തിങ്കളാഴ്‌ച, ഒക്‌ടോബർ 04, 2010

കാട് ആനയ്ക്ക് തിരിച്ചുകൊടുക്കുക....
സമീപകാലത്തെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒന്നാണ് കാട്ടാനയും മനുഷ്യനും തമ്മിലുള്ള യുദ്ധം... കാടെല്ലാം നാടാവുകയും ഉള്ള കാടുകള്‍ തേക്ക് തോട്ടങ്ങളോ യൂക്കാലിപ്റ്റസ് തോട്ടങ്ങളോ ആവുകയും അവശേഷിയ്ക്കുന്ന ഹരിതവനങ്ങളില്‍ നായാട്ടുകാരും കഞ്ചാവുകൃഷിക്കാരും ചാരായ വാറ്റുകാരും താവളമുറപ്പിയ്ക്കുകയും ചെയ്യുമ്പോള്‍ ജീവന്‍ രക്ഷിയ്ക്കാന്‍ വേണ്ടി കുറേക്കൂടി സുരക്ഷിതമായ നാട്ടിലേയ്ക്കിറങ്ങുക എന്നതുമാത്രമേ ആനകള്‍ക്ക് ചെയ്യാനുള്ളൂ....

നാട്ടില്‍ ആരും പരസ്യമായി വെടിവെച്ച് കൊല്ലില്ല എന്നറിയാവുന്ന കാട്ടാന വനമേഖലയോടുചേര്‍ന്ന ഗ്രാമങ്ങളില്‍ ഭക്ഷണവും വെള്ളവും തേടിയെത്തുന്നു... എന്നാല്‍ അത് മനുഷ്യന്‍ തനിയ്ക്കുവേണ്ടി മാത്രം സൃഷ്ടിച്ചതാകയാല്‍ യുദ്ധം തുടങ്ങുകയായി....

വൈദ്യുതവേലി , കിടങ്ങ് ,പടക്കം ,പാട്ടകൊട്ടല്‍ എന്നിങ്ങനെ ഏതെല്ലാം പരീക്ഷണങ്ങള്‍ നടത്തിയാലും കാട്ടില്‍ തന്നെ കൊല്ലാന്‍ കാത്തിരിയ്ക്കുന്ന നായാട്ടുകാരന്റെയോ കഞ്ചാവുകൃഷിക്കാരന്റെയോ അത്രയും വരില്ലെന്ന് കാട്ടാനയ്ക്കറിയാം.... ആയതിനാല്‍ ആനകള്‍ കാട്ടിലേയ്ക്ക് കയറാന്‍ മടിച്ച് നാട്ടില്‍ത്തന്നെ താവളമുറപ്പിയ്ക്കുന്നു .

കാട്ടാനശല്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന രാഷ്ടീയപാര്‍ട്ടികളും കര്‍ഷകസംഘടനകളും ചെയ്യേണ്ടത് , ആന എന്തിന് കാടുവിട്ട് പുറത്തേയ്ക്കിറങ്ങുന്നു എന്ന് അന്വേഷിയ്ക്കുകയാണ് . കാട്ടില്‍ ആനയുടെ ഭക്ഷണം ഇല്ലാതാവുമ്പോള്‍ ,കുടിയ്ക്കാനും കുളിയ്ക്കാനും വെള്ളമില്ലാതാവുമ്പോള്‍, അഭയമില്ലാതാവുമ്പോള്‍ ആണ് ആന കാട്ടിനുപുറത്തിറങ്ങുന്നത് എന്ന് അവര്‍ക്ക് മനസ്സിലാക്കാം,,,, ഇത് സംഭവിയ്ക്കുന്നത് മനുഷ്യന്റെ നിയമവിരുദ്ധമായ ഇടപെടലുകള്‍ നിമിത്തമാണ്. (കൂടാതെ വനാതിര്‍ത്തിയില്‍ ആനയ്ക്ക് ഇഷ്ടപ്പെട്ട ഭക്ഷണമായ കരിമ്പ് , വാഴ തുടങ്ങിവ കൃഷിചെയ്യുന്നതും, കൃഷിയില്‍ രാസവസ്തുക്കള്‍ ഉപയോഗിയ്ക്കുന്നതു നിമിത്തം ഉപ്പിന്റെ ഉയര്‍ന്ന അളവും ആനകളെ ആകര്‍ഷിയ്ക്കുന്നു ) ആയതിനാല്‍ കാട് , ആനകള്‍ക്കും മറ്റു മൃഗങ്ങള്‍ക്കും തിരിച്ചുകൊടുക്കുക എന്ന പദ്ധതിയാണ് ആന ശല്യത്തിന് ശാശ്വതമായ പരിഹാര മാര്‍ഗ്ഗം,,,, അല്ലാതെ വൈദ്യുതവേലിയോ കിടങ്ങോ അല്ല

ഒരു പ്രദേശത്ത് ഒതുങ്ങി ജീവിയ്ക്കുന്ന സ്വഭാവക്കാരല്ല ആനകള്‍ . അവ നിരന്തരം സഞ്ചരിച്ചുകൊണ്ടയിരിയ്ക്കും .... ആനകള്‍ ഇപ്രകാരം സഞ്ചരിയ്ക്കുന്ന വഴികളേയാണ് ആനത്താരകള്‍ എന്ന് പറയുന്നത് .എന്നാല്‍ ഇന്ന് ഭൂരിപക്ഷം ആനത്താരകളും മനുഷ്യവാസമേഖലകളോ കൃഷിയിടങ്ങളോ ആയി മാറിയിരിയ്ക്കുന്നു .എന്നാല്‍ ആനകള്‍ തങ്ങളുടെ യാത്ര അവസാനിപ്പിയ്ക്കാന്‍ തയ്യാറാകുന്നുമില്ല .ഈ യാത്ര തലമുറകളിലൂടെ അവയ്ക്ക് കൈമാറിക്കിട്ടിയതാണല്ലോ...... തന്‍മൂലം തങ്ങളുടെ മാര്‍ഗ്ഗത്തില്‍ തടസ്സമായതെന്തിനേയും തകര്‍ത്ത് മുന്നോട്ടുപോകാന്‍ ആന ശ്രമിയ്ക്കും. ആയത് ആനയും മനുഷ്യനും തമ്മിലുള്ള പോരിന് ഇടയാക്കും. ഈ മേഖലയില്‍ പഠനം നടത്തിയ വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്‍ഡ്യ കര്‍ണ്ണാടകയിയെ കൊല്ലെഗലില്‍ ഒരു ആനത്താര വിലകൊടുത്തുവാങ്ങി , ഗവണ്‍മെന്റിന് കൈമാറിയത് ശ്രദ്ധനേടിയ ഒരു സംഭവമായിരുന്നു. ചില ആനത്താരകളെ റോഡ് , റെയില്‍പ്പാതകളും മുറിയ്ക്കുന്നുണ്ട്. ഇത് ആനകളുടെ കൂട്ടമരണത്തിന് വരെ ഇടയാക്കുന്നുണ്ട്

ആനകള്‍ നാട്ടിലിറങ്ങിയ വാര്‍ത്തകള്‍ നാം സൂക്ഷ്മവിശകലനം നടത്തുമ്പോള്‍ മനസ്സിലാവുക നല്ല കാടുള്ള ഭാഗങ്ങളില്‍ ആനകള്‍ നാട്ടിലിറങ്ങുന്നില്ല... ( ഉദാ : ശിരുവാണി , സൈലന്റ് വാലി , ആനക്കുളം - മൂന്നാര്‍ എന്നീ വനപ്രദേശങ്ങളോട് ചേര്‍ന്ന സ്ഥലങ്ങള്‍ ) മനുഷ്യന്റെ ഇടപെടലുകള്‍ കൂടുതലുള്ളതും ശോഷിച്ചതുമായ കാടുകളുടെ അരികിലെ നാട്ടിലേയ്ക്ക് ആന സര്‍ക്കീട്ടിനായി ചെല്ലുന്നു ഉദാ; നിലമ്പൂര്‍ , അട്ടപ്പാടി ..... അതായത് കാട്ടില്‍ അഭയമില്ലാതായി തുരത്തപ്പെടുന്ന ആനകളാണ് നാട്ടില്‍ കലഹമുണ്ടാക്കുന്നത്. ആയതിനാല്‍ കാട് ആനകള്‍ക്ക് തിരിച്ചുകൊടുത്തേ മതിയാവൂ.......

കാട്ടാന നാട്ടിലെ കിണറ്റില്‍ വീണപ്പോള്‍

റെയില്‍പ്പാത മുറിച്ചുകടക്കുന്ന കാട്ടാന


തീവണ്ടി

തട്ടി മൃതിയടഞ്ഞ കാട്ടാന

ആന തേയിലത്തോട്ടത്തില്‍

ആദിവാസിക്കുട്ടി ആനക്കുട്ടിയ്ക്കൊപ്പം


നാട്ടാന

Shino jacob ഷിനോജേക്കബ്

3 അഭിപ്രായങ്ങൾ:

 1. ഭൂമിയുടെ അവകാശികള്‍ മനുഷ്യനോട് കെഞ്ചുന്ന കാലം.....

  മറുപടിഇല്ലാതാക്കൂ
 2. ഷിനോ,
  ശോഷിച്ച കാടുകള്‍ എന്നതിനേക്കാള്‍ കൃഷിയിടങ്ങള്‍ അടുത്തുള്ള കാടുകള്‍ എന്നതാണ് ശരി. കാട്ടിനകത്തെ വിഭവങ്ങളേക്കാള്‍ അവയെ ആകര്‍ഷിക്കുന്നത് സുഗമമായി ലഭിക്കുന്ന നാടന്‍ കൃഷിയാണ്. ക്രോപ്പ് ഹാര്‍വെറ്റ് സീസണും ആനകള്‍ ഇറങ്ങുന്നതുമായി കാര്യമായ ബന്ധം കാണാം.

  മറുപടിഇല്ലാതാക്കൂ
 3. നല്ല പോസ്റ്റ്..ആന നാട്ടിലേക്കിറങ്ങാൻ കാരണം കാടിന്റെ വിസ്തൃതി കുറഞ്ഞതുതന്നെ..കാട് കാടായി അവശേഷിച്ചാൽ ഒരിക്കലും ഒരു വന്യജീവിയും അവിടെനിന്ന് പുറത്തുവരില്ല.

  മറുപടിഇല്ലാതാക്കൂ