്ങള്‍ മുഴുവന്‍ തരിശിട്ടിരിക്കുകയോ നാണ്യവിളകള്‍ കൃഷിചെയ്യുകയോ കോണ്‍ക്രീറ്റിനാല്‍ മൂടപ്പെടുകയോ ചെയ്തിരിക്കുകയോ ആണെങ്കില്‍ കര്‍ണ്ണാടകയില്‍ , കബനീനദിയുടെ ഓരത്ത് തികച്ചും പൊന്നുവിളയുന്ന ഭൂമിയാണ് കാണുക .

നടവഴിയോരത്ത് മുഴുവലന്‍ നെല്‍വയലുകള്‍ ..... കൃഷിക്കാര്‍ നിലം ഒരുക്കുന്നതിലും ഞാറുനടുന്നതിലും മുഴുകിയിരിക്കുന്നു . ഒരിടത്ത് കാളകളെ ഉപയോഗിച്ച് നിലം ഉഴുതു മറിക്കുന്നു . നിരവധി സ്ത്രീ പുരുഷ തൊഴിലാളികള്‍ ഞാറുനടലില്‍ ഏര്‍പ്പെട്ടിരിക്കുന്നു . വഴിയോരത്തെ കൃഷിയിടങ്ങളില്‍ ചിലയിടങ്ങളില്‍ പുഴയില്‍ നിന്നും വെള്ളം എത്തിക്കാനുള്ള സംവിധാനമുണ്ട് . വഴിയരികിലെ പുല്‍പ്പരപ്പിരല്‍ കാളകളെ മേയ്ച്ചുനില്‍ക്കുകയായിരുന്ന കൃഷിക്കാരനോട് കുറേനേരം സംസാരിച്ചതില്‍ നിന്നും ആ പ്രദേശത്ത് മിക്ക വീടുകളിലും നാടന്‍ കാളകളുണ്ടെന്നും അവയെ എല്ലാവരും കൃഷിപ്പണിക്ക് ഉപയോഗിക്കാറുണ്ടെന്നും മനസ്സിലായി .ഇതിനു തെളിവെന്നവണ്ണം കുറച്ചകലെയായി മൂന്നു ജോഡിമൂരികളെ ഉപയോഗിച്ച് നിലം ഒരുക്കുന്നുണ്ടായിരുന്നു ഞങ്ങള്‍ അവരുടെ അടുത്തേക്കുചെന്നു കുറേനേരം സംസാരിച്ചു . കൃഷിയേപ്പറ്റി അറിയാന്‍ വന്നവരാണെന്ന് പറഞ്ഞപ്പോള്‍ ആ നിഷ്കളങ്കരായ ഗ്രാമീണര്‍ക്ക് വളരേയേറ സന്തോഷം ഉണ്ടായി .അവരുടെ നിലം ഉഴല്‍ നിരന്തരം ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരുന്ന സുരേഷ് മാഷ് , തന്‍റെ കയ്യിലുള്ള ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനം ഉപയോഗിച്ച് അവരുടെ ഉൌര്‍ച്ചപ്പാട്ട് റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു . ആ പാട്ട് തികച്ചും ഹൃദ്യമായിരുന്നു . അവര്‍ക്ക് കൃഷി ഭക്ഷണമാണ്, വിനോദമാണ് , വിജ്ഞാനമാണ് ......ജീവിതമാണ് .... സംസ്കാരത്തിന്‍റെ ഭാഗമാണ് .....

കുറേ നേരം അവിടെ ചിവിട്ടശേഷം വീണ്ടും നടക്കാന്‍ ആരംഭിച്ചു .കത്തുന്ന വെയിലില്‍ കടുത്തദാഹം തോന്നിയപ്പോള്‍ അടുത്തുകണ്ടവീട്ടില്‍ കയറി വെള്ളംചോദിച്ചു .അത് ഒരു മലയാളി കുടുംബം താമസിച്ചിരുന്ന വീടായിരുന്നു .കബനീനദിക്കുമറുകരെയുള്ള കേരളത്തില്‍ നിന്നും വന്ന് അവിടെ താമസമാക്കിയ അവര്‍ക്ക് കുറച്ച് കൃഷിഭൂമിയുണ്ട് .ഇവരുടെ കൃഷിഭൂമി വൈദ്യുതവേലികെട്ടി തിരിച്ചിട്ടുണ്ട് . ഗ്രാമത്തിന് അതിരിടുന്ന കര്‍ണ്ണാടക വനത്തില്‍ നിന്നും കൃഷിഭൂമിമുറിച്ചുകടന്ന് കേരളത്തിലെ വനത്തിലേക്ക് ആനകളും മറ്റും സഞ്ചരിക്കാറുണ്ട് . ചിലപ്പോള്‍ ഇവ കൃഷിഭൂമിയില്‍ നിന്നും ഭക്ഷണം ശേഖരിക്കും ... ആനക്ക് കാടും കൃഷിയും തമ്മില്‍ വ്യത്യാസമില്ല , കര്‍ണ്ണാടകം - കേരളം എന്ന രാഷ്ട്രീയവുമില്ലല്ലോ ...

കുറേ ദൂരം ചെന്നപ്പോള്‍ ഒരു ചെറിയ കടയുടെ മുന്നിലെത്തി . അത് ഒരു മലയാളിയുടെ കടയായിരുന്നു , ആ കടക്കാരനില്‍ നിന്നും അവിടെയുണ്ടായിരുന്ന കന്നട യുവാവില്‍ നിന്നും ആ പ്രദേശത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ കഴിഞ്ഞു .അവിടെ കൃഷിപ്പണിയില്‍ ഏര്‍പ്പെടുന്ന പുരുഷതൊഴിലാളിക്ക് 120 രൂപ കൂലിയുണ്ട് .സ്ത്രീകള്‍ക്ക് 70 രൂപയും . എന്നാല്‍ മരപ്പണിക്കാര്‍ക്ക് 250 രൂപയാണ് കൂലി . ആ പ്രദേശത്തെ പഞ്ചായത്ത് പ്രസിഡണ്ട് മലയാളിയാണ് . വളരെക്കുറച്ച് മലയാളികള്‍ മാത്രമേ അവിടെയുള്ളൂ ... അവിടുത്തെ ഭൂരിഭാഗം ജനങ്ങളും വേടര്‍ എന്ന പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരാണ് .... ടിപ്പുവിന്‍റെ പടയോട്ടകാലത്ത് ചിത്രദുര്‍ഗ്ഗയില്‍ നിന്നും ഓടിപ്പോന്നവരുടെ പിന്‍ഗാമികളാണ് ഗ്രാമത്തിലുള്ളവരെല്ലാം ...ഇവര്‍ ആയിരം കുടുംബത്തോളം വരും . ബാവലി - ബൈരക്കുപ്പ പാതയോരത്ത് കണ്ട വീടുകള്‍ എല്ലാം ലാളിത്യം നിറഞ്ഞതായിരുന്നു . ഓലയും മുളയും കൊണ്ടുള്ളവ , പുല്ലുമേഞ്ഞവ... വളരേക്കുറച്ചുദൂരം വളരേക്കൂടുതല്‍ സമയമെടുത്ത് നടന്നുതീര്ടത്ത ഞങ്ങള്‍ കര്‍ണ്ണാടകയിലെ ഗ്രാമക്കാഴ്ചകള്‍ മനസ്സില്‍ ഒപ്പിയെടുത്തു . ആ കാല്‍നടയാത്ര അവസാനിച്ചത് ബൈരക്കുപ്പയിലെ കടവിലാണ് . അവിടെനിന്നും കേരളത്തിലെ പെരിക്കല്ലൂര്‍ കടവിലേക്ക് വഞ്ചിയാത്ര .. മടങ്ങുംപോള്‍ മനസ്സിലുണ്ടായിരുന്നത് കേരളം ലക്ഷ്യബോധമില്ലാതെ സഞ്ചരിക്കുന്ന തെറ്റായ പാതയുടെ ഭീകരതയാണ് ( 2008 ജൂലൈ )
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ