ബുധനാഴ്‌ച, മാർച്ച് 14, 2012

രാത്രി യാത്ര നിരോധിക്കേ ണ്ടതു തന്നെ


2012 മാര്‍ച്ച് 4 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പ് വനപാതകളിലൂടെയുള്ള രാത്രി യാത്ര നിരോധിക്കേ‍ണ്ടതു തന്നെ എന്ന കവര്‍ സ്റ്റോറിയിലൂടെ പൊതുസമൂഹത്തിന് മുന്നില്‍ വലിയൊരു ചര്‍ച്ചാവിഷയം സമര്‍പ്പിച്ചിരിയ്ക്കുന്നു.രാജ്യം എന്നത് കുറച്ച് വികസനക്കാരുടെ മാത്രമല്ല , കുറേ ജന്തു ജീവജാലങ്ങളുടേതുകൂടിയാണെന്ന തിരിച്ചറിവുള്ള തലമുറ ഉദിച്ചുവരാന്‍ അധികകാലം വേണ്ട....

ലേഖനത്തില്‍ നിന്ന് - കാലിന് കണ്ണുനല്‍കുന്ന ഒരു ഡ്രൈവിങ്ങ് ശീലത്തിലേയ്ക്ക് മാറുമ്പോഴേ മനുഷ്യന്റെ സന്‍മനസ്സ് കാട്ടുവഴികളില്‍ പ്രയോജനപ്പെടൂ... വേഗം അല്‍പ്പം കുറച്ചാല്‍ രഥചക്രം മണ്ണില്‍ പൂണ്ടുപോവുകയൊന്നുമില്ല.കവചകുണ്ഡലങ്ങളില്ലാത്ത കാട്ടുജീവി അതിന്റെ പ്രാചീനവഴിയിലൂടെ മറുപുറം കടന്നോട്ടെ....
കൂടുതല്‍ കാണുന്നതിന്.... 
   വനപാതകളിലെ ഗതാഗതം നിരോധിക്കുക

കാട് ആനയ്ക്ക് തിരിച്ചുകൊടുക്കുക....

 

ചൊവ്വാഴ്ച, മാർച്ച് 13, 2012

പൂരപ്പറമ്പിലെ പഴക്കാലം



പൂരപ്പറമ്പുകള്‍ആഘോഷങ്ങള്‍ക്കൊപ്പംഭക്ഷണവസ്തുക്കള്‍വില്‍ക്കുന്നതിനുംഒരുവലിയവേദിയാണ്.പൂരംകാണാന്‍പോയിഎന്നതിന്അടയാളംതിരികെവീട്ടിലേയ്ക്ക്കൊണ്ടുവരുന്നപലഹാരപ്പൊതികളാണ്.കൂടാതെ അവിടെ വെച്ചുകഴിയ്ക്കാവുന്ന ഭക്ഷ്യ വിഭവങ്ങളും പാനീയങ്ങളും …
കൃത്രിമ നിറങ്ങളും മറ്റു രാസവസ്തുക്കളും ചേര്‍ത്ത ഹല്‍വ , ജിലേബി തുടങ്ങിയ പലഹാരങ്ങളും നിറം കലക്കിയ പാനീയങ്ങളും പൂരപ്പറമ്പില്‍ യഥേഷ്ടം …. എന്നാല്‍ ഇത്തവണ കൂറ്റനാട് ആമക്കാവ് പൂരത്തിന് കണ്ട കാഴ്ച എനിയ്ക്ക് പുതിയ അനുഭവമായിരുന്നു.... വളാഞ്ചേരിക്കാരന്‍ ഷെരീഫും കൂട്ടരും നടത്തിയ സ്റ്റാളില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്നത് ഫ്രൂട്ട് സലാഡായിരുന്നു.യാതൊരു കൃത്രിമ പദാര്‍ത്ഥങ്ങളും ചേര്‍ക്കാതെ , തണ്ണിമത്തന്‍,പപ്പായ , കൈതച്ചക്ക ,മുന്തിരി ,കക്കരി എന്നീ അഞ്ച് പഴങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിച്ച ഇതിന് പത്ത് രൂപയായിരുന്നു പ്ലേറ്റിന് വില .തൊട്ടടുത്ത സ്റ്റാളില്‍ ലൈം എന്ന പേരില്‍ പൊടിയിട്ട് വില്‍ക്കുന്ന കുടിയ്ക്കാനുള്ള വെള്ളത്തിനും പത്തുരൂപയായിരുന്നു വില.....

ഇവിടെയാണ് നാം നന്മയെ തിരിച്ചറിയേണ്ടത് വേണമെങ്കില്‍ ഷെരീഫിനും കൂട്ടര്‍ക്കും കൂടുതല്‍ ലാഭം കിട്ടുന്ന എന്തെങ്കിലും കച്ചവടം ചെയ്യാമായിരുന്നു , ഇത്തരം നന്‍മകള്‍ക്ക് നാം ഇടം കൊടുക്കേണ്ടതുണ്ടതുണ്ട് … ആയതിനാല്‍ നല്ലത് വില്‍ക്കുന്ന ചെറുകച്ചവടക്കാര്‍ക്കും, നല്ല മനുഷ്യര്‍ക്കുമായി കുറച്ചു നാണയത്തുട്ടുകള്‍ മാറ്റിവെച്ചേക്കുക.....
                                                                        

തിങ്കളാഴ്‌ച, ജനുവരി 02, 2012

കാര്യം പറഞ്ഞവന് കഞ്ഞിയില്ല.....



മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച് തൃത്താല എം എല്‍ എ ശ്രീ വിടി ബല്‍റാം ഫേസ് ബുക്കില്‍ എഴുതിയ അഭിപ്രായം ഇപ്പോള്‍ വിവാദമായിരിയ്ക്കുകയാണ്. പണ്ട് മരുമക്കത്തായ കാലഘട്ടത്തില്‍ അമ്മാവന്റെ മുഖത്ത് നോക്കി വല്ലതും പറഞ്ഞുപോയാല്‍ ഇവനിന്ന് കഞ്ഞി കൊടുക്കരുതെന്ന് അമ്മാവന്‍ പ്രഖ്യാപിയ്ക്കും. പ്രിയപ്പെട്ടവരേ നിലവിലുള്ള അപകടകരമായ ഡാം പൊളിച്ചുകളയണം എന്ന് പറഞ്ഞ ശ്രീ വിടി ബല്‍റാം മഹത്തായ ഒരു സത്യം തുറന്നുപറയാന്‍ ധൈര്യം കാണിച്ച ജനപ്രതിനിധിയാണ്. മറ്റുള്ളവര്‍ പറയാന്‍ അറച്ചുനിന്ന കാര്യം ഇദ്ദേഹം ധൈര്യസമേതം പറഞ്ഞിരിയ്ക്കുന്നു. നാളെ മറ്റുള്ള ജനപ്രതിനിധികളും ബല്‍റാം പറഞ്ഞതിനൊപ്പം വരും .മുല്ലപ്പെരിയാര്‍ ഡാം എന്ന ജലബോംബ് പൊളിച്ച് ദൂരെ എറിയുന്ന ഒരു പ്രഭാതത്തിനായി നമുക്ക് കാത്തിരിയ്ക്കാം....
( എം എല്‍ എ ബല്‍റാമിന്റെ കുറിപ്പ് )
പുതിയ ഡാം പണിയുന്നതിന്റെ പ്രായോഗികതയുടെ കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. അതിനാല്‍ നിലനില്‍ക്കുന്ന ഡാം ഡീക്കമ്മീഷന്‍ ചെയ്യുന്നതിനാണ് ഇപ്പോള്‍ അടിയന്തിരപ്രാധാന്യം നല്‍കേണ്ടത്. ഇപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം ജലം സംഭരിക്കുന്ന ഡാം ആണ്. ഇതിനെ ഒരു ജലം തിരിച്ചുവിടുന്ന ഡാമാക്കി മാറ്റി റിസര്‍വ്വോയറില്‍ നിന്ന് കൂടുതല്‍ വെള്ളം എടുക്കാന്‍ തമിഴ്നാടിനെ അനുവദിക്കുകയും കൂടുതലായുള്ള വെള്ളം അവരുടെ സ്ഥലത്ത് അണക്കെട്ട്നിര്‍മ്മിച്ച് സംഭരിക്കാനുള്ള സംവിധാനങ്ങളൊരുക്കാന്‍ അനുവദിക്കുകയും ചെയ്യണം'

 dam photo from - http://en.wikipedia.org/wiki/Mullaperiyar_Dam

ഞായറാഴ്‌ച, നവംബർ 13, 2011

കാട് നിലനിര്‍ത്തിയവര്‍

ആരോഗ്യകരമായ ഒരു ഭൂമുഖം വേണമെങ്കില്‍ അവിടെ മൂന്നില്‍ ഒരു ഭാഗം കാട് ആയിരിയ്ക്കണമെന്നാണ് പറയുന്നത്. ഇക്കാര്യം അറിയാമായിരുന്ന നമ്മുടെ പൂര്‍വ്വികര്‍ കൃഷിയിടങ്ങള്‍ വര്‍ദ്ധിച്ചപ്പോഴും ഭൂമിയുടെ കുറച്ചുഭാഗം കാടാക്കി നിലനിര്‍ത്തിയിരുന്നു.അതില്‍ കാവുകളും വന്യമായ പ്രദേശങ്ങളും ഉള്‍പ്പെടും.

ഇക്കാര്യത്തില്‍ നല്ലൊരുദാഹരണം എനിയ്ക്ക് കാട്ടിത്തരാന്‍ കഴിയും . കൂറ്റനാട് കോമംഗലത്ത് മങ്ങാട്ട് ഉണ്ണിയേട്ടന്റെ ( ഇ എം ഉണ്ണികൃഷ്ണന്‍ ) പുരയിടമാണ് അത് നെല്‍വയലും തോട്ടവുമെല്ലാമായി ആറ് ഏക്കറോളം ഭൂമിയുള്ള ഉണ്ണിയേട്ടന്റെ തറവാട് വീട് നില്‍ക്കുന്ന വളപ്പില്‍ വലിയൊരു ഭാഗം കാടായി നിലനിര്‍ത്തിയിരിയ്ക്കുന്നു.വലിയ വൃക്ഷങ്ങളും വള്ളിപ്പടര്‍പ്പുകളും ഉള്ള ഇവിടം നെല്‍കൃഷി വേളയില്‍ പച്ചില വളം ശേഖരിയ്ക്കുന്നതിനായി വര്‍ഷങ്ങളോളമായി സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു.
 നല്ലൊരു കൃഷിക്കാരനും സഹൃദയനുമായ ഉണ്ണിയേട്ടനാണ് ഇപ്പോള്‍ തറവാട് വീട്ടില്‍ താമസിച്ചുവരുന്നത്. അദ്ദേഹം ഈ കാട് സംരക്ഷിച്ചുനിര്‍ത്തുന്നു.
 ചിത്രങ്ങള്‍ വലുതായി കാണുന്നതിന് ഇവിടെ അമര്‍ത്തുക ഗ്രീന്‍ ഫോട്ടോ‌














തിങ്കളാഴ്‌ച, ജൂലൈ 25, 2011

മര എഞ്ചിനീയര്‍

പ്രകൃതി സംരക്ഷണം സംബന്ധിച്ച് സ്കൂള്‍കുട്ടികള്‍ക്കിടയില്‍ വര്‍ഷങ്ങളോളം അവബോധക്ലാസ്സുകള്‍ നടത്താന്‍ എനിയ്ക്ക് അവസരം കിട്ടിയിട്ടുണ്ട് . ആയതില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ഒരു കാര്യം ഇതാണ്, ഒരു സ്കൂള്‍ കുട്ടി 7 -8-9 ക്ലാസ്സുകളില്‍ പഠിയ്ക്കുന്ന അവസരത്തില്‍ പ്രകൃതിപഠന ക്ലാസ്സുകളില്‍ സജീവമായിരിയ്ക്കും.ചോദ്യങ്ങളും സംശയങ്ങളും അന്വേഷണങ്ങളുമായി ക്യാമ്പുകളിലും ക്ലാസ്സുകളിലും തിളങ്ങുന്ന അവരില്‍ നാം ഭാവിയിലെ ഒരു തികഞ്ഞ പ്രകൃതിസ്നേഹിയെ / പരിസ്ഥിതി പ്രവര്‍ത്തകനെ കാണും . എന്നാല്‍ പത്താം ക്ലാസ്സില്‍ എത്തിയാല്‍ നമുക്കവനെ പരിസ്ഥിതി ക്ലാസ്സില്‍ കാണാന്‍ കഴിയില്ല . കാരണം പത്താം ക്ലാസ്സില്‍ കൂടുതല്‍ പഠിയ്ക്കാന്‍ ഉണ്ടാകും....... 11-12 ക്ലാസ്സുകളില്‍ എന്‍ട്രന്‍സ് കോച്ചിംഗ് കൂടി ഉള്ളതിനാല്‍ അവനെ ഒന്നിനും പ്രതീക്ഷിയ്ക്കേണ്ടതില്ല.
അതും കഴിഞ്ഞ് ഏതെങ്കിലും സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ന്ന അവനോട് മരം,പ്രകൃതി,പരിസ്ഥിതി എന്ന് വല്ലതും പറഞ്ഞുപോയാല്‍ ........

എന്നാല്‍ ഇവിടെ എന്റെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ചുകൊണ്ട് ഒരു എഞ്ചിനീയറിങ്ങുകാരന്‍ മരം നടാനും മറ്റും വരുന്നുണ്ട്.... ജിതിന്‍ , എഞ്ചിനീയറിംഗ് ഏഴാം സെമസ്റ്ററുകാരനാണ്.പരീക്ഷ പടിവാതിലില്‍ അല്ലെങ്കില്‍ ഇയാള്‍ മരസംരക്ഷണം സംബന്ധിച്ച എല്ലാ പരിപാടിയ്ക്കും വരും

കൂറ്റനാട്ടെ മരം നടല്‍ സംഘമായ ജനകീയ കൂട്ടായ്മയുടെ ആരംഭകാലം മുതല്‍ കൂടെയുള്ള ജിതിന്‍ നല്ലൊരു പ്രകൃതി സ്നേഹിയും നല്ലൊരു നാളെയുടെ വാഗ് ദാനവുമാണ്.




ജിതിന്‍ പാലക്കാട് - ഗുരുവായൂര്‍ റോഡിലെ മര ആര്‍ച്ചിന് അടിയില്‍


ജിതിന്‍ റോഡരുകില്‍ പപ്പായ വിത്ത് വിതയ്ക്കുന്നു.



posted by


shinojacob shino jacob SHINOJACOB SHINO JACOB


ചൊവ്വാഴ്ച, ജൂലൈ 05, 2011

ഗള്‍ഫുകാരന്റെ വീട്


ഗള്‍ഫില്‍പോയി നാലുകാശ് സമ്പാദിച്ചാല്‍ , ചെറുപ്പക്കാരുടെയൊക്കെ അടുത്ത പരിപാടി ഗള്‍ഫിന്റെ പത്രാസുകാണിയ്ക്കുന്ന ഒരു വീട് നിര്‍മ്മിയ്ക്കുക എന്നതാണ്. അതിന്റെ ആദ്യപടി പത്ത് സെന്റ് സ്ഥലം വാങ്ങലും .സ്ഥലം വാങ്ങിയാല്‍ ആയതില്‍ ഒരു പുല്‍നാമ്പുപോലും നിലനിര്‍ത്താതെ ജെ സി ബി കയറ്റി നിരത്തും .പായലും പൂപ്പലും പിടിയ്ക്കാത്ത വീടിന്റെ മുറ്റംപോലും ടൈല്‍സി വിരിച്ച് പെയിന്റടിയ്ക്കും.അതായത് ഇവര്‍ ജോലി ചെയ്യുന്ന ഗള്‍ഫ് മരുഭൂമിപോലെ പത്തുസെന്റില്‍ ഒരു മരുഭൂമി സൃഷ്ടിയ്ക്കും. ഒരു മരത്തൈ പോലും മുറ്റത്തോ പറമ്പിലോ വളരാന്‍ അനുവദിയ്ക്കില്ല .

എന്നാല്‍ ഞാന്‍ കണ്ട ഒരു ഗള്‍ഫുകാരന്‍ ഇങ്ങനെയായിരുന്നില്ല, തന്റെ വീടിനു മുന്നില്‍ പടുകൂറ്റന്‍ മാവ് വളര്‍ത്തിയിരിയ്ക്കുന്നു.കാരണം ഓക്സിജന്‍ കിട്ടാനാണത്രേ... വീടിനു പിന്നില്‍ വളര്‍ന്നുനിന്ന ഉറുമാംപഴത്തിന്റെ മരം വീട് വലുതാക്കിയപ്പോള്‍ വെട്ടിക്കളയാന്‍ മനസ്സുവരാത്തതിനാല്‍ അത് ഇപ്പോള്‍ വീടിനകത്താണ്. സ്വന്തമായി വാങ്ങിയ ഒരേക്കര്‍ പറമ്പില്‍ നിരവധി ഇനം വൃക്ഷത്തൈകള്‍ നടാനുള്ള ശ്രമത്തിലുമാണിദ്ധേഹം.

ഞാന്‍ കണ്ടിട്ടുള്ള ഗള്‍ഫുകാരില്‍ മണ്ണിന്റെ മണമുള്ള ഒരാള്‍... പി എം അബ്ദുള്ള ,പാലക്കാട് ജില്ലയില്‍ ചാലിശ്ശേരിയില്‍ ആണ് വീട്.

പ്രിയപ്പെട്ട ഗള്‍ഫുകാരേ, നിങ്ങള്‍ നിത്യവും കാണുന്നത് മരുഭൂമിയാണ് , അത് മനുഷ്യജീവിതത്തിന് അത്ര യോജിച്ച സ്ഥലമല്ല .മനുഷ്യന്‍ എന്ന ജീവിയ്ക്ക് തണലും തണുപ്പും ഉള്ള ഇടങ്ങളാണ് നല്ലത് ..... ആയതിനാന്‍ നിങ്ങള്‍ തണലും തണുപ്പും ഉള്ള നല്ലൊരു നാട് സ്വപ്നം കാണൂ....


posted by

shinojacob koottanad shino jacob SHINOJACOB SHINO JACOB KOOTTANAD

ഞായറാഴ്‌ച, ജൂലൈ 03, 2011

ഞാന്‍ മരിയ്ക്കില്ല....

തനിയ്ക്കേല്‍ക്കുന്ന ക്ഷതങ്ങള്‍ ഏതുവിധേനയെങ്കിലും പരിഹരിയ്ക്കുക എന്നത് പ്രകൃതി തുടര്‍ന്നുവരുന്ന ഒരു നയമാണ്. ആയതിന്റെ വളരെ നിര്‍മ്മലമായ ഒരു ഉദാഹരണം നേരില്‍ കണ്ടത് വളരെ വലിയൊരു ഷോക്കിങ്ങ് അനുഭവമായി.

അതായത് കൂറ്റനാട് സെന്ററില്‍ പ്രവര്‍ത്തിയ്ക്കന്ന വന്‍ മരമില്ലിന്റെ കോമ്പൌണ്ടില്‍ അട്ടിയിട്ടിരിയ്ക്കുന്ന കൂറ്റന്‍ മരത്തടികളില്‍ കണ്ണോടിച്ചപ്പോള്‍ തുണ്ടം തുണ്ടമായി മുറിച്ചിട്ടിരിയ്ക്കുന്ന ഒരു വലിയ മഹാഗണി മരത്തിന്റെ തായ്ത്തടിയില്‍ നിന്നും ഇലകള്‍ വളര്‍ന്നുതുടങ്ങിയിരിയ്ക്കുന്നു. അത് വീണ്ടും ഒരു മരമായി മാറാന്‍ ശ്രമിയ്ക്കുകയാണ്....

കാലങ്ങള്‍ക്കുമുന്‍പേ മുറിച്ചുവീഴ്ത്തത്തപ്പെട്ട ആ മരത്തിന്റെ ഉള്ളില്‍ എവിടെയോ ഒളിച്ചിരുന്ന ജീവന്‍ പ്രകൃതിയുടെ കരസ്പര്‍ശത്താല്‍ ഇലകളായി പുറത്തുവന്നിരിയ്ക്കുന്നു.മനുഷ്യന്‍ എത്ര നശിപ്പിച്ചാലും ജീവന്റെ അവസാന നാളം പോലും കെടാതെ സൂക്ഷിയ്ക്കാന്‍ പ്രകൃതി ശ്രമിയ്ക്കുന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഇത്.

ഈ ഭൂമി എന്ന ഗ്രഹത്തില്‍ ജീവന്റെ തുടര്‍ച്ച നിലനിര്‍ത്താന്‍ അവസാന ശ്വാസംവരെയും പ്രതീക്ഷ കൈവിടാതെ നമ്മുടെ പ്രകൃതി പരിശ്രമിയ്ക്കുമ്പോള്‍ ജ്ഞാനിയായ മനുഷ്യന്‍ ചെയ്യുന്നതെന്ത്? ?????






posted by

shinojacob shino jacob SHINOJACOB SHINO JACOB

വ്യാഴാഴ്‌ച, ജൂൺ 16, 2011

റബ്ബറേ നന്ദി...


റബ്ബറേ.... ആമസോണിന്റെ കരയുന്ന മരമേ മദ്ധതിരുവിതാംകൂറുകാരന്റെയും ഇപ്പോള്‍ കേരളം എന്ന റബ്ബറളത്തിന്റേയും ആശ്രയമേ നിനക്ക് നന്ദി... ഒരു കാലത്ത് ഏകവിളത്തോട്ടം എന്ന കാരണത്താല്‍ സസ്യവൈവിധ്യം ഇല്ലെന്ന കുററം റബ്ബര്‍ത്തോട്ടങ്ങള്‍ക്കുമേല്‍ ചുമത്തിയെങ്കിലും , റബ്ബര്‍ത്തോട്ടങ്ങള്‍ ചെയ്ത മഹത്തായൊരു കാര്യം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. അതായത് നാട്ടിലെ മറ്റേതൊരു ഭൂമിയും തുണ്ടുകളായി മുറിഞ്ഞ് കോണ്‍ക്രീറ്റ് കെട്ടിടങ്ങളാല്‍ നിറഞ്ഞപ്പോള്‍ റബ്ബര്‍ മരങ്ങള്‍ പാലുതന്നു പോറ്റുന്നു എന്ന കാരണത്താല്‍ ആ ഭൂമികള്‍ വന്യമായി സംരക്ഷിയ്ക്കപ്പെട്ടു.വന്യം എന്നുപറഞ്ഞാല്‍ ദിവസത്തില്‍ കേവലം രണ്ടുമനുഷ്യന്‍മാര്‍ മാത്രം സഞ്ചരിയ്ക്കുന്ന ( ടാപ്പിങ്ങുകാരനും പാലെടുക്കുന്ന ആളും ) മറ്റു സമയങ്ങളില്‍ ഇതര ജീവജാലങ്ങള്‍ പെരുമാറുന്ന ഭൂമിയായി മാറ്റപ്പെട്ടു. നാട്ടിലെ കുന്നുകളെല്ലാം ഇടിച്ചുനിരത്തപ്പെട്ടപ്പോള്‍ റബ്ബര്‍ മരങ്ങള്‍ കവചമായി നിന്ന കുന്നുകള്‍ സംരക്ഷിയ്കപ്പെട്ടു. അതായത് റബ്ബര്‍ കുന്നുകളെ സംരക്ഷിച്ചു. യഥാര്‍ത്ഥത്തില്‍ റബ്ബര്‍ത്തോട്ടങ്ങള്‍ ഏകവിളത്തോട്ടങ്ങളായതിനാല്‍ ജൈവ വൈവിധ്യം ഇല്ലാതാകുന്നു എന്നത് ശരി തന്നെ .എന്നാല്‍ റബ്ബര്‍ത്തോട്ടങ്ങളില്‍ ബഹുവിളകള്‍ സാധ്യമാണ് .കൈതച്ചക്ക മുതല്‍ മറ്റനേകം വിളകള്‍ ഇടവിളയായി നട്ട് ഇത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ് .എന്നാല്‍ റബ്ബര്‍ ബോര്‍ഡ് കൊടുക്കുന്ന നക്കാപ്പിച്ചാ സബ്സിഡിയ്ക്കുവേണ്ടി കര്‍ഷകര്‍ റബ്ബര്‍ത്തോട്ടങ്ങളെ ഏകവിളത്തോട്ടങ്ങളാക്കി നിലനിര്‍ത്തുന്നു. റബ്ബര്‍ത്തോട്ടങ്ങളില്‍ ബഹുവിള നടപ്പാക്കുകയാണെങ്കില്‍ വര്‍ഷത്തില്‍ റബ്ബര്‍ ബോര്‍ഡ് കൊടുക്കുന്ന തുകയുടെ നാലിരട്ടി തുക കര്‍ഷകര്‍ക്ക് ലഭിയ്ക്കും .ബഹുവിളയിലൂടെ റബ്ബര്‍ത്തോട്ടങ്ങള്‍ ലഘുവനത്തിന്റെ ഗുണം നല്‍കുകയും ചെയ്യും . റബ്ബറേ നീ കരയുന്ന മരം മാത്രമല്ല.... , കുന്നുകളുടേയും വന്യതയുടെയും കരച്ചില്‍ മാറ്റിയ മരം കൂടിയാണ്.....

posted by
shinojacob shino jacob SHINO JACOB SHINOJACOB

ശനിയാഴ്‌ച, ജൂൺ 11, 2011

കുളം കുഴിച്ചവരുണ്ടോ ????


വാപീ കൂപ തടാഗാനി

ദേവതായ തനാനിച,

അന്നപ്രദാന, മാരാമ:

പൂര്‍ത്തമിത്യ ദിധീയതേ


( കുളം, കിണര്‍,തടാകം

എന്നീ ജലാശയങ്ങളുടെ നിര്‍മ്മാണവും

വനവല്‍ക്കരണവും

അന്നദാനവും

പൂന്തോട്ടനിര്‍മ്മാണവും

സത്കര്‍മ്മങ്ങളില്‍പ്പെടുന്നു )

മേല്‍ക്കൊടുത്ത ശ്ലോകം വായിച്ചപ്പോള്‍ തോന്നിയ ഒരു സംശയം കഴിഞ്ഞ ഒരു അന്‍പതു വര്‍ഷത്തിനുളളില്‍ നമ്മുടെ നാട്ടില്‍ ആരെങ്കിലും കുളം നിര്‍മ്മിച്ചിട്ടുണ്ടോ എന്നതാണ്. എന്റെ നാട്ടില്‍ നിരവധി കുളങ്ങളുണ്ടെങ്കിലും അവയിലൊന്നുപോലും അടുത്തകാലത്ത് നിര്‍മ്മിച്ചവയല്ല. പലതും ഒരു തലമുറയ്ക്കുമുന്‍പേ നിര്‍മ്മിയ്ക്കപ്പെട്ടവയാണ്...

കുളങ്ങള്‍ പൊതു ഇടങ്ങളാണ്, ഏത് പ്രായക്കാര്‍ക്കും സന്തോഷം നല്‍കുന്ന ഒന്നാണ് കുളത്തില്‍ കുളിയ്ക്കുക എന്നത് . കാലപ്രവാഹത്തില്‍ നമ്മുടെ സംസ്കാര,സാമൂഹിക രീതികള്‍ മാറിയതുകൊണ്ടോ, കൃഷി പുറകോട്ടുപോകുന്നത് കൊണ്ടോ ആയിരിയ്ക്കാം ആരും കുളങ്ങള്‍ കുഴിയ്ക്കാത്തത്.

ആധുനിക കാലത്ത് പാറമടകള്‍ ഉപയോഗശേഷം കുളങ്ങള്‍ / ജലാശയങ്ങള്‍ എന്നിവ ആയ വാര്‍ത്തകള്‍ കേട്ടിട്ടുണ്ടെങ്കിലും , ജനകീയാസൂത്രണ / തൊഴിലുറപ്പ് പദ്ധതിക്കാലത്ത് കുളങ്ങള്‍ വൃത്തിയാക്കിയ കണക്കുകളുണ്ടെങ്കിലും പഞ്ചവത്സര പദ്ധതിക്കാലത്ത് വന്‍കിട അണക്കെട്ടുകളും പണംവാരി ജലസേചന പദ്ധകള്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും ഞാന്‍ കേട്ടിട്ടില്ലാത്ത ഒന്നാണ് കുളം കുഴിച്ചു എന്നത്.

ആധുനിക സ്വിമ്മിങ്ങ് പൂളുകള്‍ വീടുകളില്‍ കുട്ടികളുടെ ജീവനെടുക്കാന്‍ വേണ്ടുന്ന പൊങ്ങച്ചങ്ങളാകുമ്പോള്‍ , ഉള്ള നാടന്‍ കുളങ്ങള്‍ മണ്ണിട്ടുമൂടി കച്ചവടം ചെയ്യുന്ന വാര്‍ത്തകള്‍ നമ്മുടെ കാതിലെത്തുന്നു.



posted by

shinojacob shino jacob koottanad SHINOJACOB SHINO JACOB KOOTTANAD





ഞായറാഴ്‌ച, ജൂൺ 05, 2011

മാങ്കോസ്റ്റിന്‍ നട്ടുകൊണ്ട് തുടക്കം

കഴിഞ്ഞ മൂന്നുവര്‍ഷമായി പൊതുസ്ഥലത്ത് മരങ്ങള്‍വെച്ചുപിടിപ്പിയ്ക്കുക
എന്ന സേവ
നം ചെയ്തുവരുന്ന കൂറ്റനാട്ടെ ജനകീയ കൂട്ടായ്മയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം വട്ടേനാട് ഗവണ്‍മെന്റ് എല്‍ പി സ്കൂളില്‍ വെച്ച് നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ പി രാമചന്ദ്രന്‍ മാങ്കോസ്റ്റിന്‍ നട്ടുകൊണ്ട് നിര്‍വ്വഹിച്ചു.

കഴിഞ്ഞ മൂന്നുവര്‍ഷവും നിരവധി വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിയ്ക്കുകയും അവയെല്ലാം ഇപ്പോള്‍ വളര്‍ന്നുവലുതാവുകയും ചെയ്തിട്ടുണ്ട് . ഈ വര്‍ഷം 200 വൃക്ഷത്തൈകളാണ് ജനകീയകൂട്ടായ്മ വെച്ചുപിടിപ്പിയ്ക്കുക.

4/06/2011 ന് വട്ടേനാട് ജി എല്‍ പി സ്കൂളില്‍ വെച്ചുനടന്ന ചടങ്ങില്‍ ബി പി ഒ പി രാധാകൃഷ്ണന്‍ , പി ടി എ പ്രസിഡന്റ് കെ അബ്ദുറഹിമാന്‍ , ജനകീയകൂട്ടായ്മ പ്രവര്‍ത്തകരായ ഷണ്‍മുഖന്‍ , ഇ എം ഉണ്ണികൃഷ്ണന്‍ , പി വി ഇബ്രാഹിം , പല്ലീരി സന്തോഷ് , കെവി ജിതിന്‍ , കെവി വിശ്വനാഥന്‍ , ഷിനോജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു .












posted by

shinojacob shino jacob SHINOJACOB SHINO JACOB