എന്റെ മനസ്സില്‍ സൂക്ഷിച്ചു വെച്ചിരുന്ന വലിയൊരാഗ്രഹമായിരുന്നു അഗസ്ത്യകൂടം സന്ദര്ശിയ്ക്കണമെന്നത്..പ്രൊഫസര്‍ മധുസൂതനന് നായരുടെ അഗസ്ത്യഹൃദയം എന്ന കവിത ഇക്കാര്യത്തില്‍ എന്നില്‍ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു .ഒടുവില്‍ 2008 ഫെബ്രുവരി 28 ന് ആണ് ആ യാത്രയ്ക്ക് അവസരം ലഭിച്ചത് . ഒരേ ഭൂമി ഒരേ ജീവന് പരിസ്ഥിതി സംഘടനാ അംഗമായ ശ്രീ ബസുമ യാണ് ഈ യാത്രയ്ക്ക് എനിയ്ക്ക് അവസരം ഒരുക്കിയത് . അദ്ദേഹത്തിന്റെ അമ്മാവനായ മുരുകന് വര്‍ഷം തോറും നടത്തിവരാറുള്ള അഗസ്ത്യമല തീര്‍ത്ഥാടനത്തില്‍ എന്നേയും അംഗമാക്കുകയായിരുന്നു .
ഫെബ്രുവരി 28 ന് തിരുവനന്തപുരത്തുനിന്നും രാവിലെ 5 മണിയ്ക്ക് പുറപ്പെടുന്ന ബോണക്കാട് ബസ്സില്‍ ഞാന്‍ കയറി . അതില്‍ ബസുമയും സഹപ്രവര്ത്തകന് മനോജുമുണ്ടായിരുന്നു .പ്രഭാതരശ്മികള്‍ പരക്കുന്നതിന് മുന്‍പേ തിരുവനന്തപുരം പട്ടണത്തിന് പുറത്തുകടന്ന ബസ്സ് വിതുര വഴി ബോണക്കാട്ടേയ്ക്ക് സഞ്ചരിച്ചു .
വളഞ്ഞു പുളഞ്ഞ വഴികള്‍ .... ബസ്സ് മല കയറുകയാണ് ... വീതി കുറഞ്ഞ പാത... ബസ്സിന് വലുപ്പം കുറവായതിനാല്‍ റോഡിന് അനുയോജ്യമായിത്തോന്നി .ബസ്സ് വനത്തിനുള്ളിലേയ്ക്ക് പ്രവേശിച്ചു വെളിച്ചം കുറഞ്ഞു . വനത്തിനുള്ളിലൂടെയുള്ള യാത്രയില്‍ ഇടയ്ക്ക ഇരുട്ടു മാറി വെളിച്ചം വന്നു . വനം അവസാനിച്ചിരിയ്ക്കുന്നു .ബസ്സ് ബോണക്കാട് എസ്റ്റേറ്റിനുള്ളിലേയ്ക്ക് പ്രവേശിച്ചിരിയ്ക്കുന്നു ... എസ്റ്റേറ്റ് വരെ മാത്രമേ ബസ്സ് സര്‍വ്വീസുള്ളൂ...
തേയില , റബ്ബര്‍ , തുടങ്ങി വിവിധ വിളകളാണ് ബോണക്കാട് എസ്റ്റേറ്റില്‍ കൃഷി ചെയ്യുന്നത് . ഇടയ്ക്ക് പൂട്ടിപ്പോയ എസ്റ്റേറ്റ് ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട് .1300 ഏക്കറാണ് എസ്റ്റേറ്റിന്റെ വിസ്തീര്‍ണ്ണം
ടാര്‍ ചെയ്യാത്ത റോഡിലൂടെ മുന്നോട്ടുനടന്നപ്പോള്‍ മഴയെത്തി .... ചെറിയ ചാറ്റല്‍ മഴ ചെറുതായി നനഞ്ഞു .കൂട്ടുകാരുമായി കുട പങ്കുവെച്ചുള്ള നടത്തം ... വനം വകുപ്പിന്റെ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍...അവിടെ ആളുകള്‍ പ്രാതല്‍ കഴിയ്ക്കുന്നു . അവിടുത്തെ പരിശോധനയ്ക്കുശേഷം വനത്തിനുള്ളിലേയ്ക്ക് ... 25 പേര്‍ക്ക് ഒരു ഗൈഡ് എന്ന തോതില്‍ ദിവസം 200 പേരെയാണ് അഗസ്ത്യകൂടത്തിലേയ്ക്ക് കടത്തിവിടുക . രാവിലെ 9 മണിയോടുകൂടി നടത്തമാരംഭിച്ചു . പോകും വഴി കാടിന്റെ വിവിധ ഭാവങ്ങള്‍ , പുല്‍മേടുകള്‍ ... പാറക്കെട്ടുകള്‍ ...ഹരിതവനങ്ങള്‍... ചിലയിടങ്ങളില്‍ മരങ്ങള്‍ക്കുചുവട്ടില്‍ ആരാധനാമൂര്‍ത്തികള്‍ മഞ്ഞളാലും മറ്റും അഭിഷേകം ചെയ്യപ്പെട്ടുനില്ക്കുന്നു . ചുറ്റിലും പൂജാവസ്തുക്കളുടെ നിരവധി ഒഴിഞ്ഞ കവറുകള്‍ ചിതറിക്കിടക്കുന്നു .കൂടാതെ നിറയെ പ്ലാസ്റ്റിക്ക് കവറുകളും കാലിക്കുപ്പികളും . ബോണക്കാടുള്ള വനം വകുപ്പുവക ഇക്കോ ഡവലപ്പ്മെന്റ് കമ്മറ്റിക്കാര് ഉച്ചഭക്ഷണം പൊതിഞ്ഞു കൊടുത്തുവിടുന്നതും പ്ലാസ്റ്റിക്കിലാക്കിയാണ് .
നടപ്പിന്റെ ഇടവേളയില്‍ ഉച്ചഭക്ഷണം , തണുത്ത കാറ്റുവീശുന്ന പുല്‍പ്പരപ്പില്‍ ... വെയിലുണ്ടെങ്കിലും ചൂട് അനുഭവപ്പെടുന്നില്ല , ഉച്ചയോടുകൂടി ചാറ്റല്‍ മഴ അവസാനിച്ചിരുന്നു . ഭക്ഷശേഷം വീണ്ടും നടപ്പ് ... പുല്‍പ്പരപ്പിലൂടെ മുകളിലേയ്ക്ക് ... കുത്തനെയുള്ള കയറ്റം ... അതിനു പേര് മുട്ടിടിച്ചാന്‍ പാറ .. ആ കയറ്റത്തിനു ശേഷം പുറകോട്ടുനോക്കുംപോള് ദൂരെ നടന്ന വഴികള്‍ ... വൈകിട്ട് മൂന്നരയോടുകൂടി അഗസ്ത്യമലയുടെ താഴെയുള്ള , വനം വകുപ്പിന്റെ ഡോര്‍മെട്രി സ്ഥിതി ചെയ്യുന്ന അതിരുമലയിലെത്തി .അവിടെ 1993 ല്‍ നിര്‍മ്മിച്ച ഡോര്‍മെട്രിയില്‍ വിശ്രമം .. പൊട്ടിപ്പൊളിയാറായ കെട്ടിടം നിലത്തു നിറയെ മണ്ണ് .. ചോര്‍ന്നൊലിയ്ക്കുന്ന മേല്‍ക്കൂര . സമീപത്തുളള , ഇക്കോ ഡവലപ്പ്മെന്റ് കമ്മറ്റിക്കാര് നടത്തുന്ന കാന്റീനില്‍ നിന്നും അഞ്ച് രൂപ വാടകയ്ക്ക് വാങ്ങിയ പുല്പ്പായയില് കിടന്നു .
രാത്രി ... ഭക്ഷണം കാന്റീനില്‍ നിന്നും . കഞ്ഞി , പയര്‍ .... കാണി വിഭാഗക്കാരായ ആദിവാസികള്‍ നടത്തുന്ന ആ കാന്റീനില്‍ കഞ്ഞി വിലയേറിയതായിരുന്നു , 30 രൂപ ... ദൂരെ നാട്ടില്‍നിന്നും കാട്ടിലൂടെ സാധനങ്ങള്‍ തലച്ചുമടായി എത്തിയ്ക്കുന്നതുകൊണ്ടായിരുന്നു അവിടെ ഭക്ഷണത്തിന് കൂടുതല്‍ പണം ഈടാക്കിയിരുന്നത്. 20 കിലോ ചുമക്കുന്ന ഒരാള്‍ക്ക് 200 രൂപ കൂലി കൊടുക്കണമെന്ന് കാണിക്കാര്‍ പറഞ്ഞു.ഒരു നേരത്തെ ആഹാരവും നല്‍കേണ്ടതുണ്ട് . ആ കാന്റീനിലെ ഭക്ഷണ വില – ഊണ് - 40 രൂപ ഉപ്പമാവ് -25 , പുട്ടും കറിയും - 30 , പൂരിയും കറിയും - 30 രൂപ
പ്രഭാതം ... രാവിലെ 5.30 ന് പ്രാതലിനു മുന്‍പായി അതിരുമലയില്‍ നിന്നും പുറപ്പെട്ട് 11 മണിയോടുകൂടി തിരിച്ചെത്താന്‍ കൂട്ടത്തിലെ ചിലര്‍ തീരുമാനമെടുത്തു .എന്നാല്‍ രാവിലെ 6.30 നാണ് പുറപ്പെട്ടത് . കുത്തനെയുള്ള കയറ്റം ... ചിലയിടങ്ങളില്‍ നടക്കാന്‍ നന്നായി വിഷമിച്ചു . മലയുടെ മുകളില്‍ പലഭാഗത്തും വെള്ളമുണ്ടായിരുന്നത് വളരെ ആശ്വാസകരമായിരുന്നു . ചിലയിടങ്ങളില്‍ മലമുകളിലേയ്ക്ക് കയറുന്നതിന് കയര്‍ കെട്ടിയിരുന്നു . ചെങ്കുത്തായ മലയുടെ മുകളില്‍ , ഇടുങ്ങിയ വഴികളില്‍ നിറയെ ആനപ്പിണ്ടം ... അത് വളരെ ചെറുതായിരുന്നു ... ആനയുടെ കാല്‍പ്പാടുകളും അവിടെ ഉണ്ടായിരുന്നു , അതും വളരെച്ചെറുതാണ് ... അത് അഗസ്ത്യകൂടമലനിരകളില്‍ ഉള്ള പ്രത്യേക ആന വിഭാഗമായ കല്ലാനയുടേതാണെന്ന് മനസ്സിലായി . മടക്കയാത്രയില്‍ കല്ലാനയുടെ ഫോട്ടോ എടുത്തിട്ടുള്ള സാലി പാലോട് എന്ന എന്ന വന്യജീവി ഫോട്ടോഗ്രാഫറെ കണ്ടുമുട്ടുകയും വിവരങ്ങള്‍ അന്വേഷിയ്ക്കുകയും ചെയ്തു . എന്നാല്‍ ശാസ്ത്രജ്ഞര്‍ കല്ലാനയെ അംഗീകരിച്ചിട്ടില്ല .
ഇടയ്ക്ക് പൊങ്കാലപ്പാറ എന്ന സ്ഥലത്തെത്തി , ആളുകള്‍ അവിടെ പൊങ്കാലയിട്ട് അതുമായി അഗസ്ത്യപ്രതിമയുടെ മുന്നിലെത്തി നിവേദിയ്ക്കുന്നു . ഇതിനുതൊട്ടുതാഴെയുള്ള ഒരു പാറപ്പരപ്പില്‍ ഞങ്ങള്‍ കുറേ നേരമിരുന്ന് വിശ്രമിച്ചു . അവിടെ ശക്തമായ കാറ്റ് വീശിയിരുന്നു .തൊട്ടടുത്തുള്ള തമിഴ് നാട് വനത്തില്‍ നിന്നും വീശുന്ന കാറ്റിനെ പ്രതിരോധിയ്ക്കണമെങ്കില് ചോലക്കാടുകളുടെയോ പാറക്കെട്ടുകളുടെയോ മറവു വേണമായിരുന്നു . ശക്തമായ കാറ്റില്‍ ശ്രദ്ധിച്ചു നടന്നില്ലെങ്കില്‍ നാം പറന്നു ചെന്നു വീഴുക അഗാധമായ കൊക്കയിലായിരിയ്ക്കും .
അവിടെ നിന്നും പിന്നേയും നടപ്പ് ... മുകളില്‍ നിന്നും ശക്തമായി വെള്ളം ഒഴുകിയിരുന്നതിനാല്‍ കുത്തനെയുള്ള നടവഴികളില്‍ നിറയെ കല്ലുകളും മറ്റും നിറഞ്ഞിരുന്നു . കുത്തനെയുള്ള പാറക്കെട്ടുകളില്‍ അള്ളിപ്പിടിച്ച് മുകളിലേയ്ക്ക് ..... ചീറിയടിയ്ക്കുന്ന കാറ്റില്‍ നിന്നും ജീവനും ഉടുമുണ്ടും രക്ഷിച്ചെടുക്കാനുള്ള വ്യഗ്രത ... ഏന്തിവലിഞ്ഞ് അഗസ്ത്യകൂടത്തിന് മുകളില്‍... അവിടേയും ഒരുവശം അഗാധമായ കൊക്ക തന്നെ . ശ്രദ്ധിച്ചു് നിന്നില്ലെങ്കില്‍ കാറ്റ് പറത്തിക്കൊണ്ടുപോകുന്ന് അവസ്ഥ ... അവിടെ സ്ഥാപിച്ചിട്ടുള്ള അഗസ്ത്യ പ്രതിമയ്ക്കു സമീപം ഒരു ചോലക്കാട് . അതിന്റെ മറവിലേയ്ക്ക് ഒളിച്ചു.. കാററിന് സമാധാനം ... കുറച്ചുനേരം ചുറ്റിലെ കാഴ്ചകള്‍ നോക്കി നിന്നു ... ദൂരെ പാണ്ടവന്‍ പാറ എന്ന മല .. ... ( ഒന്നു പോലെ അഞ്ചുമലകള്‍ ഒന്നിച്ചു നില്ക്കുന്നു )
പൂജാ കര്‍മ്മങ്ങള്‍ നടക്കുകയാണ്.. ഭക്തന്മാര് അഗസ്ത്യന് നിവേദിയ്ക്കുന്ന പായസത്തിലായിരുന്നു എന്റെ ശ്രദ്ധ .... അവല് , മലര് , പായസം എന്നിവ നിവേദിച്ചതിനു ശേഷം അത് ഭക്തന്മാര്ക്ക് വിളംബുംബോള്‍ കൈ നീട്ടി വാങ്ങിക്കഴിച്ചു... വിശപ്പിന് ചെറിയ ശമനം ... കുറേ ഭക്തന്മാരുടെ നിവേദ്യത്തിന്റെ പങ്ക് പറ്റിയപ്പോള്‍ പ്രാതല്‍ കിട്ടാത്തതിലുള്ള സങ്കടം മാറി...
കഴിഞ്ഞ 13 വര്‍ഷമായി അഗസ്ത്യമല യാത്രയില്‍ പങ്കെടുക്കുന്ന ബസുമയ്ക്ക് നടപടികള്‍ മുഴുവനറിയാം . പൊങ്കാലപ്പാറയില്‍ വെച്ച് പൊങ്കാല തയ്യാറാക്കുന്ന ഭക്തര്‍ നിവേദിയ്ക്കുന്നതിനാവശ്യമായ പൊങ്കാല കയ്യിലേന്തി മുകളിലേയ്ക്ക് പോവുകയും ബാക്കിയുള്ള പൊങ്കാല ( പായസം ) പാറയ്ക്ക് സമീപം ഏതെങ്കിലും സ്ഥലത്ത് ഒളിച്ചുവെയ്ക്കുകയുമാണ് പതിവ് . താഴെ എത്തിയപ്പോള്‍ ആ ഭക്തര്‍ ഒളിപ്പിച്ചുവെച്ച പൊങ്കാല കണ്ടെത്തേണ്ട ചുമതല എനിയ്ക്കായി .ഞാന്‍ അതിവേഗം അത് കണ്ടെത്തുകയും , ഞങ്ങള്‍ അതില്‍ നിന്നും ആവശ്യത്തിന് എടുത്തുകഴിയ്ക്കുകയും ചെയ്തു.....വിശപ്പിന് പരിപൂര്‍ണ്ണ ശമനം .....
ഉച്ചയ്ക്ക് ഒരുമണിയോടുകൂടി ഡോര്‍മെട്രിയില്‍ തിരിച്ചെത്തി . ഉച്ചഭക്ഷണം കഴിഞ്ഞയുടന്‍ മടക്കം ... രണ്ടുമണിയോടുകൂടി ആരംഭിച്ച മടക്കയാത്ര ബോണക്കാട് എസ്റ്റേറ്റില്‍ അവസാനിച്ചത് ആറരയ്ക്ക് ...അതായത് അന്നേ ദിവസം രാവിലെ തുടങ്ങിയ നടപ്പ് അവസാനിയ്ക്കുന്നത് പന്ത്രണ്ട് മണിക്കൂറിന് ശേഷം... കാട്ടിലൂടെ ഏറെ ദൂരം നടന്നൊരു യാത്ര ഇതായിരുന്നു... കേട്ടതുപ്രകാരമാണെങ്കില്‍ 35 കിലോമീറ്റര്‍ ......
( മെയ് - 2008 )
വിശദമായ വിവരണം തന്നെ. നന്നായി മാഷേ.
മറുപടിഇല്ലാതാക്കൂവളരെ നന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂനന്മകൽ നേരുന്നു
നന്ദന
നല്ല വിവരണം-സാലി പാലോട് എടുത്ത കല്ലാനയുടെ ചിത്രം കൂടി കാണാന്‍ കഴിഞ്ഞെങ്കില്‍...
മറുപടിഇല്ലാതാക്കൂhnhcWw \¶mbncnçì. AKÌyIqSs¯ ædn¨p Adnbm³ km[n¨Xn \µn
മറുപടിഇല്ലാതാക്കൂ